Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജി.എസ്.ടി നിയമപ്രകാരമുള്ള ആന്റി പ്രോഫിറ്ററിംഗ് അതോറിറ്റി രൂപീകരിക്കുന്നതിന് അനുമതി


ജി.എസ്.ടിയുടെ കീഴിലുള്ള നാഷണല്‍ ആന്റി പ്രോഫിറ്ററിംഗ് അതോറിറ്റിക്ക് വേണ്ടി (എന്‍.എ.എ) ചെയര്‍മാന്റെയും സാങ്കേതികാംഗത്തിന്റെയും തസ്തിക സൃഷ്ടിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. ബഹുജന ഉപഭോഗത്തിനുള്ള നിരവധി ഉല്‍പ്പന്നങ്ങളുടെ നികുതിനിരക്കില്‍ ഇന്നലെ മുതല്‍ കുറവുവരുത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ നടപടിയും. ഇത് ഉന്നതതല സമിതിയുടെ രൂപീകരണം വേഗത്തിലാക്കുന്നതിന് സഹായിക്കും. ചരക്കുകളിലോ സേവനങ്ങളിലോയുള്ള ജി.എസ്.ടി നിരക്കുകളില്‍ വരുത്തിയ കുറവുകളുടെ ആനുകൂല്യം വിലക്കുറവിലൂടെ ആത്യന്തികമായി ഉപഭോക്താവില്‍ എത്തുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിന് നിയമപരമായി അധികാരമുള്ളതാണ് ഈ അതോറിറ്റി.

കേന്ദ്ര ഗവണ്‍മെന്റിന്റെ മുതിര്‍ന്ന സെക്രട്ടറിതല ഉദ്യോഗസ്ഥന്‍ തലവനായി രൂപീകരിക്കുന്ന എന്‍.എ.എയില്‍ കേന്ദ്രത്തില്‍ നിന്നോ സംസ്ഥാനങ്ങളില്‍ നിന്നോ നാല് സാങ്കേതികാംഗങ്ങളും ഉണ്ടായിരിക്കും. ജി.എസ്.ടി നടപ്പാക്കിയതുമൂലം ചരക്കുകളിലും സേവനങ്ങളിലുമുണ്ടായിട്ടുള്ള കുറവിന്റെ ആനുകൂല്യം എത്തിക്കുന്നതിന് ഗവണ്‍മെന്റ് പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധമാണെന്ന് ഉപഭോക്താവിന് ഉറപ്പുവരുത്തുന്നത് ലക്ഷ്യമാക്കികൊണ്ടുള്ള ഒരു നടപടി കൂടിയാണിത്.

178 വിഭാഗത്തില്‍പ്പെടുന്ന ചരക്കുകളുടെ ജി.എസ്.ടി നിരക്കുകള്‍ 28 ശതമാനത്തില്‍ നിന്നും 18 ശതമാനമാക്കി കുറച്ചത് 2017 നവംബര്‍ 14 അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്ന് കഴിഞ്ഞു. നിലവിലിപ്പോള്‍ 50 വിഭാഗങ്ങള്‍ക്ക് മാത്രമാണ് 28 ശതമാനം ജി.എസ്.ടി നിരക്കുള്ളത്. അതുപോലെ വേറെ നിരവധി ഇനങ്ങളുടെ ജി.എസ്ടി നിരക്ക് 18 ശതമാനത്തില്‍ നിന്നും 12 ശതമാനമായി കുറയ്ക്കുകയും ചിലവയെ ജി.എസ്.ടിയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.

ജി.എസ്.ടി നിയമത്തില്‍ ‘ ആന്റി പ്രോഫിറ്ററിംഗ്’ സംരക്ഷണ നടപടികള്‍ ഉറപ്പാക്കിയത് തന്നെ ഇന്‍പുട്ട് ടാക്‌സ് ക്രഡിറ്റും ചരക്കുകളുടെയും സേവനങ്ങളുടേയും ജി.എസ്.ടി നിരക്കുകളിലുണ്ടായ കുറവും ഉപഭോക്താക്കളില്‍ എത്തിക്കുന്നതിന് ഒരു സ്ഥാപന സംവിധാനം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് എന്‍.എ.എ സ്റ്റാന്‍ഡിംഗ് കമ്മിറ്റി, എല്ലാ സംസ്ഥാനങ്ങളിലും സ്‌ക്രീനിംഗ് കമ്മിറ്റി, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്റ് കസ്റ്റംസിന്റെ കീഴിലുള്ള ഡയറക്‌ട്രേറ്റ് ജനറല്‍ ഓഫ് സെയ്ഫ്ഗാര്‍ഡ്‌സ് എന്നിവയുള്‍ക്കൊള്ളുന്നതാണ് ഈ സ്ഥാപന സംവിധാനത്തിന്റെ ചട്ടക്കൂട്.

ഏതെങ്കിലും ഒരു ചരക്കോ സേവനമോ വാങ്ങുമ്പോള്‍ കുറവിന് തുല്യമായ ആനുകൂല്യം വിലയില്‍ ലഭിച്ചില്ലെന്ന് തോന്നുന്ന ബാധിക്കപ്പെട്ട ഉപഭോക്താവിന് ആ പ്രത്യേക സംസ്ഥാനത്തിലെ സ്‌ക്രീനിംഗ് കമ്മിറ്റി മുമ്പാകെ ആശ്വാസത്തിന് അപേക്ഷിക്കാം. എന്നാല്‍ രാജ്യത്താകമാനം വലിയ പ്രത്യാഘാതം ഉണ്ടാക്കുന്ന വസ്തുവാണെങ്കില്‍ അപേക്ഷ നേരിട്ട് സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് നല്‍കാം. ഇതിന്മേല്‍ കൊളളലാഭം എടുക്കല്‍ ഉണ്ടായിട്ടുണ്ടോയെന്ന പ്രാഥമിക നിലപാട് സ്വീകരിച്ചുകഴിഞ്ഞാല്‍ വിശദമായ പരിശോധനയ്ക്കായി സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് പരാതി സി.ബി.ഇ.എസിന് കീഴിലുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് സേഫ്ഗാര്‍ഡ്‌സിന് കൈമാറും. അവര്‍ അവരുടെ കണ്ടെത്തലുകള്‍ എന്‍.എ.എയ്ക്ക് നല്‍കും.

കൊള്ളലാഭം എടുക്കലിനെതിരെയുള്ള നടപടികള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്ന് എന്‍.എ.എയ്ക്ക് ഉറപ്പായാല്‍ ബന്ധപ്പെട്ട വിതരണക്കാരനോടോ/വ്യാപാരിയോടെ വിലകുറയ്ക്കാനോ, ചരക്കോ-സേവനമോ വാങ്ങിയവര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യം പലിക സഹിതം നല്‍കാനോ നിര്‍ദ്ദേശിക്കാം. സ്വീകര്‍ത്താവിന് ആനുകൂല്യം കൈമാറാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് ഉപഭോക്തൃ ക്ഷേമ ഫണ്ടില്‍ നിക്ഷേപിക്കാന്‍ ഉത്തരവിടാം. ചില അറ്റകൈ സംഭവങ്ങളില്‍ തെറ്റുചെയ്ത വ്യാപാര സ്ഥാപനത്തിന് മേല്‍ എന്‍.എ.എയ്ക്ക് പിഴ ചുമത്താനും വേണ്ടിവന്നാല്‍ അവരുടെ ജി.എസ്.ടി രജിസ്‌ട്രേഷന്‍ റദ്ദ്‌ചെയ്യാനും അധികാരമുണ്ടായിരിക്കും.

എന്‍.എ.എയുടെ രൂപീകരണം ഉപഭോക്താവിന്റെ ആത്മവിശ്വാസത്തെ താങ്ങിനിര്‍ത്തുകയും ഇതിലൂടെ അടുത്തിടെ ജി.എസ്.ടി നിരക്കുകളില്‍ കൊണ്ടുവന്ന ഇളവുകളുടെ ആനുകൂല്യം പ്രത്യേകിച്ചും, ജി.എസ്.ടിയുടേത് മൊത്തത്തിലും ഉപഭോക്താക്കള്‍ക്ക് അനുഭവവേദ്യമാക്കും.