പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 മാർച്ച് 6-നു രാവിലെ 11.15-നു വീഡിയോ കോൺഫറൻസിംഗിലൂടെ “കൃഷിയും ഗ്രാമപരിവർത്തനവും” എന്ന വിഷയത്തിൽ ബജറ്റാനന്തര വെബിനാറിനെ അഭിസംബോധന ചെയ്യും.
ഈ പ്രമേയത്തിനുകീഴിൽ ഇനി പറയുന്ന നാലു പ്രധാന മേഖലകളെ ഉൾപ്പെടുത്തി എട്ടു വ്യത്യസ്ത വെബിനാർ സെഷനുകളാണു നടക്കുന്നത്:
(i) കൃഷി
(ii) മൃഗസംരക്ഷണവും ക്ഷീരവികസനവും
(iii) മത്സ്യബന്ധനം
(iv) ഗ്രാമീണ ഉപജീവനമാർഗങ്ങൾ
കശുവണ്ടി, തേങ്ങ, ചന്ദനം, അഗർവുഡ്, ബദാം, വാൾനട്ട്, പൈൻ നട്ട്സ് തുടങ്ങിയ വിളകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി ഉയർന്ന മൂല്യമുള്ള കൃഷി പ്രോത്സാഹിപ്പിക്കുന്നതിലാണു ഈ ബജറ്റാനന്തര വെബിനാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൃഷിക്കായുള്ള നിർമിതബുദ്ധി അധിഷ്ഠിത ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യമായ ‘ഭാരത് വിസ്താർ’ വാഗ്ദാനം ചെയ്യുന്ന അവസരങ്ങളെക്കുറിച്ചും ഇതിൽ ചർച്ചചെയ്യും. മൃഗസംരക്ഷണ മൂല്യശൃംഖലയിലെ സ്വകാര്യമേഖലാ നിക്ഷേപവും സംരംഭകത്വവും, മത്സ്യബന്ധനത്തിനായി ജലസംഭരണികളുടെയും അമൃതസരോവരങ്ങളുടെയും സംയോജിത വികസനം, തീരദേശ മത്സ്യബന്ധന മൂല്യശൃംഖല ശാക്തീകരിക്കൽ തുടങ്ങിയ വിഷയങ്ങളും സെഷനുകളിൽ ചർച്ചാവിഷയമാകും. കൂടാതെ, ‘ഷീ-മാർട്സ്’ (സ്വയംസഹായ സംരംഭകർ – ഗ്രാമീണ പരിവർത്തനത്തിനായുള്ള വിപണനപാതകൾ) വഴി ഗ്രാമീണ വനിതാസംരംഭകർ നിർമിക്കുന്ന ഉൽപ്പന്നങ്ങൾക്കു വിപുലമായ വിപണിസൗകര്യം ഒരുക്കുന്നതിനെക്കുറിച്ചും വെബിനാർ ചർച്ചചെയ്യും.
****