Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നിർമ്മാണ-അടിസ്ഥാന സൗകര്യ ഉപകരണ (CIE) നിർമ്മാണ ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിനായി 11,000 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ, 11,000 കോടി രൂപ സാമ്പത്തിക ചെലവിൽ ‘കൺസ്ട്രക്ഷൻ ആൻഡ് ഇൻഫ്രാസ്ട്രക്ചർ എക്യുപ്‌മെന്റ് (CIE) മാനുഫാക്ചറിംഗ് ഇക്കോസിസ്റ്റം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി’ അംഗീകരിച്ചു. കേന്ദ്ര ഘനവ്യവസായ മന്ത്രാലയം (MHI) നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ, സി.ഐ.ഇ (CIE) ഉപകരണങ്ങളുടെയും ഘടകങ്ങളുടെയും ആഭ്യന്തര നിർമ്മാണത്തിന് പ്രോത്സാഹനം നൽകാനും രാജ്യത്ത് പ്രത്യേക സി.ഐ.ഇ പരീക്ഷണ കേന്ദ്രം (CIE testing facility) സ്ഥാപിക്കാനുമാണ് ലക്ഷ്യമിടുന്നത്. ഇതുവഴി സ്വയംപര്യാപ്തത വർദ്ധിപ്പിക്കാനും ആഗോള സി.ഐ.ഇ വിപണിയിലെ പ്രധാന ശക്തിയായി ഇന്ത്യയെ ഉയർത്താനും സാധിക്കും.

ചൈനയ്ക്കും അമേരിക്കയ്ക്കും ശേഷം ലോകത്തിലെ മൂന്നാമത്തെ വലിയ സി.ഐ.ഇ വ്യവസായമാണ് ഇന്ത്യയിലുള്ളത്. 2024-25 സാമ്പത്തിക വർഷത്തിൽ ഏകദേശം 97,500 കോടി രൂപയായിരുന്നു ഈ വിപണിയുടെ വലുപ്പം. അടിസ്ഥാന സൗകര്യ വികസനത്തിലും (റോഡുകൾ, തുറമുഖങ്ങൾ) ഭവന നിർമ്മാണ രംഗത്തും ഉണ്ടാകുന്ന അതിവേഗ വളർച്ചയുടെ കരുത്തിൽ, 2029-30 സാമ്പത്തിക വർഷത്തോടെ ഈ മേഖലയുടെ വലുപ്പം ഇരട്ടിയിലധികമായി വർദ്ധിച്ച് ഏകദേശം 2,28,100 കോടി രൂപയുടെ വിപണി മൂല്യത്തിലേക്ക് എത്തുമെന്നാണ് കണക്കാക്കുന്നത്.

നിർമ്മാണ-അടിസ്ഥാന സൗകര്യ മേഖലയിലെ ദ്രുതഗതിയിലുള്ള വളർച്ച മുൻനിർത്തി, ഷിപ്പ്-ടു-ഷോർ ക്രെയിനുകൾ (Ship-to-Shore Cranes), ടണൽ ബോറിംഗ് മെഷീനുകൾ (Tunnel Boring Machines), ഹൈഡ്രോളിക് എക്സ്കവേറ്ററുകൾ (Hydraulic Excavators), ഓഫ്-ഹൈവേ ട്രക്കുകൾ (Off-Highway Trucks) തുടങ്ങിയ നൂതന സാങ്കേതികവിദ്യയിലധിഷ്ഠിതമായ ഉപകരണങ്ങളുടെ നിർമ്മാണത്തെ പ്രോത്സാഹിപ്പിക്കാൻ പദ്ധതി ലക്ഷ്യമിടുന്നു. രാജ്യത്ത് അത്യാധുനിക നിലവാരത്തിലുള്ള സി.ഐ.ഇ പരീക്ഷണ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള വ്യവസ്ഥയും പദ്ധതിയിലുണ്ട്.

2026-27 സാമ്പത്തിക വർഷം മുതൽ എട്ട് വർഷ കാലാവധിയുള്ള പദ്ധതിയിൽ, നിർമ്മാണ സൗകര്യങ്ങൾ ഒരുക്കുന്നതിനായി രണ്ട് വർഷത്തെ പ്രാരംഭ കാലയളവും (2026-27 മുതൽ 2027-28 വരെ), തുടർന്ന് അഞ്ച് വർഷത്തെ ഇൻസെന്റീവ് വിതരണ കാലയളവും (2028-29 മുതൽ 2032-33 വരെ), കൂടാതെ 2032-33 സാമ്പത്തിക വർഷത്തെ വർദ്ധിച്ച വിൽപ്പനയുടെ ഇൻസെന്റീവ് തീർപ്പാക്കുന്നതിനായി അവസാന വർഷവും (2033-34) ഉൾപ്പെടുന്നു.

പദ്ധതിക്ക് രണ്ട് ഘടകങ്ങളാണുള്ളത്:

1. സെയിൽസ്-ലിങ്ക്ഡ് ഇൻസെന്റീവ്: യോഗ്യരായ ഒറിജിനൽ എക്യുപ്‌മെന്റ് മാനുഫാക്ചറർമാർ (OEMs), ഘടക നിർമ്മാതാക്കൾ എന്നീ രണ്ട് വിഭാഗങ്ങളിലായി അംഗീകരിക്കപ്പെട്ട അപേക്ഷകർക്ക്, യോഗ്യമായ സി.ഐ.ഇ ഉപകരണങ്ങളുടെയും ഘടകങ്ങളുടെയും വർദ്ധിച്ച വിൽപ്പന മൂല്യത്തിന് ആനുപാതികമായി ഇൻസെന്റീവ് നൽകും. അഞ്ച് വർഷ കാലയളവിൽ വർദ്ധിച്ച വിൽപ്പന മൂല്യത്തിന്റെ 13 ശതമാനം മുതൽ 8 ശതമാനം വരെയാണ് ഗ്രേഡഡ് ഇൻസെന്റീവ് നിരക്ക്.

2. സി.ഐ.ഇ പരീക്ഷണ കേന്ദ്രത്തിനുള്ള ഗ്രാന്റ്: പ്രത്യേക സി.ഐ.ഇ പരീക്ഷണ കേന്ദ്രം സ്ഥാപിക്കുന്നതിനായി വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് സ്വഭാവത്തിൽ 375 കോടി രൂപ വരെ ഗ്രാന്റ് നൽകും.

ആഭ്യന്തര നിർമ്മാണ-അടിസ്ഥാന സൗകര്യ ഉപകരണ നിർമ്മാണ ഇക്കോസിസ്റ്റം ശക്തിപ്പെടുത്തുന്നതിനും ആഗോള വിപണിയിൽ മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനുമുള്ള ഇന്ത്യാ ഗവൺമെന്റിന്റെ ഈ സംരംഭം സുപ്രധാന ചുവടുവെപ്പാണ്. സി.ഐ.ഇ ഉപകരണ നിർമ്മാണത്തിൽ തദ്ദേശീയ ശേഷി വളർത്തിയെടുക്കുന്നതിലൂടെ, സപ്ലൈ ചെയിൻ സുരക്ഷ ഉറപ്പാക്കാനും തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാനും ആത്മനിർഭർ ഭാരതിനെ പ്രോത്സാഹിപ്പിക്കാനും പദ്ധതി സഹായിക്കും. ‘വികസിത് ഭാരത് @2047’ എന്ന കാഴ്ചപ്പാടിന് അനുസൃതമായി സാങ്കേതികമായി സ്വയംപര്യാപ്തവും ആഗോളതലത്തിൽ മത്സരക്ഷമവും സുസ്ഥിരവുമായ വ്യാവസായിക അടിത്തറ കെട്ടിപ്പടുക്കുന്നതിനുള്ള ഗവൺമെന്റിന്റെ അചഞ്ചലമായ പ്രതിബദ്ധതയാണ് ഈ പദ്ധതിയിലൂടെ പ്രതിഫലിക്കുന്നത്.

***

SK