Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ന്യൂല്‍ഹിയില്‍ ബുദ്ധ ജയന്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം 

ന്യൂല്‍ഹിയില്‍ ബുദ്ധ ജയന്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം 

ന്യൂല്‍ഹിയില്‍ ബുദ്ധ ജയന്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം 

ന്യൂല്‍ഹിയില്‍ ബുദ്ധ ജയന്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം 


ഇവിടെ സന്നിഹിതരായരിക്കുന്ന മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍ ഡോ.മഹേഷ് ശര്‍മാ ജി, ശ്രീ. കിരണ്‍ റിജുജു ജി, അന്താരാഷ്ട്ര ബുദ്ധിസ്റ്റ് ഫൗണ്ടേഷന്റെ സെക്രട്ടറി ജനറല്‍ ഡോ.ധമ്മാപിയാ ജി, രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് എത്തിരിക്കുന്ന തീര്‍ഥാടകരെ, മഹതീ മഹാന്മാരെ,
ഒരു മന്ത്രം അനേകായിരം പേര്‍ ഒന്നിച്ച് ഉരുവിടുമ്പോള്‍ അവിടെ ഊര്‍ജ്ജം ഉണ്ടാകുന്നു എന്ന് പരമ്പാരാഗതമായ ഒരു വിശ്വാസമുണ്ട്. ഇവിടെ ഇപ്പോള്‍ നമുക്ക് ആ ഊര്‍ജ്ജം അനുഭവിക്കാന്‍ സാധിക്കുന്നു.നമ്മുടെ കണ്ണുകള്‍ തുറന്നിരിക്കുമ്പോള്‍ നമുക്ക് പരസ്പരം കാണാം.അതെസമയം ബുദ്ധഭഗവാന്റെ നാമം നമ്മുടെ മനസുകളില്‍ ഓരോ നിമിഷവും പ്രതിധ്വനിക്കുകയും ചെയ്യുന്നു.
ബുദ്ധനോടുള്ള ഭക്തി വാക്കുകളില്‍ ആവിഷ്‌കരിക്കാന്‍ സാധിക്കില്ല.
ജനങ്ങള്‍ വേദമന്ത്രങ്ങളാല്‍ ആകര്‍ഷിക്കപ്പെടുന്നതുപോല ശ്രീബുദ്ധ ഭഗവാനാലും ആകര്‍ഷിക്കപ്പെടുന്നു. ബുദ്ധപൂര്‍ണിമയുടെ ഈ വിശുദ്ധ വേളയില്‍ നിങ്ങള്‍ക്കൊപ്പം ഇവിടെ എത്താനും, അഭിവന്ദ്യരായ മതാദ്ധ്യക്ഷന്മാരുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കാനും അവസരം ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്.
ഇത് എന്റെ രണ്ടാമത്തെ സന്ദര്‍ശനമാണ് എന്ന് മഹേഷ് ശര്‍മാ ജിയും കിരണ്‍ റിജുജു ജിയും അല്പം മുമ്പ് പറയുകയുകയുണ്ടായി. കഴിഞ്ഞ വര്‍ഷം ഞാന്‍ വന്നേനെ, പക്ഷെ, ശ്രീലങ്കയില്‍ ഇതുപോലെ ഒരു ചടങ്ങില്‍ എനിക്കു പങ്കെടുക്കേണ്ടിയിരുന്നു. അവിടെ, ശ്രീലങ്കയിലെ ജനങ്ങളുടെയും ഗവണ്‍മെന്റിന്റെയും എല്ലാ രാജ്യങ്ങളില്‍ നിന്നും എത്തിയ ബുദ്ധമത നേതാക്കളുടെയും ഒപ്പം ബുദ്ധ പൂര്‍ണിമ ആഘോഷിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. നമുക്ക് എല്ലാവര്‍ക്കും തിരക്കുണ്ട്, നമ്മുടെതായ ഉത്തരവാദിത്വങ്ങളും ഉണ്ട്. പക്ഷെ എല്ലാ തിരക്കുകള്‍ക്കും മധ്യേ, ബുദ്ധഭഗവാന്റെ നാമം ചൊല്ലി നമുക്ക് രക്ഷ പ്രാപിക്കാന്‍ സാധിക്കും. എന്നാല്‍ ഇവിടെ സന്നിഹിതരായിരിക്കുന്ന സന്യാസിമാര്‍ ബുദ്ധഭഗവാന്റെ സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്നതിനായി അവരുടെ ജീവിതം മുഴുവന്‍ സമര്‍പ്പിച്ചവരാണ്. ബുദ്ധഭഗവാന്‍ കാണിച്ച പാതയിലൂടെ മാത്രം സഞ്ചരിക്കുന്നവരാണ് അവര്‍. ഈ അ വസരത്തില്‍ ലോകമെമ്പാടും ബുദ്ധഭഗവാന്റെ സന്ദേശം പ്രചരിപ്പിക്കുന്ന ഈ മഹാത്മാക്കളുടെ മുന്നില്‍ ഞാന്‍ നമസ്‌കരിക്കുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവിടെ എത്തിയിരിക്കുന്ന എല്ലാവരെയും ഞാന്‍ സ്വാഗതം ചെയ്യുന്നു. ഈ ഉദ്യമത്തിനായി പ്രവര്‍ത്തിക്കുകയും സംഭാവനകള്‍ നല്കുകയും ചെയ്ത വ്യക്തികളെയും സ്ഥാപനങ്ങളെയും അഭിനന്ദിക്കാനും ഞാന്‍ ഈ അവസരം വിനിയോഗിക്കുന്നു. അവരുടെ ഭാവി സംരംഭങ്ങള്‍ക്കും ഞാന്‍ ഭാവുകങ്ങള്‍ നേരുന്നു. പ്രത്യേകമായി സാര്‍നാഥിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയട്ട് ഓഫ് ഹയര്‍ ടിബറ്റന്‍ സ്റ്റഡീസിന്റെയും ബുദ്ധ ഗയയിലെ ഓള്‍ ഇന്ത്യ ഭൈക്ഷുക സംഘത്തിന്റെയും ഭാരവാഹികളെ എന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.
സുഹൃത്തുക്കളെ,
ലോകത്തിലെ ഈ ഭാഗത്തിന് അതായത് നമ്മുടെ ഇന്ത്യയ്ക്ക് മറ്റ് ഒു രാജ്യത്തും കാണാന്‍ സാധിക്കാത്ത അമൂല്യമായ പാരമ്പര്യത്തിന്റെ സമൃദ്ധിയാണ് ഉള്ളത്. കഴിഞ്ഞ അനേക നൂറ്റാണ്ടുകളായി ഗൗതമ ബുദ്ധന്റെ ജനനം, വിദ്യാഭ്യാസം, മഹാനിര്‍വാണം തുടങ്ങിയവയെക്കുറിച്ച് എന്തുമാത്രമാണ് എഴുതുകയും പറയുകയും ചെയ്യപ്പെട്ടിരിക്കുന്നത്. ഭാഗ്യവശാല്‍, വളരെ ക്ലേശിച്ചാണെങ്കിലും അവയുടെ കുറെ ഭാഗമെങ്കിലും ഈ തലമുറയ്ക്കായി നമുക്കു സൂക്ഷിക്കാന്‍ സാധിച്ചിട്ടുണ്ട്.
ഒരു കാര്യത്തില്‍ നമുക്ക് അഭിമാനിക്കാം. അത്, ഈ രാജ്യത്തിന്റെ മണ്ണില്‍ നിന്ന് ഉദയം ചെയ്തിട്ടുള്ള എല്ലാ ചിന്താധാരകളുടെയും കേന്ദ്ര സത്ത മാനവക്ഷേമമാണ് എന്നതത്രെ. ഒരു കാര്യത്തില്‍ കൂടി നമുക്ക് അഭിമാനിക്കാം. പുത്തന്‍ ആശയങ്ങളുടെ ഈ യുഗത്തിലും ഒരാള്‍ പോലും മറ്റൊരാളുടെ അവകാശങ്ങളിലേയ്‌ക്കോ അഭിപ്രായങ്ങളിലേയ്‌ക്കോ ഒരിക്കലും കടന്നു കയറിയിട്ടില്ല. ആരുടെയും മതത്തിനും ആശങ്ങള്‍ക്കും എതിരായി നാം വിവേചനാപൂര്‍വം പെരുമാറിയിട്ടുമില്ല. ഇന്ത്യയ്ക്കു പുറത്ത് ഉണ്ടായിട്ടുള്ള എല്ലാ ചിന്താധാരകളെയും, മാനുഷിക താല്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് നാം മുന്നോട്ടു കൊ്ണ്ടുപോകുന്നു എന്നതിലും നമുക്ക് അഭിമാനിക്കാം. നമ്മുടെ അനുയായികള്‍ക്കു മാത്രമെ ആനുകൂല്യങ്ങള്‍ ഉള്ളൂ എന്ന് നാം ഒരിക്കലും പറഞ്ഞിട്ടില്ല, ഇനി പറയുകയുമില്ല. ബുദ്ധദേവന്റെ ആശയങ്ങള്‍ പുത്തന്‍ അവബോധം സൃഷ്ടിച്ചു എന്നു മാത്രമല്ല, ഇന്ന് ഏഷ്യയിലെ പല രാജ്യങ്ങളുടെയും ദേശീയ സ്വഭാവത്തെ നിര്‍വചിക്കുന്നതും ആ ആശയങ്ങളാണ്.
സുഹൃത്തുക്കളെ,
ഇതാണ് ഈ നാടിന്റെ പ്രത്യേകത. അതിനാല്‍ നമ്മുടെ രാജ്യത്തിനും ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെ പറയാന്‍ സാധിക്കും, മറ്റ് ഒരു രാജ്യത്തിന്റെയും താല്പര്യങ്ങളിലേയ്ക്ക് ഇന്ത്യ ഒരിക്കലും കടന്നു കയറിയിട്ടില്ല എന്ന്, അതിന് നമ്മുടെ പാരമ്പര്യം സാക്ഷിയാണ്. ഇന്ത്യ മറ്റ് ഒരു രാജ്യത്തെയും കടന്നാക്രമിച്ചില്ല. കഴിഞ്ഞ ആയിരക്കണക്കിനു വര്‍ഷങ്ങളായി സമാധാനത്തിന്റെ ഈ പാതയും ആശയങ്ങളുമാണ് നമ്മുടെ രാജ്യം പിന്തുടരുന്നത്.
സുഹൃത്തുക്കളെ,
ഗൗതമ ബുദ്ധനിലേയ്ക്കുള്ള സിദ്ധാര്‍ത്ഥ രാജകുമാരന്റെ യാത്ര നിര്‍വാണപ്രാപ്തിയുടെ മാത്രം കഥയല്ല. ഇത് സത്യത്തിന്റെ കഥയാണ്. തന്റെ അറിവും സമ്പത്തും കൊണ്ട് മറ്റുള്ളവരുടെ വേദനയും സഹനങ്ങളും ലഘൂകരിക്കാന്‍ ശ്രമിക്കുന്ന ഏതൊരാളും നടക്കുന്നത് സിദ്ധാര്‍ത്ഥനില്‍ നിന്ന് ശ്രീബുദ്ധനിലേയ്ക്കാണ്. പരമജ്ഞാനം നേടാനുള്ള മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കാന്‍ അദ്ദേഹത്തിനു സാധിക്കും.
ബുദ്ധ പൂര്‍ണിമയുടെ ഈ വേളയില്‍ ഓരോ നിമിഷവും സാഹോദര്യത്തെയും അനുകമ്പയെയും കുറിച്ചാണ് നാം സ്വയം ഓര്‍മ്മപ്പെടുത്തേണ്ടത്. ഭീകരതയുടെയും, വംശീയതയുടെയും, വിഭാഗീയതയുടെയും കാര്‍മേഘങ്ങള്‍ ബുദ്ധന്റെ സന്ദേശങ്ങളെ മൂടുന്ന ഈ കാലഘട്ടത്തില്‍ അദ്ദേഹം നല്കിയ ദയയുടെയും സൗഹൃദത്തിന്റെയും സന്ദേശം കൂടുതല്‍ പ്രസക്തവും അനിവാര്യവുമാകുന്നു. നശീകരണത്തിലൂടെ, അക്രമത്തിലൂടെ, വിദ്വേഷത്തിലൂടെ യുദ്ധങ്ങള്‍ ജയിക്കുന്നതല്ല ജീവിതം, മറിച്ച് വിദ്വേഷത്തെയും അക്രമത്തെയും അനീതിയെയും സൗഹൃദവും ദയയും കൊണ്ട് വിജയിക്കുന്നതാണ്.
ബുദ്ധന്‍ പഠിപ്പിച്ച ധ്യാനത്തിലൂടെ മനസിലെ കോപത്തെ മറികടക്കാന്‍ സാധിക്കുന്നവന് ജീവിതത്തില്‍ വിജയിക്കാനും അമര്‍ത്യത നേടാനും സാധിക്കും. സത്യത്തിന്റെയും ദയയുടെയും സംഗമത്തിനു മാത്രമെ ബുദ്ധനെ നമ്മില്‍ ദീപ്തമാക്കാന്‍ സാധിക്കൂ. ബുദ്ധന്‍ ആഗ്രഹിച്ചത് ഹിംസാത്മകമായ മനസിനെ ശാന്തവും നിര്‍മലവുമാക്കുക എന്നാണ്. ജാതിയുടെയോ നിറത്തിന്റെയോ ഭാഷയുടെയോ അടിസ്ഥാനത്തില്‍ മനുഷ്യരെ വേര്‍തിരിച്ചു കാണാനുള്ള തെറ്റായ സന്ദേശം ഒരിക്കലും ഇന്ത്യയോ ബുദ്ധനോ നല്കിയത് അല്ല. മനുഷ്യന്റെ ജാതിയോ നിറമോ മതമോ വര്‍ഗ്ഗമോ നോക്കാതെ അവരെയെല്ലാം അവരുടെതായ വ്യക്തിത്വങ്ങളോ നാം സ്വീകരിച്ചിട്ടേയുള്ളു. ഉദാഹരണം നോക്കുക, യഹൂദര്‍, പാഴ്‌സികള്‍ തുടങ്ങിയ സമൂഹങ്ങള്‍ എത്രയോ ആയിരം വര്‍ഷങ്ങളായി നമ്മളുമായി കൂടി കലര്‍ന്ന് ഈ സമൂഹത്തിന്റെ അവിഭാജ്യ ഭാഗമായി മാറിയിരിക്കുന്നു. അവരോട് വിവേചനം കാണിക്കുന്നതിനെ കുറിച്ച് നാം ചിന്തിച്ചിട്ടുപോലുമില്ല. ജീവിതത്തില്‍ സമത്വത്തിന്റെ തത്വം പിന്തുടരുക എന്നാല്‍ ബുദ്ധന്റെ ജീവിതം ജീവിക്കുകഎന്നാണ് അര്‍ത്ഥം. ഇതെ സമത്വവും ഐക്യവും കൊണ്ടാണ് ബുദ്ധന്‍ ലോകം അറ്റവുമധികം ആരാധിക്കുന്ന മഹാപുരുഷനായത്. ബുദ്ധഭഗവാന്റെ തത്വങ്ങള്‍ പിന്തുടര്‍ന്ന് ആ മാര്‍ഗ്ഗത്തിലാണ് ബാബാസാഹിബ് അംബേദ്ക്കര്‍ പോലും സഞ്ചരിച്ചത്.
ഇന്ന് പ്രാപഞ്ചിക മേഖലകളിലെല്ലാം വലിയ പുരോഗതി നേടിയിട്ടും ഇന്ത്യ അറിയപ്പെടുന്നതു ബുദ്ധദേവന്റെ നാട് എന്നാണ്. അത് ലോകത്തില്‍ ഇന്ത്യയുടെ മഹത്വം വര്‍ധിപ്പിക്കുന്നതേയുള്ളു. ഇന്ന് മാനവികതയുടെ പാഠങ്ങള്‍ പഠിപ്പിക്കുന്ന ആചാര്യന്മാര്‍ ഉരുവിടുന്നത് ഈ പുണ്യഭൂമി ലോകത്തിനു നല്കിയ ബുദ്ധം ശരണം ഗഛാമി, ധര്‍മം ശരണം ഗഛാമി സംഘം ശരണം ഗഛാമി എന്ന മന്ത്രമാണ്. അതിനാല്‍ മറ്റുള്ളവരെ മാറ്റാന്‍ ശ്രമിക്കുന്നതിനു മുമ്പ് നിങ്ങളെ തന്നെ മാറ്റാന്‍ തുടങ്ങുക, അപ്പോള്‍ നിങ്ങളും ബുദ്ധനാകും എന്നതാണ് ഈ ബുദ്ധപൂര്‍ണിമ വേള നല്കുന്ന സന്ദേശം. മറ്റുള്ളവരുടെ തെറ്റുകള്‍ കണ്ടുപിടിക്കുന്നതിനു മുമ്പെ, നിങ്ങളിലെ തന്നെ ആന്തരിക യുദ്ധം ജയിക്കാന്‍ ശ്രമിക്കുക, നിങ്ങള്‍ ബുദ്ധനാകും. ആപ്പോ ദീപ ആപ്പോ ഭവ, അതാത് നിങ്ങള്‍ നിങ്ങള്‍ക്കുള്ളിലെ പ്രകാശം അന്വേഷിക്കുമ്പോഴും നിങ്ങള്‍ ബുദ്ധനാകുന്നു.
ബുദ്ധഭഗവാന്‍ എന്നും പ്രചരിപ്പിച്ചത് ശാന്തിയുടെയും ദയയുടെയും സന്ദേശങ്ങളായിരുന്നു. സമത്വം നീതി മനുഷ്യാവകാശങ്ങള്‍ എന്നിവയാണ് ഇന്നത്തെ ജനാധിപത്യ ലോകത്തിലെ പ്രധാന മൂല്യങ്ങള്‍. എന്നാല്‍ 2500 വര്‍ഷങ്ങള്‍ക്കു മമ്പെ തന്നെ ഗൗതമ ബുദ്ധന്‍ ഈ തത്വങ്ങളെ കുറിച്ച് കൃത്യമായി പറഞ്ഞു. അതുകൊണ്ട് ഇന്ത്യയില്‍ അത് പുതിയ ആശയമല്ല, സമഗ്ര ലോക ദര്‍ശനം മാത്രം.
ബുദ്ധദര്‍ശന പ്രകാരം സമത്വം എന്നാല്‍ ഈ ഭൂമിയില്‍ എല്ലാവര്‍ക്കും മാന്യമായ ഒരു അസ്തിത്വം ഉണ്ട്. വിവേചനം കൂടാതെ എല്ലാവര്‍ക്കും ഇവിടെ തുല്യമായ അവസരങ്ങളും വിഭവങ്ങളും അവകാശങ്ങളും ഉണ്ട്.
സുഹൃത്തുക്കളെ,
ഓരോ രാജ്യങ്ങളിലും ഭീകര പ്രവര്‍ത്തനം വര്‍ഗീയത തുടങ്ങിയ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നത് മറ്റാരുമല്ല മനുഷ്യര്‍ തന്നെ. ഈ അസമത്വമാണ് അനീതിയുടെയും ചൂഷണത്തിന്റെയും അക്രമത്തിന്റെയും ക്രൂരതകളുടെയും അവിശ്വസ്തതയുടെയും മൂല കാരണം. മറുവശത്ത് നീതി, സ്വാതന്ത്ര്യം മനുഷ്യാവകാശങ്ങള്‍ തുടങ്ങിയ സംഹിതകള്‍ സമത്വം എന്ന തത്വത്തില്‍ നിന്ന് ഉണ്ടാകുന്നതാണ്. ഇതിനര്‍ത്ഥം സമത്വമാണ് എല്ലാ തത്വങ്ങളുടെയുും അടിസ്ഥാന ഘടകം.
സമത്വം എന്ന വികാരം നമ്മുടെ സമൂഹത്തില്‍ ശക്തി പ്രാപിച്ചാല്‍ സാമൂഹ്യ നീതി, സ്വാതന്ത്ര്യം മനുഷ്യാവകാശം, സാമഹിക പരിവര്‍ത്തനം, വ്യക്തി ജീവിതം,സമാധാനം, ഐക്യം, പുരോഗതി എന്നിവ തുറക്കും. അതു വഴി കൂടുതല്‍ വേഗത്തില്‍ മുന്നേറുവാന്‍ നമുക്കു സാധിക്കുകയും ചെയ്യും.
ബുദ്ധദേവന്‍ അദ്ദേഹത്തിന്റെ ഉപദേശങ്ങളില്‍ അഷ്ഠാംഗത്തെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ട്. അഷ്ഠാംഗ മാര്‍ഗ്ഗം മനസിലാക്കാതെ ഒരിക്കലും ബുദ്ധദേവന്റെ ആശയങ്ങള്‍ സ്വാംശീകരിക്കാനാവില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. ശരിയായ കാഴ്ച്ച, ശരിയായ ചിന്ത, ശരിയായ വാക്ക്, ശരിയായ സ്വഭാവം, ശരിയായ ജീവിതം, ശരിയായ പരിശ്രമം, ശരിയായ മനസാക്ഷി, ശരിയായ ഉപദേശം എന്നിവയാണ് ബുദ്ധദേവന്റെ അഷ്ഠമാര്‍ഗ്ഗങ്ങള്‍. ബുദ്ധദേവന്‍ കാണിച്ച മാര്‍ഗ്ഗം പിന്തുടര്‍ന്നാല്‍ ഇന്നു നാം അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും. സംഭവിക്കാനിരിക്കുന്ന അപകടത്തില്‍ നിന്നു ലോകത്തെ മോചിപ്പിക്കുന്നതിന് ബുദ്ധന്റെ സ്‌നേഹത്തിന്റെയും ദയയുടെയും സന്ദേശം പിന്തുടരുക അനിവാര്യമാണ്. ഈ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിച്ചാല്‍ ആര്‍ക്കും ശക്തി നേടാന്‍ സാധിക്കുമെന്നും ബുദ്ധന്‍ പറഞ്ഞിട്ടുണ്ട്.
സുഹൃത്തുക്കളെ,
വിവേകത്തിന്റെ ആവശ്യം മനസിലാക്കിയ ചിന്തകരില്‍ ഒരാളാണ് ബുദ്ധദേവന്‍. ധര്‍മ്മ തത്വങ്ങളുടെ യുക്തി പരിശോധനയ്ക്ക് അദ്ദേഹം ഊന്നല്‍ നല്കിയിരുന്നു. അക്കാര്യം അദ്ദേഹം തന്റെ ശിഷ്യന്മാരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. രണ്ടാം നൂറ്റാണ്ടില്‍ ഉദയ് മഹാരാജാവായ നാഗാര്‍ജ്ജുനയാണ് ബുദ്ധദേവന്റെ സന്ദേശങ്ങള്‍ക്കു മാതൃക നല്കാന്‍ നിര്‍ദ്ദേശിച്ചത്. അതിന് ഇന്നും പ്രസക്തിയുണ്ട്.
അനാഥര്‍ക്കും അന്ധര്‍ക്കും രോഗികള്‍ക്കും നിസാഹയര്‍ക്കും പാവങ്ങള്‍ക്കും ഭക്ഷണവും കുടിവൈള്ളവും നല്കണം, അതിനു തടസമുണ്ടാകരുത്. അവരോട് അനുകമ്പ കാണിക്കണം. രോഗികളെ ശുശ്രൂഷിക്കണം, നിരാശ്രയരായ കര്‍ഷകരെ വിത്തും മറ്റ് അവശ്യ വസ്തുക്കളും നല്കി സഹായിക്കണം. സകല ലോകത്തിലെയും സഹനങ്ങള്‍ക്ക് മുഴുവന്‍ എപ്രകാരം അവസാനം ഉണ്ടാക്കാം എന്നതിനായിരുന്നു ബുദ്ധ ദേവന്റെ ആഗോള ദര്‍ശനം ഊന്നല്‍ നല്കിയത്. ഒരാളുടെ ദാരിദ്ര്യം നോക്കി ദുഖിച്ചിരിക്കുന്നതിനെക്കാള്‍ നല്ലത് അയാളുടെ വേദനകളെയും പ്രയാസങ്ങളെയും അതിജീവിക്കാന്‍ അയാളെ പ്രാപ്തനാക്കുക എന്നതാണ് എന്ന് അദ്ദേഹം പറയുമായിരുന്നു. ബുദ്ധ ദേവനില്‍ നിന്നു പ്രടോദനം ഉള്‍ക്കൊണ്ട് നമ്മുടെ ഗവണ്‍മെന്റ് അനുകമ്പയുടെയും സേവനത്തിന്റെയും പാതയിലൂടെ നീങ്ങുകയാണ് എന്നു പറയുവാന്‍ എനിക്ക് സന്തോഷമുണ്ട്. ജനങ്ങളുടെ പ്രയാസങ്ങളും ദുഖങ്ങളും ലഘൂകരിക്കുന്നതിനുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ക്കാണ് ഞങ്ങള്‍ മുന്തിയ പരിഗണന നല്കുന്നത്.
പാവങ്ങളുടെ ശാക്തീകരണത്തിനായി ഗവണ്‍മെന്റ് പല നടപടികളും ആവിഷ്‌കരിച്ചിട്ടുണ്ട്. ജന്‍ധന്‍ യോജനയ്ക്കു കീഴില്‍ 31 കോടി ബാങ്ക് അക്കൗണ്ടുകളാണ് തുറന്നിരിക്കുന്നത്. മാസം 1 രൂപ പ്രീമിയത്തില്‍ 19 കോടി ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി. 3 കോടി 70 ലക്ഷം പാവപ്പെട്ട സ്ത്രീകള്‍ക്ക് സൗജന്യമായി പാചക വാതകം ലഭ്യമാക്കി. മൂന്നു കോടി കുഞ്ഞുങ്ങള്‍ക്കും 80 ലക്ഷം ഗര്‍ഭിണികള്‍ക്കും ഇന്ദ്രധനുസ് ദൗത്യത്തിനു കീഴില്‍ പ്രതിരോധ കുത്തി വയ്പു നടത്തി. മുദ്ര യോജനയില്‍ ഒരു ജാമ്യവ്യവസ്ഥയും കൂടാതെ 12 കോടി വായ്പകള്‍ വിതരണം ചെയ്തു. ഇപ്പോള്‍ ആയൂഷ്മാന്‍ ഭാരത് യോജനയിലൂടെ ഗവണ്‍മെന്റ് രാജ്യത്തെ 50 കോടി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ചികിത്സയ്ക്കായി 5 ലക്ഷം രൂപവീതം നല്കുവാന്‍ പോവുകയാണ്.
സുഹൃത്തുക്കളെ,
എല്ലാവരയും ഉള്‍ക്കൊള്ളുക, ഒന്നിച്ചു നിര്‍ത്തുക എന്ന ആശയം പൂര്‍ണമായും ബുദ്ധദേവന്റെതാണ്. അദ്ദേഹം രാജകുമാരനായിരുന്നു. അദ്ദേഹത്തിനു ജീവിത്തിനു വേണ്ട എല്ലാ ആഢംബരങ്ങളും ഉണ്ടായിരുന്നു. പക്ഷെ കൊട്ടാരത്തിനു പുറത്തുള്ള ജനങ്ങളുടെ ദുഖങ്ങളും വേദനകളും കണ്ടപ്പോള്‍ താനും അവരില്‍ നിന്നു വ്യത്യസ്ഥനല്ലോ എന്ന് അദ്ദേഹം ചിന്തിച്ചു. ആ സ്ത്യമാണ് അദ്ദേഹത്തിനു ജ്ഞാനം നല്കിയത്. വിവേകം, അറിവ്, തിരിച്ചറിവ്, നീതിബോധം എന്നിവയെല്ലാം നല്കിയത്. അതോടെ മറ്റുള്ളവരെ സ്വാധീനിക്കാനുള്ള ശക്തി അദ്ദേഹത്തില്‍ വന്നു ചേര്‍ന്നു.
ഇന്ന് ഈ ചിന്ത എത്രയധികം നാം ഉള്‍ക്കൊള്ളുന്നുവോ, അത്രയധികം കൂടുതലായി നാം ശരിയാ മനുഷ്യരാകും.മാനവികതയ്ക്കായി നാം ഇതു ചെയ്യണം, അങ്ങനെ 21-ാം നൂറ്റാണ്ടിനെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട നൂറ്റാണ്ടാക്കി മാറ്റണം.
സഹോദരീ സഹോദരന്മാരെ,
ദീര്‍ഘകാലം അടിമത്വത്തില്‍ കഴിഞ്ഞിട്ടും നമ്മുടെ രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിനുള്ള ശരിയായ പരിശ്രമങ്ങള്‍ നാം നടത്തിയിട്ടില്ല. ചരിത്രം സംരക്ഷിക്കാനും, പൈതൃകത്തിന്റെ മഹത്വം വരും തലമുറകള്‍ക്കു കൈമാറ്റം ചെയ്യാനും സാധിക്കാത്ത രാജ്യങ്ങള്‍ക്ക് ഒരിക്കലും പൂര്‍ണത നേടാന്‍ സാധിക്കില്ല. ഇതു മനസിലാക്കി, നമ്മുടെ ഗവണ്‍മെന്റ് രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ സംബന്ധിച്ച വലിയ കാഴ്ച്ചപ്പാടോടുകൂടി ബുദ്ധദേവന്റെ സ്മാരകങ്ങളെ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. രാജ്യത്തെ ഏതാണ്ട് 18 സംസ്ഥാനങ്ങളില്‍ ഒരു തരത്തില്‍ ്അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബുദ്ധദേവനുമായി ബന്ധപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ഉണ്ട്. ചിലതെല്ലാം 2000 വര്‍ഷങ്ങള്‍ക്കപ്പുറം പഴക്കമുള്ളവയും ലോകമെമ്പാടും നിന്നുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നവയും ആണ്. ഈ പശ്ചാത്തലത്തില്‍ അവിടങ്ങളില്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ അനുസരിച്ചു ലോക നിലവാരത്തിലുള്ള സൗകര്യങ്ങള്‍ വികസിപ്പിക്കുക അത്യാവശ്യമാണ്. ഇതു മനസില്‍ കണ്ടാണ് സ്വദേശ് ദര്‍ശന്‍ പദ്ധതിക്കു കീഴില്‍ ഈ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടു ബുദ്ധിസ്റ്റ് സര്‍ക്യൂട്ട് വികസിപ്പിക്കുന്നത്. ഇതിനായി ഗവണ്‍മെന്റ് 360 കോടി രൂപ അനുവദിച്ചുകഴിഞ്ഞു. ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ ബുദ്ധ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ ഗയാ – വരാണാസി – കുശിനഗര്‍ എന്നീ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേയ്ക്കുള്ള പാതകള്‍ വികസിപ്പിച്ചു വരുന്നു. വിനോദ സഞ്ചാര മന്ത്രാലയം നേരിട്ടാണ് രണ്ടു വര്‍ഷത്തിലൊരിക്കല്‍ അന്താരാഷ്ട്ര ബുദ്ധമത സമ്മേളനം നടത്തുന്നത്. ഈ വര്‍ഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പണ്ഡിതര്‍ പരിപാടിയില്‍ സംബന്ധിക്കും. നമ്മുടെ സാംസ്‌കാരിക പൈതൃകം സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ പരമാവധി അവബോധം സൃഷ്ടിക്കുക എന്നതാണ് ഇത്തരം പരിപാടികളുടെ ലക്ഷ്യം. അതുവഴി മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ആളുകളും ഇവിടെ വരികയും ബുദ്ധ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് അറിവു നേടുകയും ചെയ്യും. ഇതു കൂടാതെ അയല്‍ രാജ്യങ്ങളിലെ ബുദ്ധ സ്മാരകങ്ങള്‍ സംരക്ഷിക്കുന്നതിനും കേന്ദ്ര ഗവണ്‍മെന്റ് സഹായങ്ങള്‍ ചെയ്യുന്നുണ്ട്. മ്യാന്‍മറിലെ ബഗാന്‍, ആനന്ദ ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കുന്നജോലികള്‍ ഇന്ത്യന്‍ പുരാവസ്തു സര്‍വെയുടെ നേതൃത്വത്തില്‍ നടന്നു വരുന്നു. രണ്ടു വര്‍ഷം മുമ്പ് ഭൂകമ്പത്തില്‍ തകര്‍ന്നു പോയവയാണ് ഈ ക്ഷേത്രങ്ങള്‍.
അഫ്ഗാനിസ്ഥാനിലെ ബമിയാന്‍, കമ്പോഡിയായിലെ ആംകൊര്‍ വാത്, താപ്രം, ലാവോസിലെ വാത് പൊ, വിയറ്റ്‌നാമിലെ മൈസണ്‍ ക്ഷേത്രം എന്നിവയുടെ പുനരുദ്ധാരണവും ഇന്ത്യന്‍ പുരാവസ്തു സര്‍വെയാണ് നടത്തുന്നത്. മംഗോളിയയിലെ ഗന്ധന്‍ ബുദ്ധ ആശ്രമത്തിലെ കൈയെഴത്തു ഗ്രന്ഥങ്ങളുടെയും സംരക്ഷണവും അവയുടെ ഡിജിറ്റൈസേഷനും ഇന്ത്യന്‍ പുരാവസ്തു സര്‍വെ നടത്തുന്നുണ്ട്. ഇന്ന് ഈ വേദിയില്‍ നിന്നുകൊണ്ട് കേന്ദ്ര മന്ത്രാലയങ്ങളോട് ഏതാനും അഭ്യര്‍ത്ഥനകള്‍ നടത്തുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വിവിധ സ്ഥാപനങ്ങളെ ഒരേ വേദിയില്‍ കൊണ്ടുവന്ന് നമുക്ക് ബുദ്ധഭഗവാന്റെ ഉപദേശങ്ങളുടെ സമാഹാരമായ ത്രിപീഠിക സംരക്ഷിക്കാനും , തര്‍ജ്ജമ നടത്താനും സാധിക്കുമോ, ഈ സ്ഥാപനങ്ങളുടെ കൃതികളും ബുദ്ധന്റെ ഉപദേശങ്ങളും ലളിതമായി വിവരിക്കുന്ന ഒരു പുതിയ വെബ് പോര്‍ട്ട്ല്‍ ആരംഭിക്കാനാവുമോ. സമയബന്ധിതമായി ഈ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കാന്‍ മഹേഷ് ശര്‍മാജിയോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
സുഹൃത്തുക്കളെ,
2500 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ബുദ്ധഭഗവാന്റെ ഉപദേശങ്ങളും പഠനങ്ങളും നമുക്കൊപ്പം ഉണ്ട് എന്നത് നമ്മെ സംബന്ധിച്ചിടത്തോളം വലിയ അനുഗ്രഹമാണ്. ഇത് ഒരു അനഗ്രഹമാണ് എന്നു ഞാന്‍ പറയുമ്പോഴും ഞാന്‍ ഇതു പറയുന്നതിന്റെ കാരണം കൂടി ചിന്തിക്കണം.
ഇതു സംരക്ഷിച്ചു വച്ചതില്‍ പ്രധാന പങ്കു വഹിച്ചത് നമ്മുടെ പൂര്‍വികരാണ്. ആ മുന്‍ തലമുറയ്ക്ക് ഇതിന്റെ പേരില്‍ നാം നന്ദി പറയണം. അവരല്ലായിരുന്നെങ്കില്‍ നാം ഈ വിധത്തില്‍ ബുദ്ധ പൂര്‍ണിമ ദിനത്തില്‍ ഒരു ആഘോഷം സംഘടിപ്പിക്കുമായിരുന്നില്ല. അവരാണ് വരും തലമുറകള്‍ക്കായി ഈ പൈതൃകം 2500 വര്‍ഷത്തേയക്ക് കാത്തു സൂക്ഷിച്ചത്. ഇനി വരാനിരിക്കുന്ന തലമുറകള്‍ നമ്മുടെ സജീവമായ പങ്കിനായി കാത്തിരിക്കുന്നു.
നിങ്ങള്‍ തിരികെ പോകുമ്പോള്‍ നിങ്ങള്‍ ഒരു കാര്യം ചെയ്യണം. 2022 ല്‍ നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കും. അപ്പോള്‍ നിങ്ങളുടെതായ 5-10 പ്രതിജ്ഞകള്‍ നിങ്ങള്‍ നടപ്പാക്കണം. ആ പ്രതിജ്ഞകള്‍ എന്തുമാകാം. ഇത്തരം സാംസ്‌കാരിക പൈതൃകങ്ങള്‍ സംരക്ഷിക്കുന്നതു സംബന്ധിച്ചാകാം, ഗൗതമ ബുദ്ധന്റെ പഠനങ്ങള്‍ പ്രചരിപ്പിക്കുന്നതു സംബന്ധിച്ചാകാം. എന്തുമാകട്ടെ ഇവിടെ സന്നിഹിതരായിരിക്കുന്ന വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും അത്തരം ഒരു തീരുമാനം എടുക്കണം അതു നടപ്പാക്കണം. ഇതാണ് എന്റെ അഭ്യര്‍ത്ഥന. നിങ്ങളുടെ ഈ തീരുമാനം ഒരു പുതിയ ഇന്ത്യയെ സൃഷ്ടിക്കാനുള്ള പരിശ്രമങ്ങളെ സഹായിക്കും. വെല്ലുവിളികളെ കുറിച്ച് നാം ബോധ്യമുള്ളവരാണ്. പക്ഷെ നമുക്ക് ബുദ്ധഭഗവാന്റെ അനുഗ്രഹങ്ങള്‍ ഉണ്ട്. അതിനാല്‍ നമുക്ക് പ്രതിജ്ഞകള്‍ നിറവേറ്റാന്‍ സാധിക്കും എന്നു ഞാന്‍ വിശ്വസിക്കുന്നു. ഇന്ന് ബുദ്ധപൂര്‍ണിമയുടെ ഈ പുണ്യ വേളയില്‍ ബുദ്ധഭഗവാന്റെ പാദപീഠത്തിനരികില്‍ ഇരിക്കാനും അദ്ദേഹത്തിന്റെ അനുഗ്രഹം തേടാനും നിങ്ങളെ കാണാനും എനിക്ക് അവസരം ലഭിച്ചു. ഞാന്‍ അനുഗ്രഹീതനായി.
ഒരിക്കല്‍ കൂടി നിങ്ങള്‍ക്കെല്ലാവര്‍ക്കും ബുദ്ധ പൂര്‍ണിമയുടെ ആശംസകള്‍. ഞാന്‍ എന്റെ പ്രസംഗം ഉപസംഹരിക്കുന്നു.
വളരെ നന്ദി.