Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഓസ്ട്രിയൻ ചാൻസലറുമായുള്ള സംയുക്ത പത്രപ്രസ്താവനയിൽ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ

ഓസ്ട്രിയൻ ചാൻസലറുമായുള്ള സംയുക്ത പത്രപ്രസ്താവനയിൽ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ


ചാൻസലർ സ്റ്റോക്കർ,

ഇരുരാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികളേ,

മാധ്യമ സുഹൃത്തുക്കളേ,

നമസ്കാരം!

Grüß Gott!

ചാൻസലർ സ്റ്റോക്കർ, താങ്കളുടെ ആദ്യ ഇന്ത്യാ സന്ദർശനത്തിൽ ഞാൻ താങ്കളെ ഹൃദ്യമായി സ്വാഗതം ചെയ്യുന്നു. യൂറോപ്പിന് പുറത്തുള്ള താങ്കളുടെ ആദ്യ സന്ദർശനത്തിനായി ഇന്ത്യയെ തിരഞ്ഞെടുത്തതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഇന്ത്യ-ഓസ്ട്രിയ ബന്ധത്തോടുള്ള താങ്കളുടെ കാഴ്ചപ്പാടും പ്രതിബദ്ധതയുമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

40 വർഷത്തിന് ശേഷമുള്ള ഓസ്ട്രിയൻ ചാൻസലറുടെ ഇന്ത്യാ സന്ദർശനം വളരെ പ്രധാനപ്പെട്ടതാണ്. 2026-ലെ ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിന് ശേഷം ഇന്ത്യ-ഇയു ബന്ധത്തിൽ ഒരു പുതിയ ഘട്ടം ആരംഭിച്ചിരിക്കുകയാണ്. ചാൻസലർ സ്റ്റോക്കറുടെ സന്ദർശനത്തിലൂടെ ഇന്ത്യ-ഓസ്ട്രിയ ബന്ധത്തെ നാം ഒരു പുതിയ യുഗത്തിലേക്ക് നയിക്കുകയാണ്.

സുഹൃത്തുക്കളേ,

അടിസ്ഥാന സൗകര്യ വികസനം, നൂതനാശയം, സുസ്ഥിരത എന്നിവയിൽ ഇന്ത്യയും ഓസ്ട്രിയയും വിശ്വസ്ത പങ്കാളികളാണ്. ഡൽഹി മെട്രോ മുതൽ ഹിമാലയത്തിൽ 10,000 അടി ഉയരത്തിൽ നിർമ്മിച്ച അടൽ ടണൽ വരെ ഓസ്ട്രിയയുടെ തുരങ്ക നിർമ്മാണ വൈദഗ്ധ്യം ശാശ്വതമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

അതുമാത്രമല്ല, റെയിൽവേ പദ്ധതികൾ മുതൽ ഗുജറാത്തിലെ ഗിർനാർ റോപ്‌വേ വരെയും ശുദ്ധോർജ്ജം മുതൽ നഗര വികസനം വരെയും ഇന്ത്യയിലുടനീളമുള്ള നിരവധി എഞ്ചിനീയറിംഗ് പദ്ധതികളിൽ ഓസ്ട്രിയൻ കമ്പനികൾ സജീവ പങ്കാളികളാണ്.

സുഹൃത്തുക്കളേ,

ചാൻസലർ സ്റ്റോക്കറുടെ സന്ദർശനം വ്യാപാരത്തിലും നിക്ഷേപത്തിലും പുതിയ ഊർജ്ജം പകരാൻ ഒരുങ്ങുകയാണ്. ശക്തമായ കാഴ്ചപ്പാടും ഒരു വലിയ ബിസിനസ് പ്രതിനിധി സംഘവുമായാണ് അദ്ദേഹം ഇന്ത്യയിലെത്തിയിരിക്കുന്നത് എന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.

ഓസ്ട്രിയയുടെ വൈദഗ്ധ്യവും ഇന്ത്യയുടെ വേഗതയും വ്യാപ്തിയും സംയോജിപ്പിക്കുന്നതിലൂടെ ലോകത്തിനായി വിശ്വസനീയമായ സാങ്കേതികവിദ്യകളും വിതരണ ശൃംഖലകളും നിർമ്മിക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നു. പ്രതിരോധം, സെമികണ്ടക്ടറുകൾ, ക്വാണ്ടം ടെക്നോളജി, ബയോടെക്നോളജി എന്നീ മേഖലകളിലും ഞങ്ങൾ പങ്കാളിത്തം ആഴത്തിലാക്കും.

അതോടൊപ്പം തന്നെ എഞ്ചിനീയറിംഗ്, സാങ്കേതിക വിദ്യാഭ്യാസം എന്നീ മേഖലകളിലെ സഹകരണം ഞങ്ങൾ കൂടുതൽ ശക്തിപ്പെടുത്തും. ഐഐടി ഡൽഹിയും ഓസ്ട്രിയയിലെ മോണ്ടൻ സർവകലാശാലയും തമ്മിൽ ഇന്ന് ഒപ്പുവെക്കുന്ന ധാരണാപത്രം ഈ വിജ്ഞാന കൈമാറ്റത്തിന് ഉത്തമ ഉദാഹരണമാണ്.

സുഹൃത്തുക്കളേ,

ഇന്ത്യൻ പ്രതിഭശാലികൾക്ക് ഓസ്ട്രിയയുടെ നൂതനാശയവും ഉത്പാദനക്ഷമതയും വർധിപ്പിക്കാനുള്ള ശേഷിയുണ്ട്. 2023-ൽ ഓസ്ട്രിയയുമായി ഞങ്ങൾ സമഗ്രമായ മൈഗ്രേഷൻ ആൻഡ് മൊബിലിറ്റി കരാറിൽ ഒപ്പുവെച്ചിരുന്നു. ഈ കരാറിന് കീഴിൽ നഴ്സിംഗ് മേഖലയിലെ പ്രൊഫഷണലുകളുടെ സേവനവും ഞങ്ങൾ കൂടുതൽ മുന്നോട്ട് കൊണ്ടുപോകും.

സംയുക്ത ഗവേഷണവും സ്റ്റാർട്ടപ്പ് സഹകരണവും ഞങ്ങൾ കൂടുതൽ ശക്തിപ്പെടുത്തും. യുവാക്കളുടെ കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനായി ‘ഇന്ത്യ-ഓസ്ട്രിയ വർക്കിംഗ് ഹോളിഡേ പ്രോഗ്രാം’ ഇന്ന് ഞങ്ങൾ ആരംഭിക്കുകയാണ്.

സുഹൃത്തുക്കളേ,

ഇന്ന് ലോകം മുഴുവൻ അങ്ങേയറ്റം ഗൗരവകരവും സംഘർഷഭരിതവുമായ ഒരു സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്, ഇതിന്റെ ആഘാതം നമ്മളെല്ലാവരും അനുഭവിക്കുന്നുമുണ്ട്. ഇത്തരം പിരിമുറുക്കം നിറഞ്ഞ ആഗോള സാഹചര്യത്തിൽ സൈനിക സംഘട്ടനങ്ങളിലൂടെ പ്രശ്നപരിഹാരം സാധ്യമല്ലെന്ന കാര്യത്തിൽ ഇന്ത്യയും ഓസ്ട്രിയയും യോജിക്കുന്നു. യുക്രെയ്നിലായാലും പശ്ചിമേഷ്യയിലായാലും സുസ്ഥിരവും ശാശ്വതവുമായ സമാധാനത്തെ ഞങ്ങൾ പിന്തുണയ്ക്കുന്നു.

വർധിച്ചുവരുന്ന ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് ആഗോള സ്ഥാപനങ്ങളുടെ പരിഷ്കരണം അത്യാവശ്യമാണെന്ന കാര്യത്തിലും ഞങ്ങൾക്ക് യോജിപ്പുണ്ട്. ഭീകരവാദത്തെ അതിന്റെ വേരുകളോടെ ഉന്മൂലനം ചെയ്യുക എന്നത് ഞങ്ങളുടെ പങ്കിട്ട പ്രതിബദ്ധതയായി തുടരുന്നു.

ചാൻസലർ സ്റ്റോക്കർ,

2024-ലെ എന്റെ ഓസ്ട്രിയ സന്ദർശനവും നാല് പതിറ്റാണ്ടുകൾക്ക് ശേഷമായിരുന്നു നടന്നത്. ആ സന്ദർശനത്തിന് പിന്നാലെ ഇന്ന് നിങ്ങളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാൻ സാധിച്ചത് ഞങ്ങൾക്ക് വലിയ അഭിമാനവും സന്തോഷവും നൽകുന്ന കാര്യമാണ്. ഇന്ത്യ-ഓസ്ട്രിയ പങ്കാളിത്തത്തെ നൂതനാശയ കേന്ദ്രീകൃതവും ഭാവിസജ്ജവുമാക്കി മാറ്റാൻ നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാം.

വളരെയധികം നന്ദി.

Danke schön

നിരാകരണം: ഇത് പ്രധാനമന്ത്രിയുടെ അഭിസംബോധനയുടെ ഏകദേശ പരിഭാഷയാണ്. യഥാർത്ഥ പ്രസംഗം ഹിന്ദിയിലായിരുന്നു.

 

-NK-