Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗുജറാത്തിലെ വല്‍സാദില്‍ പൊതു യോഗത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗം


രണ്ടു – മൂന്നു ദിവസം കൂടി കഴിഞ്ഞാല്‍ നാം മംഗളകരമായ രക്ഷാബന്ധന്‍ ഉത്സവം  ആഘോഷിക്കുകയാണ്. നിങ്ങള്‍ എന്റെ പ്രിയ സഹോദരിമാര്‍ എല്ലാവരും എനിക്കായി നല്ല രാഖിയുമായി ഇവിടെ എത്തിയിട്ടുള്ളതില്‍ എനിക്ക് നന്ദിയുണ്ട്. എന്റെ മേല്‍ അനുഗ്രഹവര്‍ഷം ചൊരിയുകയും പ്രാര്‍ത്ഥനകള്‍ കൊണ്ട് എന്നെ സംരക്ഷിക്കുകയും ചെയ്യുന്ന എന്റെ രാജ്യത്തെ അമ്മമാരോടും സഹോദരിമാരോടും ഹൃദയംഗമമായ കൃതജ്ഞത പ്രകടിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
രക്ഷാബന്ധന്‍ ഉത്സവം എല്ലായിടത്തും ഉണ്ട്. ഗുജറാത്തിലെ ഒരു ലക്ഷത്തോളം കുടംബങ്ങള്‍ക്ക് ഈ അവസരത്തില്‍ സ്വന്തം വീടുകള്‍ അവിടുത്തെ സഹോദരിമാരുടെ പേരില്‍ രജിസറ്റര്‍ ചെയ്തു ലഭിക്കും. ഈ രക്ഷാബന്ധന്‍ വേളയിലെ അവര്‍ക്കുള്ള ഏറ്റവും വലിയ ഉപഹാരം അതാണ് എന്നു ഞാന്‍ വിശ്വസിക്കുന്നു. വീടില്ലാത്തവര്‍ അനുഭവിക്കുന്ന വേദന എനിക്ക് മനസിലാകും.  ജീവിതം മുഴുവന്‍ ചേരികളില്‍ കഴിച്ചു കൂട്ടുക. ഭാവി ഇരുള്‍ മൂടി നില്ക്കുക. എല്ലാ പ്രഭാതത്തിലും വളരെ പ്രതീക്ഷയോടെയാണ് ഉണരുന്നതെങ്കിലും സായാഹ്നമാകുന്നതോടെ ആ പ്രതീക്ഷകള്‍ വീണ്ടും മാഞ്ഞ് പോവുക.
എന്നാല്‍ ഒരാള്‍ക്ക് സന്തം പേരില്‍ ഒരു വീട് എഴുതിക്കിട്ടുമ്പോള്‍ അയാള്‍ വീണ്ടും സ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങുന്നു.  ആ കുടുംബത്തിലെ  മുഴുവന്‍ അംഗങ്ങളും പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ ഏറ്റവും മുതിര്‍ന്നവര്‍ വരെ ആ സ്വ്പനത്തിന്റെ സാക്ഷാത്ക്കാരത്തിനായി കഠിനാധ്വാനം തുടങ്ങുന്നു. അങ്ങനെ അവരുടെ ജീവിതം രൂപാന്തരപ്പെടുന്നു. ഈ രാക്ഷാബന്ധന്‍ ഉത്സവ വേളയില്‍ ഒരു സഹോദരന്‍ എന്ന നിലയില്‍ ഒരു ലക്ഷത്തോളം വരുന്ന അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും വീടുകള്‍ സമ്മാനിക്കാന്‍ സാധിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.
രക്ഷാബന്ധന്റെ ഈ വിശുദ്ധ വേളയില്‍ ഇവിടുത്തെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും സമ്മാനമായി 600 കോടി രൂപയുടെ മറ്റൊരു വന്‍ പദ്ധതി കൂടി ഉണ്ട്.  കുടുംബത്തിലെ അമ്മമാരെയും സഹോദരിമാരെയും വല്ലാതെ അലട്ടുന്ന ജലക്ഷാമ പ്രശ്‌നം അതി രൂക്ഷമാണ്. ഇന്നും വീടുകളിലേയ്ക്ക് ആവശ്യമായ വെള്ളം എത്തിക്കുന്നത് അമ്മമാരും സഹോദരിമാരുമാണ്. ശുദ്ധ ജലത്തിന്റെ അഭാവം മൂലം വീടുകള്‍ ഇന്ന് രോഗകേന്ദ്രങ്ങളായി മാറിയിട്ടുണ്ട്. വീട്ടില്‍ ഉപയോഗിക്കുന്ന കുടിവെള്ളം ശുദ്ധമാണെങ്കില്‍ തന്നെ പല രോഗങ്ങളും കുടുംബത്തില്‍ നിന്ന അകന്നു നില്ക്കും.
ഞാന്‍ എന്റെ ജീവിതത്തിന്റെ നല്ല ഭാഗവും ആദിവാസി മേഖലയിലാണ് ചെലവഴിച്ചത്. ധര്‍മ്മപ്പൂര്‍ സീതാമ്പാടിയില്‍ താമസിച്ചിരുന്ന കാലത്ത്,  എന്റെ മനസില്‍ എപ്പോഴും ഒരു ചോദ്യം ഉയര്‍ന്നിരുന്നു. ആ മേഖലയില്‍ നല്ല മഴ ലഭിക്കുമായിരുന്നെങ്കിലും ദീപാവലിക്കു ശേഷമുള്ള രണ്ടു മാസം അവിടെ ജലക്ഷാമം രൂക്ഷമാണ്. ഞാന്‍ വ്യക്തമായി ഓര്‍മ്മിക്കുന്നു, ആ സമയത്ത് ധരംപൂര്‍, സിതാമ്പൂര്‍, ഉമര്‍ഗാവ് മുതല്‍  അംബാജി വരെയുള്ള മുഴുവന്‍ ആദിവാസി മേഖലകളിലും നല്ല മഴ ലഭിക്കും. ആ വെള്ളം മുഴുവന്‍ കടലിലേയ്ക്ക് വെറുതെ ഒഴുകിയ പോവുകയും ചെയ്യും. പിന്നെയും  ആ മേഖല മുഴുവന്‍ വരണ്ടു കിടക്കും.
ഉമര്‍ഗാവ് മുതല്‍ അംബാജി വരെയുള്ള കിഴക്കന്‍ ആദിവാസി മേഖലയിലെ മുഴുവന്‍ ആദിവാസി കുടംബങ്ങളിലും ഗ്രാമങ്ങളിലും പൈപ്പുവഴി വെള്ളം എത്തിക്കാന്‍ ഞാന്‍ ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ആയിരം കോടികള്‍ ചെലവഴിച്ചിട്ടുണ്ട്. 
അല്പസമയം മുമ്പ് നിങ്ങള്‍ കണ്ട ആ സിനിമ പത്തു പദ്ധതികളെക്കുറിച്ച് സൂചിപ്പിച്ചല്ലോ. അതില്‍ പത്താമത്തെ പദ്ധതിയാണ് ഇന്ന് ആരംഭിക്കാന്‍ പോകുന്നത്.   വെളളം കെട്ടിടത്തിന്റെ 200-ാമത്തെ നിലയിലും എത്തുന്നത് ഓര്‍ത്ത് ആ സിനിമ കണ്ടവര്‍ അത്ഭുതപ്പെടുന്നുണ്ടാവും. പുഴയെ അത്ര ഉയരത്തിലേയ്ക്കു കൊണ്ടുപോയിട്ടാണ് അവിടെ നിന്ന് താഴത്തെ മേഖലകളില്‍ ഉള്ളവര്‍ക്കെല്ലാം വെള്ളം നല്കുക. ഇത് സാങ്കേതിക വിദ്യയുടെ ഒരു അത്ഭുതമാണ്. നമ്മുടെ രാജ്യത്ത് അങ്ങു വിദൂരമായ ഗിര്‍ വനത്തിലെ ഒറ്റ വോട്ടര്‍ക്കു വേണ്ടി പോലും നാം പോളിംഗ് ബൂത്ത് സ്ഥാപിക്കുമല്ലോ. അത് ഇന്ത്യയിലെ എന്നല്ല ലോകരാജ്യങ്ങളിലെമ്പാടും നടക്കുന്ന തെരഞ്ഞെടുപ്പിലെ തന്നെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച സംഭവമാണ്. പത്രങ്ങളില്‍ അത് ബോക്‌സ് വാര്‍ത്തയാണ്.
അതുപോലെ ഈ പുതിയ വികസന പ്രവര്‍ത്തനവും ഒരു അത്ഭുതമാകും. ഒരു ഗ്രാമത്തിലെ 200 -300 വീട്ടുകാര്‍ക്ക് കുടിവെള്ള വിതരണത്തിനായി ജനമനസുകള്‍ തൊട്ടറിയുന്ന ഒരു ഗവണ്‍മെന്റ് 200 നിലകളുള്ള കെട്ടിടത്തിന്റെ അത്ര ഉയരത്തിലേയ്ക്ക് ജലം എത്തിക്കുന്നു. ഇത് ഈ രാജ്യത്തെ ഓരോ പൗരനോടുമുള്ള ഈ ഗവണ്‍മെന്റിന്റെ  അര്‍പ്പണബോധത്തിന്  ഉദാഹരണമാണ്. നേരത്തെയും ഇവിടെ ഗവണ്‍മെന്റുകളും ആദിവാസി മുഖ്യമന്ത്രിമാരും വരെ ഉണ്ടായിരുന്നു. ഞാന്‍ മുഖ്യമന്ത്രിയാകുന്നതിനു മുമ്പത്തെ മുഖ്യമന്ത്രി ആദിവാസിയായിരുന്നു. ഞാന്‍ മുഖ്യമന്ത്രിയായതിനു ശേഷം അദ്ദേഹത്തിന്റെ ഗ്രാമം സന്ദര്‍ശിക്കുകയുണ്ടായി. അവിടെ നിരവധി ജലസംഭരണികള്‍ ഞാന്‍ കണ്ടു, പക്ഷെ ഒന്നില്‍ പോലും തുള്ളി വെള്ളമില്ലായിരുന്നു. ആ ഗ്രാമത്തില്‍ കുടിവെള്ളം എത്തിക്കാനുള്ള ഭാഗ്യം എനിക്കാണ് ലഭിച്ചത്.
ഒരാള്‍ ഒന്നോ രണ്ടോ കലത്തില്‍ കുടിവെള്ളം വച്ച് ആ വഴി പോകുന്നവര്‍ക്ക് അത് ദാഹജലമായി നല്കിയാല്‍ പിന്നീട് വര്‍ഷങ്ങളോളം ആ കുടുംബത്തെ വലിയ ആദരവോടെയായിരിക്കും ജനങ്ങള്‍ നോക്കികാണുക. 
ഗുജറാത്തിലെയും രാജസ്ഥാനിലെയും ഗ്രാമങ്ങളില്‍ ജലം ലഭ്യമാക്കാന്‍ അധ്വാനിച്ച ലഖാ ബല്‍ധാരയെ കുറിച്ചുള്ള കഥകള്‍ ഇന്നും ആളുകള്‍ പറയാറുണ്ട്. എന്തുകൊണ്ടാണ്? അവര്‍ ജനങ്ങള്‍ക്ക് വെള്ളം ലഭ്യമാക്കാന്‍ പ്രവര്‍ത്തിച്ചു. സംസ്ഥാനത്തെ എല്ലാ വീടുകളിലും പൈപ്പുവെള്ളം എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ഗുജറാത്ത് ഗവണ്‍മെന്റ് നടത്തുന്നത് എന്നു പ്രഖ്യാപിക്കാന്‍ എനിക്ക് അഭിമാനമുണ്ട്. ഇത്തരം വളരെ പ്രധാനപ്പെട്ട ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ഞങ്ങള്‍ ശ്രമിച്ചു വരുന്നത്. ഭാവിയില്‍ ഗുജറാത്ത് എങ്ങിനെയായിരിക്കണം? ഇവിടുത്ത പാവപ്പെട്ട ജനങ്ങളുടെ ജീവിതം എങ്ങിനെയായിരിക്കണം? എന്തൊക്കെയാണ് നമ്മുടെ സ്വപ്‌നങ്ങള്‍, ആ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ നാം എന്തു നടപടികളാണ് സ്വീകരിക്കുക?
വെറും 45 മിനിറ്റുകൊണ്ട് ഗുജറാത്തിന്റെ ഒരു വശത്തുനിന്ന് മറുവശത്തേയ്ക്ക് ഇന്ന് യാത്രചെയ്യാന്‍ എനിക്കു സാധിക്കുന്നു. എല്ലാ ഗ്രാമങ്ങളിലും ഞാന്‍ എത്തുന്നു, അവിടത്തെ അമ്മമാരോടും സഹോദരിമാരോടും സംസാരിക്കുന്നു. അവര്‍ പറയുന്നത് ഞാന്‍ കേള്‍ക്കുമ്പോഴും എന്റെ കണ്ണുകള്‍ അവരുടെ വീടുകളിലാണ്.  ഞാന്‍ ആ വീടുകള്‍ പരിശോധിക്കുകയായിരുന്നു. എങ്ങിനെയാണ് പ്രധാന്‍ മന്ത്രി ആവാസ് യോജനയുടെ കീഴിലുള്ള വീടുകള്‍ ഇത്ര മനോഹരമായത് എന്നു നിങ്ങള്‍ അത്ഭുതപ്പെടുന്നുണ്ടാവും. ഇടനിലക്കാരെയും പണത്തിന്റെ ചോര്‍ച്ചയെയും ഒഴിവാക്കിയപ്പോള്‍ സംഭവിച്ചതാണ് അത്. 
ഇതിനു സാധിച്ചത്, ഡല്‍ഹിയില്‍ കേന്ദ്ര ഗവണ്‍മെന്റ് ഒരു രൂപ അനുവദിക്കുമ്പോള്‍ ആ 100 പൈസയും ഇവിടെ പാവപ്പെട്ടവന്റെ വീട്ടില്‍ കിട്ടുന്നു.  ഇന്ന് ഏത് മാധ്യമത്തിന്റെയും പൊതു ജനത്തിന്റെയും മുന്നില്‍ നിന്നുകൊണ്ട് ഒരു അമ്മയോട്  അവര്‍ ഈ വീടു നിര്‍മ്മാണത്തിന് ആര്‍ക്കെങ്കിലും കൈക്കൂലി നല്കിയോ,  ഇടനിലക്കാര്‍ക്ക് എന്തെങ്കിലും നല്കിയോ എന്നു ചോദിക്കാനുള്ള തന്റേടം ഈ ഗവണ്‍മെന്റിനുണ്ട്.
നാം നമുക്കു തന്നെ അനുകൂലമായ പ്രതിഛായ സൃഷ്ടിക്കുകയാണ്. എനിക്ക് സന്തോഷമുണ്ട്, നമ്മുടെ അമ്മമാരും സഹോദരിമാരും ആത്മവിശ്വസത്തോടെയും സംതൃപ്തിയോടെയും വിളിച്ചുപറയും  ഇല്ല, ഞങ്ങള്‍ ആര്‍ക്കും ഒരു പൈസ പോലും കൈക്കൂലി നല്കിയിട്ടില്ല എന്ന്. ഞങ്ങള്‍ക്ക് ഞങ്ങളുടെ അവകാശങ്ങള്‍ പദ്ധതിയുടെ കീഴില്‍ നിയപ്രകാരം കിട്ടി.
പ്രധാന മന്ത്രി ആവാസ് യോജനയുടെ കീഴില്‍ നിര്‍മ്മിച്ചിരിക്കുന്ന വീടുകള്‍  കാണുമ്പോള്‍ ഗവണ്‍മെന്റിന് ഇത്ര ഭംഗിയായ വീടുകള്‍ നിര്‍മ്മിക്കാന്‍ സാധിക്കുമോ എന്നു നിങ്ങള്‍ക്കു തന്നെ മതിപ്പു തോന്നാം. ശരിയാണ്. നിര്‍മ്മാണത്തിനു വേണ്ടി പണം നല്കിയത് ഗവണ്‍മെന്റാണ്, അതേ സമയം അവ നിര്‍മ്മിക്കപ്പെട്ടത് ഓരോ കുടുംബത്തിന്റെയും കഠിനാധ്വാനം കൊണ്ടാണ്. അവരാണ് വീടുകളുടെ രൂപമാതൃക തയാറാക്കിയതും സാമഗ്രികള്‍ കൊണ്ടുവന്നതും. ഗവണ്‍മെന്റ് ഈ നിര്‍മ്മാണ ജോലികള്‍ കോണ്‍ട്രാക്ടര്‍ക്ക് ഏല്പിച്ചു നല്കിയില്ല. പകരം അതത് വീട്ടുകാരെ തന്നെ ഏലിപിക്കുകയായിരുന്നു.  കുടുംബാംഗങ്ങള്‍ ചേര്‍ന്ന് അവരുടെ വീട് നിര്‍മ്മിക്കുമ്പോള്‍ അതിന്റെ സന്തോഷം അവാച്യമാണ്. അങ്ങിനെയാണ് ഗുജറാത്തിലെ ഓരോ ഗ്രാമങ്ങളിലെയും സുന്ദരമായ വീടുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്.  
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം വഴി പാവപ്പെട്ടവരെ ശാക്തീകരിക്കാനുള്ള ഒരു പദ്ധതി നാം ആരംഭിച്ചിട്ടുണ്ട്.  രാജ്യത്ത് ധാരാളം ബാങ്കുകള്‍ ഉണ്ട്. പക്ഷെ പാവപ്പെട്ടവന് പ്രവേശനമില്ല എന്നു മാത്രം. പ്രധാന മന്ത്രി ധന്‍ ജന്‍ യോജനയ്ക്കു കീഴില്‍ നാം ബാങ്കുകളെ പാവപ്പെട്ടവരുടെ വീട്ടുപടിക്കല്‍ എത്തിച്ചു. ഒരു കാലത്ത് പണമുള്ളവരുടെ വീടുകളില്‍ മാത്രമെ വൈദ്യുതി ഉണ്ടായിരുന്നുള്ളു. എന്നെങ്കിലും തങ്ങളുടെ വീടുകള്‍ ഇരുട്ടില്‍ നിന്നു സ്വതന്ത്രമാകുമോ എന്ന് പാവപ്പെട്ടവര്‍ ചിന്തിച്ചിരുന്നു. ഇന്ന് ഉജ്ജ്വല, സൗഭാഗ്യ പദ്ധതികള്‍ വഴി എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കാനുള്ള ഉത്തരവാദിത്തം നാം ഏറ്റെടുത്തിരിക്കുകയാണ്. അടുത്ത ഒന്ന്, ഒന്നര വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ വൈദ്യുതി ഇല്ലാത്ത ഒറ്റ വീടുപോലും ഉണ്ടാവില്ല.
നല്ല ശുചിമുറികള്‍, വൈദ്യുതി, കുടിവെള്ളം, പാചക വാതകം എല്ലാം  വീടുകളില്‍ എത്തിച്ചു കൊണ്ട്  അവരുടെ  ജീവിതത്തില്‍ സമൂലമായ മാറ്റങ്ങള്‍ ഉറപ്പാക്കാന്‍ ശ്രമിക്കുകയാണ്. 
എന്റെ പ്രിയ സഹോദരീ സഹോദരന്മാരെ, 
നിങ്ങള്‍ ഗുജറാത്തിലെ ജനങ്ങളാണ് എന്നെ സംരക്ഷിച്ചതും വളര്‍ത്തിയതും. ഗുജറാത്ത് എന്നെ നിരവധി കാര്യങ്ങള്‍ പഠിപ്പിച്ചു. ഞന്‍ എന്തെങ്കിലും പഠിച്ചിട്ടുണ്ടെങ്കില്‍ അതു നിങ്ങളില്‍ നിന്നാണ്. കാരണം  സമയബന്ധിതമായി സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. നാം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കാന്‍ പോകുന്ന 2022 ല്‍ എല്ലാ കുടുംബങ്ങള്‍ക്കും സ്വന്തമായി വീടുള്ള ഒരു ഇന്ത്യയെ നിര്‍മ്മിക്കുവാനാണ് നാം ഇപ്പോള്‍ സ്വപ്‌നം കാണുന്നത്.
രാഷ്ട്രിയക്കാരുടെ രമ്യഹര്‍മ്യങ്ങളെ കുറിച്ച് പത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു.ഇന്ന് മാധ്യമങ്ങള്‍ സംസാരിക്കുന്നത് ഇന്ത്യയിലെ പാവപ്പെട്ടവരുടെ മനോഹരങ്ങളായ വീടുകളെ കുറിച്ചാണ്. 
ഇത് അത്തരത്തിലുള്ള ഒരു പ്രധാനമന്ത്രിയാണ്. വല്‍സാദില്‍ അദ്ദേഹം പാവപ്പെട്ടവരുടെ ഗൃഹപ്രവേശത്ത് എത്തുന്നു. അവരുടെ സന്തോഷവും ആഹ്ലാദവും പങ്കുവയ്ക്കുന്നു. വിഡിയോ കോണ്‍ഫറണ്‍സ് നടത്തുന്നു.
സഹോദരീ സഹോദരന്മാരെ,
കഴിഞ്ഞ ആഴ്ച്ച നമുക്ക് വളരെ വേദനാജനകമായിരുന്നു. അടല്‍ ബിഹാരി വാജ്‌പേയ്ജി  കടന്നു പോയി. പക്ഷെ അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുന്ന ഒരു പദ്ധതി, പ്രധാന മന്ത്രി ഗ്രാം സഡക് യോജന  – ഇന്ന് ഗ്രാമങ്ങളെ തമ്മില്‍ നല്ല റോഡുകള്‍ കൊണ്ട് ബന്ധിപ്പിക്കുന്നു. സമയബന്ധിതമായി അതു പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.
സമൂല മാറ്റങ്ങള്‍ രാജ്യത്തു നടപ്പിലാക്കാനുള്ള പരിശ്രമങ്ങളാണ് നടക്കുന്നത് എന്നു ചുരുക്കം. നൈപുണ്യ വികസനത്തിലൂടെ രാജ്യത്തിന്റെ വിദൂരഗ്രാമങ്ങളിലുള്ള നമ്മുടെ പെണ്‍കുട്ടികള്‍ക്കു പോലും ഇന്നു ജോലി ലഭിക്കുന്നത് നിങ്ങള്‍ കാണുന്നുണ്ടല്ലോ. അതിനു തെളിവു നല്കാന്‍ എനിക്ക് അവസരം ലഭിക്കുകയുണ്ടായി. 
രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ വളരെ എളുപ്പം പരിഹരിക്കാന്‍ സാധിക്കും. സാധാരണക്കാരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ സാധിക്കും. അതിനായി നാം സ്ഥിരമായി പ്രവര്‍ത്തിച്ചു വരുന്നു.
വല്‍സാദിലെ എന്റെ പ്രിയപ്പെട്ട അമ്മമാരെ സഹോദരിമാരെ, 
ഞാന്‍ ഏതാനും ദിവസം മുമ്പ് ഇവിടെ എത്തേണ്ടതായിരുന്നു, പക്ഷ കനത്ത മഴ യാത്ര മുടക്കി. ഈദിവസങ്ങളില്‍ എപ്പോഴെല്ലാം മഴ പെയ്യുന്നുവോ അതു കോരി ചൊരിയുകയാണ്, എന്നാല്‍ മഴ ഇല്ലാത്തപ്പോഴോ , തുള്ളി പോലും ഇല്ല. ആഴ്ച്ചകളോളം വരള്‍ച്ചയായിരിക്കും. ഗുജറാത്തിലെ ചില പ്രദേശങ്ങളില്‍ പ്രളയമായിരുന്നു. ചില മേഖലകളിലാകട്ടെ മഴ പെയ്തതു പോലുമില്ല. എന്നാലും ഗുജറാത്തിന്റെ ചില സ്ഥലങ്ങളെ മഴ അനുഗ്രഹിച്ചു. വരുന്ന വര്‍ഷം അമ്പരപ്പിക്കും. കാര്‍ഷിക മേഖലയില്‍ വലിയ പ്രയോജനമായിരിക്കും ഇത് എന്നു ഞാന്‍ വിശ്വസിക്കുന്നു.
വല്‍സാദിലെ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ, 
ഇത്ര സമയം ക്ഷമയോടെ ഇരിക്കുകയും ഈ സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്തതിനു  നന്ദി. ഇത്രയധികം പേര്‍ വന്ന് ഈ സമ്മേളനത്തില്‍ പങ്കെടുത്തതിന് നന്ദി പറയാന്‍ സത്യത്തില്‍ എനിക്കാവില്ല. 
രക്ഷാബന്ധന്റെ ഈ അവസരത്തില്‍ എല്ലാ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും ഞാന്‍ നന്മകള്‍ നേരുന്നു
വളരെ നന്ദി.