പിഎം ഇന്ത്യ
ഇന്ത്യയില്‍ വരുംകാലങ്ങളില്‍ ബൗദ്ധികസ്വത്തിന് അസ്ഥിവാരം തീര്‍ക്കാന്‍ പോകുന്ന നാഷണല്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്‌സ് (ഐ.പി.ആര്‍.) നയത്തിനു കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ഇന്ത്യയിലുള്ള സൃഷ്ടിപരവും നൂതനവുമായ ചിന്തകളുടെ ഒഴുക്കിനെ എല്ലാവര്‍ക്കും ശോഭനമായ ഭാവി കെട്ടിപ്പടുക്കുന്നതിനായി ഉപയോഗപ്പെടുത്തുകയാണ് ഐ.പി.ആറിലൂടെ ലക്ഷ്യംവെക്കുന്നത്. നയം നടപ്പാക്കുന്നതിനും നിരീക്ഷണവിധേയമാക്കുന്നതിനും പുനഃപരിശോധന നടത്തുന്നതിനുമുള്ള സംവിധാനമാണു നയരൂപീകരണത്തോടെ യാഥാര്‍ഥ്യമാകുക. ഇതിനു ലോകോത്തരമായ രീതികളാണ് അവലംബിച്ചിരിക്കുന്നത്. വിവിധ മേഖലകളിലെ സൃഷ്ടിപരതയെയും പുതുമകളെയും ഉത്തേജിപ്പിക്കുന്നതിനുതകുന്ന സാഹചര്യം യാഥാര്‍ഥ്യവല്‍ക്കരിക്കുന്നതില്‍ ഗവണ്‍മെന്റിനും ഗവേഷണ, വികസന സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചെറുതും ഇടത്തരവുമായ സംരംഭങ്ങള്‍ ഉള്‍പ്പെടെയുള്ള കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്കുമുള്ള പ്രവര്‍ത്തനശേഷിയെ ഏകോപിപ്പിക്കാനും നയം സഹായകമാകും. ഇതുവഴി സുസ്ഥിരവും സുതാര്യവും സേവനോദ്ദ്യേശ്യവരവുമായ ഐ.പി.ആര്‍. സംവിധാനം രാജ്യത്തുണ്ടാകുകയും ചെയ്യും.
വികസനപ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതിനായി രാജ്യാന്തര നിയന്ത്രണങ്ങളില്‍ അനുവദിക്കപ്പെട്ടിട്ടുള്ള ഇളവുകള്‍ ഉപയോഗപ്പെടുത്തുന്നതില്‍, രാജ്യാന്തര കരാര്‍ബാധ്യതകള്‍ നിറവേറ്റുന്ന, അനുഗുണമായ നിയമപരവും ഭരണപരവും നീതിന്യായ സംബന്ധിയുമായ ചട്ടക്കൂടായ ട്രിപ്‌സ് ഇന്ത്യയില്‍ നിലവിലുണ്ടെന്ന തിരിച്ചറിവോടെയാണ് ഐ.പി.ആര്‍. നയം രൂപീകരിച്ചിട്ടുള്ളത്. ദോഹ വികസന ഉച്ചകോടിയിലും ട്രിപ്‌സ് കരാറിലും ഇന്ത്യക്കുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതുകൂടിയാണ് ഈ നയം.
ആഗോളതലത്തില്‍ ഐ.പി.ആറുകള്‍ കൂടുതല്‍ പ്രധാനമായിത്തീര്‍ന്നുകൊണ്ടിരിക്കുകയാണെങ്കിലും അവനവന്റെ കാര്യത്തിലായാലും മറ്റുള്ളവരുടേതിനെ മാനിക്കുന്ന കാര്യത്തിലായാലും ഐ.പി.ആറിനെ സംബന്ധിച്ച് ഇന്ത്യയില്‍ കൂടുതല്‍ ബോധവല്‍ക്കരണം അനിവാര്യമാണ്. വിപണനസാധ്യതയുള്ള സാമ്പത്തിക ആസ്തി എന്ന നിലയിലും സാമ്പത്തിക ഉപകരണം എന്ന നിലയിലും ഐ.പി.ആറിനുള്ള പ്രസക്തി അംഗീകരിക്കപ്പെടേണ്ടതാണ്. ഇതിന്, ആഭ്യന്തര ഐ.പി.ഫയലിങ്ങുകളും നല്‍കപ്പെട്ട പേറ്റന്റുകള്‍ വാണിജ്യവല്‍ക്കരിക്കലും വര്‍ധിക്കേണ്ടതുണ്ട്. പുതുമയ്ക്കും ഗവേഷണത്തിനും വികസനത്തിനുമായി കുറഞ്ഞ തുക മാത്രമാണു മാറ്റിവെക്കപ്പെടുന്നതെന്നതും പരിഹരിക്കപ്പെടേണ്ട വിഷയങ്ങളാണ്.
ദേശീയ ഐ.പി.ആര്‍. നയത്തിന്റെ വ്യാപ്തി താഴെപ്പറയുന്നവയാണ്:
ദര്‍ശനരേഖ: എല്ലാവരുടെയും നേട്ടത്തിനായി സൃഷ്ടിപരതയും പുതുമയും ഉത്തേജിപ്പിക്കപ്പെടുന്ന ഇന്ത്യ; ബൗദ്ധികസ്വത്ത് ജൈവവൈവിധ്യ വിഭവങ്ങളെയും പരമ്പരാഗത വിജ്ഞാനത്തെയും കലയെയും സംസ്‌കാരത്തെയും ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും പ്രോല്‍സാഹിപ്പിക്കുന്ന ഇന്ത്യ; വികസനത്തിന്റെ ചാലകശക്തിയായി അറിവു നിലകൊള്ളുന്ന ഇന്ത്യ; ലഭ്യമാകുന്ന അറിവു കൈമാറ്റം ചെയ്യപ്പെടുന്ന ഇന്ത്യ.
ദൗത്യരേഖ: ചലനാത്മകവും ഊര്‍ജസ്വലവും സംതുലിതവുമായ ബൗദ്ധികസ്വത്തവകാശ സംവിധാനം ഇന്ത്യയില്‍ യാഥാര്‍ഥ്യമാക്കുക. ഇതിലൂടെ ലക്ഷ്യംവെക്കുന്നത്:
സൃഷ്ടിപരതയും പുതുമയും പ്രോല്‍സാഹിപ്പിക്കുകയും അതുവഴി സംരംഭകത്വത്തിന് ഊര്‍ജം പകരുകയും സാമൂഹിക-സാമ്പത്തിക, സാംസ്‌കാരിക വികാസത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുക.
പ്രധാനപ്പെട്ട സാമൂഹിക, സാമ്പത്തിക, സാങ്കേതിക മേഖലകള്‍ക്കൊപ്പം ആരോഗ്യസംരക്ഷണം, ഭക്ഷ്യസുരക്ഷയും പരിസ്ഥിതിസംരക്ഷണവും എന്നീ മേഖലകള്‍ കൂടുതല്‍ പ്രാപ്യമാക്കുക.
ലക്ഷ്യങ്ങള്‍:
താഴെ പറയുന്ന ഏഴു ലക്ഷ്യങ്ങളാണു നയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്:
1. ഐ.പി.ആര്‍.ബോധവല്‍ക്കരണം- ഐ.പി.ആറുകളുടെ സാമ്പത്തികവും സാമൂഹികവും സാംസ്‌കാരികവുമായ നേട്ടങ്ങളെക്കുറിച്ചു സമൂഹത്തിന്റെ എല്ലാ തട്ടിലുള്ളവര്‍ക്കും ബോധവല്‍ക്കരണം നല്‍കുക.
2. ഐ.പി.ആറുകള്‍ ഉണ്ടാക്കല്‍- ഐ.പി.ആറുകള്‍ രൂപീകരിക്കുന്നതിന് ഊര്‍ജം പകരാന്‍
3. നിയമപരവും നിയമനിര്‍മാണപരവുമായ ചട്ടക്കൂട്- അവകാശങ്ങള്‍ അര്‍ഹതപ്പെട്ടവരുടെയും പൊതുജനങ്ങളുടെയും താല്‍പര്യങ്ങളെ സംതുലിതമാക്കിക്കൊണ്ടുള്ള ശക്തവും ഫലപ്രദവുമായ ഐ.പി.ആര്‍. നിയമങ്ങള്‍ രൂപീകരിക്കുക
4. ഭരണവും നടത്തിപ്പും- ഐ.പി.ആര്‍. നടത്തിപ്പ് ആധുനികവല്‍ക്കരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക.
5. ഐ.പി.ആറുകളുടെ വാണിജ്യവല്‍ക്കരണം- വാണിജ്യവല്‍ക്കരണത്തിലൂടെ ഐ.പി.ആറുകള്‍ക്കു മൂല്യമുണ്ടാക്കിയെടുക്കുക
6. നടപ്പാക്കലും തര്‍ക്കം തീര്‍പ്പാക്കലും- ഐ.പി.ആര്‍. വ്യവസ്ഥകളില്‍ കടന്നുകയറ്റമുണ്ടായാല്‍ നേരിടാനായി നടത്തിപ്പും തര്‍ക്കം തീര്‍ക്കലും സംവിധാനങ്ങള്‍ ശക്തിപ്പെടുത്തല്‍.
7. മനുഷ്യവിഭവശേഷി വികസനം- ഐ.പി.ആറുകളില്‍ നൈപുണ്യവികസനത്തിനും പഠന, പരിശീലന, ഗവേഷണങ്ങള്‍ക്കുമായി മനുഷ്യവിഭവശേഷി വികസിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുംവേണ്ടി സ്ഥാപനങ്ങളുടെ പ്രവര്‍ത്തനശേഷി വര്‍ധിപ്പിക്കല്‍.
വിശദമായ കര്‍മപദ്ധതികളിലൂടെയാണ് ഈ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ഉദ്ദേശിക്കുന്നത്. ഐ.പി.ആറുകളുടെ നടത്തിപ്പിന്റെ ചുമതലയുള്ള വകുപ്പായ ഡി.ഐ.പി.പി. പ്രവര്‍ത്തനം നിരീക്ഷണവിധേയമാക്കുകയും വിവിധ വകുപ്പുകളുടെയും മന്ത്രാലയങ്ങളുടെയും പ്രകടനം വിലയിരുത്തുകയും ചെയ്യും.
നാഷണല്‍ ഇന്റലെക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്‌സ് പോളിസി സൃഷ്ടിപരമായ ഇന്ത്യ, പുതുമയാര്‍ന്ന ഇന്ത്യ എന്ന സ്വപ്‌നത്തിനായി നിലകൊള്ളും.