പിഎം ഇന്ത്യ
ദേശീയ മെഡിക്കല്‍ കമ്മിഷന്‍ (എന്‍.എം.സി) ബില്ലില്‍ ചില ഔദ്യോഗിക ഭേദഗതികള്‍ കൊണ്ടുവരുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി.
2018 ജനുവരി രണ്ടിനു ലോക്‌സഭയില്‍ ബില്‍ പരിഗണിക്കുകയും തുടര്‍ന്നു ബന്ധപ്പെട്ട പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടുകയും ചെയ്ത പശ്ചാത്തലത്തിലാണ് എന്‍.എം.സി. ബില്ലില്‍ ഭേദഗതിക്ക് അംഗീകാരം. സ്റ്റാന്‍ഡിംഗ് കമ്മിറ്റി 2018 മാര്‍ച്ച് 20ന് സഭയുടെ മേശപ്പുറത്ത് വച്ച റിപ്പോര്‍ട്ടിലെ
ശിപാര്‍ശകളോടൊപ്പം ബില്ലിലെ ചില വ്യവസ്ഥകളെക്കുറിച്ച് പ്രത്യേകിച്ച് മെഡിക്കല്‍ വിദ്യാര്‍ഥികളുടെയും മെഡിക്കല്‍ പ്രാക്ടീഷണര്‍മാരുടേത് ഉള്‍പ്പെടെയുള്ള പൊതു പ്രതികരണവും ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ പരിഗണിച്ചു.
വിശദാംശങ്ങള്‍:
താഴെ പറയുന്ന കാര്യങ്ങള്‍ ഭേദഗതിയില്‍ ഉള്‍പ്പെടുന്നു.
‘അവസാനവര്‍ഷ എം.ബി.ബി.എസ് പരീക്ഷ രാജ്യത്താകമാനം പൊതുവായി നടത്തുകയും ഇത് ദേശീയ പ്രവേശന പരീക്ഷ (നാഷണല്‍ എക്‌സിറ്റ് ടെസ്റ്റ്-നെക്‌സ്റ്റ്) എന്ന് അറിയപ്പെടും.
പ്രാക്ടീസ് ചെയ്യുന്നതിനുള്ള ലൈസന്‍സിനായി തങ്ങളെ മറ്റൊരു പരീക്ഷയ്ക്ക്
പരീക്ഷണവിധേയമാക്കരുതെന്ന വിദ്യാര്‍ഥികളുടെ പൊതു ആവശ്യം പരിഗണിച്ചുകൊണ്ട് അവസാനവര്‍ഷ എം.ബി.ബി.എസ്. പരീക്ഷ രാജ്യത്താകമാനം പൊതുവാക്കാനും അതിനെ ദേശീയ പ്രവേശന പരീക്ഷ (നാഷണല്‍ എക്‌സിറ്റ് ടെസ്റ്റ്-നെക്‌സ്റ്റ്) എന്നു വിളിക്കാനുമുള്ള ഭേദഗതി കൊണ്ടുവരാന്‍ തീരുമാനിക്കുകയായിരുന്നു. അതുകൊണ്ട് എം.ബി.ബി.എസിന് ശേഷം വിദ്യാര്‍ഥികള്‍ക്ക് പ്രാക്ടീസിന് ലൈസന്‍സ് ലഭിക്കാനായി മറ്റൊരു പരീക്ഷയെ അഭിമുഖീകരിക്കേണ്ടിവരില്ല.
‘ആയുഷ് പ്രാക്ടീഷണര്‍മാര്‍ക്ക് ആധുനിക മെഡിസിന്‍ പ്രാക്ടീസ് ചെയ്യുന്നതിന് ബ്രിഡ്ജ് കോഴ്‌സ് എന്ന വ്യവസ്ഥ മാറ്റി
ബ്രിഡ്ജ് കോഴ്‌സിന് ശേഷം ആയുഷ് പ്രാക്ടീഷണര്‍മാര്‍ക്ക് ആധുനിക മെഡിസിനില്‍ പ്രാക്ടീസ് ചെയ്യാമെന്ന വ്യവസ്ഥ ഒരു പരിധിവരെ എടുത്തുകളഞ്ഞു. ഗ്രാമീണമേഖലകളിലെ പ്രാഥമിക ആരോഗ്യ സുരക്ഷയുടെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നതിനും അത് പ്രോത്സാഹിപ്പിക്കുന്നതിനും അത്യാവശ്യം വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിനുള്ള അവകാശം സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് വിട്ടുകൊടുത്തു.
‘സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങളിലെയും കല്‍പ്പിത സര്‍വകലാശാലകളിലെയും 50% സീറ്റുകള്‍ക്ക് ഫീസ് നിയന്ത്രണം.
സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങളിലും കല്‍പ്പിത സര്‍വകലാശാലകളിലും 40% സീറ്റുകളില്‍ ഫീസ് നിയന്ത്രണമെന്നത് 50 ശതമാനമാക്കി വര്‍ധിപ്പിച്ചു. ഫീസ് എന്നത് കോളേജുകള്‍ സ്വീകരിക്കുന്ന മറ്റ് എല്ലാ ചാര്‍ജുകളും ഉള്‍പ്പെടുന്നതാണെന്ന് കുടുതല്‍ വ്യക്തത വരുത്തിയിട്ടുമുണ്ട്.
‘സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണപ്രദേശങ്ങളില്‍ നിന്നും എന്‍.എം.സിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാവുന്നവരുടെ എണ്ണം മൂന്നില്‍ നിന്നും ആറാക്കി ഉയര്‍ത്തി
തങ്ങളുടെ പ്രാതിനിധ്യം എന്‍.എം.സിയില്‍ വര്‍ധിപ്പിക്കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യങ്ങളോട് പ്രതികരിച്ചുകൊണ്ട് സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്രഭരണപ്രദേശങ്ങളില്‍നിന്നും എന്‍.എം.സിയിലേക്ക് നാമനിര്‍ദേശം ചെയ്യാവുന്നവരുടെ എണ്ണം മൂന്നില്‍നിന്നും ആറാക്കി ഉയര്‍ത്തി. എന്‍.എം.സിയില്‍ 25 അംഗങ്ങളുണ്ടായിരിക്കും. അതില്‍ കുറഞ്ഞപക്ഷം 21 പേര്‍ ഡോക്ടര്‍മാര്‍ ആയിരിക്കണം.
‘വ്യവസ്ഥകള്‍ പാലിക്കാത്ത മെഡിക്കല്‍ കോളജുകള്‍ക്കുള്ള വ്യത്യസ്ത പിഴകള്‍ക്കു വ്യവസ്ഥ
മാനദണ്ഡങ്ങള്‍ പാലിക്കാത്ത മെഡിക്കല്‍ കോളജുകള്‍ക്ക് പലതട്ടുകളിലായി വാര്‍ഷിക ഫീസിന്റെ പകുതിമുതല്‍ പത്തിരട്ടി വരെ വിവിധതരത്തിലുള്ള പിഴ ഈടാക്കിയിരുന്നത് വലിയ ബുദ്ധിമുട്ടായി ഓഹരിപങ്കാളികളുമായുള്ള ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നിരുന്നു. മുന്നറിയിപ്പ്, താങ്ങാവുന്ന പിഴ, പ്രവേശനം കുറയ്ക്കുക, അംഗീകാരം പിന്‍വലിക്കത്തവണ്ണം പ്രവേശനം നടത്തുന്നത് അവസാനിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് വിവിധതലത്തില്‍ പണം പിഴയായി ഈടാക്കുന്ന വ്യവസ്ഥ മാറ്റി.
‘അയോഗ്യരായ മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ക്കും മുറിവൈദ്യന്മാര്‍ക്കും കടുത്ത ശിക്ഷ
പൗരന്മാര്‍ക്ക് ഗുണപരവും സുരക്ഷിതവുമായ ആരോഗ്യ പരിപരക്ഷ ലഭ്യമാക്കുതിനാണ് ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നത്. അതിനായി യോഗ്യതയില്ലാത്ത പ്രാക്ടീഷണര്‍മാര്‍ക്കും മുറിവൈദ്യന്മാര്‍ക്കുമെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. അംഗീകാരമില്ലാതെ മെഡിക്കല്‍ പ്രാക്ടീസിങ് നടത്തിയാല്‍ അവര്‍ക്ക് ഒരു വര്‍ഷം വരെ തടവും അഞ്ചു ലക്ഷം രൂപവരെ പിഴയും ഈടാക്കാമെന്ന വ്യവസ്ഥ ചുമത്തി നടപടി കൂടുതല്‍ കര്‍ശനമാക്കി.