പിഎം ഇന്ത്യ

ഫ്രാന്‍സിലെ ആദരണീയ പൗരന്മാരേ,
ഇന്ത്യയുടെയും ഫ്രാന്‍സിന്റെയും അഭിമാനം വര്‍ധിപ്പിക്കുന്ന എന്റെ സുഹൃത്തുക്കളേ, നിങ്ങള്‍ക്കെല്ലാം എന്റെ ആശംസകള്‍!
ബോണ്‍ ജോര്,
സഹോദരീ സഹോദരന്മാരേ,
ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള സൗഹൃദം തീര്‍ച്ചയായും ഉടയാത്തതാണ്. ഈ സൗഹൃദമാകട്ടെ ഇപ്പോഴത്തേതല്ല, നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. നമ്മുടെ രാജ്യങ്ങള്‍ ആഗോള വേദികളില്‍ പരസ്പരം പിന്തുണയ്ക്കുകയും യോജിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യാത്ത ഒരു കാലവുമുണ്ടായിട്ടില്ല. അതുകൊണ്ട് ഇന്നത്തെ ദിനം ഈ സൗഹൃദത്തിനു സമര്‍പ്പിക്കുന്നു.
സുഹൃത്തുക്കളേ,
സാഹചര്യം എന്തുതന്നെ ആയിരുന്നാലും പരസ്പരം പിന്തുണയ്ക്കുന്നതാണ് നല്ല സൗഹൃദം. ഇന്ത്യയിലോ ഫ്രാന്‍സിലോ എപ്പോള്‍ എന്തു നേട്ടമുണ്ടായാലും രണ്ടു കൂട്ടരും സന്തോഷിക്കുന്നു. ഫ്രഞ്ച് ഫുട്ബോള്‍ ടീമിന് ഫ്രാന്‍സില്‍ ഉള്ളതിലുമേറെ അനുയായികള്‍ ഇന്ത്യയിലായിരിക്കും ഉണ്ടാവുക എന്ന് എനിക്കു തോന്നുന്നു. ഫ്രാന്‍സ് ഫുട്ബോള്‍ ലോകകപ്പ് നേടിയപ്പോള്‍ അത് ഇന്ത്യയിലും വമ്പിച്ച ആഘോഷമായി മാറി.
സുഹൃത്തുക്കളേ,
വേദനയുടെ ഘട്ടങ്ങളിലും നാം ഒന്നിച്ചു തന്നെയാണ് നിന്നിട്ടുള്ളത്. ഫ്രാന്‍സില്‍ രണ്ട് എയര്‍ ഇന്ത്യാ വിമാനങ്ങള്‍ അപകടത്തില്‍പ്പെട്ടതിന്റെ ഈ സ്മാരകം അതിനൊരു ഉദാഹരണമാണ്. ഈ അപകടങ്ങളില്‍ നിരവധി ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. ഇന്ത്യയുടെ മഹാനായ ശാസ്ത്രജ്ഞന് ഹോമി ജഹാംഗീര്‍ ഭാഭാ അവരിലൊരാളായിരുന്നു. ഇന്ത്യയുടെ ആ മഹാനായ പുത്രനും സ്വന്തം ജീവന് ആ അപകടങ്ങളില്‍ നഷ്ടപ്പെട്ട മുഴുവനാളുകള്‍ക്കും ഞാന്‍ ആദരവ് അര്‍പ്പിക്കുന്നു.
സുഹൃത്തുക്കളേ,
ഈ സ്മാരകത്തിലെ ഓരോ കല്ലും പരസ്പരം നമ്മുടെ പൗരന്മാരുടെ വൈകാരികതയുടെ പ്രതീകമാണ്. അപകടത്തിനു ശേഷം വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ സഹായിച്ച സെന്റ് ഗര്വായിസിലെ നല്ല ശമരിയാക്കാരെ ഞാന്‍ നമിക്കുന്നു. ആ നല്ല മനുഷ്യരുടെ കുടുംബങ്ങളുമായി ബന്ധപ്പെടാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നു. അവരോടും കുടുംബാംഗങ്ങളോടും ഞാന്‍ നന്ദിയുള്ളവനാണ്. ഈ സ്മാരകത്തിന്റെ നിര്‍മാണത്തില്‍ പ്രധാന പങ്ക് വഹിച്ച സെന്റ് ഗെര്വായിസിലെ നഗരപിതാവിനു ഞാന്‍ നന്ദി പറയുന്നു. എന്നെ ഇവിടേക്കു ക്ഷണിച്ചതിന് ഫ്രാന്‍സിലെ ഗവണ്മെന്റിനും പ്രസിഡന്റ് മാക്രോണിനും ഫ്രാന്‍സിലെ ജനങ്ങള്‍ക്കും ഞാന്‍ നന്ദി പറയുന്നു. നിങ്ങളെ എല്ലാവരെയും കാണാന്‍ അവസരം നല്‍കിയതിന് നിങ്ങളോട് ഞാന്‍ നന്ദി പറയുന്നു.
സുഹൃത്തുക്കളേ,
നാല് വര്‍ഷം മുമ്പ് ഞാന്‍ ഇവിടെ വന്നപ്പോള്‍ ആയിരക്കണക്കിന് ഇന്ത്യക്കാരുമായി ആശയവിനിമയം നടത്താന്‍ എനിക്ക് അവസരം ലഭിച്ചിരുന്നു. അന്ന് ഞാന്‍ നിങ്ങള്‍ക്കൊരു വാക്ക് തന്നിരുന്നത് ഓര്‍ക്കുന്നു. പ്രതീക്ഷകളുടെയും അഭിലാഷങ്ങളുടെയും പുതിയൊരു യാത്ര ഇന്ത്യ ആരംഭിക്കുകയാണ് എന്ന് ഞാന്‍ അന്നു പറഞ്ഞു. ആ യാത്ര പുറപ്പെടുക മാത്രമല്ല ഇന്ത്യയിലെ 130 കോടി ജനങ്ങളുടെ യോജിച്ച ശ്രമങ്ങളുടെ ഫലമായി ഇന്ത്യ വമ്പിച്ച വികസനത്തിന്റെ പാതയില്‍ മുന്നേറുകയാണ് എന്നും നിങ്ങള്‍ക്കൊപ്പം ഇന്ന് ഇവിടെ നില്ക്കുമ്പോള് എനിക്ക് പറയാന്‍ സാധിക്കും. രണ്ടാമത് ഒരുവട്ടം കൂടി രാജ്യം ഞങ്ങളുടെ ഗവണ്മെന്റിന് കൂടുതല്‍ കരുത്തുറ്റ ജനവിധി നല്കാന് അതാണ് കാരണം. ഈ ജനവിധി ഗവണ്മെന്റ് നടത്തിക്കൊണ്ടു പോകാന്‍ മാത്രമുള്ളതല്ല പുതിയ ഒരു ഇന്ത്യ കെട്ടിപ്പടുക്കാന്‍ കൂടിയുള്ളതാണ്. ലോകത്തിനാകെ അഭിമാനമായ സമ്പന്ന നാഗരികതയും സംസ്കാരവും കൊണ്ട് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആധുനികതയെ നയിക്കുക കൂടി ചെയ്യുന്നതാണ് പുതിയ ഒരു ഇന്ത്യ. അനായാസ വ്യവസായ പ്രവര്‍ത്തനത്തില്‍ ഊന്നുന്ന പുതിയ ഇന്ത്യ അനായാസ ജീവിതവും ഉറപ്പാക്കുന്നു.
സുഹൃത്തുക്കളേ,
കഴിഞ്ഞ അഞ്ചു വര്‍ഷം നിരവധി ഗുണപരമായ മാറ്റങ്ങള്‍ ഇന്ത്യയില്‍ ഉണ്ടായി. ഇന്ത്യയുടെ യുവജനക്കരുത്ത്, ഗ്രാമങ്ങള്‍, പാവങ്ങള്‍, കര്‍ഷകര്‍, സ്ത്രീശക്തി എന്നിവ ഈ മാറ്റത്തിന്റെ മധ്യത്തിലുണ്ട്. ഫുട്ബോളിനെ സ്നേഹിക്കുന്ന രാജ്യത്തു നിന്നു വരുന്ന ഞാന്‍ ഇവിടെ ഫുട്ബോള്‍ സ്നേഹികളുടെ മധ്യത്തിലാണ്. അതുകൊണ്ട് ഫുട്ബോളിന്റെ ഭാഷയെക്കുറിച്ച് ചിലത് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഗോളിന്റെ പ്രാധാന്യം നിങ്ങള്‍ക്കെല്ലാം വളരെ നന്നായി അറിയാമല്ലോ. മുമ്പ് അസാധ്യമെന്നു കണക്കാക്കിയിരുന്ന ചില ഗോളുകള്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി. സംഘശക്തികൊണ്ടാണ് ആ ലക്ഷ്യങ്ങള്‍ നേടാന്‍ ഞങ്ങള്‍ പ്രാപ്തരായതും അവ യാഥാര്‍ത്ഥ്യമാക്കിയതും.
സുഹൃത്തുക്കളേ,
കുറഞ്ഞ സമയംകൊണ്ട് പരമാവധി എണ്ണം ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാന്‍ ലോകത്തിലെ ഏതെങ്കിലും രാജ്യത്തിനു കഴിഞ്ഞിട്ടുണ്ടെങ്കില്‍ ആ രാജ്യം ഇന്ത്യയാണ്. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പാക്കിയിരിക്കുന്ന രാജ്യം ഇന്ത്യയാണ്. അമേരിക്കയിലെയും കാനഡയിലെയും മെക്സിക്കോയിലെയും ആകെ ജനസംഖ്യയേക്കാള്‍ അധികമാണ് ഈ പദ്ധതിയുടെ ഗുണഫലം ലഭിക്കുന്നവരുടെ എണ്ണം.
സുഹൃത്തുക്കളേ,
2030 ആകുമ്പോഴേയ്ക്കും ക്ഷയരോഗം നിര്‍മാര്‍ജനം ചെയ്യുക എന്നത് മുഴുവന്‍ ലോകവും ലക്ഷ്യമാക്കിയിരിക്കുന്നതാണ്. ഇന്ത്യ അക്കാര്യത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ 2025ല്‍ തന്നെ ലക്ഷ്യം നേടാന്‍ പര്യാപ്തമാക്കും എന്നതില്‍ നിങ്ങള്‍ക്ക് അഭിമാനിക്കാം. അതുപോലെതന്നെ, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് 2030-ല്‍ എത്താന്‍ ഉന്നമിട്ടിരിക്കുന്നതില് പലതും അടുത്ത ഒന്നര വര്‍ഷംകൊണ്ട് ഇന്ത്യ നേടും.
സുഹൃത്തുക്കളേ,
ഇന്ത്യയിലെ ദാരിദ്ര്യം അതിവേഗം നിര്‍മാര്‍ജ്ജനം ചെയ്തുകൊണ്ടിരിക്കുന്നതായി നിരവധി പഠനങ്ങള്‍ വന്നിട്ടുണ്ട്. ഞങ്ങള്‍ അതിവേഗം നടപ്പാക്കുന്ന ലക്ഷ്യങ്ങളിലൊന്നാണ് അത്. ഇന്ത്യ പൂര്‍ണമായും പുതിയ ഊര്‍ജ്ജം നിറഞ്ഞതാണ്. സ്റ്റാര്‍ട്ടപ്പുകളുടെ ലോകത്തും ഇന്ത്യ വളരെ മുന്നിലാണ് എന്നത് വളരെ പ്രധാനപ്പെട്ട യാഥാര്‍ത്ഥ്യമാണ്. ചെറുനഗരങ്ങളിലെ കഴിവുള്ള യുവജനങ്ങള്‍ ഒന്നിനു പിന്നാലെ മറ്റൊന്നായി ഉജ്ജ്വലമായ നവീനാശയങ്ങള്‍ നടപ്പാക്കുകയാണ്.
സുഹൃത്തുക്കളേ,
കഴിഞ്ഞ അഞ്ചു വര്‍ഷം നിരവധി തിന്മകള്ക്ക് ഇന്ത്യയില്‍ നിന്നു ചുവപ്പു കാര്‍ഡ് കാണിച്ചു എന്നതും വസ്തുതയാണ്. അഴിമതി, സ്വജന പക്ഷപാതം, പൊതുപണം ധൂര്‍ത്തടിക്കല്‍, ഭീകരപ്രവര്‍ത്തനം എന്നിവ ഇന്ന് മുമ്പില്ലാത്ത വിധം ഇന്ത്യയില്‍ നിയന്ത്രിക്കാന്‍ സാധിച്ചിരിക്കുന്നു.
സുഹൃത്തുക്കളേ,
പുതിയ ഇന്ത്യ ക്ഷീണിക്കുകയോ ഇടയ്ക്ക് നിര്‍ത്തുകയോ സംബന്ധിച്ച ചോദ്യങ്ങള്‍ ഉദിക്കുന്നില്ല. പുതിയ ഗവണ്മെന്റ് വന്നിട്ട് 75 ദിവസം മാത്രമേ ആയിട്ടുള്ളുവെങ്കിലും വ്യക്തമായ നയത്തിന്റെയും ശരിയായ ദിശയുടെയും മന്ത്രത്താല്‍ പ്രചോദിതരായി നിരവധി വലിയ കാര്യങ്ങള്‍ നടപ്പാക്കി. പുതിയ ഗവണ്മെന്റ് രൂപീകരിച്ചതിന് പിന്നാലെ തന്നെ ജലത്തിനായി പുതിയ ഒരു മന്ത്രാലയം രൂപീകരിച്ചു. ജലവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അവര്‍ ശ്രദ്ധിക്കുന്നു. പാവപ്പെട്ട കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും പെന്ഷന് ആനുകൂല്യം നല്‍കാനും തീരുമാനിച്ചു. മനുഷ്യത്വരഹിതമായ മുത്തലാഖ് ഇല്ലാതാക്കി. എങ്ങനെയാണ് അങ്ങനെയൊരു അനീതി നമ്മുടെ മുസ്ലിം സഹോദരിമാരും പെണ്മക്കളും സഹിച്ചുകൊണ്ടിരിക്കുക? കുട്ടികളുടെ സംരക്ഷണം, ആരോഗ്യം എന്നീ കാര്യങ്ങളില്‍ ഗവണ്മെന്റ് സുപ്രധാന തീരുമാനങ്ങളെടുത്തു. പാര്‍ലമെന്റി്ന്റെ കഴിഞ്ഞ സമ്മേളനം പിന്നിട്ട ആറ് പതിറ്റാണ്ടിനിടയിലെ ഏറ്റവും സാര്‍ത്ഥകമായ സമ്മേളനമായിരുന്നു എന്ന ചര്‍ച്ചകള്‍ ഇന്ന് പലയിടത്തും നടക്കുന്നു. നമ്മുടെ ചന്ദ്രയാന്‍-2 സെപ്റ്റംബര്‍ ഏഴിന് ചന്ദ്രനില്‍ ഇറങ്ങാന്‍ പോവുകയാണ് എന്ന് നിങ്ങള്‍ക്കെല്ലാം അറിയാം. ഈ നേട്ടത്തോടെ ചന്ദ്രനില്‍ ഇറങ്ങിയ ലോകത്തെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.
സഹോദരീ സഹോദരന്മാരേ,
ഇന്ത്യയില്‍ പുരോഗതി ഉണ്ടായിക്കൊണ്ടിരിക്കെ ഫ്രാന്‍സുമായി നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഞങ്ങളുടെ രാജ്യത്തിന്റെ ബന്ധം ദിനംപ്രതി ശക്തിപ്പെടുന്നു. പരസ്പരം ആവശ്യങ്ങളില്‍ ശ്രദ്ധിച്ച്, പരസ്പരം വൈകാരികമായി തിരിച്ചറിഞ്ഞ്, പരസ്പരവിശ്വാസത്തോടെ നാം മുന്നോട്ടു പോവുകയാണ്. ഇന്ത്യയും ഫ്രാന്‍സും ഇരുകൂട്ടര്ക്കു വേണ്ടി പൊരുതുകയും ഇരുകൂട്ടര്ക്കു വേണ്ടി ജീവിക്കുകയും ചെയ്യുന്നു. രണ്ടു രാജ്യങ്ങളും ശത്രുക്കള്‍ക്കെതിരേ ചുമലൊത്തു നിന്ന് പൊരുതുന്നു. ഒന്നാം ലോക യുദ്ധത്തില്‍ ഫ്രഞ്ച് സൈനികര്‍ക്കൊപ്പം 9000 ഇന്ത്യന്‍ സൈനികര്‍ മാനവികതയ്ക്കു വേണ്ടി ജീവന് വെടിഞ്ഞ മണ്ണാണിത്.
സുഹൃത്തുക്കളേ,
സാമ്രാജ്യത്വത്തിനും ഫാസിസത്തിനും ഭീകരവാദത്തിനും എതിരേ നാം പൊരുതിയത് ഇന്ത്യയില്‍ മാത്രമല്ല ഫ്രാന്‍സിന്റെ മണ്ണില്‍ക്കൂടിയാണ്. ഉറച്ച മാതൃകകളിലാണ് നമ്മുടെ സൗഹൃദം കെട്ടിപ്പടുത്തിരിക്കുന്നത്. സ്വാതന്ത്ര്യം, തുല്യത, സാഹോദര്യം എന്നീ പങ്കുവയ്ക്കപ്പെട്ട മൂല്യങ്ങളിലാണ് രണ്ടു രാജ്യങ്ങളും കെട്ടിപ്പടുത്തിരിക്കുന്നത്. ഇന്നിപ്പോള്‍ ലോകം അഭിമുഖീകരിക്കുന്ന ഭീഷണികള്‍ക്കെതിരെ പൊരുതുന്നതില്‍ ഇന്ത്യയും ഫ്രാന്‍സും വളരെ അടുത്ത സഹകരണം പുലര്‍ത്തുന്നതിനു കാരണം പരസ്പരം പങ്കുവച്ച ഈ മൂല്യങ്ങള്‍ മാത്രമാണ്. ഭീകരവാദമാകട്ടെ അല്ലെങ്കില്‍ കാലാവസ്ഥാ വ്യതിയാനമാകട്ടെ ഈ ഭീഷണികള്‍ക്കെതിരേ ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള കൂട്ടായ ഉത്തരവാദിത്തം നാം അംഗീകരിച്ചിരിക്കുന്നു. വെല്ലുവിളികളെ ഉറച്ച നടപടികളിലൂടെ അഭിമുഖീകരിക്കുന്നു എന്നത് ഇന്‍ഡോ-ഫ്രാന്‍സ് ബന്ധങ്ങളുടെ മറ്റൊരു ഭാഗമാണ്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ലോകത്ത് നിരവധി വര്‍ത്തമാനങ്ങള്‍ ഉണ്ടെങ്കിലും അവയിലൊക്കെ പ്രവൃത്തി കുറച്ചേ കാണുന്നുള്ളു. ഫ്രാന്‍സുമായി ചേര്‍ന്ന് നാം അന്തര്‍ദേശീയ സൗരോര്‍ജ്ജ സഖ്യം (എന്‍എസ്എ രൂപീകരിച്ചു. ഇന്നിപ്പോള്‍ എഴുപത്തിയഞ്ചോളം രാജ്യങ്ങള്‍ ചേര്‍ന്നിരിക്കുന്ന എന്‍എസ്എ കാലാവസ്ഥാ വ്യതിയാനത്തിനെതിരായ ഇടപെടലുകളില്‍ യഥാര്‍ത്ഥ മാറ്റം കൊണ്ടുവന്നിരിക്കുന്നു.
സഹോദരീ സഹോദരന്മാരേ,
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ഫ്രായേക്കുറിച്ചാണ് നമ്മുടെ ഇപ്പോഴത്തെ ചര്‍ച്ച. ഇന്‍- ഫ്രാ എന്നാല്‍ ഇന്ത്യയുടെയും ഫ്രാന്‍സിന്റെയും കൂട്ടായ്മയും സഖ്യവും. സൗര ഇന്‍ഫ്രയില്‍ നിന്ന് സാമൂഹിക ഇന്‍ഫ്രയിലേക്ക്, സാങ്കേതിക ഇന്‍ഫ്രയില്‍ നിന്ന് ബഹിരാകാശ ഇന്‍ഫ്രയിലേക്ക്, ഡിജിറ്റല്‍ ഇന്‍ഫ്രയില്‍ നിന്ന് പ്രതിരോധ ഇന്‍ഫ്രയിലേക്ക്. ഇന്ത്യയുടെയും ഫ്രാന്‍സിന്റെയും സഖ്യം വളരെ ശക്തമായാണ് നീങ്ങുന്നത്. സ്മാര്‍ട്ട് നഗരങ്ങളുടെ നിര്‍മാണം, ബൗദ്ധിക ഗതാഗത പങ്കാളിത്തം എന്നിവയില്‍ രണ്ടു രാജ്യങ്ങള്‍ക്കും നേട്ടമുണ്ടാകുന്നു.
സഹോദരീ സഹോദരന്മാരേ,
ഫ്രാന്‍സിലെ ഇന്ത്യന്‍ ശാസ്ത്രജ്ഞരും ഇന്ത്യയിലെ ഫ്രഞ്ച് സാങ്കേതികവിദ്യയും വന്‍തോതില്‍ ബഹുമാനിക്കപ്പെടുന്നു. നിങ്ങളില്‍ നിരവധിപ്പേര്‍ ഫ്രാന്‍സില്‍ ഇന്ത്യയുടെ ശാസ്ത്രസംബന്ധമായ മികവിന്റെ പ്രതിനിധികളും രണ്ടു രാജ്യങ്ങളുടെയും മുദ്ര പതിഞ്ഞ ആണവോര്‍ജ്ജം, ബഹിരാകാശ സാങ്കേതികവിദ്യ, മറ്റ് ഹൈടെക് മേഖലകള്‍ തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ടവരുമാണ്. ലോകത്ത് ഫ്രാന്‍സില്‍ മാത്രമുള്ള ഫ്യൂഷന്‍ റിയാക്ടര്‍ സ്ഥാപിക്കുന്നതിലും ഇന്ത്യയുടെ മികവ് പങ്കാളിത്തം വഹിക്കുന്നു. ഇത് ഈ രാജ്യത്തെ വളരെ പ്രധാനപ്പെട്ട ഒരു ശാസ്ത്രീയ പദ്ധതിയാണ്. ഈ സാങ്കേതികവിദ്യ വരുംതലമുറകള്‍ക്ക് ധാരാളം ഊര്‍ജ്ജം നല്കുമ്പോള് നിങ്ങളുടെ സംഭാവന സ്മരിക്കപ്പെടും. മുഴുവന്‍ ഇന്ത്യക്കാര്‍ക്കും അത് എത്രയോ അഭിമാനകരമാണ് എന്ന് സങ്കല്പ്പിച്ചു നോക്കൂ!
സുഹൃത്തുക്കളേ,
ഇന്ത്യയുമായുള്ള നിങ്ങളുടെ ബന്ധം ആ മണ്ണുമായിട്ടായിരിക്കെത്തന്നെ കഠിനാധ്വാനം ചെയ്യുന്നത് ഫ്രാന്‍സിലാണ്. നിങ്ങളുടെ വിജയങ്ങള്‍ ഫ്രാന്‍സിനു മാത്രമല്ല ഇന്ത്യയ്ക്കും അഭിമാനം നല്കുന്നു. ഇന്ത്യന്‍ വംശജരായ ആളുകള്‍ ഫ്രാന്‍സിന്റെ പൊതുജീവിതത്തിലും മികവു പ്രകടമാക്കുന്നു. ഫ്രഞ്ച് പാര്‍ലമെന്റില്‍ പലരും അംഗമാണ്. ഇന്ത്യയുടെ മികവിന് ഫ്രാന്‍സില്‍ ആദരം ലഭിക്കുമ്പോള്‍ ഞങ്ങളും അഭിമാന പുളകിതരാകുന്നു. ഫ്രഞ്ച് രീതികളും നിയമങ്ങളും വിജയകരമായി നടപ്പാക്കുമ്പോള്‍ത്തന്നെ നിങ്ങള്‍ വേറിട്ട ഭാരതീയത നിലനിര്‍ത്തുന്നു എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഗണപതി ഉല്‍സവം പാരീസിന്റെ സാംസ്കാരിക കലണ്ടറില്‍ പ്രധാനപ്പെട്ട ഒന്നായി മാറുകയാണ് എന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. ഈ ദിവസം ഫ്രാന്‍സ് ഇന്ത്യയുടെ ഒരു ചെറിയ പതിപ്പ് തന്നെയായി മാറുന്നു. അതായത് ഏതാനും ദിസവങ്ങള്‍ക്കകം ‘ഗണപതി പപ്പാ മോറിയ’യുടെ പ്രതിധ്വനി ഇവിടെയും മുഴങ്ങും. നിങ്ങള്‍ക്ക് എന്റെ ആശംസകള്‍. നാളെ പവിത്രമായ ജന്മാഷ്ടമി ഉല്‍സവ ദിനമാണ്. ആ വേളയുടെ ആശംസകളും നിങ്ങളെ ഞാന്‍ അറിയിക്കുന്നു.
സുഹൃത്തുക്കളേ,
ഈ വര്‍ഷം നാം മഹാത്മാ ഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മ വാര്‍ഷികവും ഗുരു നാനാക്കിന്റെ അഞ്ഞൂറ്റിയമ്പതാം ജന്മദിനവും ആഘോഷിക്കാന്‍ പോവുകയാണ്. നിങ്ങളില്‍ ചിലര്‍ ഉറപ്പായും ഗാന്ധി ക്വിസ്സില്‍ പങ്കെടുത്തിട്ടുണ്ടാകും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
സഹോദരീ സഹോദരന്മാരേ,
രാജ്യത്തിന്റെ വികസനത്തിനു വേണ്ടിയുള്ള നിങ്ങളുടെ സംഭാവന ഇന്ത്യയ്ക്ക് ഉജ്ജ്വലമായ ഊര്‍ജ്ജമാണ്. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ വേരുകള്‍ ഗവണ്മെന്റില് മാത്രമല്ല, അതിനേക്കാള്‍ നിങ്ങളെപ്പോലുള്ള പങ്കാളികളിലും കൂടിയാണ്. നിങ്ങള്‍ മാത്രമാണ് ഫ്രാന്‍സില്‍ ഇന്ത്യയുടെ ശബ്ദം. ഇന്ത്യയുടെ ഈ ശബ്ദത്തെ ഉത്കൃഷ്ടമാക്കുന്നത് നിങ്ങള്‍ തുടരുമെന്ന് എനിക്കുറപ്പുണ്ട്. ഒരിക്കല്‍ക്കൂടി നിങ്ങള്‍ക്ക് നന്ദി!
ഭാരത മാതാ കീ ജയ്!!!
ജയ്ഹിന്ദ്!!!
Together in good times as well as solemn occasions...the spirit of true friendship.
— Narendra Modi (@narendramodi) August 23, 2019
Here’s why the India-France bond is unbreakable. pic.twitter.com/jI97kkoD42
Powered by stellar teamwork, India has fulfilled ambitious goals deemed impossible for decades.
— Narendra Modi (@narendramodi) August 23, 2019
At the same time, we have red-carded those obstacles adversely impacting our development trajectory. pic.twitter.com/ZHh1hKbL5V
नए भारत में थकने और रुकने का सवाल ही पैदा नहीं होता। pic.twitter.com/XIePAyQaXS
— Narendra Modi (@narendramodi) August 23, 2019
The InFra (India-France) alliance is robust. Together we will boost solar infra, social infra, technical infra and more! pic.twitter.com/rULTq4H1TH
— Narendra Modi (@narendramodi) August 23, 2019