പിഎം ഇന്ത്യ
റുവാണ്ടയിലെ കിഗാലിയില്‍ 2016 ഒക്ടോബറില്‍ നടന്ന മോണ്‍ട്രിയല്‍ പ്രോട്ടോക്കോളില്‍ ഒപ്പുവെച്ച രാഷ്ട്രങ്ങളുടെ യോഗത്തില്‍ ഓസോണ്‍ പാളി സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടു കേന്ദ്ര ഗവണ്‍മെന്റ് കൈക്കൊണ്ട നിലപാടിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി.
ഹൈഡ്രോഫ്‌ളൂറോ കാര്‍ബണുകള്‍ (എച്ച്.എഫ്.സികള്‍) മോണ്‍ട്രിയേല്‍ പ്രോട്ടോക്കോളിന്റെ പരിധിയില്‍ പെടുന്ന രാസവസ്തുക്കളുടെ കൂട്ടത്തില്‍ പെടുത്താനും അവയുടെ ഉല്‍പാദനവും ഉപയോഗവും നിയന്ത്രിക്കാനും അവയുടെ ഉല്‍പാദനം മോണ്‍ട്രിയേല്‍ പ്രോട്ടോക്കോള്‍ പ്രകാരം രൂപീകരിച്ച വിവിധോദ്ദേശ്യ ഫണ്ട് ഉപയോഗപ്പെടുത്തി നിശ്ചിത കാലത്തിനകം അവസാനിപ്പിക്കാനും ഉദ്ദേശിച്ചുള്ളതായിരുന്നു കിഗാലിയില്‍ നടന്ന ചര്‍ച്ചകള്‍. എച്ച്.എഫ്.സികള്‍ ഓസോണ്‍ പാളിയെ നശിപ്പിക്കുന്നവയല്ലെങ്കിലും ആഗോളതാപനത്തിനു വഴിവെക്കുന്നവയാണ്. അവയ്ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ ആഗോള താപനിലയില്‍ ഉണ്ടാകുന്ന വര്‍ധനവിനെ പരിമിതപ്പെടുത്താനും അതുവഴി കാലാവസ്ഥാ വ്യതിയാന പ്രശ്‌നങ്ങള്‍ ലഘൂകരിക്കാനും സാധിക്കും.
മോണ്‍ട്രിയേല്‍ പ്രോട്ടോക്കോളിനു കിഗാലിയില്‍ വരുത്തിയ ഭേദഗതികള്‍ ശീതീകരണിയുടെയും അതുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യയുടെയും കാര്യത്തില്‍ ഊര്‍ജക്ഷമത വര്‍ധിപ്പിക്കാന്‍ സഹായകമാകും. വികസ്വര രാഷ്ട്രങ്ങള്‍ക്ക് ഗവേഷണത്തിനും സേവനമേഖലയ്ക്കും ഫണ്ട ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥകള്‍ കൂടി ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.