Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 20-ാമത് തൊഴിൽ മേളയിൽ ഗവൺമെൻ്റ് സർവീസിൽ പുതുതായി നിയമിതരായ യുവാക്കൾക്ക് 51,000-ത്തിലധികം നിയമനപത്രങ്ങൾ വിതരണം ചെയ്തു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 20-ാമത് തൊഴിൽ മേളയിൽ ഗവൺമെൻ്റ് സർവീസിൽ പുതുതായി നിയമിതരായ യുവാക്കൾക്ക് 51,000-ത്തിലധികം നിയമനപത്രങ്ങൾ വിതരണം ചെയ്തു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നടന്ന 20-ാമത് തൊഴിൽ മേളയിൽ വിവിധ ഗവൺമെൻ്റ്  സ്ഥാപനങ്ങളിലേക്ക് പുതുതായി നിയമിതരായ യുവാക്കൾക്ക് വീഡിയോ കോൺഫറൻസിലൂടെ 51,000-ത്തിലധികം നിയമനപത്രങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി, ഈ നേട്ടം ആയിരക്കണക്കിന് കുടുംബങ്ങൾക്ക് വലിയ സന്തോഷം പകരുന്നതാണെന്ന് പറഞ്ഞു. ഉദ്യോഗാർത്ഥികളുടെ വ്യക്തിപരമായ കഠിനാധ്വാനത്തിനും അവരുടെ മാതാപിതാക്കൾ നടത്തിയ വലിയ ത്യാഗങ്ങൾക്കുമുള്ള ആദരം കൂടിയാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. “ജീവിതത്തിലെ ഈ പുതിയ തുടക്കത്തിന് നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു”-ശ്രീ മോദി പറഞ്ഞു.

2047-ഓടെ വികസിത രാഷ്ട്രമെന്ന മഹത്തായ ലക്ഷ്യത്തിലേക്ക് രാജ്യം മുന്നേറുന്ന വേളയിൽ, പുതുതായി നിയമിക്കപ്പെട്ടവരെ ഇന്ത്യാഗവൺമെൻ്റിലേക്കു സ്വാഗതം ചെയ്ത പ്രധാനമന്ത്രി, ഭരണപരമായ ഓരോ തീരുമാനത്തിലൂടെയും വികസിതവുംസ്വയംപര്യാപ്തവുമായ ഇന്ത്യ എന്ന ഇരട്ട ലക്ഷ്യങ്ങൾക്ക് തുടർച്ചയായി ശക്തിപകരുന്നതിൽ യുവാക്കൾക്ക് നിർണായക പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി. രാജ്യത്തെ മറ്റ് യുവാക്കളോടു പ്രത്യേക ഉത്തരവാദിത്വവും പുതുതായി നിയമിക്കപ്പെട്ടവർക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യുവതലമുറയുടെ പ്രതിഭയും നൈപുണ്യങ്ങളും ലോകത്തിന്റെ വിശ്വാസം നേടിയിട്ടുണ്ടെന്നും, ഇത് ഇന്ത്യൻ നൂതനാശയ ഉപജ്ഞാതാക്കളിലും സംരംഭകരിലും യുവശക്തിയിലും ആഗോളതലത്തിൽ വലിയ പ്രതീക്ഷകൾക്ക് വഴിയൊരുക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. “നമ്മുടെ നൂതനാശയ ഉപജ്ഞാതാക്കളിലും സംരംഭകരിലും യുവശക്തിയിലും ലോകം വലിയ പ്രതീക്ഷകളാണ് അർപ്പിക്കുന്നത്” – ശ്രീ മോദി പറഞ്ഞു.

അടുത്തിടെ സമാപിച്ച ബ്രിക്സ് ഉച്ചകോടിയെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി, ഗവൺമെൻ്റുകൾ തമ്മിലുള്ള പരമ്പരാഗത സഹകരണങ്ങൾക്കപ്പുറത്തേക്ക് അന്താരാഷ്ട്ര സഹകരണം വ്യാപിപ്പിക്കുകയാണ് ഭരണകൂടത്തിന്റെ തന്ത്രമെന്ന് വ്യക്തമാക്കി. BRICS CONNECT, BRICS MSME Cooperation Portal തുടങ്ങിയ സംരംഭങ്ങൾ സംരംഭകർ, കർഷകർ, വനിതകൾ, യുവാക്കൾ എന്നിവരെ ആഗോള പങ്കാളിത്തങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. “ഈ പങ്കാളിത്തത്തിൽ എല്ലാവരും സജീവ പങ്കാളികളാകണം” – ശ്രീ മോദി പറഞ്ഞു.

കഴിഞ്ഞ ഏതാനും വർഷങ്ങളിലെ സാമ്പത്തിക നയതന്ത്രത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, ഏകദേശം 40 രാജ്യങ്ങളുമായി ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാറുകൾ അഭൂതപൂർവമായ തൊഴിൽ-കരിയർ സാധ്യതകൾ തുറന്നുകൊടുക്കുകയാണെന്ന് ചൂണ്ടിക്കാട്ടി. ഈ കരാറുകൾ ആഭ്യന്തര സംരംഭകർക്ക് പുതിയ വിപണികളും ചലനാത്മകമായ പങ്കാളിത്തങ്ങളും ഒരുക്കുന്നതിനൊപ്പം യുവാക്കളുടെ കരിയർ സാധ്യതകളുടെ പരിധി വിപുലീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. “ഈ സ്വതന്ത്ര വ്യാപാര കരാറുകൾ നമ്മുടെ യുവാക്കൾക്കായി പുതിയ സാധ്യതകളുടെ വാതിലുകൾ തുറക്കുകയാണ്”- ശ്രീ മോദി വ്യക്തമാക്കി.

ഭാവിക്ക്അനുയോജ്യമായ നൈപുണ്യ വികസനത്തിൽ ഗവൺമെൻ്റ് തുടർച്ചയായി നൽകിവരുന്ന പ്രാധാന്യം വിശദീകരിച്ച പ്രധാനമന്ത്രി, ദേശീയ വിദ്യാഭ്യാസ നയം, സ്കിൽ ഇന്ത്യ മിഷൻ, പ്രധാനമന്ത്രി കൗശൽ വികാസ് യോജന, അപ്രന്റീസ്ഷിപ്പുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയ പരിവർത്തനാത്മക സംരംഭങ്ങൾ എടുത്തുപറഞ്ഞു. വ്യവസായ മേഖലയുടെ നേരിട്ടുള്ള പങ്കാളിത്തത്തോടെ 60,000 കോടി രൂപയുടെ നിക്ഷേപത്തിൽ രാജ്യത്തെ 1,000 ഗവൺമെന്റ് ഐ.ടി.ഐകളെ ആധുനികവത്കരിക്കുന്ന PM-SETU പദ്ധതിയും അദ്ദേഹം പ്രത്യേകം പരാമർശിച്ചു. “മാറിക്കൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയുടെ ആവശ്യങ്ങൾക്കനുസരിച്ച് യുവാക്കളുടെ വിദ്യാഭ്യാസവും നൈപുണ്യവും മുന്നേറുന്നുവെന്ന് ഉറപ്പാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം” – ശ്രീ മോദി പറഞ്ഞു.

രാജ്യത്തെ ആഭ്യന്തര സ്റ്റാർട്ടപ്പ് മേഖലയിലെ അതിവേഗ വളർച്ചയെ പ്രശംസിച്ച പ്രധാനമന്ത്രി, ലോകത്തിലെ മൂന്നാമത്തെവലിയ സ്റ്റാർട്ടപ്പ് ഹബ്ബെന്ന നിലയിൽ ഇന്ത്യ കൈവരിച്ച സ്ഥാനം എടുത്തുപറഞ്ഞു. അംഗീകൃത സ്റ്റാർട്ടപ്പുകളിൽ ഏകദേശം പകുതിയും ഇപ്പോൾ ടയർ-2, ടയർ-3 നഗരങ്ങളിൽ നിന്നുള്ളവയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചെറിയ പട്ടണങ്ങളിൽ നിന്നുള്ള യുവാക്കൾ സ്വന്തം ആശയങ്ങളിൽ സജീവമായി പ്രവർത്തിക്കുകയും കമ്പനികൾ കെട്ടിപ്പടുക്കുകയും സഹപ്രവർത്തകരായ യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. “ഗ്രാമങ്ങളിലും പട്ടണങ്ങളിലും ചെറുനഗരങ്ങളിലും നിന്നുള്ള യുവാക്കളും ഇന്ന് ഇന്ത്യയുടെ പുതിയ സമ്പദ്‌വ്യവസ്ഥയിൽ വലിയ പങ്ക് വഹിക്കുന്നു,” ശ്രീ മോദി പറഞ്ഞു.

സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനുള്ള ഗവൺമെൻ്റ് തന്ത്രം വിശദീകരിച്ച പ്രധാനമന്ത്രി, പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗാർ യോജനയെക്കുറിച്ച് വിശദീകരിച്ചു. ഒരു ലക്ഷം കോടി രൂപയുടെ ഈ വൻ പദ്ധതിയിലൂടെ രണ്ട് കോടി യുവാക്കളെ ഇതാദ്യമായി ഔപചാരിക തൊഴിൽ മേഖലയിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യമിടുന്നത്. ആദ്യമായി ജോലി നേടുന്നവർക്ക് 15,000 രൂപ വരെ പ്രോത്സാഹന തുക നൽകുന്നതിനൊപ്പം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന തൊഴിലുടമകൾക്കും സാമ്പത്തിക ആനുകൂല്യം നൽകുന്നതാണ് പദ്ധതിയെന്ന് അദ്ദേഹം വ്യക്തമാക്കി. “രാജ്യത്ത് തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനായി എല്ലാ മേഖലകളിലും ഗവൺമെൻ്റ്  പ്രവർത്തിച്ചുവരികയാണ്” – ശ്രീ മോദി പറഞ്ഞു.

തൊഴിൽസൃഷ്ടിയെ ശക്തമായ സ്ഥൂല സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെടുത്തി സംസാരിച്ച പ്രധാനമന്ത്രി, സമ്പദ്‌വ്യവസ്ഥ വളരുകയും നിക്ഷേപം വർധിക്കുകയും പുതിയ വ്യവസായങ്ങൾ വികസിക്കുകയും ചെയ്യുമ്പോഴാണ് യുവാക്കൾക്ക് പുതിയ അവസരങ്ങൾ ഉണ്ടാകുന്നതെന്ന് വിശദീകരിച്ചു. ആദ്യ പാദത്തിൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ 7.8 ശതമാനം വളർച്ച രേഖപ്പെടുത്തിയതും നിക്ഷേപത്തിൽ 12 ശതമാനം വർധന ഉണ്ടായതും അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോളതലത്തിൽ നിലനിൽക്കുന്ന അനിശ്ചിതത്വങ്ങൾക്കിടയിലും റേറ്റിങ് ഏജൻസികൾ ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റത്തെക്കുറിച്ചുള്ള വിലയിരുത്തൽ മെച്ചപ്പെടുത്തുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. “കഴിഞ്ഞ ഏതാനും വർഷങ്ങളിലെ പരിഷ്കാരങ്ങൾ ഇന്ത്യയുടെ ഈ വളർച്ചയ്ക്ക് വലിയ സംഭാവന നൽകിയിട്ടുണ്ട്” – ശ്രീ മോദി വ്യക്തമാക്കി.

പുതുതായി നിയമിതരായ ഉദ്യോഗസ്ഥരോട് ഭരണനിർവഹണത്തിൽ തുടർച്ചയായ പരിവർത്തനങ്ങളുടെ കാലഘട്ടം ഏറ്റെടുക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. നികുതി നടപടിക്രമങ്ങൾ ലളിതമാക്കുക, ബിസിനസ് നടത്തുന്നതിനുള്ള സൗകര്യം മെച്ചപ്പെടുത്തുക, വിദ്യാഭ്യാസ-നൈപുണ്യ മേഖലകളിൽ പരിഷ്കാരങ്ങൾ നടപ്പാക്കുക, നവീനാശയങ്ങൾക്ക് പുതിയ മേഖലകൾ തുറന്നുകൊടുക്കുക എന്നിവയുടെ നിർണായക ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. ഭരണപരമായ പുരോഗതിയുടെ വേഗം സേവനകാലത്തുടനീളം തടസ്സമില്ലാതെ തുടരുന്നുവെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം യുവ ഉദ്യോഗസ്ഥർക്കുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. “രാജ്യത്തെ പരിഷ്കരണ എക്സ്പ്രസ് പൂർണ വേഗതയിൽ നിരന്തരം മുന്നേറേണ്ടത് അനിവാര്യമാണ്” – ശ്രീ മോദി വ്യക്തമാക്കി.

തിരമാലകളെ കീഴടക്കാൻ സൂര്യനെയും കടലിനെയും വള്ളത്തെയും തുഴച്ചിലുകാരനെയും സ്വന്തമാക്കുന്നതിനെക്കുറിച്ച് താൻ മുമ്പ് നടത്തിയ കാവ്യാത്മക പരാമർശങ്ങൾ ഓർമിപ്പിച്ച പ്രധാനമന്ത്രി, രാജ്യത്തെ യുവാക്കളുടെ ആഴത്തിലുള്ള അഭിലാഷങ്ങൾ സാക്ഷാത്കരിക്കാൻ ഇതേ ധൈര്യത്തോടെ പ്രവർത്തിക്കാൻ പുതുതായി നിയമിക്കപ്പെട്ടവരോട് ആഹ്വാനം ചെയ്തു. ഓരോ ഫയലിലുമുള്ള ഒപ്പും ഓരോ ഭരണപരമായ തീരുമാനവും തടസ്സങ്ങൾ നീക്കുന്നതിനും ആശയങ്ങൾ വളരാൻ അവസരമൊരുക്കുന്നതിനും നവീനാശയങ്ങളെഅടിസ്ഥാനമാക്കിയുള്ള നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കണം. ഇതിലൂടെ ഒടുവിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. “ഓരോ ഫയലിലുമുള്ള നിങ്ങളുടെ ഒപ്പ് യുവാക്കളുടെ അഭിലാഷങ്ങളെ മുന്നോട്ടുകൊണ്ടുപോകുന്നതായിരിക്കണം” – ശ്രീ മോദി വ്യക്തമാക്കി.

പുതിയ നിയമിതരായവരുടെ വ്യക്തിപരമായ ജീവിതയാത്രകളെക്കുറിച്ചു പരാമർശിച്ച പ്രധാനമന്ത്രി, ഗവൺമെൻ്റ്  സംവിധാനത്തിൽ ലഭിച്ച പുതിയ അധികാരങ്ങൾ ആഴത്തിലുള്ള സഹാനുഭൂതിയോടെ വിനിയോഗിക്കണമെന്ന് ആവശ്യപ്പെട്ടു. സർവീസിൽ പ്രവേശിക്കുന്നതിന് മുമ്പ് നേരിട്ട ഭരണപരമായ തടസ്സങ്ങൾ സജീവമായി നീക്കം ചെയ്യാനും അദ്ദേഹം അവരോട് നിർദേശിച്ചു. “നിങ്ങൾ കടന്നുപോയ ബുദ്ധിമുട്ടുകൾ മറ്റ് യുവാക്കൾക്ക് നേരിടേണ്ടിവരാതിരിക്കാനുള്ള ശ്രമമാണ് നിങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്” – ശ്രീ മോദി പറഞ്ഞു.

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് ജീവിതകാലം മുഴുവൻ പഠിക്കുന്ന മനോഭാവം വളർത്തിയെടുക്കാൻ പ്രധാനമന്ത്രി പുതിയ നിയമിതരോട് ആഹ്വാനം ചെയ്തു. മിഷൻ കർമ്മയോഗിയുടെ ചട്ടക്കൂടിലൂടെ തുടർച്ചയായി നൈപുണ്യങ്ങൾ മെച്ചപ്പെടുത്തുകയും പുതിയ സാങ്കേതികവിദ്യകളിൽ പ്രാവീണ്യം നേടുകയും വേണമെന്നും അദ്ദേഹം നിർദേശിച്ചു. സംവിധാനത്തെ മനസ്സിലാക്കി പ്രവർത്തിക്കാൻ പുതിയതായി ജോലിയിൽ പ്രവേശിക്കുന്നവരെ സഹായിക്കുന്നതിനായി ‘കർമ്മയോഗി പ്രാരംഭ്’ എന്ന പ്രത്യേക മൊഡ്യൂൾ രൂപകൽപ്പന ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനകം 1.7 കോടി ജീവനക്കാർ iGOT പ്ലാറ്റ്‌ഫോമിൽ ചേർന്നിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “നിങ്ങൾ സ്വയം എത്രത്തോളം മെച്ചപ്പെടുന്നുവോ, അത്രത്തോളം മികച്ച രീതിയിൽ രാജ്യത്തെ പൗരന്മാരെ സേവിക്കാൻ നിങ്ങൾക്ക് കഴിയും” – ശ്രീ മോദി വ്യക്തമാക്കി.

ഏതു ഗവൺമെൻ്റിൻ്റേയും യഥാർത്ഥ ശക്തി ജനങ്ങളുടെ വിശ്വാസത്തിലാണെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, പ്രായമായവരുടെ പെൻഷൻ നടപടികൾ മുതൽ വിദ്യാർത്ഥികളുടെ സ്കോളർഷിപ്പുകളും കർഷകർക്കുള്ള സബ്സിഡികളും വരെയുള്ള, പുതുതായി നിയമിക്കപ്പെട്ടവരുടെ ദൈനംദിന പ്രവർത്തനങ്ങൾ സാധാരണ ജനങ്ങളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്നതാണെന്ന് ഓർമിപ്പിച്ചു. ഉദ്യോഗസ്ഥരുടെ പെരുമാറ്റം, കാര്യക്ഷമത, സത്യസന്ധത, സംവേദനക്ഷമത എന്നിവയായിരിക്കും ഒരു പൗരന് സർക്കാരിനെക്കുറിച്ച് ലഭിക്കുന്ന വ്യക്തിപരമായ അനുഭവത്തെ നിർണയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. “നിങ്ങളുടെ പെരുമാറ്റവും സംവേദനക്ഷമതയും കാര്യക്ഷമതയും സത്യസന്ധതയും എല്ലാം ചേർന്നാണ് ആ പൗരന് ഗവൺമെൻ്റുമായുള്ള അനുഭവം എങ്ങനെയായിരിക്കണമെന്ന് നിർണയിക്കുന്നത്” – ശ്രീ മോദി പറഞ്ഞു.

ശക്തമായ ഭരണസന്ദേശത്തോടെയാണ് പ്രധാനമന്ത്രി പ്രസംഗം ഉപസംഹരിച്ചത്. ദൈനംദിന സേവനത്തിൽ ‘നാഗരിക് ദേവോ ഭവ’ (പൗരനാണ് ദൈവം) എന്ന തത്വം സ്വീകരിക്കണമെന്നും പൗരസേവനത്തെ രാഷ്ട്രസേവനത്തിന് തുല്യമായി കാണണമെന്നും അദ്ദേഹം പുതിയ ഉദ്യോഗസ്ഥരോട് ആഹ്വാനം ചെയ്തു. പുതുതായി നിയമിക്കപ്പെട്ടവർ എല്ലാ വകുപ്പുകളിലും പരമാവധി അർപ്പണബോധത്തോടെയും സേവന മനോഭാവത്തോടെയും ചുമതലകൾ നിറവേറ്റുമെന്ന് തനിക്ക് ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. “നിങ്ങളുടെ പ്രവർത്തനം ഒരു പൗരന്റെ ജീവിതം കൂടുതൽ എളുപ്പമാക്കുമ്പോഴാണ് നിങ്ങളുടെ വിജയം കൂടുതൽ മഹത്തരമാകുന്നത്” – ശ്രീ മോദി വ്യക്തമാക്കി.

 

****