Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗോഖാ-ദഹേജ് റോ-റോ ഫെറി സര്‍വീസ് ഉദ്ഘാടനം ചെയ്തശേഷം ദഹേജില്‍ നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി ശ്രീ: നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ

ഗോഖാ-ദഹേജ് റോ-റോ ഫെറി സര്‍വീസ് ഉദ്ഘാടനം ചെയ്തശേഷം ദഹേജില്‍ നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി ശ്രീ: നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ


എന്റെ പ്രിയപ്പെട്ട സഹോദരി, സഹോദരന്മാരെ,

സുഹൃത്തുക്കളെ,

സമൃദ്ധമായ വിളവ് കാണുമ്പോള്‍ ഒരു കര്‍ഷകനുണ്ടാകുന്ന വികാരവും, മനോഹരമായ ഒരു ജലപാത്രമോ, ഒരു മണ്‍കുടമോ, ഒരു മണ്‍വിളക്കോ ഇവയിലേത് നിര്‍മ്മിച്ചാലും കുശവന് ലഭിക്കുന്ന ഒരേ തരത്തിലുള്ള സന്തോഷത്തിന്റേയും, ചാരുതയാര്‍ന്ന ഒരു പരവതാനി നെയ്തുകഴിയുമ്പോള്‍ അത്യാഹ്‌ളാദവാനാകുന്ന ഒരുനെയ്ത്തുകാരന്റെയും അതേ വികാരം ഞാന്‍ ഇപ്പോള്‍ അനുഭവിക്കുകയാണ്. നമ്മുടെ രാജ്യത്തെ 1.25 ബില്യണ്‍ ജനങ്ങളുടെ ആശകളും വികാരങ്ങളും അല്‍പ്പം മുമ്പ് അനുഭവിച്ചിട്ട് ഇവിടെ വന്ന അനുഭവമാണ് എന്നിലുള്ളത്.

ഗോഖയില്‍ നിന്ന് ദഹേജിലേക്ക് സമുദ്രത്തിലൂടെ സഞ്ചരിച്ച ഓരോ നിമിഷവും ഈ നിമിഷത്തിലേക്ക് എത്താന്‍ എടുത്ത സമയത്തെക്കുറിച്ചാണ് ഞാന്‍ ചിന്തിച്ചത്. ഇത് പുതിയ ചരിത്രമെഴുതുകയാണ്, ഇത് ഭാവി ഇന്ത്യയ്ക്ക് വേണ്ടി വാതിലകള്‍ തുറന്നിടുകയാണ്. നാം ഒരു നവ ഇന്ത്യയ്ക്കായി ശക്തമായ അടിത്തറതന്നെ പാകും, ഈ വാതിലൂടെ കടന്നുപോയിക്കൊണ്ട് നവ ഇന്ത്യ എന്ന സ്വപ്‌നം നാം സാക്ഷാത്കരിക്കും. സര്‍ദാര്‍ പട്ടേല്‍ മുതല്‍ ഡോ: ബാബാ സാഹബ് അംബേദ്ക്കര്‍ വരെയുള്ള എല്ലാവരും ഇക്കാര്യത്തിന് വേണ്ടി രാജ്യത്തെ ജനശക്തിയെ ഉപയോഗിക്കുന്നതിനെക്കുറിച്ചാണ് സ്വപ്‌നം കണ്ടത്. ഇന്ന് അവരുടെ സ്വപ്‌നത്തിന്റെ ഒരു നാഴികകല്ല് നാം കടന്നു.

ഗോഖയ്ക്കും ദഹേജിനും ഇടയ്ക്കുള്ള ഈ ഫെറി സര്‍വീസ് സൗരാഷ്ട്രയിലെയും ദക്ഷിണ ഗുജറാത്തിലെയും ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതം സുഗമമാക്കുക മാത്രമല്ല, അവരെ കൂടുതല്‍ അടുപ്പിക്കുകയും ചെയ്യും.

ഈ മേഖലയിലാകെ സാമൂഹിക-സാമ്പത്തിക വികസനത്തിന്റെ പുതിയൊരു യുഗത്തിന് ഈ ഫെറി സര്‍വീസ് തുടക്കം കുറിയ്ക്കും. ഈ സൗകര്യത്തിന്റെ പ്രയോജനം എടുക്കാന്‍ തയാറാകുന്ന യുവത്വത്തിന് പുതിയ തൊഴിലവസരങ്ങളും ലഭിക്കും. തീരദേശ ഷിപ്പിംഗിന്റെയും തീരദേശ വിനോദസഞ്ചാരത്തിന്റേയും ഒരു പുതിയ അദ്ധ്യായം ഇതിലൂടെ എഴുതിച്ചേര്‍ക്കാന്‍ പോവുകയാണ്. ഇവിടെ സന്നിഹിതരായിരിക്കുന്നവരെല്ലാം കുറിച്ചുവച്ചുകൊള്ളുക, ഹസീര, പിപ്പാവാവോ, ജാഫ്രാബാദ്, ദാമന്‍ ആന്റ് ദിയു, തുടങ്ങിയ പ്രധാനപ്പെട്ട സ്ഥലങ്ങളെ ഭാവിയില്‍ നമുക്ക് ഈ ഫെറി സര്‍വീസിലുടെ ബന്ധിപ്പിക്കാന്‍ കഴിയും.

ഈ ഫെറി സര്‍വീസിനെ സൂരത്തിനപ്പുറം ഹസീറ വരെയും പിന്നീട് മുംബൈ വരെയും നീട്ടാന്‍ ഗവണ്‍മെന്റിന് പദ്ധതിയുണ്ടെന്നാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത്. സമാനമായ ഒരു സര്‍വീസ് കച്ച് ഉള്‍ക്കടലില്‍ ആരംഭിക്കുന്ന വിഷയവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്ക് വളരെയധികം പുരോഗതിയുണ്ടായിട്ടുണ്ട്. ഇത്തരത്തിലുള്ള മുന്‍കൈകള്‍ എടുക്കുന്നതിന് സംസ്ഥാന ഗവണ്‍മെന്റിനെ ഞാന്‍ അഭിനന്ദിക്കുന്നു. അവര്‍ക്ക് കേന്ദ്ര ഗവണ്‍മെന്റിന്റെ എല്ലാ സഹായവും ലഭിക്കുമെന്നും ഞാന്‍ ഉറപ്പുനല്‍കുന്നു.

ദഹേജ് ഉള്‍പ്പെടെ ദക്ഷിണ ഗുജറാത്തിന്റെ മൊത്തത്തിലുള്ള വികനത്തില്‍ ഗവണ്‍മെന്റ് എത്രമാത്രം പ്രതിജ്ഞാബനദ്ധമാണെന്നതിന്റെ ജീവനുള്ള ഉദാഹരണമാണ് ഗവണ്‍മെന്റിന്റെ ഈ സംരംഭം. ദക്ഷിണ ഗുജറാത്തിലെ സമ്പൂര്‍ണ്ണ വ്യാവസായിക വളര്‍ച്ചയ്ക്ക് വേഗതകൂട്ടുന്നതിനായി ബാറൂച്ചിന് പുറമെ ദഹേജ്, ഹസീര എന്നീ കേന്ദ്രങ്ങള്‍ക്ക് കൂടി പ്രത്യേക ഊന്നല്‍ നല്‍കുന്നുണ്ട്. റെയില്‍വേ ശൃംഖല, റോഡ് ബന്ധിപ്പിക്കല്‍ എന്നതിന് പുറമെ പെട്രോളിയം കെമിക്കല്‍ ആന്റ് പെട്രോകെമിക്കല്‍ നിക്ഷേപ മേഖല എന്നതരത്തിലുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചൊന്നും ഇതിന് മുമ്പ് ആര്‍ക്കും ഇത്തരത്തില്‍ ചിന്തിക്കാന്‍ കഴിഞ്ഞിട്ടില്ല.

ഹസീരയിലെ പശ്ചാത്തലവികസനത്തിനും വളരെയധികം പ്രാധാന്യം നല്‍കിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ ഡല്‍ഹി-മുംബൈ വ്യാവസായിക ഇടനാഴികൊണ്ട് ഈ മേഖലയ്ക്കും വളരെയധികം ഗുണമുണ്ടാകും. സമുദ്രമേഖലയില്‍ ഗുജറാത്തിലുണ്ടായിട്ടുള്ള വികസനം മുഴുവന്‍ രാജ്യത്തിനും മാതൃകയാണ്. ഈ റോ-റോ ഫെറിസര്‍വീസ് മറ്റു സംസ്ഥാനങ്ങള്‍ക്ക് ഒരു മാതൃക പദ്ധതിയായി പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

നിരവധി വര്‍ഷങ്ങളായി കഠിനമായി പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഇത്തരം പദ്ധതികളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ട വഴി ഞങ്ങള്‍ക്ക് മനസിലായി. ഭാവിയില്‍ ഇത്തരം പദ്ധതികള്‍ നിര്‍മ്മിക്കേണ്ടി വന്നാല്‍ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ കുറയ്ക്കുന്നതിന് ഇത് സഹായിക്കും. ഗുജറാത്ത് ഈ ദിശയില്‍ വളരെയധികം പരിശ്രമിച്ചു.

സുഹൃത്തുക്കളെ, ഇന്ന് മാത്രമല്ല, നൂറ്റാണ്ടുകളായി ജലഗതാഗത മേഖലയില്‍ ഇന്ത്യ മറ്റു രാജ്യങ്ങളെക്കാള്‍ വളരെ മുന്നിലാണ്. നമ്മുടെ സാങ്കേതികവിദ്യ മറ്റു രാജ്യങ്ങളെക്കാള്‍ വളരെ മികച്ചതാണ്. എന്നാല്‍ അടിമത്വത്തിന്റെ കാലത്ത് നമ്മുടെ ചരിത്രപരമായ നേട്ടങ്ങളില്‍ നിന്നും പഠിക്കുന്നത് പതിയെ പതിയെ നാം അവസാനിപ്പിച്ചുവെന്നതും കുറേശ്ശെ, കുറേശ്ശെ അവയെ മറന്നുവെന്നതും സത്യമാണ്. നുതനാശയങ്ങള്‍ കുറഞ്ഞതിനോടൊപ്പം, ആ സമയത്തുണ്ടായിരുന്ന കഴിവും പതുക്കെ ചരിത്രത്തിന്റെ ഭാഗമായി മാറി. അല്ലെങ്കില്‍ സ്വാതന്ത്ര്യത്തിന് ശേഷം ജലഗതാഗതം പൂര്‍ണ്ണമായി അവഗണിക്കപ്പെട്ടു, ജലയാത്രയിലുള്ള കഴിവുകള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ലോകം അംഗീകരിച്ചിരുന്ന ഒരു രാജ്യം അത് പൂര്‍ണ്ണമായി മറന്നു.

സുഹൃത്തുക്കളെ, ഇന്നുപോലും ഗതാഗതമേഖലയില്‍ റോഡുകളുടെ പങ്ക് 55 ശതമാനവും റെയിവേയുടേത് 35 ശതമാനവുമായിരിക്കുമ്പോള്‍ ചെലവുകുറഞ്ഞ യാത്രാ മാതൃകയായ ജലഗതാഗതം ആകെ അഞ്ചോ ആറോ ശതമാനം മാത്രമാണ്. മൂന്നാം ലോക രാഷ്ട്രങ്ങളില്‍ ജലപാതകളുടെയും തീരദേശ ഗതാഗതത്തിന്റെയും പങ്ക് മുപ്പത് ശതമാനത്തോടടുത്ത് മാത്രമാണ്. ഇതാണ് നമ്മുടെ വസ്തുത, ഇതാണ് നമുക്ക് മുന്നിലുള്ള വെല്ലുവിളി. ഈ സാഹചര്യം മാറ്റുകയെന്ന ദൃഢ നിശ്ചയത്തോടെ നമുക്ക് മുന്നോട്ടുപോകേണ്ടതുണ്ട്.

ഇന്ന് നമ്മുടെ സമ്പദ്ഘടനയില്‍ ചരക്കുനീക്കത്തിന്റെ അളവ്(ലോജിസ്റ്റിക്ക് അക്കൗണ്ട്) 18 ശതമാനമാണെന്നത് നിങ്ങളെ അത്ഭുതപ്പെടുത്തുമായിരിക്കും. മറ്റു രാജ്യങ്ങളെ അപേക്ഷിച്ചുനോക്കുമ്പോള്‍ രാജ്യത്തിന്റെ ഒരു ഭാഗത്തുനിന്നും ചരക്കുകള്‍ കൊണ്ടുപോകുന്നത് ചെലവേറിയതാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. അത്തരത്തില്‍ ഗതാഗതത്തിനുള്ള ചെലവ് വര്‍ദ്ധിക്കുന്നതുകൊണ്ടാണ് പാവപ്പെട്ടവര്‍ക്ക് ആവശ്യമായ വസ്തുക്കള്‍ക്ക് വില വര്‍ദ്ധനയുണ്ടാകുന്നത്. ജലഗതാഗതത്തെ പ്രോത്സാഹിപ്പിച്ച് നമുക്ക് ഈ ചെലവ് പകുതിയായി കുറയ്ക്കാം. അത് സാദ്ധ്യമാക്കുന്നതിന് വേണ്ട എല്ലാ വിഭവങ്ങളും, സൗകര്യങ്ങളും, അറിവും ശേഷിയും നമുക്കുണ്ട്.

സുഹൃത്തുക്കളെ, നമ്മുടെ രാജ്യത്ത് 7,500 കിലോമീറ്റര്‍ നീളമുള്ള തീരദേശമാണുളളത്, അതിന് പുറമെ 14,500 കിലോമീറ്ററോളം വരുന്ന ഉള്‍നാടന്‍ ജലപാതകളും, നദീ ശൃംഖലകളും ഉണ്ട്. എന്നാല്‍ വര്‍ഷങ്ങളായി ഇവയെ എങ്ങനെ ഉപയോഗിക്കണമെന്നറിയാതെ ഈ സ്വത്തിന് മുകളില്‍ നാം നിശ്ചലമായിരിക്കുകയായിരുന്നു.

നമ്മുടെ രാജ്യത്തെ ആദ്യത്തെ തുറുമഖനയം 1995ലാണ് നിലവില്‍വന്നതെന്നറിയുന്നത് നിങ്ങളെ ആശ്ചര്യപ്പെടുത്തിയേക്കാം. രാജ്യം 1947ല്‍ സ്വതന്ത്രമായി എന്നാല്‍ തുറമുഖനയം വരുന്നത് 1995ല്‍, അപ്പോള്‍ നാം എത്ര കാലതമാസമാണ് വരുത്തിയത്? അതിന് മുമ്പ് ദീര്‍ഘ വീക്ഷണത്തോടെ തുറമുഖങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നുമില്ല. എങ്ങനെയൊക്കെയോ കാര്യങ്ങള്‍ നടന്നുപോയിരുന്നു. അതുകൊണ്ടുതന്നെ നമുക്ക് ബില്യണ്‍ കണക്കിന് രൂപയുടെ ധനനഷ്ടം സഹിക്കേണ്ടിയും വന്നു.

ഞാന്‍ നിങ്ങളുടെ മുന്നില്‍ ഒരു ഉദാഹരണം ചൂണ്ടിക്കാട്ടാം; നാം കല്‍ക്കരി ജലപാതകള്‍ വഴിയാണ് കൊണ്ടുപോകുന്നതെങ്കില്‍ ഒരു ടണ്ണിന് ഒരു കിലോമീറ്ററിന് 20 പൈസയുടെ ചെലവ് മാത്രമാണുണ്ടാകുക. അതേസമയം അതേ കല്‍ക്കരി നാം റെയില്‍മാര്‍ഗ്ഗം കൊണ്ടുപോവുകയാണെങ്കില്‍ ഒരു ടണ്ണിന് ഒരു കിലോമീറ്ററിന് 1.25 രൂപയുടെ ചെലവുവരും. 20 പൈസയെന്നത് 1.25 രൂപയായി മാറുന്നു, അപ്പോള്‍ നിങ്ങള്‍ക്ക് തന്നെ ചിന്തിക്കാവുന്നതാണ് റോഡുമാര്‍ഗ്ഗമാണെങ്കില്‍ ചെലവ് എത്ര ഗുണിതമാകുമെന്ന്. നാം കല്‍ക്കരി കുറഞ്ഞ ചെലവില്‍ കൊണ്ടുപോകണമോ വേണ്ടയോ എന്ന് നിങ്ങള്‍ എനിക്ക് പറഞ്ഞുതരണം?ഇന്നും 90 ശതമാനം കല്‍ക്കരിയും കൊണ്ടുപോകുന്നത് റെയില്‍മാര്‍ഗ്ഗമാണെന്നത് നിങ്ങളെ അമ്പരിപ്പിച്ചേക്കാം. പതിറ്റാണ്ടുകളായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഈ സംവിധാനത്തെ മാറ്റിമറിയ്ക്കാന്‍ ഞാന്‍ ദൃഢനിശ്ചയം എടുത്തിട്ടുണ്ട്. ഈ ആവശ്യത്തിനായി ഗവണ്‍മെന്റ് നിരന്തരമായി പല പുതിയ മുന്‍കൈകളും സ്വീകരിക്കുന്നുണ്ട്. സുഹൃത്തുക്കളെ, നാം ഒരു പുതിയ വീട് വാങ്ങുമ്പോള്‍ മറ്റ് പ്രദേശങ്ങളുമായി ആ സ്ഥലത്തിന് ഏതുതരത്തിലുള്ള ബന്ധമുണ്ടെന്ന് പരിശോധിക്കാറുണ്ട്. റോഡ് സംവിധാനം ലഭ്യമാണോ, റെയില്‍വേ സേവനങ്ങള്‍ കിട്ടുമോ ഇല്ലയോ, നമുക്ക് എങ്ങോട്ടെങ്കിലും പോകുന്നതിന് ബസ് സര്‍വീസുകള്‍ ഉണ്ടാകുമോ ഇല്ലയോ എന്നൊക്കെ പരിശോധിക്കാറുണ്ട്.

നാം ഒരു പുതിയ വ്യാപാരം തുടങ്ങുമ്പോള്‍ ഏത് തരത്തിലുള്ള ബന്ധിപ്പിക്കലാണ് ആ മേഖലയ്ക്കുള്ളതെന്നും പരിശോധിക്കും. ആ പ്രദേശത്ത് ചരക്ക് നീക്കത്തിന് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ ഇല്ലയോ എന്നൊക്കെ പരിശോധിക്കും.
ഇത് നമ്മുടെ പൊതുസമീപനമായിരിക്കെ, എന്തുകൊണ്ടാണ് നാം നമ്മുടെ വ്യവസായത്തെ സമുദ്രതീരത്തിനകലെ സ്ഥാപിക്കുന്നതെന്ന ചോദ്യവും ഉയരുന്നു. അസംസ്‌കൃത വസ്തുക്കളുടെയും ഫാക്ടറികളില്‍ ഉല്‍പ്പാദിപ്പിക്കുന്ന ചരക്കുകളുടെയും നീക്കത്തിന് തുറമുഖങ്ങളെയാണ് ആശ്രയിക്കുന്നതെങ്കില്‍ തീരദേശമേഖലകളില്‍ വ്യവസായം വികസിപ്പിക്കുന്നതല്ലേ, വിവേകം? അത് ചരക്കുനീക്കത്തിലെ ചെലവ് കുറയ്ക്കുക മാത്രമല്ല, വ്യാപാരം ചെയ്യുന്നത് ലളിതമാക്കുന്നതിനും ഇത് സഹായിക്കും.

രാജ്യത്തിനുള്ളില്‍ എന്തൊക്കെയാണ് ആവശ്യമുള്ളത്, അവയ്ക്ക് വേണ്ടിയുള്ള വ്യവസായങ്ങള്‍ രാജ്യത്തിനകത്ത് എവിടെവേണമെങ്കിലും ആരംഭിക്കാം. എന്നാല്‍ മറ്റു രാജ്യങ്ങളിലേക്ക് അയക്കാനുള്ളത്, കയറ്റുമതിചെയേണ്ടിവരുന്നവ ഏതൊക്കെയാണോ, അത്തരത്തിലുള്ളവയെല്ലാം തീരദേശ മേഖലയില്‍ സ്ഥാപിക്കുന്നതാണ് കൂടുതല്‍ സൗകര്യവും കൂടുതല്‍ ലാഭകരവും.

സുഹൃത്തുക്കളെ, ഗതാഗത ലോകത്തെ നാളത്തെ പ്രശ്‌നങ്ങള്‍ നിങ്ങള്‍ ഇന്ന് പരിഹരിക്കുകയാണെങ്കില്‍ വളരെ വൈകിപ്പോയെന്ന് പറയാറുണ്ട്. എല്ലാ ദിവസവും വളരെയധികം ഗതാഗതക്കുരുക്കുള്ള ഒരുമേഖലയില്‍ വാഹങ്ങള്‍ വേഗത്തില്‍ പോകുന്നതിനായി ആരെങ്കിലും ഒരു മേല്‍പ്പാലം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നായി ചിന്തിക്കുക. എന്നാല്‍ ആ മേല്‍പ്പാലത്തിന്റെ പണിതീരുമ്പോള്‍ ഗതാഗതക്കുരുക്കും വര്‍ദ്ധിക്കും. ഇതാണ് നമ്മുടെ രാജ്യത്തെ സാഹചര്യം. അതുകൊണ്ടാണ് ഗതാഗതമേഖലയിലെ ഇന്നത്തെ പ്രശ്‌നങ്ങളെയും ഭാവിയുടെ ആവശ്യങ്ങളേയും കണക്കിലെടുത്തുകൊണ്ട് ഗവണ്‍മെന്റ് ഗതാഗതമേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. പി യ്ക്ക് വേണ്ടി പി(പി ഫോര്‍ പി) സൃദ്ധിക്ക് തുറമുഖങ്ങള്‍, എന്നതാണ് നമ്മുടെ സൂത്രവാക്യം. സാഗര്‍മാല പോലെയുള്ള ഒരു പദ്ധതി ഈ വിക്ഷണത്തിന്റെ പ്രതിഫലനമാണ്. 20225ലെയും ആവശ്യങ്ങള്‍ മുന്നില്‍കണ്ടാണ് ഈ പദ്ധതിയില്‍ നമ്മുടെ പ്രയത്‌നം, 2035ഉം മനസില്‍ കാണുന്നുണ്ട്. ഈ പദ്ധതിയുടെ കീഴില്‍ ഇന്നുമുതല്‍ 2035 വരെയുള്ള ആവശ്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട് 400ലധികം പദ്ധതികളിലാണ് വന്‍തോതിലുള്ള നിക്ഷേപം നടത്തുന്നത്.

വരിവരിയായുള്ള ഈ വ്യത്യസ്തപദ്ധിതകള്‍ക്കായി എട്ടുലക്ഷത്തിലേറെ കോടി രൂപയാണ് നിക്ഷേപിക്കുന്നത്. നവ ഇന്ത്യയുടെ ഏറ്റവും വലിയ അടിത്തറയായി സാഗര്‍മാല പദ്ധതി മാറും.

സുഹൃത്തുക്കളെ, മറ്റ് രാജ്യങ്ങളുമായി സമുദ്രമാര്‍ഗ്ഗം ശക്തമായ ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനായി നമുക്ക് കുടുതല്‍ ആധുനിക തുറമുഖങ്ങള്‍ സ്ഥാപിക്കേണ്ടതുണ്ട്. തുറുമഖങ്ങള്‍ നമ്മുടെ സമ്പദ്ഘടനയുടെ ശ്വാസകോശങ്ങള്‍ പോലെയാണ്. തുറമുഖങ്ങള്‍ പ്രവര്‍ത്തന രഹിതമാകുകയോ, അവയുടെ ശേഷിക്കനുസരിച്ച് പ്രവര്‍ത്തിക്കാതിരിക്കുകയോ ചെയ്താല്‍ നമുക്ക് കൂടുതല്‍ വ്യാപാരം നടത്താന്‍ കഴിയില്ല. ശ്വാസകോശം വലിച്ചെടുക്കുന്ന ഓക്‌സിജന്‍ ശരീരത്തിലെ വിവിധഭാഗങ്ങളില്‍ ഹൃദയത്തിന്റെ സഹായത്തോടെ ഞരമ്പുകളിലൂടെ എത്തിക്കുന്നതുപോലെ, സമ്പദ്ഘടനയില്‍ റെയില്‍വേ, ദേശീയപാതകള്‍, വ്യോമയാന, ജലഗതാഗത മാര്‍ഗ്ഗങ്ങളാണ് ഇത് നിര്‍വഹിക്കുന്നത്. രക്തത്തിന്റെ, ഓക്‌സിജന്റെ വിതരണത്തില്‍ കുറവുണ്ടായാല്‍ ശരീരം ദുര്‍ബലമാകും. അതുപോലെ ശരിയായ ബന്ധിപ്പിക്കലില്ലെങ്കില്‍ രാജ്യത്തിന്റെ സാമ്പത്തികവികസനവും കുറയാന്‍ തുടങ്ങും. അതുകൊണ്ടാണ് ഈ ഗവണ്‍മെന്റ് പശ്ചാത്തല സൗകര്യം, ബന്ധിപ്പിക്കല്‍ എന്നിവയില്‍ പരമാവധി വിഭവങ്ങള്‍ വിന്യസിക്കുന്നത്.

സുഹൃത്തുക്കളെ, കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി തുറമുഖ മേഖലയില്‍ വലിയ മാറ്റങ്ങളുണ്ടായത് ഗവണ്‍മെന്റിന്റെ പ്രയത്‌നത്തിന്റെ ഫലമാണ്. ഇതിനകം ഇവയിലുണ്ടായ ശേഷി വര്‍ദ്ധനവില്‍ കൂടുതലും കഴിഞ്ഞ രണ്ടു മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളിലുണ്ടായതാണ്. നഷ്ടത്തിലായിരുന്നു തുറമുഖങ്ങളുടെയും ഗവണ്‍മെന്റ് കമ്പനികളുടെയും അവസ്ഥയും മെച്ചമാക്കി. തീരദേശ സേവനങ്ങളുമായി ബന്ധപ്പെട്ട ശേഷി വികസിപ്പിക്കുന്നിനും ഗവണ്‍മെന്റ് ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്.
സാഗര്‍മാല പദ്ധതി മാത്രം എടുത്താല്‍ ഒരു വിലയിരുത്തല്‍ സൂചിപ്പിക്കുന്നത് ഭാവിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിന് മാത്രമായി ഒരു കോടിയില്‍പരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്നാണ്. എല്ലാ ഗതാഗത ചട്ടക്കൂടും ആധുനികവല്‍ക്കരിക്കുകയും സമന്വയിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് നാം പ്രവര്‍ത്തിക്കുന്നത്.

ഇന്ന് ജനങ്ങള്‍ പലയിടങ്ങളിലും ഗതാഗതകുരുക്ക് നേരിടുകയാണ്. നമ്മുടെ തുറുമുഖങ്ങളിലും ഇതേതരത്തിലുള്ള കുരുക്കുകളുണ്ട്. ഈ കുരുക്കുകള്‍ കൊണ്ടാണ് ചരക്ക് നീക്കത്തിനുള്ള ചെലവ് വര്‍ദ്ധിക്കുന്നതും കാത്തിരിപ്പ് നീളുന്നതും. നമുക്ക് സൃഷ്ടിപരമായ എന്തെങ്കിലും ചെയ്യാനായില്ലെങ്കില്‍, ഒരിക്കല്‍ ഗതാഗതകുരുക്കില്‍പ്പെട്ടാല്‍ നമുക്ക് കാത്തുകിടക്കാനേ കഴിയു, അതുപോലെ കപ്പലുകള്‍ക്കും ചരക്ക് ഇറക്കാനും കയറ്റാനും കാത്തുകിടക്കേണ്ടിവരും. കപ്പലുകള്‍ മാത്രമല്ല, സമ്പദ്ഘടന മൊത്തം കരുങ്ങിക്കിടക്കും. അതുകൊണ്ടുതന്നെ തുറമുഖങ്ങളെ ആധുനികവല്‍ക്കേരിക്കണ്ടതും കുപ്പിക്കഴുത്ത് ഇല്ലാതാക്കേണ്ടതും അനിവാര്യമാണ്.

സാഗര്‍മാല പദ്ധതിക്ക് മറ്റൊരു വശവും കൂടിയുണ്ട്; അതാണ് നീല സമ്പദ്ഘടന(ബ്ലൂ ഇക്കോണമി). മുമ്പ് ആളുകള്‍ സമുദ്ര സമ്പദ്ഘടനയെക്കുറിച്ച് മാത്രമാണ് സംസാരിച്ചിരുന്നത്. എന്നാല്‍ ഇന്ന് നാം നീല സമ്പദ്ഘടനയെക്കുറിച്ച് സംസാരിക്കുന്നു. നീല സമ്പദ്ഘടനയെന്നാല്‍ സാമ്പത്തികവും പാരിസ്ഥിതികവുമാണ്. ഈ നീല സമ്പദ്ഘടന സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കടലിന്റെ പരിസ്ഥിതിയെ വളര്‍ത്തുകയും ചെയ്യുന്നു.

പതിനെട്ട്, പത്തൊന്‍പതാം നൂറ്റാണ്ടിലെ വ്യാവസായിക വിപ്ലവം ഭൂമിയിലാണ് നടന്നതെങ്കില്‍ 21-ാം നൂറ്റാണ്ടിയെ സാമ്പത്തികവിപ്ലവം കടലിലൂടെയായിരിക്കും, നീല സമ്പദ്ഘടനയിലൂടെയായിരിക്കും അത് സംഭവിക്കുക.

സുഹൃത്തുക്കളെ, ഇന്ന് നമുക്കുണ്ടായിട്ടുള്ള ആവശ്യങ്ങളേയും വെല്ലുവിളികളേയും നേരിടുന്നതിന് നമ്മുടെ രാജ്യത്തെ ദീര്‍ഘമായ കടലിന്റെ സാമര്‍ത്ഥ്യം ഉപയോഗിക്കേണ്ടത് ഏറ്റവും ആവശ്യമാണ്. നീല സമ്പദ്ഘടനയുടെ ഉപയോഗത്തിലുള്ള വര്‍ദ്ധനവ് നവ ഇന്ത്യയുടെ അടിസ്ഥാനമായിരിക്കും.

നീല സമ്പദ്ഘടന ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായും ഉപയോഗിക്കാം. ഉദാഹരണത്തിന് കടല്‍ മുത്തുക്കള്‍ ഉല്‍പ്പാദനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന നമ്മുടെ മത്സ്യത്തൊഴിലാളി സഹോദരങ്ങള്‍, ഇതില്‍ അല്‍പ്പം മൂല്യം കൂടി ചേര്‍ത്താല്‍ അത് അവര്‍ക്ക് അനുബന്ധ വരുമാനത്തിന് വഴിവയ്ക്കും. അതുപോലെ നവ ഇന്ത്യയില്‍ ഊര്‍ജ്ജം, ഖനനം, വിനോദസഞ്ചാരം എന്നീ മേഖലകളിലൊക്കെ നീല സമ്പദ്ഘടന ശക്തിമായ അടിത്തറയാകും.

സുഹൃത്തുക്കളെ, രാജ്യത്ത് ഒരു പുതിയ തൊഴില്‍സംസ്‌ക്കാരം ഗവണ്‍മെന്റ് വികസിപ്പിക്കുകയാണ്. ഉത്തരവാദിത്വവും സുതാര്യവുമായ ഒരു തൊഴില്‍ സംസ്‌ക്കാരം. ഇന്ന് ഈ തൊഴില്‍ സംസ്‌ക്കാരം കൊണ്ട് പദ്ധതികളുടെ പ്രവര്‍ത്തനങ്ങളെല്ലാം വേഗത്തില്‍ നടക്കുന്നു. ഇന്ന് റോഡുകള്‍ ഇരട്ടിവേഗത്തിലാണ് നിര്‍മ്മിക്കുന്നത്, റെയില്‍വേ ട്രാക്കുകള്‍ സ്ഥാപിക്കുന്നതും രാജ്യത്ത് ഇരട്ടിവേഗതയിലാണ് നടക്കുന്നത്.

പദ്ധതികള്‍ നിര്‍ദ്ദിഷ്ട സമയത്തിന് പൂര്‍ത്തിയാക്കുന്നതിന് അവയെ ഡ്രോണുകള്‍, ഉപഗ്രഹങ്ങള്‍ എന്നിവയിലൂടെ നിരീക്ഷിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. നിങ്ങള്‍ക്ക് ഇന്ന് വേഗത്തില്‍ പാസ്‌പോര്‍ട്ടുകള്‍ ലഭിക്കുന്നതില്‍ ചില കാരണങ്ങളുണ്ട്. ഇന്ന് നിങ്ങള്‍ക്ക് ഇത്ര വേഗത്തില്‍ പാചകവാതകം ലഭിക്കുന്നതിന് പിന്നിലും ചില കാരണങ്ങളുണ്ട്. ആദായനികുതി മടക്കികിട്ടുന്നതിന് മാസങ്ങളോളം നിങ്ങള്‍ കാത്തിരിക്കേണ്ടതില്ലെന്നതിന് പിന്നിലും ചില കാരണങ്ങളുണ്ട്. നിങ്ങളുടെ ജീവിതത്തില്‍ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ വന്നു. ഇതിന് പിന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനസംസ്‌ക്കാരത്തില്‍ ഞങ്ങള്‍ കൊണ്ടുവന്ന മാറ്റമാണ്. പാവപ്പെട്ടവരുടെ അവകാശങ്ങള്‍, ഇടത്തരക്കാരുടെ അവകാശങ്ങള്‍ എല്ലാം അവര്‍ക്ക് സാങ്കേതികവിദ്യയുടെ സഹായത്തോടെ അവര്‍ക്ക് ലഭ്യമാക്കണമെന്നതരത്തിലുള്ളതാണ് ഈ പ്രവര്‍ത്തനസംസ്‌ക്കാരം.

ഗുജറാത്തില്‍ നിങ്ങള്‍ എന്നെ എന്തൊക്കെ പഠിപ്പിച്ചുവോ, ആ പരിചയം എനിക്ക് ഡല്‍ഹിയില്‍ ഏറെ ഉപയോഗപ്രദമായി വന്നു. പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്ന പദ്ധതികളുടെ ഫയലുകള്‍ ഞാന്‍ കുഴിച്ചെടുക്കുകയും അവയുടെ പൂര്‍ത്തീകരണം ഉറപ്പാക്കുകയും ചെയ്തു. ഞങ്ങള്‍ പ്രഗതി എന്ന പേരില്‍ ഒരു സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. 9 ലക്ഷം കോടി രൂപയിലേറെയുള്ള പദ്ധതികള്‍ ഇതിനകം ഈ സംവിധാനത്തിലൂടെ പരിശോധിച്ചു കഴിഞ്ഞു. നാലു പതിറ്റാണ്ടുകളായി തടസ്സപ്പെട്ടുകിടന്നിരുന്ന പദ്ധതി പ്രഗതിയിലൂടെ പരിശോധിച്ചതിന് ശേഷം അതിവേഗം പൂര്‍ത്തിയായി വരികയാണ്. സത്യസന്ധമായ ഒരു സമ്പദ്ഘടനയും സത്യസന്ധമായ ഒരു സാമൂഹിക സമ്പദ്‌വ്യവസ്ഥയും സ്ഥാപിക്കുന്നതിനാണ് ഗവണ്‍മെന്റ് പരിശ്രമിക്കുന്നത്. നോട്ടുപിന്‍വലിക്കല്‍ സേഫുകളില്‍ സംഭരിച്ചുവച്ചിരുന്ന കള്ളപ്പണം ബാങ്കുകളില്‍ നിക്ഷേപിക്കുക മാത്രമല്ല, ഇതിന് മുമ്പുണ്ടായിട്ടില്ലാത്ത തരത്തിലുള്ള ഒരു ശുചീകരണ പരിപാടി സാദ്ധ്യമാണെന്ന് തെളിയിക്കുകയും ചെയ്തു.

അതുപോലെ ജി.എസ്.ടിയിലൂടെ രാജ്യത്തിന് പു തിയൊരു വ്യാപാര സംസ്‌ക്കാരവും ലഭിക്കുകയാണ്. മുമ്പൊക്കെ തന്റെ ട്രക്കുകളുമായി പോകുന്ന ആളുകള്‍ക്ക് മണിക്കൂറുകളോളം ചെക്ക്‌പോസ്റ്റുകളില്‍ കാത്തുകിടക്കേണ്ടിവരുന്നത് നമ്മുക്ക് അറിവുള്ളതാണ്. ജി.എസ്.ടി നടപ്പാക്കിയതിന് ശേഷം എല്ലാ ചെക്ക്‌പോസ്റ്റുകളും ഇല്ലാതാക്കി. മുമ്പ് ലക്ഷ്യസ്ഥാനത്ത് എത്താന്‍ അഞ്ചുദിവസം എടുത്തിരുന്ന ട്രക്കുകള്‍ ഇന്ന് മൂന്ന് ദിവസം കൊണ്ട് അവിടെ എത്തും. ചരക്കുകളുടെ ഗതാഗതചെലവ് കുറഞ്ഞു, അതോടൊപ്പം ചെക്ക്‌പോസ്റ്റുകളില്‍ നടന്നിരുന്ന ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതിയും അതുപോലെയുള്ള മറ്റ് കാര്യങ്ങളും ജി.എസ്.ടി മൂലം ഇല്ലാതായി. ഒരു കരാറുകാരനായി ഇതുവരെ രാജ്യത്തെ കൊള്ളയടിച്ചുകൊണ്ടിരുന്നവര്‍ക്ക് മോദിയോട് ദ്യേഷമുണ്ടാകുമോ ഇല്ലയോ? അവര്‍ മോദിയില്‍ അസ്വസ്ഥരാകുമോ ഇല്ലയോ? എന്നാല്‍ രാജ്യത്തെ പൗരന്മാരുടെ ക്ഷേമം ഉറപ്പുവരുത്തിയോ ഇല്ലയോ? രാജ്യത്തെ പൗരന്മാര്‍ക്ക് ഗുണമുണ്ടായിട്ടുണ്ടോ ഇല്ലയോ? ദയവുചെയ്ത് നിങ്ങള്‍ എനിക്ക് പറഞ്ഞുതരിക.

വ്യാപാരം പൂര്‍ണ്ണമായും സത്യസന്ധമായി നടത്തുകയും ലാഭമെല്ലാം സത്യസന്ധമായി ഉണ്ടാക്കുകയും ചെയ്യുന്ന ഒരു വ്യാപാരസംസ്‌ക്കാരവുമുണ്ടായിട്ടുണ്ട്. ഒരു വ്യാപാരിയും വഞ്ചനാപരമായ നിലപാടുകള്‍ അവലംബിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നതാണ് എന്റെ വ്യക്തിപരമായ അനുഭവം. എന്നാല്‍ ചില നിയമങ്ങളും ചട്ടങ്ങളും ചില ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും അവരില്‍ സമ്മര്‍ദ്ദംചെലുത്തുകയും ആ പാവപ്പെട്ട വ്യക്തിയെ നിര്‍ബന്ധിതനാക്കുകയും ചെയ്യുന്നു. അവര്‍ക്ക് സത്യസന്ധമായ ഒരു പരിസ്ഥിതിയുണ്ടാക്കുന്നതിനായി ഞങ്ങള്‍ പരിശ്രമിക്കുകയാണ്.

ജി.എസ്.ടിയില്‍ ചേരുന്ന വ്യാപാരികളുടെ എണ്ണം നിരന്തരം വര്‍ദ്ധിച്ചുവരുന്നതായി നിങ്ങള്‍ക്ക് കാണാം. ജി.എസ്.ടി നടപ്പാക്കിയതിനുശേഷം 27 ലക്ഷം ആളുകളെക്കൂടി പരോക്ഷ നികുതിവലയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സുഹൃത്തുക്കളെ, മുഖ്യധാരയിലേക്ക് മടങ്ങിവരുന്ന ചില വ്യാപാരികള്‍ക്ക് അവരുടെ പഴയ റെക്കാര്‍ഡുകള്‍ പരിശോധിക്കുമോയെന്ന ആശങ്കയുണ്ട്. സത്യസന്ധമായി രാജ്യത്തിന്റെ വികസനത്തില്‍ പങ്കാളികളാകുന്നവരെ, മുഖ്യധാരയിലേക്ക് മടങ്ങിവരുന്നവരെ അവരുടെ പഴയ രേഖകളുടെ അടിസ്ഥാനത്തില്‍ പീഡിപ്പിക്കാന്‍ ഒരു ഉദ്യോഗസ്ഥനേയും അനുവദിക്കില്ലെന്ന് ഉറപ്പുനല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.

സഹോദരീ സഹോദരന്മാരെ, നിരവധി പരിഷ്‌ക്കാരങ്ങളുടെയും കടുത്ത തീരുമാനങ്ങളുടെയും ഭാഗമായി രാജ്യത്തിന്റെ സമ്പദ്ഘടന ശരിയായ പാതയിലാണ്; അത് ശരിയായ ദിശയിലാണ്. കല്‍ക്കരി, വൈദ്യുതി, പ്രകൃതിവാതകം എന്നിവയുടെ ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട് അടുത്തിടെ പുറത്തുവിട്ട ചില കണക്കുകളുടെ അടിസ്ഥാനത്തില്‍ ഇവയുടെയയെല്ലാം ഉല്‍പ്പാദനത്തില്‍ വലിയ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. വിദേശ നിക്ഷേപകര്‍ ചരിത്രത്തിലില്ലാത്തതരത്തിലുള്ള നിക്ഷേപമാണ് ഇന്ത്യയില്‍ നടത്തുന്നത്. ഇന്ത്യയുടെ വിദേശനിക്ഷേപ കരുതല്‍ ശേഖരം 30,000 കോടി അമേരിക്കല്‍ ഡോളറില്‍ നിന്നും 40,000 കോടി അമേരിക്കന്‍ ഡോളറായി ഉയര്‍ന്നു.

രാജ്യത്തിന്റെ സമ്പദ്ഘടനയുടെ അടിസ്ഥാനം ശക്തമാണെന്ന കാര്യത്തില്‍ നിരവധി പ്രമുഖര്‍ യോജിപ്പിലാണ്. പരിഷ്‌ക്കരണമേഖലയില്‍ ഞങ്ങള്‍ ചില സുപ്രധാന ചുവടുകള്‍ വച്ചിട്ടുണ്ട്, ആ പ്രക്രിയ തുടരും. അതോടൊപ്പം രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയും നിലനിര്‍ത്തും. നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സാമ്പത്തിക വികസനം വേഗത്തിലാക്കുന്നതിനും ആവശ്യമായ നടപടികള്‍ തുടര്‍ന്നും സ്വീകരിക്കും.
ഇത് സംവിധാനങ്ങള്‍ പരിണമിക്കുന്ന കാലഘട്ടമാണ്. ചില പ്രതിജ്ഞകളിലൂടെ വിജയം സാക്ഷാത്കരിക്കുന്ന യുഗമാണ്. നവ ഇന്ത്യ സൃഷ്ടിക്കുന്നതിനുള്ള പ്രതിജ്ഞ നാം എല്ലാം എടുക്കണം, നമുക്ക് അത് സാക്ഷാത്കരിക്കുകയും വേണം. ഇവിടുത്തെ ഗോഖ-ദഹേജ് ഫെറി സര്‍വീസിലുടെ നവ ഇന്ത്യയ്ക്ക് വേണ്ട മറ്റൊരു സൗകര്യവുംകൂടി സൃഷ്ടിച്ചിരിക്കുകയാണ്.

ഒരിക്കല്‍ കൂടി നിങ്ങള്‍ക്ക് എന്റെ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നതോടൊപ്പം ഇതിന്റെ ആനുകൂല്യം കഴിയുന്നത്ര പ്രയോജനപ്പെടുത്തുന്നതിന് ജനങ്ങളെ ക്ഷണിക്കുകയും ചെയ്യുന്നു.

ഭാരത് മാതാ കി ജയ് (ഭാരതമാതാവിന് വിജയം)

ഭാരത് മാതാ കി ജയ് (ഭാരതമാതാവിന് വിജയം)

ഭാരത് മാതാ കി ജയ് (ഭാരതമാതാവിന് വിജയം)

വളരെയധികം നന്ദി