Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ന്യൂഡൽഹിയിൽ നടന്ന പൊങ്കൽ ആഘോഷങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ നടന്ന പൊങ്കൽ ആഘോഷങ്ങളെ അഭിസംബോധന ചെയ്തു. തമിഴ് ഭാഷയിൽ ആശംസകൾ നേർന്നുകൊണ്ട്, “ഇന്ന് പൊങ്കൽ ഒരു ആഗോള ഉത്സവമായി മാറിയിരിക്കുന്നു” എന്ന് അദ്ദേഹം എടുത്തുപറഞ്ഞു. തമിഴ് സമൂഹങ്ങളും ലോകമെമ്പാടുമുള്ള തമിഴ് സംസ്കാരത്തെ സ്നേഹിക്കുന്നവരും വളരെ ആവേശത്തോടെയാണ് ഈ ദിനം ആഘോഷിക്കുന്നതെന്നും, താനും അവരിൽ ഒരാളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സവിശേഷമായ ഉത്സവം ഏവർക്കുമൊപ്പം ആഘോഷിക്കാൻ സാധിച്ചത് തന്റെ സൗഭാഗ്യമാണെന്നും അദ്ദേഹം പ്രസ്താവിച്ചു.തമിഴ്  ജനതയുടെ ജീവിതത്തിൽ പൊങ്കൽ എന്നത് മനോഹരമായ ഒരു അനുഭവമാണെന്ന് പ്രധാനമന്ത്രി നിരീക്ഷിച്ചു. കർഷകരുടെ കഠിനാധ്വാനം, ഭൂമി, സൂര്യൻ എന്നിവയോടുള്ള നന്ദി പ്രകടിപ്പിക്കുന്നതോടൊപ്പം പ്രകൃതി, കുടുംബം, സമൂഹം എന്നിവയിൽ ഒരു സന്തുലിതാവസ്ഥ പുലർത്താൻ ഇത് നമ്മെ നയിക്കുന്നു. ഈ സമയത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ലോഹ്രി, മകരസംക്രാന്തി, മാഘ് ബിഹു തുടങ്ങിയ ആഘോഷങ്ങൾ നടക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലെയും ലോകമെമ്പാടുമുള്ളതുമായ എല്ലാ തമിഴ് സഹോദരങ്ങൾക്കും അദ്ദേഹം പൊങ്കൽ ആശംസകൾ നേരുകയും മറ്റ് ഉത്സവങ്ങളിൽ പങ്കുചേരുന്നവർക്ക് തന്റെ ശുഭാശംസകൾ അറിയിക്കുകയും ചെയ്തു.

കഴിഞ്ഞ വർഷം തമിഴ് സംസ്കാരവുമായി ബന്ധപ്പെട്ട നിരവധി പരിപാടികളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത് തനിക്ക് വലിയ സന്തോഷമുണ്ടാക്കിയ കാര്യമാണെന്ന് ശ്രീ മോദി അനുസ്മരിച്ചു. തമിഴ്നാട്ടിലെ ആയിരം വർഷം പഴക്കമുള്ള ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രത്തിൽ താൻ പ്രാർത്ഥന നടത്തിയ കാര്യം അദ്ദേഹം സൂചിപ്പിച്ചു. വാരാണസിയിൽ നടന്ന കാശി തമിഴ് സംഗമത്തിനിടെ സാംസ്കാരിക ഐക്യത്തിന്റെ ഊർജ്ജവുമായി നിരന്തരം ബന്ധപ്പെടാൻ തനിക്ക് കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. പാമ്പൻ പാലത്തിന്റെ ഉദ്ഘാടനത്തിനായി രാമേശ്വരം സന്ദർശിച്ചപ്പോൾ തമിഴ് ചരിത്രത്തിന്റെ മഹത്വത്തിന് താൻ വീണ്ടും സാക്ഷിയായ കാര്യം അദ്ദേഹം ഓർത്തെടുത്തു.തമിഴ് സംസ്കാരം രാജ്യത്തിന്റെ മുഴുവൻ, വാസ്തവത്തിൽ മനുഷ്യരാശിയുടെ തന്നെ പങ്കുവെക്കപ്പെട്ട പൈതൃകമാണെന്ന് അടിവരയിട്ടു പറഞ്ഞ ശ്രീ മോദി, താൻ പലപ്പോഴും സംസാരിക്കാറുള്ള ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ എന്ന സങ്കല്പം പൊങ്കൽ പോലുള്ള ആഘോഷങ്ങളിലൂടെ കൂടുതൽ ശക്തമാകുന്നുവെന്നും ഊന്നിപ്പറഞ്ഞു.

ലോകത്തിലെ മിക്കവാറും എല്ലാ സംസ്കാരങ്ങളിലും വിളവെടുപ്പുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള ആഘോഷങ്ങൾ ഉണ്ടെന്ന് പ്രധാനമന്ത്രി പരാമർശിച്ചു. തമിഴ് സംസ്കാരത്തിൽ കർഷകനെ ജീവിതത്തിന്റെ അടിസ്ഥാനമായിട്ടാണ് കണക്കാക്കുന്നതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. കൃഷിയെക്കുറിച്ചും കർഷകരെക്കുറിച്ചും തിരുക്കുറളിൽ വിപുലമായ പരാമർശങ്ങൾ ഉണ്ടെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. കർഷകർ രാഷ്ട്രനിർമ്മാണത്തിലെ ശക്തരായ പങ്കാളികളാണെന്നും അവരുടെ പരിശ്രമങ്ങൾ ‘ആത്മനിർഭർ ഭാരത് അഭിയാന്’ വലിയ കരുത്ത് പകരുന്നുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. കർഷകരെ ശാക്തീകരിക്കുന്നതിനായി തുടർച്ചയായി പ്രവർത്തിക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി അടിവരയിട്ടു.

പ്രകൃതിയോടുള്ള നന്ദി, വാക്കുകളിൽ മാത്രം ഒതുക്കാതെ അത് നമ്മുടെ ജീവിതശൈലിയുടെ ഭാഗമാണെന്ന് ഉറപ്പാക്കാൻ പൊങ്കൽ ഉത്സവം നമ്മെ പ്രചോദിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. ഭൂമി നമുക്ക് ഇത്രയധികം നൽകുമ്പോൾ അതിനെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. മണ്ണിന്റെ ആരോഗ്യം നിലനിർത്തുക, ജലം സംരക്ഷിക്കുക, അടുത്ത തലമുറയ്ക്കായി വിഭവങ്ങൾ സന്തുലിതമായി ഉപയോഗിക്കുക എന്നിവ ഏറ്റവും അത്യാവശ്യമാണെന്ന് ശ്രീ മോദി അടിവരയിട്ടു. ‘മിഷൻ ലൈഫ്’ (Mission LiFE), ‘ഏക് പെഡ് മാ കേ നാം’, ‘അമൃത് സരോവർ’ തുടങ്ങിയ പ്രചാരണങ്ങൾ ഈ ആശയത്തെയാണ് മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.കൃഷി കൂടുതൽ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമാക്കാൻ സർക്കാർ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു. വരും കാലങ്ങളിൽ സുസ്ഥിര കൃഷിരീതികൾ, ജല മാനേജ്‌മെന്റ്—തന്റെ “ഓരോ തുള്ളി, കൂടുതൽ വിളവ്”(Per Drop, More Crop) എന്ന ആഹ്വാനം ആവർത്തിച്ചുകൊണ്ട്—പ്രകൃതിദത്ത കൃഷി, അഗ്രിടെക് (agritech), മൂല്യവർദ്ധനവ് എന്നിവ നിർണ്ണായക പങ്ക് വഹിക്കുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഈ മേഖലകളിലെല്ലാം യുവാക്കൾ പുതിയ ആശയങ്ങളുമായി മുന്നോട്ട് വരികയാണെന്ന് ശ്രീ മോദി കുറിച്ചു. ഏതാനും മാസങ്ങൾക്ക് മുമ്പ് തമിഴ്‌നാട്ടിൽ പ്രകൃതിദത്ത കൃഷിയുമായി ബന്ധപ്പെട്ട ഒരു സമ്മേളനത്തിൽ പങ്കെടുത്ത കാര്യം അദ്ദേഹം അനുസ്മരിച്ചു. അവിടെ പ്രൊഫഷണൽ ജീവിതം ഉപേക്ഷിച്ച് പാടത്ത് ജോലി ചെയ്യുന്ന തമിഴ് യുവാക്കളുടെ മികച്ച പ്രവർത്തനം താൻ കണ്ടതായി അദ്ദേഹം പറഞ്ഞു.സുസ്ഥിര കൃഷിയിൽ വിപ്ലവം സൃഷ്ടിക്കാനുള്ള ഈ പ്രചാരണം കൂടുതൽ വ്യാപിപ്പിക്കാൻ കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന തന്റെ യുവ തമിഴ് സുഹൃത്തുക്കളോട് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. നമ്മുടെ ലക്ഷ്യം “നമ്മുടെ ഊണ് പാത്രം നിറഞ്ഞിരിക്കണം, നമ്മുടെ പോക്കറ്റ് നിറഞ്ഞിരിക്കണം, നമ്മുടെ ഭൂമി സുരക്ഷിതമായിരിക്കണം” എന്നതായിരിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

“ലോകത്തിലെ തന്നെ ഏറ്റവും പുരാതനമായ ജീവസ്സുറ്റ സംസ്‌കാരങ്ങളിൽ ഒന്നാണ് തമിഴ് സംസ്‌കാരം,” എന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. ചരിത്രത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളുകയും വർത്തമാനകാലത്തെ ഭാവിയിലേക്ക് നയിക്കുകയും ചെയ്തുകൊണ്ട് തമിഴ് സംസ്‌കാരം നൂറ്റാണ്ടുകളെ തമ്മിൽ ബന്ധിപ്പിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇന്നത്തെ ഇന്ത്യ അതിന്റെ വേരുകളിൽ നിന്ന് കരുത്ത് ഉൾക്കൊള്ളുകയും പുതിയ സാധ്യതകളിലേക്ക് മുന്നേറുകയും ചെയ്യുകയാണെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു. തമിഴ് സംസ്‌കാരത്തോട് ചേർന്നുനിൽക്കുന്നതും സ്വന്തം മണ്ണിനെ ആദരിക്കുന്നതും ഭാവിയെക്കുറിച്ച് തികഞ്ഞ ആത്മവിശ്വാസമുള്ളതുമായ ഒരു രാഷ്ട്രത്തെ—ഇന്ത്യയെ—മുന്നോട്ട് നയിക്കുന്ന ആ വിശ്വാസമാണ് പൊങ്കലിന്റെ ഈ പവിത്രമായ വേളയിൽ നാം അനുഭവിക്കുന്നതെന്ന് അദ്ദേഹം നിരീക്ഷിച്ചു. തമിഴിൽ ആശംസകൾ നേർന്നുകൊണ്ട് പ്രസംഗം ഉപസംഹരിച്ച പ്രധാനമന്ത്രി, എല്ലാവർക്കും ഒരിക്കൽ കൂടി പൊങ്കൽ ആശംസകൾ നേരുകയും തന്റെ കൃതജ്ഞത അറിയിക്കുകയും ചെയ്തു.

കേന്ദ്രമന്ത്രി ഡോ. എൽ. മുരുകന്റെ ന്യൂഡൽഹിയിലെ വസതിയിലാണ് പൊങ്കൽ ആഘോഷങ്ങൾ സംഘടിപ്പിച്ചത്. കേന്ദ്രമന്ത്രിമാരായ ശ്രീ ജി. കിഷൻ റെഡ്ഡി, ശ്രീ കെ. രാംമോഹൻ നായിഡു, ശ്രീ അർജുൻ റാം മേഘ്‌വാൾ, ശ്രീ വി. സോമണ്ണ എന്നിവരും മറ്റ് വിശിഷ്ട വ്യക്തികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

 

***

NK