പിഎം ഇന്ത്യ
തിരഞ്ഞെടുപ്പ് നടത്തിപ്പും ചുമതലയും സംബന്ധിച്ച കാര്യങ്ങളില്‍ സഹകരിക്കുന്നതിന് മറ്റ് രാജ്യങ്ങളുടെ തിരഞ്ഞെടുപ്പ് കൈകാര്യം ചെയ്യല്‍ സ്ഥാപനങ്ങളുമായും, അന്താരാഷ്ട്ര ഏജന്‍സികളുമായും ധാരണാപത്രത്തില്‍ ഏര്‍പ്പെടുന്നതിനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്കി.
താഴെപ്പറയുന്ന തിരഞ്ഞെടുപ്പ് കമ്മീഷനുകളുമായിട്ടാവും ധാരണാപത്രത്തില്‍ ഏര്‍പ്പെടുക:
1. ഇക്ക്വഡോര്‍ ദേശീയ ഇലക്ടറല്‍ സമിതി
2. അല്‍ബേനിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്
3. ഭൂട്ടാന് തിരഞ്ഞെടുപ്പ് കമ്മിഷന്
4. അഫ്ഗാനിസ്ഥാനിലെ സ്വതന്ത്ര തിരഞ്ഞെടുപ്പ് കമ്മിഷന്
5. ഗ്യുനിയയിലെ ദേശീയ സ്വതന്ത്ര തിരഞ്ഞെടുപ്പ് കമ്മിഷന്
6. മ്യാന്മാറിലെ യൂണിയന് തിരഞ്ഞെടുപ്പ് കമ്മിഷന്
7. ഇന്ത്യാ ഇന്റര്‍നാഷണല്‍ ഡെമോക്രസി ആന്റ് ഇലക്ഷന് മാനേജ്മെന്റ് (ഐ.ഐ.ഐ.ഡി.ഇ.എം), ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെമോക്രസി ആന്റ് ഇലക്ടറല്‍ അസിസ്റ്റന്‍സ് (ഐ.ഐ.ഡി.ഇ.എ)
തിരഞ്ഞെടുപ്പ് പ്രകിയയുടെ സംഘാടനപരവും സാങ്കേതികവുമായ രംഗത്തെ അറിവും, പരിചയവും കൈമാറുന്നതിലെ സഹകരണം പരിപോഷിപ്പിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ളവയാണ് ധാരണാപത്രത്തിലെ വകുപ്പുകള്‍. ഇതിന് പുറമെ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തല്‍, ശേഷി നിര്‍മ്മാണം, ജീവനക്കാര്‍ക്കുള്ള പരിശീലനം സ്ഥിരമായ കൂടിയാലോചനകള്‍ തുടങ്ങിയവയും ഇതില്‍പ്പെടും.
തിരഞ്ഞെടുപ്പ് കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി സഹകരണം സാങ്കേതിക സഹായം, ശേഷി വര്‍ദ്ധന തുടങ്ങിയവയും ധാരണാപത്രം പരിപോഷിപ്പിക്കും.
പശ്ചാത്തലം
തിരഞ്ഞെടുപ്പ് വിഷയങ്ങളിലും തിരഞ്ഞെടുപ്പ് പ്രക്രിയകളിലുമുള്ള സഹകരണം പരിപോഷിപ്പിക്കുന്നതിന് വിവിധ രാജ്യങ്ങളുമായും ഏജന്‍സികളുമായും തിരഞ്ഞെടുപ്പ് കമ്മിഷന് ധാരണാപത്രങ്ങള്‍ ഒപ്പിട്ടുവരുന്നു. ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മിഷനാണ് ലോകത്തെ തന്നെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് നിര്‍വ്വഹണം കൈകാര്യം ചെയ്യുന്നത്. വ്യത്യസ്ഥ സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക പശ്ചാത്തലമുള്ള 85 കോടി സമ്മതിദായകരുള്ള ഒരു രാജ്യത്ത് സ്വതന്ത്രവും നീതി പൂര്‍വ്വകവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കേണ്ട ചുമതല തിരഞ്ഞെടുപ്പ് കമ്മിഷനാണ്. രാഷ്ട്രീയ കാര്യങ്ങളില്‍ അടുത്ത കാലത്ത് ജനങ്ങളുടെ വര്‍ദ്ധിച്ച പങ്കാളിത്തം ഉറപ്പ് വരുത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവര്‍ത്തനം മൂലം കഴിഞ്ഞിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്ന് കരുതപ്പെടുന്നു. ഇന്ത്യയിലെ ജനാധിപത്യത്തിന്റെ വിജയം ലോകത്തെമ്പാടുമുള്ള രാഷ്ട്രീയ സംവിധാനങ്ങളുടെയും ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്.