Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ഫസല്‍ ബീമാ യോജനയുടെയും സോയില്‍ ഹെല്‍ത്ത് കാര്‍ഡുകളുടെയും പുരോഗതി പ്രധാനമന്ത്രി അവലോകനം ചെയ്തു


കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട രണ്ട് സുപ്രധാന പദ്ധതികളായ പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന, സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ എന്നിവയുടെ പുരോഗതി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് അവലോകനം ചെയ്തു.

16 സംസ്ഥാനങ്ങള്‍ / കേന്ദ്ര ഭരണ പ്രദേശങ്ങള്‍ സോയില്‍ ഹെല്‍ത്ത് കാര്‍ഡുകളുടെ വിതരണത്തിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കി കഴിഞ്ഞതായും അവശേഷിക്കുന്ന സംസ്ഥാനങ്ങള്‍ ആഴ്ചകള്‍ക്കുള്ളില്‍ അവ പൂര്‍ത്തിയാക്കുമെന്നും ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

ഇരു പദ്ധതികളുടെയും പുരോഗതി വിലയിരുത്തവെ, ഏറ്റകുറച്ചിലുകള്‍ കണ്ടെത്തുന്നതിന് ഒരേ സാമ്പിളുകള്‍ വ്യത്യസ്ത മണ്ണ് പരിശോധന ലബോറട്ടറികളില്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മണ്ണ് പരിശോധനാ റിപ്പോര്‍ട്ടുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ ഇത് സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കര്‍ഷകര്‍ക്ക് എളുപ്പത്തില്‍ വായിക്കുന്നതിനും മനസിലാക്കുന്നതിനുമായി സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ തദ്ദേശീയ ഭാഷയില്‍ അച്ചടിക്കണമെന്നും പ്രധാനമന്ത്രി ഊന്നി പറഞ്ഞു. ആധുനിക സാങ്കേതികവിദ്യ വേഗത്തില്‍ സ്വായത്തമാക്കുന്നതിനെ പ്രോത്സാഹിപ്പിച്ച് കൊണ്ട്, കൈക്കുള്ളില്‍ ഒതുങ്ങുന്ന ഉപകരണങ്ങളുപയോഗിച്ച് മണ്ണ് പരിശോധന ആത്യന്തികമായി സാധ്യമാക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ പ്രക്രിയയില്‍ സ്റ്റാര്‍ട്ട് അപ്പുകളെയും, സംരംഭകരെയും ഉള്‍പ്പെടുത്തുന്നതിനുള്ള സാധ്യത പരിശോധിക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി ഫസല്‍ ബീമാ യോജനയില്‍ 2016 ഖാരിഫ് സീസണിലെയും, 2016-17 റാബി സീസണിലെയും 77,000 കോടി രൂപയിലധികം വരുന്ന ക്ലെയിമുകള്‍ ഇതിനകം തീര്‍പ്പാക്കിയതായും, 90 ലക്ഷത്തിലധികം കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചതായും പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

വിള ഇന്‍ഷ്വറന്‍സ് ക്ലെയിമുകളുമായി ബന്ധപ്പെട്ട വിവര ശേഖരണം വേഗത്തിലാക്കുന്നതിന് സ്മാര്‍ട്ട് ഫോണുകള്‍, വിദൂര സംവേദനം, ഉപഗ്രഹങ്ങളില്‍ നിന്നുള്ള ഡാറ്റ, ആളില്ലാ ചെറു വിമാനങ്ങളായ ഡ്രോണുകള്‍ മുതലായ ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തുന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കേന്ദ്ര കൃഷി മന്ത്രാലയം, നിതി ആയോഗ്, പ്രധാനമന്ത്രിയുടെ ഓഫീസ് എന്നിവിടങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അവലോകന യോഗത്തില്‍ സംബന്ധിച്ചു.