Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നിർമ്മിതബുദ്ധി മേഖലയിലെ സി.ഇ.ഒമാരുമായും വിദഗ്ധരുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തി

നിർമ്മിതബുദ്ധി മേഖലയിലെ സി.ഇ.ഒമാരുമായും വിദഗ്ധരുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാവിലെ ലോക് കല്യാൺ മാർഗിലെ തന്റെ വസതിയിൽ നിർമ്മിതബുദ്ധി മേഖലയിലെ സി.ഇ.ഒമാരുമായും വിദഗ്ധരുമായും ആശയവിനിമയം നടത്തി.

ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ‘ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയ്ക്ക് മുന്നോടിയായാണ്  കൂടിക്കാഴ്ച സംഘടിപ്പിച്ചത്. തന്ത്രപരമായ സഹകരണം വളർത്തുക, എഐ നവീനാശയങ്ങൾ പ്രദർശിപ്പിക്കുക, ഇന്ത്യയുടെ എഐ ദൗത്യ ലക്ഷ്യങ്ങൾ ത്വരിതപ്പെടുത്തുക എന്നിവയായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യങ്ങൾ. കൂടിക്കാഴ്ചയിൽ, എഐ സാങ്കേതികവിദ്യയിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തിന് സി.ഇ.ഒമാർ ശക്തമായ പിന്തുണ അറിയിച്ചു. എഐ രംഗത്ത് ഇന്ത്യയെ ആഗോള ശക്തിയാക്കി മാറ്റുന്നതിന് ഗവണ്മെന്റ് നടത്തുന്ന ശ്രമങ്ങളെയും വിഭവലഭ്യതയെയും അവർ അംഗീകരിച്ചു. 

എല്ലാ മേഖലകളിലും പുതിയ സാങ്കേതികവിദ്യ സ്വീകരിക്കേണ്ടതിന്റെയും അവ രാജ്യത്തിന്റെ വളർച്ചയ്ക്കായി പ്രയോജനപ്പെടുത്തേണ്ടതിന്റെയും ആവശ്യകത പ്രധാനമന്ത്രി എടുത്തുപറഞ്ഞു. പ്രധാന മേഖലകളിലെല്ലാം തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

വരാനിരിക്കുന്ന എഐ ഇംപാക്ട് ഉച്ചകോടിയെക്കുറിച്ച് പരാമർശിക്കവെ, പുതിയ അവസരങ്ങൾ പര്യവേക്ഷണം ചെയ്യാനും വളർച്ചാ പാതയിൽ കുതിച്ചുചാട്ടം നടത്താനും വ്യക്തികളും കമ്പനികളും ഉച്ചകോടി പ്രയോജനപ്പെടുത്തണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസിലൂടെ (UPI) ഇന്ത്യ തങ്ങളുടെ സാങ്കേതിക കരുത്ത് തെളിയിച്ചിട്ടുണ്ടെന്നും, ഇതേ വിജയം എഐ രംഗത്തും ആവർത്തിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

നമ്മുടെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളുടെ വ്യാപ്തി, വൈവിധ്യം, ജനാധിപത്യവത്കരണം എന്നിവയുടെ സവിശേഷമായ സങ്കലനമാണ്   ലോകം ഈ മേഖലയിൽ ഇന്ത്യയെ വിശ്വസിക്കാൻ കാരണമെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ‘എഐ ഫോർ ഓൾ’ എന്ന തന്റെ കാഴ്ചപ്പാടിന് അനുസൃതമായി, നമ്മുടെ സാങ്കേതികവിദ്യയിലൂടെ വലിയ മാറ്റങ്ങൾ സൃഷ്ടിക്കണമെന്നും അത് ലോകത്തിന് പ്രചോദനമാകണമെന്നും അദ്ദേഹം പറഞ്ഞു. ആഗോളതലത്തിലുള്ള എല്ലാ എഐ പ്രവർത്തനങ്ങളുടെയും സുപ്രധാന കേന്ദ്രമായി ഇന്ത്യയെ മാറ്റാൻ അദ്ദേഹം വിദഗ്ധരോട് ആവശ്യപ്പെട്ടു.

ഡാറ്റാ സുരക്ഷയുടെയും സാങ്കേതികവിദ്യയുടെ ജനാധിപത്യവൽക്കരണത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. സുതാര്യവും നിഷ്പക്ഷവും സുരക്ഷിതവുമായ എഐ ആവാസവ്യവസ്ഥയ്ക്കായി നാം പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എഐ-യുടെ ധാർമ്മിക ഉപയോഗത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും നൈപുണ്യ വികസനത്തിലും പ്രതിഭകളെ വളർത്തിയെടുക്കുന്നതിലും എഐ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്ത്യയുടെ എഐ ആവാസവ്യവസ്ഥ രാജ്യത്തിന്റെ പ്രകൃതത്തെയും മൂല്യങ്ങളെയും പ്രതിഫലിപ്പിക്കണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.

വിപ്രോ, ടി.സി.എസ്, എച്ച്.സി.എൽ ടെക് , സോഹോ കോർപ്പറേഷൻ, എൽ.ടി.ഐ മൈൻഡ്‌ട്രീ, ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡ്, അദാനി കണക്സ് , എൻഎക്‌സ്‌ട്ര ഡാറ്റ, നെറ്റ്‌വെബ് ടെക്നോളജീസ് തുടങ്ങിയ കമ്പനികളിലെ സി.ഇ.ഒമാരും ഐ.ഐ.ടി ഹൈദരാബാദ്, ഐ.ഐ.ടി മദ്രാസ്, ഐ.ഐ.ടി ബോംബെ എന്നിവിടങ്ങളിലെ വിദഗ്ധരും ഈ ഉന്നതതല യോഗത്തിൽ പങ്കെടുത്തു. കേന്ദ്ര ഐടി മന്ത്രി ശ്രീ അശ്വിനി വൈഷ്ണവും സഹമന്ത്രി ശ്രീ ജിതിൻ പ്രസാദയും പരിപാടിയിൽ സന്നിഹിതരായിരുന്നു.

****

NK