പിഎം ഇന്ത്യ
പരിസ്ഥിതി, വനം, കാലാവസ്ഥ്യാ വ്യതിയാന വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ശ്രീ. അനില്‍ മാധവ് ദവേയുടെ നിര്യാണത്തില്‍ കേന്ദ്രമന്ത്രിസഭ അഗാധ ദുഃഖം രേഖപ്പെടുത്തി. പാര്‍ലമെന്റംഗമെന്ന നിലയിലും പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി എന്ന നിലയിലും പല പ്രധാന പദവികളും വഹിച്ചിട്ടുള്ള അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ മുതിര്‍ന്നതും സവിശേഷതയാര്‍ന്നതുമായ ഒരു നേതാവിനെയാണു രാഷ്ട്രത്തിനു നഷ്ടമായതെന്നു പ്രത്യേക മന്ത്രിസഭാ യോഗം പ്രമേയത്തില്‍ വ്യക്തമാക്കി. പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം ഗവണ്‍മെന്റിന്റെയും രാഷ്ട്രത്തിന്റെയും ഹൃദയപൂര്‍ണമായ അനുശോചനങ്ങള്‍ അദ്ദേഹത്തിന്റെ ദുഃഖിതരായ കുടുംബാംഗങ്ങളെ അറിയിക്കുകയും ചെയ്തു.
പ്രമേയത്തിന്റെ പൂര്‍ണ രൂപം:
‘ശ്രീ. അനില്‍ മാധവ് ദവേ 1956 ജൂലൈ ആറിനു മധ്യപ്രദേശിലെ ഉജ്ജയിനിലെ ബര്‍നഗറിലാണു ജനിച്ചത്. ഇന്‍ഡോര്‍ ഗുജറാത്തി കോളജില്‍നിന്ന് ഗ്രാമവികസത്തിലും നടത്തിപ്പിലും സ്‌പെഷ്യലൈസേഷനോടെ എം.കോം ബിരുദം നേടി.
നദീ സംരക്ഷകനും പരിസ്ഥിതിപ്രവര്‍ത്തകനും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്നു ശ്രീ. ദവേ. നല്ല എഴുത്തുകാരനായ അദ്ദേഹം ഹിന്ദിയിലും ഇംഗ്ലീഷിലുമായി ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ജന്‍ അഭിയാന്‍ പരിഷത്തിന്റെ സ്ഥാപകനാണ്. ‘ചരൈവേതി’ മാസികയുടെയും ജന്‍ അഭിയാന്‍ പരിഷത്ത് ജേണലിന്റെയും പത്രാധിപരായിരുന്നു. പരിശീലനം നേടിയിട്ടുള്ള പൈലറ്റ് കൂടിയായ അദ്ദേഹം നര്‍മദ ഉറവിടം മുതല്‍ കടലില്‍ ചെന്നു പതിക്കുന്നതുവരെയുള്ള പ്രദേശങ്ങളിലൂടെ സെസ്‌ന 173 വിമാനം പറത്തുകയും നര്‍മദയിലൂടെ ഉറവിടം മുതല്‍ കടലില്‍ പതിക്കുന്ന പ്രദേശംവരെ 1312 കിലോമീറ്റര്‍ ദൂരം ചങ്ങാടത്തില്‍ യാത്ര ചെയ്തിട്ടുമുണ്ട്. ഛത്രപതി ശിവജിയെക്കുറിച്ചുള്ളതും ലണ്ടനില്‍ വെംബ്ലിയില്‍ ഉള്‍പ്പെടെ ആയിരം വേദികളില്‍ അരങ്ങേറിയിട്ടുള്ളതുമായ ‘ജനത രാജ’ എന്ന നാടകത്തിന്റെ സംഘാടകനായിരുന്നു.
2009ല്‍ രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ജലവിഭവ കമ്മിറ്റി, വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഉപദേശക സമിതി എന്നിവ ഉള്‍പ്പെടെ പല സമിതികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2016ല്‍ രാജ്യസഭയിലേക്കു വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതോടെ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം എന്നീ വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായി.
ദരിദ്രരോടും അടിസ്ഥാനജീവിതസൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ടവരോടുമുള്ള സഹാനുഭൂതിക്കു പ്രശസ്തനായിരുന്ന ഒരു യഥാര്‍ഥ പൊതുപ്രവര്‍ത്തകനായിരുന്നു ശ്രീ. അനില്‍ മാധവ് ദവേ. ഒരു പരിസ്ഥിതിപ്രവര്‍ത്തകനെന്ന നിലയില്‍ നര്‍മദാ നദിയെ സംരക്ഷിക്കാനായി അദ്ദേഹം അക്ഷീണം പ്രയത്‌നിച്ചു. യഥാര്‍ഥ ദേശീയവാദിയായിരുന്ന അദ്ദേഹം പൊതുചുമതലകള്‍ വിനയത്തോടും സൗകുമാര്യതയോടുംകൂടി നിറവേറ്റി. അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ രാഷ്ട്രത്തിനു മധ്യപ്രദേശില്‍നിന്നുള്ള ഒരു മികച്ച നേതാവിനെയാണു നഷ്ടപ്പെട്ടിരിക്കുന്നത്.’
PM @narendramodi paid his last respects to late Shri Anil Madhav Dave. pic.twitter.com/pQgVoNTOoz
— PMO India (@PMOIndia) May 18, 2017