പിഎം ഇന്ത്യ
വിശിഷ്ട വ്യക്തിത്വങ്ങളെ,
ഈ സുപ്രധാന വിഷയം നമ്മുടെ ചർച്ചകളിൽ ഉൾപ്പെടുത്തിയതിന് എന്റെ സുഹൃത്ത് പ്രസിഡന്റ് മാക്രോണിനെ ഞാൻ അഭിനന്ദിക്കുന്നു. മനുഷ്യരാശി ഇതുവരെ രൂപം നൽകിയിട്ടുള്ളതിൽ വെച്ച് ഏറ്റവും പരിവർത്തനവാദപരമായ സാങ്കേതികവിദ്യകളിലൊന്നാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എന്നതിൽ യാതൊരു സംശയവുമില്ല.
ഇന്ന്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്പർശിക്കാത്ത ഒരു മനുഷ്യജീവിത വശവും ഉണ്ടെന്ന് പറയാനാകില്ല. എഐ ശാസ്ത്ര ഗവേഷണങ്ങളെ അഭൂതപൂർവ്വമായ വേഗതയിലാണ് മുന്നോട്ട് നയിക്കുന്നത്. ഇത് ഭരണനിർവഹണത്തെ കൂടുതൽ ഫലപ്രദവും ജനങ്ങളോട് പ്രതികരിക്കുന്നതുമാക്കുന്നു; അതോടൊപ്പം തന്നെ ആരോഗ്യം, വിദ്യാഭ്യാസം, ഉൽപ്പാദനം തുടങ്ങിയ മേഖലകളെ ശാക്തീകരിക്കുകയും ചെയ്യുന്നു.
ഇതൊക്കെയാണെങ്കിലും, എഐയുടെ യഥാർത്ഥ അളവുകോൽ നമ്മുടെ യന്ത്രങ്ങൾ എത്രത്തോളം ശക്തമാകുന്നു എന്നതിലല്ല. മറിച്ച് അത് സാധാരണക്കാരെ എത്രത്തോളം ശാക്തീകരിക്കുന്നു എന്നതിലാണ്. ഈയൊരു വിശ്വാസത്തോടെയാണ്, ഈ വർഷം നടന്ന എഐ ഇംപാക്ട് ഉച്ചകോടിയിൽ മനുഷ്യകേന്ദ്രീകൃതമായ എഐയുടെ വികസനത്തിന് ഇന്ത്യ ഊന്നൽ നൽകിയത്. ഈ ഉച്ചകോടിയിലാണ് എഐ രംഗത്തെ ഇന്ത്യയുടെ എല്ലാ ശ്രമങ്ങൾക്കും വഴികാട്ടിയായ ‘മാനവ്’ (MANAV) എന്ന കാഴ്ചപ്പാട് ഇന്ത്യ അവതരിപ്പിച്ചത്.
ഈയടുത്ത കാലത്ത്, പരിശുദ്ധ മാർപാപ്പ എഐയെക്കുറിച്ചുള്ള തന്റെ സന്ദേശത്തിൽ, എഐ വികസനത്തിന്റെ അടിത്തറ മാനുഷിക മൂല്യങ്ങളും ഉൾക്കൊള്ളലും അർത്ഥപൂർണ്ണമായ മനുഷ്യനിയന്ത്രണവും ആയിരിക്കണമെന്ന് ഊന്നിപ്പറയുകയുണ്ടായി. ഇന്ത്യയുടെ ‘മാനവ്’ കാഴ്ചപ്പാടും പരിശുദ്ധ മാർപാപ്പയുടെ സന്ദേശവും ഒരേ അടിസ്ഥാന വിശ്വാസത്തെയാണ് പ്രകടിപ്പിക്കുന്നത്: സാങ്കേതികവിദ്യ എത്രത്തോളം പുരോഗമിച്ചാലും മനുഷ്യൻ തന്നെയായിരിക്കണം അതിന്റെ കേന്ദ്രബിന്ദു.
സുഹൃത്തുക്കളെ,
എഐ (AI) വ്യാപനത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുക എന്നത് അതീവ പ്രധാനമാണ്. കുട്ടികളുടെ മാതൃഭാഷയിൽ വിദ്യാഭ്യാസം നൽകാനും അവരുടെ സർഗ്ഗാത്മകത വർദ്ധിപ്പിക്കാനും പഠനം കൂടുതൽ വ്യക്തിഗതമാക്കാനും എഐക്ക് കഴിയും. എന്നാൽ, ശരിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലെങ്കിൽ, ഇതേ സാങ്കേതികവിദ്യ തന്നെ അവരെ തെറ്റായ വിവരങ്ങൾ, ഡീപ് ഫേക്കുകൾ, ചൂഷണം തുടങ്ങിയ അപകടങ്ങളിലേക്ക് തള്ളിവിട്ടേക്കാം.
ഈ രണ്ട് സാഹചര്യങ്ങളും തമ്മിലുള്ള വ്യത്യാസം സാങ്കേതികവിദ്യയിൽ മാത്രമല്ല അടങ്ങിയിരിക്കുന്നത്. അത് അതിന്റെ ഉപയോഗത്തെ നയിക്കുന്ന മൂല്യങ്ങൾ, രൂപകൽപ്പനയിലെ തെരഞ്ഞെടുപ്പുകൾ (design choices), ഭരണസംവിധാനങ്ങൾ (governance frameworks) എന്നിവയിലാണ് നിലകൊള്ളുന്നത്. ഡിജിറ്റൽ മേഖല കുട്ടികളെ വഴിതെറ്റിക്കാനുള്ള ഒരു ആയുധമല്ല, മറിച്ച് അവരുടെ പഠനത്തിനും വളർച്ചയ്ക്കുമുള്ള ഒരു വേദിയാണെന്ന് നമ്മൾ ഉറപ്പാക്കണം.
സുഹൃത്തുക്കളെ,
ഫ്രണ്ടിയർ എഐ മോഡലുകൾ (Frontier AI models) സൈബർ സുരക്ഷാ രംഗത്ത് അഭൂതപൂർവ്വമായ അവസരങ്ങളാണ് സൃഷ്ടിക്കുന്നത്. എന്നാൽ , എല്ലാ രാജ്യങ്ങളും സൈബർ ലോകത്ത് സുരക്ഷിതരാകുന്നത് വരെ ഒരു രാജ്യത്തിന് മാത്രമായി പൂർണ്ണ സുരക്ഷ കൈവരിക്കാനാകില്ല. അതുകൊണ്ടാണ് ഇന്ത്യ സൈബർ ഇടത്തെ എപ്പോഴും ഒരു ആഗോള പൊതുനന്മയായി വീക്ഷിക്കുന്നത്. അതിനാൽ, ഈ സുപ്രധാന എഐ സാങ്കേതികവിദ്യകളിലേക്കുള്ള പ്രവേശനം വിപുലവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായിരിക്കണം. ജനാധിപത്യ രാജ്യങ്ങൾക്ക് ഇത്തരം എഐ മോഡലുകൾ ലഭ്യമാകണം; എങ്കിൽ മാത്രമേ അവർക്ക് തങ്ങളുടെ നിർണ്ണായക വിവര അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കാനും വർദ്ധിച്ചുവരുന്ന സൈബർ ഭീഷണികളെ ഫലപ്രദമായി നേരിടാനും സാധിക്കൂ.
സുഹൃത്തുക്കളെ,
സുരക്ഷ, വേഗത, കാര്യക്ഷമത എന്നിവയെ സമന്വയിപ്പിക്കുന്ന ഒരു സംയോജിത സമീപനവുമായി മുന്നോട്ട് പോകുന്നതിന്, ചില നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു:
ഒന്നാമതായി, നമ്മൾ ‘സേയ്ഫ്-ബൈ-ഡിസൈൻ’ (രൂപകൽപ്പനയിൽ തന്നെ സുരക്ഷ ഉറപ്പാക്കുന്ന) എഐ സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കണം. സുരക്ഷ എന്നത് പിന്നീട് ആലോചിക്കേണ്ട ഒന്നോ അല്ലെങ്കിൽ ഒരു അധിക ഫീച്ചറോ ആയി കാണരുത്; അത് എഐ രൂപകൽപ്പനയുടെ തുടക്കം മുതൽക്കേ അതിന്റെ അടിസ്ഥാന ഘടകമായിരിക്കണം.
രണ്ടാമതായി, എഐ വ്യാപനത്തിനായി നമ്മൾ പൊതുവായ മാനദണ്ഡങ്ങളും, ടെസ്റ്റിംഗ് ചട്ടക്കൂടുകളും, റെഗുലേറ്ററി സാൻഡ്‌ബോക്സുകളും വികസിപ്പിച്ചെടുക്കണം; അങ്ങനെ നൂതനാശയങ്ങൾക്കും ഭരണസംവിധാനങ്ങൾക്കും ഒപ്പം ചേർന്ന് മുന്നേറാനാകും. വ്യോമയാന മേഖലയും സമുദ്ര ഗതാഗതവും ഇതിന് നല്ല ഉദാഹരണങ്ങളാണ്, അവിടെ ലോകം വിജയകരമായി പൊതുവായ ആഗോള നിയമങ്ങൾ നിർമ്മിക്കുകയും അത് എല്ലാ രാജ്യങ്ങൾക്കും പ്രയോജനപ്പെടുകയും ചെയ്തു. ഉത്തരവാദിത്തമുള്ള എഐ വികസനത്തിനും വിന്യാസത്തിനുമായി നമുക്ക് സമാനമായ പാഠങ്ങൾ ഉൾക്കൊള്ളാവുന്നതാണ്.
മൂന്നാമതായി, ഡീപ് ഫേക്കുകൾ, വ്യാജവിവരങ്ങൾ, സൈബർ തട്ടിപ്പുകൾ എന്നിവയെ ചെറുക്കുന്നതിന് നമ്മൾ ആഗോള സഹകരണം ശക്തിപ്പെടുത്തണം. എഐ നിർമ്മിത ഉള്ളടക്കങ്ങൾ തിരിച്ചറിയാനും ഡീപ് ഫേക്കുകൾ ഉയർത്തുന്ന ഭീഷണികൾ കുറയ്ക്കാനും സഹായിക്കുന്ന ഡിജിറ്റൽ വാട്ടർമാർക്കിംഗ്, കണ്ടെന്റ് ഓഥന്റിക്കേഷൻ (ഉള്ളടക്കത്തിന്റെ വിശ്വസനീയത ഉറപ്പാക്കുന്ന) ടൂളുകൾ തുടങ്ങിയ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നത് നമ്മൾ പ്രോത്സാഹിപ്പിക്കണം.
നാലാമതായി, എഐയുടെ ഗുണഫലങ്ങൾ എല്ലാ ഗ്ലോബൽ സൗത്ത് രാജ്യങ്ങളിലും എത്തുന്നുണ്ടെന്ന് നമ്മൾ ഉറപ്പാക്കണം. എഐ നിലവിലുള്ള വിഭജനങ്ങൾ വർദ്ധിപ്പിക്കുന്ന ഒന്നാകരുത്, മറിച്ച് എല്ലാവരെയും ഉൾക്കൊള്ളുന്നതിനും പങ്കിട്ട പുരോഗതിക്കും ഉള്ള ഒരു ചാലകശക്തിയായി മാറണം.
സുഹൃത്തുക്കളെ,
എഐയെക്കുറിച്ചുള്ള (AI) നമ്മുടെ സമീപനവും നയവും വ്യക്തത ഉള്ളതായിരിക്കണം. എഐ എന്നത് മനുഷ്യന്റെ കഴിവുകളെ വർദ്ധിപ്പിക്കുന്നതും, വിവരങ്ങൾ മനസ്സിലാക്കി ശരിയായ തീരുമാനങ്ങളെടുക്കാൻ ജനങ്ങളെ പ്രാപ്തരാക്കുന്നതും, മനുഷ്യന്റെ അന്തസ്സ് സംരക്ഷിക്കുന്നതുമായിരിക്കണം. ഈ സുപ്രധാന വിഷയത്തിൽ എല്ലാ പങ്കാളികളുമായും ചേർന്ന് പ്രവർത്തിക്കാനും സഹകരിക്കാനും ഇന്ത്യ തുടർന്നും പ്രതിജ്ഞാബദ്ധമായിരിക്കും.
വളരെയധികം നന്ദി.
നിരാകരണം -പ്രധാനമന്ത്രിയുടെ പ്രസ്താവനയുടെ ഏകദേശ വിവർത്തനമാണിത്. യഥാർത്ഥ പ്രസ്താവന ഹിന്ദിയിലാണ് നടത്തിയത്.
***
SK
Spoke at the session on ‘Ensuring a Safe, Rapid and Efficient Rollout of AI.’ This is a subject of immense importance for the global community. AI’s transformative potential is widely known, having touched all aspects of human life.
— Narendra Modi (@narendramodi) June 17, 2026
However, the true test of AI is not how…
India firmly believes that cyberspace has to be one that furthers the global public good. Access to AI technologies must also be broad and inclusive.
— Narendra Modi (@narendramodi) June 17, 2026
All democratic countries should have access to such AI models so that they can protect their critical information infrastructure…
Gave the following suggestions in my remarks:
— Narendra Modi (@narendramodi) June 17, 2026
We should promote safe-by-design AI systems.
We should develop common standards, testing frameworks and regulatory sandboxes for AI deployment, so that innovation and governance progress together.
We must work towards global…