Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

“പരിസ്ഥിതിയുടെയും കാലാവസ്ഥാ വ്യതിയാനങ്ങളുടെയും ഭാവി” എന്ന വിഷയത്തിലുള്ള അന്താരാഷ്ട്ര സമ്മേളനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു 

“പരിസ്ഥിതിയുടെയും കാലാവസ്ഥാ വ്യതിയാനങ്ങളുടെയും ഭാവി” എന്ന വിഷയത്തിലുള്ള അന്താരാഷ്ട്ര സമ്മേളനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു 


ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ‘പരിസ്ഥിതിയുടെയും കാലാവസ്ഥാ വ്യതിയാനങ്ങളുടെയും ഭാവി’ (The Future of Environment and Climate Dynamics) എന്ന വിഷയത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. പ്രകൃതിയുമായുള്ള രാജ്യത്തിന്റെ അഗാധമായ ചരിത്രബന്ധം എടുത്തുപറഞ്ഞ പ്രധാനമന്ത്രി, പുരാതന സാംസ്കാരിക ജ്ഞാനം ആധുനിക കാലാവസ്ഥാ പരിഹാരങ്ങളെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്നും ആഗോള കൂട്ടായ്മയ്ക്ക് പ്രചോദനമാകുന്നുവെന്നും എടുത്തുപറഞ്ഞു. ഈ നിർണായക ദൗത്യം ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് ദേശീയ ഹരിത ട്രൈബ്യൂണലിനെ അദ്ദേഹം പ്രശംസിക്കുകയും സംഘാടകർക്ക് അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. “ആധുനിക കാലാവസ്ഥാ വെല്ലുവിളികൾക്ക് ഇന്ത്യയിപ്പോൾ പരിഹാരങ്ങൾ നൽകുകയാണ്,” ശ്രീ മോദി വ്യക്തമാക്കി.

കാർബൺ ബഹിർഗമനവുമായി ബന്ധപ്പെട്ട തെറ്റായ ആഗോള പ്രചാരണങ്ങൾ പരാമർശിക്കവെ, വികസിത രാജ്യങ്ങൾ ഇന്ത്യയേക്കാൾ ആറിരട്ടി വരെ പ്രതിശീർഷ കാർബൺ ബഹിർഗമനം നടത്തുന്നുണ്ടെങ്കിലും വികസ്വര രാജ്യങ്ങളെയാണ് അന്യായമായി കുറ്റപ്പെടുത്തുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ ചരിത്രസത്യം ഉയർത്തിക്കാട്ടുന്നതിനും രാജ്യത്തിന്റെ പരമ്പരാഗത പാരിസ്ഥിതിക കരുത്ത് തുറന്നുകാട്ടാനും അന്താരാഷ്ട്ര വേദികൾ ഇന്ത്യ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. COP-21 ൽ “കൺവീനിയന്റ് ആക്ഷൻ- കണ്ടിന്യൂയിറ്റി ഫോർ ചേഞ്ച്” എന്ന പുസ്തകം പ്രകാശനം ചെയ്തതും, ‘വൺ സൺ, വൺ വേൾഡ്, വൺ ഗ്രിഡ്’, അന്താരാഷ്ട്ര സൗരോർജ്ജ സഖ്യം, CDRI, ഗ്ലോബൽ ബയോഫ്യുവൽ അലയൻസ്, ഇന്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസ് തുടങ്ങിയ വേദികളുടെ രൂപീകരണവും അദ്ദേഹം അനുസ്മരിച്ചു. “ലോകത്തെ ഒപ്പം കൂട്ടിക്കൊണ്ട് പരിസ്ഥിതി സംരക്ഷണത്തിൽ നാം പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുകയാണ്,” ശ്രീ മോദി പറഞ്ഞു.

പൗരാണിക തത്ത്വചിന്തയെ ആധുനിക പ്രവർത്തനങ്ങളുമായി കൂട്ടിയണക്കിക്കൊണ്ട്, കഴിഞ്ഞ 12 വർഷത്തിനിടെ പരിസ്ഥിതി മേഖലയിലുടനീളം കൈവരിച്ച അസാധാരണമായ പുരോഗതി പ്രധാനമന്ത്രി വിശദീകരിച്ചു. പുനരുപയോഗ ഊർജ്ജത്തിലേക്കുള്ള വലിയ തന്ത്രപരമായ മാറ്റം അദ്ദേഹം പ്രത്യേകം പരാമർശിച്ചു. പാരീസിലെ COP-21 ഉച്ചകോടിയിലെ വാഗ്ദാനങ്ങൾ സമയപരിധിക്കു മുമ്പേ പാലിച്ചതിലൂടെ ജി-20 രാജ്യങ്ങൾക്കിടയിൽ ഇന്ത്യ സവിശേഷമായ സ്ഥാനം കൈവരിച്ചതായും, ഫോസ്സിൽ ഇതര ഇന്ധനങ്ങൾ, സൗരോർജ്ജ ശേഷി എന്നിവയിൽ ആഗോള മാതൃക സൃഷ്ടിച്ചതായും അദ്ദേഹം അഭിമാനത്തോടെ പറഞ്ഞു. “ഓരോ മാനദണ്ഡത്തിലും ഇന്ത്യയുടെ പ്രകടനം ഇന്ന് ലോകത്ത് ചർച്ചാവിഷയമാണ്,” ശ്രീ മോദി ചൂണ്ടിക്കാട്ടി.

രാജ്യത്തെ സൗരോർജ്ജ വിപ്ലവത്തിന്റെ വ്യക്തമായ തെളിവുകൾ നിരത്തിക്കൊണ്ട്, 12 വർഷം മുമ്പ് വെറും 2 ജിഗാവാട്ട് ആയിരുന്ന ശേഷി ഇന്ന് 160 ജിഗാവാട്ടിലധികമായി ഉയർന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി. ‘പിഎം സൂര്യഘർ മുഫ്ത് ബിജ്ലി യോജന’ വഴി 50 ലക്ഷത്തിലധികം വീടുകളിൽ സൗരോർജ്ജ സംവിധാനം സ്ഥാപിക്കുകയും ഓരോ കുടുംബത്തിനും 80,000 രൂപ വരെ ധനസഹായം നൽകുകയും ചെയ്തു. ‘കുസും യോജന’യ്ക്ക് കീഴിൽ 30 ലക്ഷം കർഷകർക്ക് സൗരോർജ്ജ പമ്പുകൾ ലഭിച്ചുവെന്നും, പൂർത്തിയായ ‘വൺ നേഷൻ-വൺ ഗ്രിഡ്’ പദ്ധതി 200 ദശലക്ഷം ടൺ കാർബൺ ബഹിർഗമനം വിജയകരമായി തടഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “വീടുകളെത്തന്നെ സൗരോർജ്ജ ഉൽപ്പാദനത്തിന്റെ കേന്ദ്രങ്ങളാക്കാനുള്ള ദൗത്യത്തിന് നാം തുടക്കം കുറിച്ചിരിക്കുന്നു,” ശ്രീ മോദി വ്യക്തമാക്കി.

ഹരിതോർജ്ജ രംഗത്തെ വൻ കുതിച്ചുചാട്ടത്തെ പരാമർശിച്ച പ്രധാനമന്ത്രി, കാറ്റാടിയന്ത്രങ്ങളിലൂടെയുള്ള ഊർജ്ജശേഷി മൂന്നിരട്ടിയായതും ജലവൈദ്യുത പദ്ധതികളുടെ വിപുലീകരണവും സ്വകാര്യ മേഖലയ്ക്ക് കൂടി അവസരം നൽകുന്ന ആണവോർജ്ജ ഉൽപ്പാദനത്തിലെ പരിവർത്തനങ്ങളും എടുത്തുപറഞ്ഞു. ഈ സംയോജിത പരിശ്രമങ്ങൾ രാജ്യത്തിന്റെ ഫോസ്സിൽ ഇതര ഊർജ്ജശേഷി നാലിരട്ടിയോളം വർദ്ധിപ്പിക്കുകയും കൽക്കരി ഗ്യാസിഫിക്കേഷൻ പോലുള്ള ശുദ്ധമായ സാങ്കേതികവിദ്യകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി. “ശുദ്ധ ഊർജ്ജത്തിന്റെ മറ്റ് മേഖലകളിലും ഇന്ത്യ വലിയ നാഴികക്കല്ലുകൾ കൈവരിച്ചിട്ടുണ്ട്,” ശ്രീ മോദി പറഞ്ഞു.

നവീനമായ ഹരിത ഗതാഗത യുഗത്തിനു തുടക്കം കുറിച്ചുകൊണ്ട്, രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ അടുത്തിടെ പുറത്തിറക്കിയതായി പ്രധാനമന്ത്രി അഭിമാനത്തോടെ പ്രഖ്യാപിച്ചു; ഇത് ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹൈഡ്രജൻ ട്രെയിൻ എന്ന റെക്കോർഡും സ്വന്തമാക്കിയിട്ടുണ്ട്. ഈ സാങ്കേതിക കുതിച്ചുചാട്ടം ഹരിത ഗതാഗതത്തിന്റെ ഭാവിയിലേക്കുള്ള അടിത്തറയാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. “ഇത് ഹരിത ഗതാഗതത്തിന്റെ ഒരു പുതിയ യുഗത്തിന്റെ തുടക്കമാണ്,” ശ്രീ മോദി ഉറപ്പിച്ചുപറഞ്ഞു.

പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ വ്യാപകമായ ഉപയോഗത്തെക്കുറിച്ച് വിശദീകരിക്കവേ 2014-ന് മുമ്പ് 3000-ൽ താഴെ മാത്രം വിൽപനയുണ്ടായിരുന്ന ഇലക്ട്രിക് വാഹനങ്ങൾ കഴിഞ്ഞ വർഷം ഏകദേശം 25 ലക്ഷമായി ഉയർന്നുവെന്നും, ഇത് 950 ഇരട്ടിയുടെ അമ്പരപ്പിക്കുന്ന വർദ്ധനയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഹൈവേകളിലെയും എക്സ്പ്രസ് വേകളിലെയും ആധുനിക ഫാസ്റ്റാഗ് (FASTag) സംവിധാനം ടോൾ ബൂത്തുകളിലെ കാത്തുനിൽപ്പ് സമയം കുറയ്ക്കുകയും ഇന്ധന നഷ്ടം വൻതോതിൽ തടയുകയും ചെയ്തതായി അദ്ദേഹം എടുത്തുപറഞ്ഞു. “ഇലക്ട്രിക് വാഹന വിപ്ലവത്തിന്റെ ഈ അവസരത്തെ പൂർണ്ണ ശക്തിയോടെയാണ് ഇന്ത്യ പ്രയോജനപ്പെടുത്തുന്നത്,” ശ്രീ മോദി ചൂണ്ടിക്കാട്ടി.

പൊതുഗതാഗത അടിസ്ഥാന സൗകര്യങ്ങളുടെ വ്യാപകമായ ആധുനിക വൽക്കരണം ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി, 2014-ൽ അഞ്ച് നഗരങ്ങളിലായി 250 കിലോമീറ്റർ മാത്രം ദൈർഘ്യമുണ്ടായിരുന്ന മെട്രോ ശൃംഖലയും, ഇന്ന് 20-ലധികം നഗരങ്ങളിൽ പ്രവർത്തിക്കുന്ന വിപുലമായ സംവിധാനവും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടി. “ആയിരം കിലോമീറ്ററിലധികം മെട്രോ ശൃംഖലയുള്ള ലോകരാജ്യങ്ങളുടെ നിരയിൽ ഇന്ത്യയും ഇടംപിടിച്ചിരിക്കുന്നു,” ശ്രീ മോദി വ്യക്തമാക്കി.”

ചരക്കുസേവന മേഖലയിലെ പരിസ്ഥിതി സൗഹൃദ മാറ്റങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ട്, റെയിൽവേ പൂർണ്ണമായും വൈദ്യുതിവൽക്കരിച്ചതിലൂടെ കോടിക്കണക്കിന് ലിറ്റർ ഡീസൽ ഉപഭോഗം ഒഴിവാക്കാൻ സാധിച്ചതായി പ്രധാനമന്ത്രി വിശദീകരിച്ചു. അടുത്തിടെ ഉദ്ഘാടനം ചെയ്ത 3,000 കിലോമീറ്റർ സമർപ്പിത ചരക്ക് ഇടനാഴിയുടെ വൻ പരിസ്ഥിതി നേട്ടങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു; ഇവിടെ സർവീസ് നടത്തുന്ന ഡബിൾ സ്റ്റാക്ക് കണ്ടെയ്നർ ട്രെയിനുകൾ ഓരോ യാത്രയിലും അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന നൂറുകണക്കിന് ട്രക്കുകൾക്ക് പകരമാകുന്നു. “ഇത് എത്ര വലിയ തോതിലാണ് പരിസ്ഥിതിയെ സഹായിക്കുന്നതെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ,” ശ്രീ മോദി നിരീക്ഷിച്ചു.

മറ്റ് പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗ്ഗങ്ങളെക്കുറിച്ച് പരാമർശിക്കവെ, രാജ്യത്തുടനീളം ഏകദേശം 5,000 കിലോമീറ്റർ ഉൾനാടൻ ജലപാതകൾ പ്രവർത്തനക്ഷമമാക്കിയതിനെ പ്രധാനമന്ത്രി പ്രശംസിച്ചു. ഈ ജലപാതകളിലൂടെ സഞ്ചരിക്കുന്ന ഒരു സാധാരണ യാനം ഡസൻ കണക്കിന് ട്രക്കുകൾക്ക് തുല്യമായ ചരക്കുകൾ വഹിക്കാൻ ശേഷിയുള്ളതാണെന്ന് അദ്ദേഹം വിശദീകരിച്ചു. “ഇതും പരിസ്ഥിതി സംരക്ഷണത്തിന് വലിയ സഹായമാണ് നൽകുന്നത്,” ശ്രീ മോദി ചൂണ്ടിക്കാട്ടി.

ഗതാഗത മേഖലയിലെ നവീകരണങ്ങളുടെ മൊത്തത്തിലുള്ള സ്വാധീനം വ്യക്തമാക്കിക്കൊണ്ട്, ഗതാഗത രംഗത്തുണ്ടായ ഇത്തരം സമഗ്രമായ മാറ്റങ്ങൾ രാജ്യത്തിന്റെ സന്തുലിതമായ വളർച്ചയുടെ നിഷേധിക്കാനാവാത്ത തെളിവാണെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ദ്രുതഗതിയിലുള്ള  പുരോഗതിയും പരിസ്ഥിതി സംരക്ഷണവും ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു .”നമ്മുടെ വികസനം ത്വരിതഗതിയിലുള്ളതും അതേസമയം സുസ്ഥിരവുമാണ്,” ശ്രീ മോദി വ്യക്തമാക്കി 

ജലസംരക്ഷണത്തിൽ ഉണ്ടായ അഭൂതപൂർവമായ ജനപങ്കാളിത്തത്തെ പ്രശംസിച്ച പ്രധാനമന്ത്രി, ‘ക്യാച്ച് ദി റെയിൻ’ പ്രചാരണത്തിന് കീഴിൽ 70,000-ത്തിലധികം അമൃത് സരോവറുകളും 1.5 കോടി മഴവെള്ള സംഭരണികളും നിർമ്മിച്ചതിനെ അഭിനന്ദിച്ചു. പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന, ‘പെർ ഡ്രോപ്പ് മോർ ക്രോപ്പ്’ (Per Drop, More Crop) എന്നിവയ്ക്ക് കീഴിലുള്ള ആധുനിക ജലസേചന രീതികൾ 2 കോടിയിലധികം കർഷകർക്ക് ജലസംരക്ഷണത്തിന് സഹായിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “ഇന്ത്യയിൽ ജലസംരക്ഷണത്തിനായി അഭൂതപൂർവമായ പ്രവർത്തനങ്ങളാണ് നടക്കുന്നത്,” ശ്രീ മോദി ചൂണ്ടിക്കാട്ടി. 

ചെറുധാന്യങ്ങളുടെ ആഗോള പുനരുജ്ജീവനത്തെ പിന്തുണച്ചുകൊണ്ട്, വെള്ളം തീരെ കുറച്ചു മാത്രം ആവശ്യമുള്ള ‘ശ്രീ അന്ന’ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നത് ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കാനും കയറ്റുമതി1.5 ലക്ഷം ടണ്ണായി ഉയർത്താനും സഹായിച്ചുവെന്നും, ഒരേസമയം സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കുകയും ജലസംരക്ഷണം ഉറപ്പാക്കുകയും ചെയ്തുവെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. ഇത്തരം  നിരന്തര ദേശീയ പരിശ്രമങ്ങളാണ് 2023 ‘അന്താരാഷ്ട്ര ചെറുധാന്യ വർഷമായി’ ആഗോളതലത്തിൽ ആചരിക്കുന്നതിന് പ്രചോദനമായതെന്ന് അദ്ദേഹം പറഞ്ഞു. “ഈ മാതൃകയിലൂടെ ലോകവും നമ്മോടൊപ്പം ചേരുകയാണ്,” ശ്രീ മോദി അഭിപ്രായപ്പെട്ടു.

പരിസ്ഥിതി സൗഹൃദ കാർഷികരീതികളുടെ വൻതോതിലുള്ള വ്യാപ്തി വ്യക്തമാക്കിക്കൊണ്ട്, നാഷണൽ മിഷൻ ഓൺ നാച്ചുറൽ ഫാർമിംഗിന് കീഴിൽ 12.5 ലക്ഷം ഹെക്ടറുകളിലായി 24,000 പ്രകൃതിദത്ത കൃഷി ക്ലസ്റ്ററുകൾ സ്ഥാപിച്ചതായി പ്രധാനമന്ത്രി വിശദീകരിച്ചു. പ്രതികൂല കാലാവസ്ഥയെ അതിജീവിക്കാൻ ശേഷിയുള്ള 3,000 വിള ഇനങ്ങൾ വിജയകരമായി വികസിപ്പിച്ചതും കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനായി കാർഷിക-വനവൽക്കരണം (Agro-forestry) തന്ത്രപരമായി പ്രോത്സാഹിപ്പിച്ചതും അദ്ദേഹം എടുത്തുപറഞ്ഞു. “കാർഷിക-വനവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിലൂടെ നാം കാർബൺ ബഹിർഗമനം കുറയ്ക്കുകയാണ്,” ശ്രീ മോദി ഉറപ്പിച്ചുപറഞ്ഞു.

രാജ്യത്തിന്റെ പരിസ്ഥിതി പരിശ്രമങ്ങളുടെ സമഗ്രമായ സ്വഭാവം വിശദീകരിച്ചുകൊണ്ട്, കഴിഞ്ഞ 12 വർഷത്തിനിടെ നിബിഡ വനമേഖലയിൽ 22 ശതമാനത്തിലധികം വർദ്ധനവുണ്ടായതായി പ്രധാനമന്ത്രി അറിയിച്ചു. രാജ്യവ്യാപകമായി കോടിക്കണക്കിന് വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാൻ പൗരന്മാരെ പ്രചോദിപ്പിക്കുന്ന ‘ഏക് പേഡ് മാ കേ നാം’ എന്ന പ്രചാരണത്തെ അദ്ദേഹം പ്രശംസിച്ചു.

പ്ലാസ്റ്റിക് മലിനീകരണം എന്ന വലിയ വെല്ലുവിളിയെക്കുറിച്ച് പരാമർശിക്കവെ, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ ദേശീയ നിരോധനവും ദിനംപ്രതിയുണ്ടാകുന്ന ആയിരക്കണക്കിന് ടൺ മാലിന്യങ്ങൾ, കുറയ്ക്കൽ (Reduce), പുനരുപയോഗം (Reuse), പുനരുൽപ്പാദനം (Recycle) എന്നിവയെ അടിസ്ഥാനമാക്കിയുള്ള ‘ചാക്രിക സമ്പദ്‌വ്യവസ്ഥയിലേക്കുള്ള മുന്നേറ്റവും പ്രധാനമന്ത്രി ആവർത്തിച്ചു. ‘മാലിന്യത്തിൽ നിന്ന് സമ്പത്ത്’ മാതൃകയിലൂടെ ഗ്രാമീണ ജൈവമാലിന്യങ്ങളെ മൂല്യ വർധിത ഉല്പന്നങ്ങളാക്കി മാറ്റുന്നതിനുള്ള മികച്ച ഉദാഹരണമായി അദ്ദേഹം ‘ഗോബർധൻ യോജന’യെ ഉയർത്തിക്കാട്ടി. “മാലിന്യങ്ങളെ ഒരു പ്രശ്നമായി കാണുന്നതിന് പകരം അവയെ വിഭവമാക്കി മാറ്റാനാണ് ഞങ്ങളുടെ ശ്രമം,” ശ്രീ മോദി വ്യക്തമാക്കി.

രാജ്യത്തിന്റെ പരിസ്ഥിതി നേട്ടങ്ങളുടെ പ്രാധാന്യം ഉയർത്തിക്കാട്ടിക്കൊണ്ട്, ഈ ശക്തമായ കണക്കുകൾ കേവലം ആഭ്യന്തര പുരോഗതി മാത്രമല്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തിന്റെ വികസന കണക്കുകൾ മുഴുവൻ മനുഷ്യരാശിയുടെയും നിലനിൽപ്പിനും പുരോഗതിയ്ക്കും  വേണ്ടിയുള്ള ഗണ്യമായ സംഭാവനകളാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. “ഇവ ഭാവി മാനവരാശിക്കായുള്ള ഇന്ത്യയുടെ സംഭാവനയുടെ കണക്കുകൾ കൂടിയാണ്,” ശ്രീ മോദി പറഞ്ഞു.

ഇത്തരം ഉത്തരവാദിത്ത പ്രവർത്തനങ്ങൾക്ക് നിദാനമായ ഭൂമിയും അതിലെ നിവാസികളും തമ്മിലുള്ള അഗാധമായ ബന്ധം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. “ഉത്തരവാദിത്തമുള്ളതും സുസ്ഥിരവുമായ ഭാവി കെട്ടിപ്പടുക്കുന്നതിനും ഇന്ത്യ പരിശ്രമിക്കുകയാണ്,” ശ്രീ മോദി വ്യക്തമാക്കി. സമ്മേളനത്തിലെ ചർച്ചകൾ നൂതനമായ പരിഹാരങ്ങൾ നൽകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ടും എല്ലാവിധ ആശംസകൾ നേർന്നുകൊണ്ടും അദ്ദേഹം തന്റെ പ്രസംഗം ഉപസംഹരിച്ചു.

 

****