കേന്ദ്ര കായിക മന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യ ജി, കായിക സഹമന്ത്രി സിസ്റ്റർ രക്ഷാ ഖഡ്സെ ജി, യുവ കായിക താരങ്ങളെ, പരിശീലകരെ, മറ്റ് വിശിഷ്ട വ്യക്തികളെ, സഹോദരീ സഹോദരന്മാരേ,
നിങ്ങൾ എല്ലാവർക്കുമിടയിലേക്ക് എത്തുന്നത് എന്നിലും വലിയ ഊർജ്ജം നിറയ്ക്കുന്നു. ഇത്രയധികം മെഡൽ വിജയികൾ ഒരുമിച്ച് ഒത്തുചേരുക, അവരെ എല്ലാവരെയും ഒരേസമയം കാണാൻ സാധിക്കുക എന്നത് ഒരു സാധാരണ കാര്യമായി തോന്നുന്നില്ല. അതൊരു വളരെ സന്തോഷകരമായ അനുഭവമാണ്. ലക്ഷ്യബോധം വിജയമായി മാറുമ്പോൾ അത് മെഡലുകൾ മാത്രമല്ല, മുഖത്ത് തിളക്കവും രാജ്യത്തിന് അഭിമാനവും കൊണ്ടുവരുമെന്ന് തെളിയിച്ച മാതൃകകളാണ് നിങ്ങൾ ഓരോരുത്തരും.
സുഹൃത്തുക്കളേ,
140 കോടി ജനങ്ങൾക്ക് അഭിമാനിക്കാനുള്ള അവസരമാണ് നിങ്ങൾ ഒരുക്കിയിരിക്കുന്നത്. കാരണം, ദേശീയ പതാകയായ ത്രിവർണ്ണ പതാകയുടെ അഭിമാനം ഉയർത്തുന്നതിനേക്കാൾ വലിയൊരു നേട്ടം വേറെയില്ല. നിങ്ങൾ ത്രിവർണ്ണ പതാകയുടെ അഭിമാനവും മാന്യതയും വാനോളമുയർത്തിയിരിക്കുന്നു. അതിനാൽ, നിങ്ങളുടെ ഈ വിജയം നിങ്ങളുടേത് മാത്രമല്ല; ഈ രാജ്യത്തെ കോടിക്കണക്കിന് വരുന്ന ജനങ്ങളുടെ വിജയമാണ്. ഭാരതത്തിലെ എല്ലാ ജനങ്ങൾക്കും വേണ്ടി ഞാൻ നിങ്ങൾ ഏവർക്കും ഒരിക്കൽ കൂടി എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു. അതോടൊപ്പം, നിങ്ങളുടെ പരിശീലകരെയും സപ്പോർട്ട് സ്റ്റാഫുകളെയും നിങ്ങളുടെ കുടുംബാംഗങ്ങളെയും ഞാൻ പൂർണ്ണഹൃദയത്തോടെ അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളേ,
ഇന്ന് നമ്മുടെ മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ ജന്മവാർഷിക ദിനം കൂടിയാണ്. അദ്ദേഹത്തിന്റെ ജീവിതവും കാഴ്ചപ്പാടുകളും നമ്മൾക്കെല്ലാവർക്കും വലിയൊരു പ്രചോദനമാണ്. ഞാൻ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു.
സുഹൃത്തുക്കളേ,
പലവിധത്തിൽ ഈ ഏഷ്യൻ ഗെയിംസ് നമുക്ക് അവിസ്മരണീയമായ ഒന്നായിരുന്നു. നമ്മുടെ പുരുഷ-വനിതാ ഹോക്കി ടീമുകൾ രണ്ടും ഇന്ന് ഇവിടെ സന്നിഹിതരാണ്. ഇരു ടീമുകളും ഇത്തവണ സ്വർണ്ണമെഡൽ കരസ്ഥമാക്കി. പ്രത്യേകിച്ച് നമ്മുടെ വനിതാ ഹോക്കി ടീം, 44 വർഷത്തെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടാണ് ഇവർ രാജ്യത്തേക്ക് സ്വർണ്ണമെഡൽ എത്തിച്ചത്. ക്രിക്കറ്റിൽ, നമ്മുടെ ഇരു ടീമുകളും തുടർച്ചയായി രണ്ടാം തവണയും മെഡലുകൾ നേടുകയും തങ്ങളുടെ സ്വന്തം റെക്കോർഡ് ആവർത്തിക്കുകയും ചെയ്തു. കബഡിയിലും നമ്മുടെ പുരുഷ-വനിതാ ടീമുകൾ സ്വർണ്ണമെഡലുകൾ നേടി. അതുപോലെ, ആർച്ചറിയിൽ അഞ്ച് സ്വർണ്ണമെഡലുകൾ; അഞ്ചുള്ളിടത്ത് ഈശ്വരാനുഗ്രഹവുമുണ്ട്. ഷൂട്ടിംഗിലെ മികച്ച പ്രകടനങ്ങൾ, ബോക്സിംഗിലും ഗുസ്തിയിലും ലഭിച്ച വലിയ വിജയങ്ങൾ, അത്ലറ്റിക്സിലെ പുതിയ റെക്കോർഡുകൾ, ഇരുപത്തിയെട്ട് വർഷങ്ങൾക്ക് ശേഷം വെയ്റ്റ്ലിഫ്റ്റിംഗിൽ ലഭിച്ച മെഡൽ, 1982-ന് ശേഷം ആദ്യമായി മാരത്തൺ ഇനങ്ങളിൽ ഭാരതം കൈവരിച്ച വിജയം. ഇതെല്ലാം തീർച്ചയായും വലിയ സന്തോഷത്തിന് വകനൽകുന്ന കാര്യങ്ങളാണ്.
സുഹൃത്തുക്കളേ,
നമ്മുടെ പെൺമക്കളെ ഞാൻ പ്രത്യേകം അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നു. ഭാരതം നേടിയ 85 മെഡലുകളിൽ 38 മെഡലുകളും നേടിയത് നമ്മുടെ വനിതാ കായികതാരങ്ങളാണ്. അതിൽ 11 സ്വർണ്ണമെഡലുകളും ഉൾപ്പെടുന്നു. ഈ മെഡലുകൾ കേവലം അക്കങ്ങൾ മാത്രമല്ല; നവഭാരതത്തിന്റെ കരുത്തുറ്റ ചിത്രത്തെയാണ് അവ പ്രതിഫലിപ്പിക്കുന്നത്. ഏഷ്യൻ ഗെയിംസിന്റെ ചരിത്രത്തിൽ മുൻപൊരിക്കലും മെഡൽ നേടാത്ത കായികയിനങ്ങളിൽ പോലും ഇന്ന് ഭാരതം മെഡലുകൾ വാരുകയാണ്. മിക്സഡ് മാർഷ്യൽ ആർട്സ്, സോഫ്റ്റ് ടെന്നീസ്, ചില സെയിലിംഗ് ഇനങ്ങൾ എന്നിവയിൽ ആദ്യമായി മെഡൽ നേടി നമ്മുടെ താരങ്ങൾ പുതിയ ചരിത്രം കുറിച്ചു.
സുഹൃത്തുക്കളേ,
ഇനി കായികരംഗത്ത് നമ്മൾ കൂടുതൽ ഉയരങ്ങൾ കീഴടക്കേണ്ടതുണ്ട്. കീഴടക്കേണ്ടേ? നമുക്ക് ഇനിയും കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കേണ്ടതുണ്ട്, ഇല്ലേ? നിങ്ങളുടെ മുന്നിൽ ചില തീരുമാനങ്ങൾ വെക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പൂർണ്ണ ആവേശത്തോടെ നിങ്ങൾ എല്ലാവരും മറുപടി നൽകണം: “ഞങ്ങൾ ഇത് സാധ്യമാക്കും!” . അതുകൊണ്ട്, എന്റെ കൂടെ ഏറ്റുപറയുക:
ഏതൊരു മൈതാനത്തും ത്രിവർണ്ണ പതാകയുടെ മാനം, ഞങ്ങൾ ഇത് സാധ്യമാക്കും!
ഏതൊരു മൈതാനത്തും ത്രിവർണ്ണ പതാകയുടെ മാനം, ഞങ്ങൾ ഇത് സാധ്യമാക്കും!
കായികരംഗത്ത് ഭാരതത്തിന് ഒരു പുതിയ അടയാളം, ഞങ്ങൾ ഇത് സാധ്യമാക്കും!
ഓരോ കായികയിനത്തിലും പുതിയ ചാമ്പ്യന്മാർ, ഞങ്ങൾ ഇത് സാധ്യമാക്കും!
നമ്മുടെ പേരിൽ ഇനിയും കൂടുതൽ റെക്കോർഡുകൾ, ഞങ്ങൾ ഇത് സാധ്യമാക്കും!
സുഹൃത്തുക്കളേ,
നാം ഇന്ന് ഒത്തുചേർന്നിരിക്കുന്ന ഈ സ്റ്റേഡിയം മേജർ ധ്യാൻ ചന്ദ് ജിയുടെ നാമധേയത്തിലുള്ളതാണ്. ഹോക്കിയോടുള്ള അദ്ദേഹത്തിന്റെ സമർപ്പണം അത്രമേൽ വലുതായിരുന്നു, രാത്രിയിൽ പോലും അദ്ദേഹം മണിക്കൂറുകളോളം പരിശീലനം നടത്തുമായിരുന്നു.നിശ്ചയങ്ങളും സ്വപ്നങ്ങളും ഒറ്റദിവസം കൊണ്ട് പൂർത്തിയാകുന്നതല്ലെന്ന് അദ്ദേഹത്തിന്റെ കഠിനാധ്വാനം നമ്മെ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നു. അവയ്ക്ക് വർഷങ്ങളുടെ ക്ഷമയും നിരന്തരമായ പ്രയത്നവും ആവശ്യമാണ്.
സുഹൃത്തുക്കളേ,
കഴിഞ്ഞ 12 വർഷമായി ഭാരതവും അതിന്റെ കായികതാരങ്ങളിലും കായിക അന്തരീക്ഷത്തിലും വലിയ ക്ഷമയോടും സമർപ്പണത്തോടും കൂടിയാണ് പ്രവർത്തിച്ചുവരുന്നത്. വൻകിട ടൂർണമെന്റുകളിൽ ഭാരതത്തിന് വിരലിലെണ്ണാവുന്ന മെഡലുകൾ മാത്രം ലഭിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. പല കായികയിനങ്ങളെക്കുറിച്ചും അങ്ങനെയൊന്ന് നിലവിലുണ്ടെന്ന് പോലും രാജ്യത്തെ ജനങ്ങൾക്ക് അറിയുമായിരുന്നില്ല. ഒളിമ്പിക്സ് പോലുള്ള വമ്പൻ കായിക മാമാങ്കങ്ങൾ നടക്കുമ്പോഴും പകുതിയിലധികം ഇനങ്ങളിലും ഭാരതത്തിന് പ്രാതിനിധ്യമുണ്ടായിരുന്നില്ല. ഒന്നു ചിന്തിച്ചു നോക്കൂ, നമ്മൾ മത്സരരംഗത്ത് പോലുമില്ലെങ്കിൽ പിന്നെ എവിടെ നിന്നാണ് മെഡലുകൾ വരിക?
സുഹൃത്തുക്കളേ,
ഈ നിരാശാജനകമായ മനോഭാവം അവസാനിപ്പിക്കുമെന്ന് നമ്മൾ പ്രതിജ്ഞയെടുത്തു. അതിന്റെ ഫലമാണ് ഇന്ന് ഓരോ ആഗോള വേദികളിലും നമ്മുടെ പ്രാതിനിധ്യം വർദ്ധിച്ചുകൊണ്ടിരിക്കുന്നത്.
സുഹൃത്തുക്കളേ,
ഈ മാറ്റം എങ്ങനെയാണ് സംഭവിച്ചത്? വിജയം കൈവരിക്കാൻ നിങ്ങളെ സഹായിച്ച അതേ മനോഭാവത്തിലൂടെ തന്നെയാണ് ഇതും സാധ്യമായത്. കഴിഞ്ഞ 10–12 വർഷങ്ങളായി, രാജ്യം പൂർണ്ണ സമർപ്പണത്തോടും ആത്മാർത്ഥതയോടും കൂടി നിരന്തരം പ്രവർത്തിക്കുകയും, ദീർഘകാല കാഴ്ചപ്പാട് പിന്തുടരുകയും, കായികരംഗത്തിനായി സുതാര്യവും ആധുനികവുമായ ഒരു അന്തരീക്ഷം പടുത്തുയർത്തുകയും ചെയ്തു. നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്നത് പോലെ, നമ്മൾ ടാർഗെറ്റ് ഒളിമ്പിക് പോഡിയം സ്കീം (TOPS) ആരംഭിച്ചു. ഖേലോ ഇന്ത്യ പദ്ധതിക്ക് തുടക്കമിട്ടു. കാലക്രമേണ അതിന്റെ വ്യാപ്തി കൂടുതൽ വിപുലീകരിച്ചു. സഹോദരൻ മൻസുഖ് (മനസുഖ് മാണ്ഡവ്യ, കേന്ദ്ര സ്പോർട്സ് മന്ത്രി) മുൻപ് സൂചിപ്പിച്ചതുപോലെ, ഖേലോ ഇന്ത്യ വിപുലീകരിക്കുന്നതിനും സ്പോർട്സ് ഫെഡറേഷനുകളെ ശാക്തീകരിക്കുന്നതിനുമായി 36,000 കോടിയിലധികം രൂപയാണ് നീക്കിവെച്ചിരിക്കുന്നത്.
സുഹൃത്തുക്കളേ,
ഇന്ന് രാജ്യത്തുടനീളം ആയിരത്തിലധികം ഖേലോ ഇന്ത്യ കേന്ദ്രങ്ങൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. സ്റ്റേഡിയങ്ങൾ, മിനി സ്റ്റേഡിയങ്ങൾ, മൾട്ടി പർപ്പസ് സ്പോർട്സ് ഹാളുകൾ എന്നിവ നിർമ്മിക്കപ്പെട്ടു. അത്ലറ്റിക്സ് ട്രാക്കുകൾ, ഫുട്ബോൾ ഗ്രൗണ്ടുകൾ, ഹോക്കി ഗ്രൗണ്ടുകൾ, സ്വിമ്മിംഗ് പൂളുകൾ എന്നിവയുൾപ്പെടെ ആയിരക്കണക്കിന് കായിക അടിസ്ഥാന സൗകര്യങ്ങളാണ് ചെറുതും വലുതുമായ നഗരങ്ങളിൽ ഉയർന്നുവരുന്നത്. ഈ പദ്ധതിക്ക് കീഴിൽ കായികതാരങ്ങൾക്ക് നേരിട്ടുള്ള സഹായവും ലഭ്യമാക്കുന്നുണ്ട്. അവർക്ക് പോക്കറ്റ് അലവൻസുകൾ (Out-of-Pocket Allowances) നൽകിവരുന്നു. ‘ടോപ്സ്’ (TOPS) പദ്ധതി വഴി താരങ്ങൾക്ക് പ്രതിമാസം 50,000 രൂപ ലഭിക്കുന്നുണ്ട്. ഏതെങ്കിലും കായികവിഭാഗത്തിൽ വിദേശത്ത് പരിശീലനം ആവശ്യമായി വന്നാൽ, സർക്കാർ അതിനുള്ള സൗകര്യമൊരുക്കുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്യുന്നു.
സുഹൃത്തുക്കളേ,
യുവജനങ്ങൾക്ക് കളിക്കാനും മത്സരിക്കാനും പരമാവധി അവസരങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി വിന്റർ ഗെയിംസ് (Winter Games) പോലുള്ള കായിക മാമാങ്കങ്ങൾക്ക് തുടക്കമിടുകയും എം.പി മാരുടെ നേതൃത്വത്തിലുള്ള കായിക മത്സരങ്ങൾ ആരംഭിക്കുകയും ചെയ്തു. രാജ്യം ഒരു പുതിയ കായിക നയത്തിനും പുതിയ ‘ഖേലോ ഭാരത്’ നയത്തിനും രൂപം നൽകി. നമ്മുടെ പാരാ കായികതാരങ്ങളും തങ്ങളുടെ കഴിവുകളിലൂടെയും ശേഷിയിലൂടെയും രാജ്യത്തിന്റെ അഭിമാനം ഉയർത്തുകയാണ്. അവർക്കായും മെച്ചപ്പെട്ട അവസരങ്ങളും ആധുനിക സൗകര്യങ്ങളും ഉറപ്പാക്കിവരുന്നു. അതുകൊണ്ടുതന്നെ, തങ്ങളുടെ കായിക ജീവിതത്തിലെ യാത്രയിലുടനീളം രാജ്യം തങ്ങൾക്കൊപ്പമുണ്ടെന്ന ആത്മവിശ്വാസം ഇന്ന് ഓരോ താരത്തിനുമുണ്ട്. അത്തരമൊരു പിന്തുണ ലഭിക്കുമ്പോൾ രാജ്യത്തിനായി എന്തൊക്കെ നേടാനാകുമെന്നതിന് നിങ്ങളെക്കാൾ മികച്ച ഉദാഹരണങ്ങൾ വേറെയില്ല.
സുഹൃത്തുക്കളേ,
ഇത്തവണ ഏഷ്യൻ ഗെയിംസിലെ ഇന്ത്യൻ ടീമിൽ പല കായികതാരങ്ങൾക്കും 15 മുതൽ 17 വയസ്സ് മാത്രമാണ് പ്രായമുണ്ടായിരുന്നത്. അത്രയും ചെറിയ പ്രായത്തിൽ തന്നെ തങ്ങളുടെ മികച്ച പ്രകടനങ്ങളിലൂടെ അവർ രാജ്യത്തിന്റെ അഭിമാനം ഉയർത്തി. ജനങ്ങളുടെ ഹൃദയം അവർ കവർന്നു. വിജയത്തിന് പ്രായം ഒരു തടസ്സമല്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. വാസ്തവത്തിൽ, കായികരംഗത്ത് ചെറുപ്പത്തിൽ തന്നെ തുടങ്ങുന്നത് അധിക നേട്ടമാണ്. അതുകൊണ്ടാണ് ചെറുപ്പത്തിലേ തന്നെ കായിക പ്രതിഭകളെ കണ്ടെത്തുന്നതിന് നാം ശ്രമിക്കുന്നത്. അഞ്ച് മുതൽ പതിനഞ്ച് വയസ്സ വരെയുള്ള കുട്ടികളിലെ കഴിവുകൾ കണ്ടെത്താനും അവർക്ക് അനുയോജ്യമായ രീതിയിൽ പരിശീലനം നൽകാനും നാം പ്രത്യേക ശ്രദ്ധ നൽകിവരുന്നു. വരും വർഷങ്ങളിൽ ഖേലോ ഇന്ത്യ, ഇമേർജിംഗ് ഖേലോ ഇന്ത്യ എന്നീ പദ്ധതികളിലൂടെ ആയിരക്കണക്കിന് പുതിയ താരങ്ങൾക്ക് അവസരങ്ങൾ ലഭിക്കും. ഭാവിയിലെ കായിക മാമാങ്കങ്ങൾക്കായി നാം തയ്യാറെടുപ്പുകൾ ശക്തമാക്കേണ്ടതുണ്ട്. ലോസ് ആഞ്ചലസ് ഒളിമ്പിക്സ് 2028-ൽ നടക്കും. 2030-ൽ കോമൺവെൽത്ത് ഗെയിംസിന് ഭാരതം ആതിഥേയത്വം വഹിക്കും. 2036-ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുകയെന്നതും ഭാരതത്തിന്റെ ആഗ്രഹമാണ്. ഇത് മനസ്സിൽ വെച്ചുകൊണ്ടാണ് ചുവപ്പ് കോട്ടയിൽ വെച്ച് ടാലന്റ് ഹണ്ട് (Talent Hunt) പ്രചാരണം ആരംഭിക്കുന്നതിനെക്കുറിച്ച് ഞാൻ സംസാരിച്ചത്. ഇന്ന് രാജ്യത്തുടനീളമുള്ള ഗ്രാമങ്ങളിൽ നിന്നും പ്രതിഭകളെ കണ്ടെത്തി വളർത്തിയെടുക്കുകയാണ്. ഈ കായികതാരങ്ങൾ തന്നെയാകും വരും വർഷങ്ങളിൽ ഭാരതത്തിനായി മെഡലുകൾ വാരിക്കൂട്ടുക.
സുഹൃത്തുക്കളേ,
നമ്മുടെ സ്വപ്നങ്ങൾ വലുതാണ്. നമ്മുടെ തീരുമാനങ്ങളും വലുതാണ്. അത് നേടിയെടുക്കാനുള്ള ആത്മവിശ്വാസം ഇന്ന് ഭാരതത്തിനുണ്ട്. ഓരോ ഭാരതീയനും ആ ആത്മവിശ്വാസമുണ്ട്. അതിനാൽ, പൂർണ്ണ ഉറപ്പോടെ ഞാൻ പറയുന്നു:
ഭാരതത്തിൽ വമ്പൻ കായിക മാമാങ്കങ്ങൾ, ഞങ്ങൾ ഇത് സാധ്യമാക്കും!
ഭാരതത്തിൽ വമ്പൻ കായിക മാമാങ്കങ്ങൾ, ഞങ്ങൾ ഇത് സാധ്യമാക്കും!
ഭാരതത്തിൽ വമ്പൻ കായിക മാമാങ്കങ്ങൾ, ഞങ്ങൾ ഇത് സാധ്യമാക്കും!
ലോകത്തിലെ മികച്ച കായിക രാജ്യങ്ങളിൽ ഒന്നായി ഭാരതം, ഞങ്ങൾ ഇത് സാധ്യമാക്കും!
ആഗോള സ്പോർട്സ് ഹബ്ബായി ഭാരതം, ഞങ്ങൾ ഇത് സാധ്യമാക്കും!
ലോകോത്തര നിലവാരത്തിലുള്ള കായിക അടിസ്ഥാന സൗകര്യങ്ങൾ ഭാരതത്തിൽ, ഞങ്ങൾ ഇത് സാധ്യമാക്കും!
ഭാരതത്തിന്റെ ഓരോ കോണിൽ നിന്നും ഒരു ചാമ്പ്യൻ, ഞങ്ങൾ ഇത് സാധ്യമാക്കും!
സുഹൃത്തുക്കളേ,
ഏഷ്യൻ ഗെയിംസിലെ നമ്മുടെ വിജയം ഭാരതത്തിന്റെ മാറിവരുന്ന മനോഭാവത്തിന്റെ ഒരു ഉദാഹരണം കൂടിയാണ്. ഇന്നത്തെ യുവത്വം ഏതൊരു ഉയരവും കീഴടക്കാൻ എത്രത്തോളം അക്ഷമരായിരിക്കുന്നുവെന്ന് ഇത് കാണിച്ചുതരുന്നു. ഭാരതത്തിലെ യുവത്വത്തിന്റെ നിശ്ചയദാർഢ്യത്തേക്കാൾ വലിയൊരു കൊടുമുടിയുമില്ല. നമ്മുടെ യുവശക്തിയുടെ കഴിവിന് അപ്പുറമുള്ള ഒരു ലക്ഷ്യവുമില്ല. സാധ്യതകളുടെ അതിരുകളില്ലാത്ത ആകാശം നമുക്ക് മുന്നിലുണ്ട്; ഭാരതത്തിന്റെ യുവത്വം തന്നെയാണ് അവരുടെ ലക്ഷ്യസ്ഥാനം നിർണ്ണയിക്കുന്നത്. അതുകൊണ്ടാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ ഭാരതം ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയായി മാറിയത്. നമ്മുടെ യുവാക്കൾ ബഹിരാകാശ മേഖലയിൽ കമ്പനികൾ പടുത്തുയർത്തുന്നു. അവർ ഉപഗ്രഹ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്നു. അതേ യുവാക്കൾ തന്നെയാണ് പ്രതിരോധ മേഖലയിലും പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നത്. അവർ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പുതിയ പരീക്ഷണങ്ങൾ നടത്തുന്നു. ഈ മാറ്റം വൻനഗരങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. വിദൂര പ്രദേശങ്ങളിൽ നിന്നുള്ള പ്രഗത്ഭരായ വ്യക്തികൾക്ക് ഇപ്പോൾ കായികരംഗത്ത് അവസരങ്ങൾ ലഭിക്കുന്നത് പോലെ തന്നെ, സ്റ്റാർട്ടപ്പുകളിലും ഗവേഷണങ്ങളിലും മറ്റ് സംരംഭങ്ങളിലും ചെറിയ നഗരങ്ങളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നുമുള്ള യുവാക്കൾ പുതിയ ആശയങ്ങളുമായി മുന്നോട്ടുവരുന്നു. ഈ ആത്മവിശ്വാസത്തിന് പിന്നിൽ വലിയൊരു വിശ്വാസമുണ്ട്. കഴിഞ്ഞ ദശകത്തിൽ രാജ്യം വികസിപ്പിച്ചെടുത്ത സംവിധാനങ്ങൾ വലിയ സ്വപ്നങ്ങൾ കാണാനുള്ള ധൈര്യം യുവാക്കൾക്ക് നൽകിയിട്ടുണ്ട്. ആ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ രാജ്യത്തിന്റെ മുഴുവൻ ശക്തിയും തങ്ങൾക്ക് പിന്നിലുണ്ടെന്ന് അവർക്കറിയാം.
സുഹൃത്തുക്കളേ,
നമ്മുടെ ശ്രമങ്ങളുടെ നേട്ടങ്ങൾ മൈതാനത്ത് മത്സരിക്കുന്ന കായികതാരങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. സ്പോർട്സ് കോച്ചിംഗ്, ഫിസിയോതെറാപ്പി, സ്പോർട്സ് മാനേജ്മെന്റ്, സ്പോർട്സ് ബ്രോഡ്കാസ്റ്റിംഗ് തുടങ്ങിയ മേഖലകളിൽ യുവാക്കൾക്കായി പുതിയ കരിയർ അവസരങ്ങൾ സൃഷ്ടിക്കപ്പെടുകയാണ്. കായികരംഗം വളരുന്നതിനനുസരിച്ച് അതുമായി ബന്ധപ്പെട്ട നിരവധി തൊഴിൽമേഖലകളും പുരോഗതി പ്രാപിക്കുന്നു. ഇത് യുവാക്കൾക്കായി തൊഴിലിന്റെയും സംരംഭകത്വത്തിന്റെയും പുതിയ വാതിലുകളാണ് തുറന്നിട്ടിരിക്കുന്നത്.
സുഹൃത്തുക്കളേ,
ഇന്ന് നമ്മൾ ഏത് മേഖലയിലാണെങ്കിലും നമ്മുടെ സ്വന്തം വിജയത്തിനായി നമ്മൾ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. അതോടൊപ്പം തന്നെ, അടുത്ത തലമുറയെ വാർത്തെടുക്കുന്നതിനുള്ള ഉത്തരവാദിത്തവും നാം ഏറ്റെടുക്കണം. അന്താരാഷ്ട്ര ടൂർണമെന്റുകളിൽ മത്സരിച്ച അനുഭവസമ്പത്ത് ഇപ്പോൾ നിങ്ങൾക്കുണ്ട്. അതിനാൽ, നിങ്ങൾ മുന്നേറിയതുപോലെ തന്നെ വളരാൻ സ്വപ്നം കാണുന്ന ആ കുട്ടികൾക്കായി കുറച്ച് സമയം മാറ്റിവെക്കണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുകയാണ്. നിങ്ങളുടെ പ്രയത്നത്തിന്റെ വിയർപ്പ് കൊണ്ട് അവരുടെ സ്വപ്നങ്ങൾക്ക് നീരേകണം. അങ്ങനെയാണ് വിജയം തേടിയെത്തുന്നത്. അവസരം ലഭിക്കുമ്പോഴെല്ലാം നിങ്ങളുടെ ഗ്രാമത്തിലെയും പട്ടണത്തിലെയും കുട്ടികളെ കണ്ടുമുട്ടുക. വിവിധ സ്കൂളുകൾ സന്ദർശിക്കുക. നിങ്ങൾ കളിച്ച് തുടങ്ങിയ മൈതാനങ്ങൾ തീർച്ചയായും സന്ദർശിക്കണം. നിങ്ങളുടെ അനുഭവങ്ങൾ ആ കുട്ടികൾക്ക് വളരെ വിലപ്പെട്ടതായിരിക്കും. ഒരുപക്ഷേ, നിങ്ങളുടെ ഒരു വാക്ക് പോലും കായികരംഗത്ത് മുന്നേറാൻ ഒരു കുട്ടിക്ക് വലിയ ധൈര്യം നൽകിയേക്കാം.
സുഹൃത്തുക്കളേ,
രാജ്യത്തെ യുവാക്കൾ കായികരംഗത്ത് മാത്രമല്ല നിങ്ങളെ മാതൃകയാക്കുന്നത്. കാരണം, കായികരംഗത്തിന്റെ പങ്ക് കളിസ്ഥലത്തിനും അപ്പുറത്തേക്ക് വ്യാപിച്ചുകിടക്കുന്ന ഒന്നാണ്. ജീവിതത്തിൽ അച്ചടക്കം പാലിച്ച് മുന്നേറാൻ കായികവിനോദങ്ങൾ നമ്മെ പഠിപ്പിക്കുന്നു. വീണുപോയാൽ എങ്ങനെ വീണ്ടും എഴുന്നേൽക്കണമെന്ന് അവ നമ്മെ പഠിപ്പിക്കുന്നു. തോൽവിക്ക് ശേഷം എങ്ങനെ ജയിക്കാമെന്ന് അവ നമ്മെ പഠിപ്പിക്കുന്നു. ഒരു ലക്ഷ്യത്തിലേക്ക് ദീർഘകാലം എങ്ങനെ ശ്രദ്ധ കേന്ദ്രീകരിക്കാമെന്നും, മാറുന്ന സാഹചര്യങ്ങളോട് എങ്ങനെ പൊരുത്തപ്പെടാമെന്നും കായികവിനോദങ്ങൾ നമ്മെ പഠിപ്പിക്കുന്നു. ഈ പാഠങ്ങൾ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറുന്നു. ഈ കായിക മനോഭാവമാണ് ജീവിതത്തിലുടനീളം നമ്മെ നയിക്കുന്നത്.
സുഹൃത്തുക്കളേ,
ഞാൻ എപ്പോഴും പറയാറുണ്ട്: കളിക്കുന്നവൻ തിളങ്ങുന്നു/വികസിക്കുന്നു. അതുകൊണ്ട് കളി തുടരുക, തിളങ്ങിക്കൊണ്ടേയിരിക്കുക. വരാനിരിക്കുന്ന മത്സരങ്ങൾക്കും ഭാവിയിലെ നിങ്ങളുടെ എല്ലാ പരിശ്രമങ്ങൾക്കും ഒരിക്കൽ കൂടി എന്റെ അനേകം ആശംസകൾ നേരുന്നു. നിങ്ങളുടെ ആവേശവും ആത്മവിശ്വാസവുമാണ് നവഭാരതത്തിന്റെ ഏറ്റവും വലിയ ശക്തി. ഈ ആത്മവിശ്വാസത്തോടെ ഭാരതത്തെ പുതിയ ഉയരങ്ങളിലേക്ക് നാം എത്തിക്കേണ്ടതുണ്ട്.
അതുകൊണ്ട് വരൂ, പൂർണ്ണ ഊർജ്ജത്തോടെ ഒരിക്കൽ കൂടി എന്നോടൊപ്പം പറയൂ:
വികസിത ഭാരതം, ഞങ്ങൾ ഇത് സാധ്യമാക്കും!
2047-ൽ വികസിത ഭാരതം, ഞങ്ങൾ ഇത് സാധ്യമാക്കും!
ഞങ്ങൾ ഇത് സാധ്യമാക്കും!
ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തി, ഞങ്ങൾ ഇത് സാധ്യമാക്കും!
ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തി, ഞങ്ങൾ ഇത് സാധ്യമാക്കും!
ആത്മനിർഭർ ഭാരതം (സ്വയം പര്യാപ്ത ഭാരതം), ഞങ്ങൾ ഇത് സാധ്യമാക്കും!
ആത്മനിർഭർ ഭാരതം (സ്വയം പര്യാപ്ത ഭാരതം), ഞങ്ങൾ ഇത് സാധ്യമാക്കും!
ആഗോള നിർമ്മാണ ഹബ്ബ്, ഞങ്ങൾ ഇത് സാധ്യമാക്കും!
ആഗോള നിർമ്മാണ ഹബ്ബ്, ഞങ്ങൾ ഇത് സാധ്യമാക്കും!
സാങ്കേതികവിദ്യയിൽ ഭാരതത്തിന്റെ നേതൃത്വം, ഞങ്ങൾ ഇത് സാധ്യമാക്കും!
ബഹിരാകാശത്തിലേക്കുള്ള ചുവടുവെപ്പുകൾ, ഞങ്ങൾ ഇത് സാധ്യമാക്കും!
ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കൽ, ഞങ്ങൾ ഇത് സാധ്യമാക്കും!
പുതിയ കായികയിനങ്ങളിൽ മെഡലുകൾ, ഞങ്ങൾ ഇത് സാധ്യമാക്കും!
അതെ, ഞങ്ങൾ ഇത് സാധ്യമാക്കും!
ഏവർക്കും അനേകം അനേകം അഭിനന്ദനങ്ങൾ.
വളരെയധികം നന്ദി.
നിരാകരണവ്യവസ്ഥ: ഇത് പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവർത്തനമാണ്. യഥാർത്ഥ പ്രസംഗം ഹിന്ദിയിലായിരുന്നു നടത്തിയത്.
***
NK
Our Asian Games champions have made the Tricolour fly high! Their achievements show what passion, perseverance and belief can achieve. https://t.co/m3gOPecQCo
— Narendra Modi (@narendramodi) October 15, 2026
You have made the Tricolour fly high and enhanced its honour and pride: PM @narendramodi to the Asian Games team https://t.co/pJazGfotrq
— PMO India (@PMOIndia) October 15, 2026
We will do it! https://t.co/5g0lLzSVsT
— PMO India (@PMOIndia) October 15, 2026
India is all set to become a global sporting powerhouse. https://t.co/x7T46sg91E
— PMO India (@PMOIndia) October 15, 2026