പിഎം ഇന്ത്യ
പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷ യോജന(പി.എം.എസ്.എസ്.വൈ.)യ്ക്കു കീഴില്‍ ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് മെഡിക്കല്‍ സയന്‍സസ് (എഐ..ഐ.എം.എസ്.) സ്ഥാപിക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി.
1011 കോടി രൂപയാണ് ഗോരഖ്പൂര്‍ എ.ഐ.ഐ.എം.എസിന്റെ പ്രതീക്ഷിത ചെലവ്. ശമ്പളം, കൂലി, നടത്തിപ്പ്, അറ്റകുറ്റപ്പണി തുടങ്ങിയ ആവര്‍ത്തന ചെലവുകള്‍ക്കു പുറമേയാണിത്. ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ പി.എം.എസ്.എസ്.വൈ. പ്ലാന്‍ ബജറ്റ് ഹെഡില്‍നിന്നുള്ള ഗ്രാന്റ്-ഇന്‍-എയ്ഡില്‍നിന്നാണ് ആവര്‍ത്തന ചെലവുകള്‍ക്കു പണം കണ്ടെത്തുക.
എമര്‍ജന്‍സി, ട്രോമ ബെഡുകളും ആയുഷ് ബെഡുകളും പ്രൈവറ്റ് ബെഡുകളും ഐ.സി.യു. സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബെഡുകളും ഉള്‍പ്പെടെ 750 കിടക്കകളുള്ളതായിരിക്കും ആശുപത്രി. ഇതിനു പുറമേ, ഭരണനിര്‍വഹണ ബ്ലോക്കും ആയുഷ് ബ്ലോക്കും ഓഡിറ്റോറിയവും നിശാസംരക്ഷണ കേന്ദ്രവും ഹോസ്റ്റലുകളും താമസ സൗകര്യവും നിര്‍മിക്കും.
എ.ഐ.ഐ.എം.എസ്. ജനങ്ങള്‍ക്കു മെച്ചപ്പെട്ട ചികില്‍സ ലഭ്യമാക്കുന്നതിനൊപ്പം നാഷണല്‍ ഹെല്‍ത്ത് മിഷനു കീഴില്‍ രൂപം നല്‍കിവരുന്ന പ്രാഥമിക, ദിതീയ തല സ്ഥാപനങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കും ആവശ്യമായ ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും ലഭ്യമാക്കുകയും ചെയ്യും. പ്രാദേശികമായി കാണപ്പെടുന്ന രോഗങ്ങളെ കുറിച്ചും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ചും പഠിക്കാനും ഫലപ്രദമായ നിയന്ത്രണവും ചികില്‍സയും ഉറപ്പുവരുത്താനും ഈ സ്ഥാപനത്തിനു സാധിക്കും.
യു.പിയിലെ ഗോരഖ്പൂര്‍, അസംഗഢ്, ബസ്തി, ദേവി പഠാന്‍ എന്നീ നാലു കമ്മീഷനറേറ്റുകള്‍ ഉള്‍പ്പെടുന്ന 14 ജില്ലകളിലെയും പശ്ചിമ ബീഹാറിലെ വെസ്റ്റ് ചമ്പാരന്‍, ഈസ്റ്റ് ചമ്പാരന്‍, സരണ്‍, സിവന്‍, ഗോപാല്‍ഗഞ്ച് എന്നീ അഞ്ചു ജില്ലകളിലെയും ജനങ്ങള്‍ക്ക് എ.ഐ.ഐ.എം.എസ്. ഗുണകരമാകും.