പിഎം ഇന്ത്യ
പി എം വികസിത് ഭാരത് റോസ്ഗാർ യോജനയുടെ ഗുണഭോക്താക്കൾ, വ്യവസായ പ്രതിനിധികൾ, ഈ മേഖലയിലെ മറ്റ് പങ്കാളികൾ എന്നിവരെ ഇന്ന് അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഇന്ത്യയിലെ യുവാക്കളെ ശാക്തീകരിക്കുന്നതിനും രാജ്യത്തുടനീളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് ത്വരിതപ്പെടുത്തുന്നതിനുമുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധത ആവർത്തിച്ചു. പി എം വികസിത് ഭാരത് റോസ്ഗാർ യോജനയ്ക്ക് കീഴിൽ 2,400 കോടിയോളം രൂപയുടെ ആനുകൂലങ്ങൾ ശ്രീ മോദി വിതരണം ചെയ്തു. ഇത് ഇന്ത്യാ ഗവണ്മെന്റിന്റെ മുൻനിര തൊഴിൽ-ബന്ധിത പ്രോത്സാഹന പദ്ധതിയായ പി എം വികസിത് ഭാരത് റോസ്ഗാർ യോജന (PM-VBRY) നടപ്പിലാക്കുന്നതിലും മേഖലകളിലുടനീളം സാമൂഹിക സുരക്ഷാ പരിരക്ഷ വ്യാപിപ്പിക്കുന്നതിലും സുപ്രധാന നാഴികക്കല്ലാണ്. രാജ്യത്തുടനീളം 15 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഇത് പിന്തുണ നൽകുന്നു.
ജി-7 ഉച്ചകോടിയിൽ പങ്കെടുക്കാനും ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്താനുമായി ഫ്രാൻസ്, സ്ലൊവാക്യ എന്നീ രാജ്യങ്ങൾ സന്ദർശിച്ച് തിരിച്ചെത്തിയ ശേഷം ഈ സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, ഇന്ത്യയിലെ യുവാക്കളുടെ കഴിവുകൾക്കും നൈപുണ്യത്തിനും ആഗോളതലത്തിൽ അഭൂതപൂർവമായ അംഗീകാരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. ഇന്ത്യൻ യുവജങ്ങളുടെ കഴിവുകൾ ലോകം കൂടുതലായി അംഗീകരിക്കുന്നുണ്ടെന്നും ഓരോ യുവാവിനും തങ്ങളുടെ ശേഷിയെ വിജയമാക്കി മാറ്റാനുള്ള അവസരം ഉറപ്പാക്കാൻ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
“തൊഴിൽ പദ്ധതി എന്നതിനേക്കാളേറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് പ്രധാൻമന്ത്രി വികസിത് ഭാരത് റോസ്ഗാർ യോജന. തങ്ങളുടെ ആദ്യ ജോലിയിലേക്ക് പ്രവേശിക്കുന്ന യുവാക്കളുടെ അഭിലാഷങ്ങൾക്ക് കരുത്തുപകരുന്നതിനൊപ്പം വ്യവസായ മേഖലയെയും തൊഴിലാളികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ശക്തമായ ഒരു പാലം നിർമ്മിക്കുന്നതിനായി വിഭാവനം ചെയ്ത സംരംഭമാണിത്”, ശ്രീ മോദി അഭിപ്രായപ്പെട്ടു. പല പദ്ധതികളും സാധാരണയായി ജീവനക്കാരിലോ അല്ലെങ്കിൽ തൊഴിലുടമകളിലോ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ഈ പരിപാടി ഇരുവിഭാഗത്തെയും ഒരേസമയം പിന്തുണയ്ക്കുന്നുവെന്ന് അദ്ദേഹം നിരീക്ഷിച്ചു. തൊഴിൽ ജീവിതം ആരംഭിക്കുന്ന യുവാക്കൾക്കൊപ്പം ഗവണ്മെന്റ് നിലകൊള്ളുന്നുവെന്നും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതുവരെ 70 ലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതായും അത്രയും തന്നെ നവസംരംഭകരായ ജീവനക്കാരെ സാമൂഹിക സുരക്ഷയുടെ പരിധിയിൽ കൊണ്ടുവന്നതായും പദ്ധതിയുടെ നേട്ടങ്ങൾ പങ്കുവെച്ചുകൊണ്ട് ശ്രീ മോദി പറഞ്ഞു. ആദ്യ ജോലിയിൽ ആറ് മാസം പൂർത്തിയാക്കിയ 20 ലക്ഷത്തോളം യുവാക്കൾക്കും ഈ നാഴികക്കല്ല് പൂർത്തിയാക്കിയതോടെ ഏകദേശം 10 ലക്ഷത്തോളം ഗുണഭോക്താക്കൾക്കും പദ്ധതി പ്രകാരം പ്രോത്സാഹനങ്ങൾ ലഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2,000 കോടിയിലധികം രൂപ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറിയിട്ടുണ്ട്. ഈ പിന്തുണ വെറുമൊരു സാമ്പത്തിക സഹായം മാത്രമല്ലെന്ന് വിശേഷിപ്പിച്ച ശ്രീ മോദി, ഇത് യുവാക്കളുടെ കഠിനാധ്വാനത്തിനുള്ള രാജ്യത്തിന്റെ അംഗീകാരത്തെയും അവരുടെ ഭാവിയിലുള്ള വിശ്വാസത്തെയുമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അഭിപ്രായപ്പെട്ടു.
പദ്ധതിക്ക് കീഴിൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ച സ്ഥാപനങ്ങളുടെയും സംരംഭങ്ങളുടെയും പങ്കാളിത്തത്തിൽ പ്രധാനമന്ത്രി സംതൃപ്തി രേഖപ്പെടുത്തി. “ഗവണ്മെന്റും വ്യവസായ മേഖലയും യുവാക്കളും ഒന്നിച്ച് പ്രവർത്തിക്കുമ്പോഴാണ് തൊഴിൽ സൃഷ്ടിക്ക് വേഗത കൈവരുന്നത്. യുവാക്കൾക്ക് അവസരങ്ങൾ ലഭിക്കുകയും വ്യവസായങ്ങൾക്ക് പ്രോത്സാഹനം ലഭിക്കുകയും തൊഴിൽ സൃഷ്ടി ദേശീയ ദൗത്യമായി മാറുകയും ചെയ്യുന്ന പുതിയ ഇന്ത്യയുടെ പ്രതിഫലനമാണ് ഈ സംരംഭം”, ശ്രീ മോദി നിരീക്ഷിച്ചു.
ഇന്ത്യയുടെ ജനസംഖ്യാപരമായ ശക്തി എടുത്തുപറഞ്ഞ ശ്രീ മോദി, ലോകത്തിൽ ഏറ്റവും കൂടുതൽ ചെറുപ്പക്കാരുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും വികസിത രാഷ്ട്രമാകാനുള്ള പ്രയാണം നമ്മുടെ യുവാക്കളുടെ അഭിലാഷങ്ങളുമായും നൈപുണ്യങ്ങളുമായും ശേഷികളുമായും അന്തർലീനമാണെന്നും ഓർമ്മിപ്പിച്ചു. ഇന്ത്യയിലെ ഓരോ യുവാവിനും അവരവരുടെ കഴിവിനും അഭിലാഷത്തിനും അനുസൃതമായി മുന്നേറാൻ കഴിയുമെന്ന് ഉറപ്പാക്കാനുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു. കഴിഞ്ഞ പന്ത്രണ്ട് വർഷമായി തൊഴിലവസരങ്ങളിലേക്കുള്ള ഓരോ വഴികളും ശക്തിപ്പെടുത്താനാണ് ഗവണ്മെന്റ് ശ്രമിച്ചതെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. “അടിസ്ഥാന സൗകര്യ വികസനം, നൂതനാശയം എന്നിവ മുതൽ നിർമ്മാണ മേഖല, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, ബഹിരാകാശ സാങ്കേതികവിദ്യ, സ്റ്റാർട്ടപ്പുകൾ വരെയുള്ള വിവിധ മേഖലകളിൽ വലിയ രീതിയിലുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്. മേയ്ക്ക് ഇൻ ഇന്ത്യ, വോക്കൽ ഫോർ ലോക്കൽ, പ്രാദേശിക ഉൽപ്പന്നങ്ങളെ ആഗോള വിപണിയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ, മിഷൻ മാനുഫാക്ചറിംഗ് തുടങ്ങിയ ഉദ്യമങ്ങൾ തൊഴിലിനും സ്വയം തൊഴിലിനുമുള്ള അവസരങ്ങൾ വിപുലമാക്കിയിട്ടുണ്ട്”, ശ്രീ മോദി വ്യക്തമാക്കി.
അടിസ്ഥാന സൗകര്യ വികസന മേഖലയിൽ ഗവണ്മെന്റ് നടത്തുന്ന 12 ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപം തൊഴിൽ സൃഷ്ടിക്കുന്നതിന് ശക്തമായ അടിത്തറയേകുന്നുണ്ടെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. പ്രധാനമന്ത്രി മുദ്ര യോജനയ്ക്ക് കീഴിൽ നൽകിയ 33 ലക്ഷം കോടി രൂപയിലധികം വരുന്ന സഹായം ദശലക്ഷക്കണക്കിന് യുവാക്കളെ സ്വന്തമായി സംരംഭങ്ങൾ ആരംഭിക്കാൻ പ്രാപ്തരാക്കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പരാമർശിച്ച അദ്ദേഹം, 10 കോടിയിലധികം സ്ത്രീകൾ സ്വയംസഹായ സംഘങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ടെന്നും 3 കോടിയിലധികം സ്ത്രീകൾ ‘ലഖ്പതി ദീദി’മാരായി ഉയർന്നുവന്നിട്ടുണ്ടെന്നും പറഞ്ഞു. പിഎം സ്വനിധി, പിഎം വിശ്വകർമ്മ തുടങ്ങിയ സംരംഭങ്ങൾ ചെറുകിട സംരംഭകർ, വഴിയോര കച്ചവടക്കാർ, പരമ്പരാഗത കരകൗശല വിദഗ്ധർ എന്നിവരുടെ ഉപജീവനമാർഗ്ഗങ്ങളെ ശക്തിപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിവേഗം വളരുന്ന ഡ്രോൺ മേഖലയെ പുതിയ സാങ്കേതികവിദ്യകൾ എങ്ങനെയാണ് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് എന്നതിന് ഉദാഹരണമായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മരുന്നുകളുടെ വിതരണം, കാർഷിക ആവശ്യങ്ങൾ എന്നിവ മുതൽ സ്വാമിത്വ പദ്ധതിക്ക് കീഴിലുള്ള ഭൂമി അളന്നുതിരിക്കലും പ്രതിരോധ പ്രവർത്തനങ്ങളും വരെ, ഡ്രോൺ സാങ്കേതികവിദ്യയുടെ വർദ്ധിച്ചുവരുന്ന ഉപയോഗം യുവ ഇന്ത്യക്കാർക്ക് തൊഴിലിന്റെ പുതിയ വാതായനങ്ങളാണ് തുറന്നുനൽകുന്നത്. ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ പരിവർത്തനപരമായ സ്വാധീനത്തെക്കുറിച്ച് പരാമർശിച്ച ശ്രീ മോദി, ഗിഗ് സമ്പദ്‌വ്യവസ്ഥ, പ്ലാറ്റ്‌ഫോം അധിഷ്ഠിത സേവനങ്ങൾ, ഉള്ളടക്ക സൃഷ്ടി, സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ സംരംഭങ്ങൾ എന്നിവ തൊഴിലിന്റെയും വരുമാനത്തിന്റെയും പ്രധാന സ്രോതസ്സുകളായി ഉയർന്നുവന്നതായി എടുത്തുപറഞ്ഞു. “ഒരുകാലത്ത് ചിന്തിക്കാൻ പോലും കഴിയാതിരുന്ന അവസരങ്ങൾ ഇപ്പോൾ ദശലക്ഷക്കണക്കിന് യുവ ഇന്ത്യക്കാർക്ക് മികച്ച ഉപജീവനമാർഗ്ഗങ്ങളായി മാറിയിരിക്കുന്നു. ഇതേ മാറ്റം ഇന്ത്യയുടെ ഊർജ്ജസ്വലമായ സ്റ്റാർട്ടപ്പ് വ്യവസ്ഥിതിയിലും പ്രകടമാണ്; ഇത് നൂതനാശയത്തെ പ്രോത്സാഹിപ്പിക്കുന്നതും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് സംഭാവന നൽകുന്നതും തുടരുകയാണ്”, ശ്രീ മോദി അടിവരയിട്ടു.
കഴിഞ്ഞ ദശകത്തിൽ ഇന്ത്യയിലെ സ്റ്റാർട്ടപ്പ് വ്യവസ്ഥിതി കൈവരിച്ച ശ്രദ്ധേയമായ വളർച്ച പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഒരുകാലത്ത് രാജ്യത്ത് വെറും 500 ഓളം സ്റ്റാർട്ടപ്പുകൾ മാത്രമാണുണ്ടായിരുന്നതെങ്കിൽ, ഇന്ന് രാജ്യത്തെ മിക്കവാറും എല്ലാ ജില്ലകളിലുമായി രണ്ട് ലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “ആഗോള സമൂഹം ഇന്ത്യയുടെ ഭാവിയെക്കുറിച്ച് കൂടുതൽ ശുഭാപ്തിവിശ്വാസമുള്ളവരാണ്, കൂടാതെ ഇവിടുത്തെ യുവജനങ്ങളുടെ കഴിവുകളിൽ അവർക്ക് വലിയ വിശ്വാസവുമുണ്ട്”, ശ്രീ മോദി പറഞ്ഞു. തന്റെ സമീപകാല ഫ്രാൻസ് സന്ദർശനത്തെക്കുറിച്ച് പരാമർശിച്ച അദ്ദേഹം, അവിടെ വിജയകരമായി സംഘടിപ്പിച്ച “ഇന്ത്യ ഇന്നൊവേറ്റ്സ്” പരിപാടി അനുസ്മരിച്ചു. നിർമ്മിതബുദ്ധി, ബഹിരാകാശ സാങ്കേതികവിദ്യ, ഹരിതോർജ്ജം, ജൈവസാങ്കേതികവിദ്യ തുടങ്ങിയ വളർന്നുവരുന്ന മേഖലകളിലെ ഇന്ത്യൻ സ്റ്റാർട്ടപ്പുകളെയും ആഗോള നിക്ഷേപകരെയും ഒന്നിപ്പിക്കുന്നതായിരുന്നു ഈ പരിപാടി. ഇത്തരം ഇടപെടലുകൾ ഇന്ത്യയുടെ നൂതനാശയ വ്യവസ്ഥിതിയോടുള്ള വർദ്ധിച്ചുവരുന്ന അന്താരാഷ്ട്ര താൽപ്പര്യത്തെയും ഭാവിയുടെ സാങ്കേതികവിദ്യകൾ രൂപപ്പെടുത്തുന്നതിൽ ഇന്ത്യയ്ക്കുള്ള വർദ്ധിച്ചുവരുന്ന പങ്കിനെയുമാണ് കാണിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യ ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായി പുതിയ വ്യാപാര കരാറുകളിൽ സജീവമായി ഏർപ്പെടുകയാണെന്നു ശ്രീ മോദി തുടർന്നുപറഞ്ഞു. ഈ കരാറുകൾ ഇന്ത്യൻ വ്യവസായങ്ങൾക്കു പുതിയ വിപണികൾ തുറന്നുനൽകുകയും ഇന്ത്യൻ പ്രൊഫഷണലുകൾക്കു പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “ലോകം ഭാവിയിലെ സമ്പദ്‌വ്യവസ്ഥയ്ക്കായി തയ്യാറെടുക്കുമ്പോൾ, ഇന്ത്യ അതിനെ നയിക്കാൻ തയ്യാറെടുക്കുകയാണ്. രാഷ്ട്രങ്ങൾ ഭാവി സാങ്കേതികവിദ്യകളിലേക്കു കൂടുതൽ നീങ്ങുമ്പോൾ, അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ലോകത്ത് അഭിവൃദ്ധി പ്രാപിക്കാൻ ആവശ്യമായ നൈപുണ്യങ്ങളും കഴിവുകളും ഉപയോഗിച്ച് യുവാക്കളെ സജ്ജരാക്കുന്നതിലാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്” – അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പന്ത്രണ്ടു വർഷത്തിനിടെ ഇന്ത്യയുടെ തൊഴിൽ മേഖലയിലുണ്ടായ ഗണ്യമായ മാറ്റത്തിലേക്കും പ്രധാനമന്ത്രി ശ്രദ്ധ ക്ഷണിച്ചു. പലപ്പോഴും കുറഞ്ഞ ശ്രദ്ധ മാത്രം ലഭിക്കുന്ന ഒന്നാണിത്. എന്നാൽ, വികസിത ഇന്ത്യയിലേക്കുള്ള പ്രയാണത്തിൽ ഇതു നിർണായകമായി തുടരുന്നു. “തൊഴിലിനെ സുരക്ഷ, അന്തസ്സ്, സാമൂഹ്യസംരക്ഷണം എന്നിവയുമായി കൂട്ടിയിണക്കുന്നതിലാണ് ഗവണ്മെന്റ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനെ (EPFO) ആധുനികവൽക്കരിക്കാനും പെൻഷൻ സംവിധാനങ്ങൾ ലളിതമാക്കാനും ദശലക്ഷക്കണക്കിനു തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസും കുറഞ്ഞ ചെലവിലുള്ള ആരോഗ്യ പരിരക്ഷയും ലഭ്യമാക്കാനും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നു. ഗവണ്മെന്റ് നടപ്പാക്കുന്ന തൊഴിൽ പരിഷ്കരണങ്ങൾക്കു വഴികാട്ടുന്നതും ഇതേ തത്വശാസ്ത്രമാണ്” – ശ്രീ മോദി ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ സാമ്പത്തിക-സാമൂഹ്യ വികസനത്തിൽ സ്ത്രീകൾ നൽകുന്ന വർധിച്ചുവരുന്ന സംഭാവനകളെയും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. “രാത്രികാല ഷിഫ്റ്റ് ജോലികളുമായി ബന്ധപ്പെട്ട പരിഷ്കരണങ്ങൾ, വർക്ക് ഫ്രം ഹോം അവസരങ്ങൾ പ്രോത്സാഹിപ്പിക്കൽ, തൊഴിലിടങ്ങളിലെ സുരക്ഷാസംവിധാനങ്ങൾ ശക്തിപ്പെടുത്തൽ എന്നിവ തൊഴിൽ ശക്തിയിൽ സ്ത്രീകളുടെ പങ്കാളിത്തം കൂടുതൽ വർധിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ്” – ശ്രീ മോദി പറഞ്ഞു.
വ്യവസായ മേഖലയിലെ പ്രതിനിധികളെ അഭിസംബോധനചെയ്ത്, ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ സാമ്പത്തിക വിജയം നിർണയിക്കുന്നതിൽ നൈപുണ്യമുള്ള പ്രതിഭകൾ, നൂതനാശയങ്ങൾ, ഗുണനിലവാരം എന്നിവയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ചു ശ്രീ മോദി പറഞ്ഞു. ഈ ഗുണങ്ങളുള്ള രാജ്യങ്ങളിലേക്ക് ഏറ്റവും മികച്ച അവസരങ്ങൾ ആകർഷിക്കപ്പെടുമെന്നു നിരീക്ഷിച്ച അദ്ദേഹം, ഈ മൂന്നുമേഖലകളിലും ഇന്ത്യക്ക് അഭൂതപൂർവമായ സാധ്യതകളുണ്ടെന്നു വ്യക്തമാക്കി. “ലോകം ഇന്ത്യക്കായി കൂടുതൽ വാതിലുകൾ തുറക്കുകയാണ്. കൂടാതെ ഏകദേശം നാൽപ്പതോളം രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുകളിൽ ഏർപ്പെട്ടിട്ടുമുണ്ട്. ഈ കരാറുകൾ പുതിയ വിപണികൾ സൃഷ്ടിക്കുകയും ആഗോള ഉപഭോക്താക്കളിലേക്കുള്ള പ്രവേശനം വിപുലീകരിക്കുകയും ‘മേക്ക് ഇൻ ഇന്ത്യ’ ദൗത്യത്തിനു കീഴിൽ കെട്ടിപ്പടുത്ത ബ്രാൻഡുകൾക്കു പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു” – ശ്രീ മോദി അഭിപ്രായപ്പെട്ടു.
ഒരു രാജ്യം ആഗോള വീക്ഷണം സ്വീകരിക്കുമ്പോൾ വിജയത്തിന്റെ അതിരുകൾ സ്വാഭാവികമായും വിപുലീകരിക്കപ്പെടുമെന്നു ശ്രീ മോദി പറഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പരിശീലനം, മെന്റർഷിപ്പ്, ഇന്റേൺഷിപ്പുകൾ എന്നിവ ഇനി വെറുമൊരു മാർഗമല്ല; മറിച്ച്, ഭാവിസജ്ജമായ തൊഴിൽശക്തിയുടെ അത്യാവശ്യ ഘടകങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. “വികസിത ഇന്ത്യയിലേക്കുള്ള പ്രയാണം നിക്ഷേപത്തിലൂടെ മാത്രം നയിക്കപ്പെടുന്ന ഒന്നായിരിക്കില്ല. പകരം, പ്രതിഭകളുടെയും നൈപുണ്യങ്ങളുടെയും നൂതനാശയങ്ങളുടെയും കരുത്തായിരിക്കും ഇതിന് ഊർജം പകരുക. ദേശീയ വികസനത്തിന്റെ എല്ലാ മേഖലകളിലും ഗുണനിലവാരം നിർണായകമായ മാനദണ്ഡമായി നിലനിൽക്കണം. ആഗോള തലത്തിൽ മത്സരിക്കാനും വിജയിക്കാനും, ഇന്ത്യ ഉയർന്ന അന്താരാഷ്ട്ര നിലവാരങ്ങൾ നിരന്തരം കൈവരിക്കുകയും അതിനേക്കാൾ മുന്നിലെത്തുകയും വേണം”- ശ്രീ മോദി പറഞ്ഞു.
ലോകം ഇന്ന് ഇന്ത്യയിൽ വലിയ പ്രതീക്ഷകളാണു വയ്ക്കുന്നതെന്ന് ശ്രീ മോദി നിരീക്ഷിച്ചു. രാജ്യത്തെ യുവാക്കളിലുള്ള ആത്മവിശ്വാസം പ്രകടിപ്പിച്ച്, യുവ ഇന്ത്യക്കാർ ദൃഢനിശ്ചയം, സർഗാത്മകത, കഴിവുകൾ എന്നിവയിലൂടെ ഈ പ്രതീക്ഷകൾ നിറവേറ്റുക മാത്രമല്ല, അതിനേക്കാൾ മുന്നിലെത്തുകയും ചെയ്യുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഈ ആത്മവിശ്വാസം വികസിത ഇന്ത്യയുടെ യഥാർഥ കരുത്തും ഇന്ത്യയുടെ യുവശക്തിയുടെ അപാരമായ സാധ്യതകളുടെ പ്രതിഫലനവുമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. തിരിച്ചടികളോ പരാജയങ്ങളോ കണ്ടു നിരാശപ്പെടരുതെന്നു പ്രധാനമന്ത്രി യുവാക്കളോട് പറയുകയും ചെയ്തു. “ഓരോ പരാജയവും വിലയേറിയ പാഠങ്ങൾ ഉൾക്കൊള്ളുന്നു. കൂടാതെ വ്യക്തിഗത വളർച്ചയ്ക്കും ഭാവി വിജയത്തിനും സംഭാവന നൽകുകയും ചെയ്യുന്നു. വെല്ലുവിളികളിൽനിന്നു നിരന്തരം പഠിക്കാനും സ്വപ്നങ്ങളെ നേട്ടങ്ങളാക്കി മാറ്റാനും ഓരോ നേട്ടത്തിനും ശേഷം പുതിയ ആഗ്രഹങ്ങൾ സൃഷ്ടിക്കാനുമുള്ള കഴിവിലാണു യുവത്വമുള്ള മനസ്സിന്റെ യഥാർഥ അളവുകോൽ അടങ്ങിയിരിക്കുന്നത്” – ശ്രീ മോദി പറഞ്ഞു.
ഇന്ത്യയിലെ യുവാക്കളിലും സംരംഭകത്വ മനോഭാവത്തിലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അചഞ്ചലമായ വിശ്വാസം പ്രകടിപ്പിച്ചു. പങ്കെടുത്ത എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നാണ് അദ്ദേഹം ഉപസംഹരിച്ചത്. വികസിത രാഷ്ട്രം എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ മുന്നേറുമ്പോൾ, രാജ്യത്തെ യുവ പൗരന്മാരുടെ ആഗ്രഹങ്ങൾക്കും നൂതനാശയങ്ങൾക്കും അഭിലാഷങ്ങൾക്കും പിന്തുണ നൽകാനുള്ള ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധതയും അദ്ദേഹം ആവർത്തിച്ചുറപ്പിച്ചു.
Through PM Viksit Bharat Rozgar Yojana, we are supporting employment generation, empowering youth and building a stronger workforce for the future.
https://t.co/UzweKrA6nk— Narendra Modi (@narendramodi) June 19, 2026
PM Viksit Bharat Rozgar Yojana is about empowering first-time employees and building a bridge between youth and industry. pic.twitter.com/hlhr9u9Xh8
— PMO India (@PMOIndia) June 19, 2026
The aspirations, skills and potential of our youth shape the path to a Viksit Bharat. pic.twitter.com/wmWpy7GtnS
— PMO India (@PMOIndia) June 19, 2026
India’s youth will be at the forefront of driving global growth, innovation and entrepreneurship in the years to come. pic.twitter.com/C96TwqjWjL
— PMO India (@PMOIndia) June 19, 2026
India is set to lead from the front. pic.twitter.com/WkZZoTHbh3
— PMO India (@PMOIndia) June 19, 2026
In the 21st century, opportunities will belong to nations that nurture skilled talent, foster innovation and uphold the highest standards of quality. pic.twitter.com/aU2GZ7HKu9
— PMO India (@PMOIndia) June 19, 2026
To compete globally, we must meet the highest quality standards. pic.twitter.com/GzHwzUnJXb
— PMO India (@PMOIndia) June 19, 2026
-SK-
Through PM Viksit Bharat Rozgar Yojana, we are supporting employment generation, empowering youth and building a stronger workforce for the future.
— Narendra Modi (@narendramodi) June 19, 2026
https://t.co/UzweKrA6nk
PM Viksit Bharat Rozgar Yojana is about empowering first-time employees and building a bridge between youth and industry. pic.twitter.com/hlhr9u9Xh8
— PMO India (@PMOIndia) June 19, 2026
The aspirations, skills and potential of our youth shape the path to a Viksit Bharat. pic.twitter.com/wmWpy7GtnS
— PMO India (@PMOIndia) June 19, 2026
India's youth will be at the forefront of driving global growth, innovation and entrepreneurship in the years to come. pic.twitter.com/C96TwqjWjL
— PMO India (@PMOIndia) June 19, 2026
India is set to lead from the front. pic.twitter.com/WkZZoTHbh3
— PMO India (@PMOIndia) June 19, 2026
In the 21st century, opportunities will belong to nations that nurture skilled talent, foster innovation and uphold the highest standards of quality. pic.twitter.com/aU2GZ7HKu9
— PMO India (@PMOIndia) June 19, 2026
To compete globally, we must meet the highest quality standards. pic.twitter.com/GzHwzUnJXb
— PMO India (@PMOIndia) June 19, 2026