Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി തമിഴ്‌നാട്ടിലെ ചെന്നൈ ജയഗോപാൽ ഗരോഡിയ ഹിന്ദു വിദ്യാലയ മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്‌കൂളിന്റെ സുവർണ ജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്തു


പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി തമിഴ്‌നാട്ടിലെ ചെന്നൈയിൽ ജയഗോപാൽ ഗരോഡിയ ഹിന്ദു വിദ്യാലയ മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്‌കൂളിന്റെ സുവർണ ജൂബിലി ആഘോഷങ്ങളിൽ ഇന്ന് പങ്കെടുത്തു. നവരാത്രിയുടെ ആദ്യദിനത്തിൽ ശിവശക്തിയുടെ പുണ്യഭൂമിയിലെത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സരസ്വതി ദേവിയുടെ ഭക്തരെ കണ്ടുമുട്ടുന്നതിനൊപ്പം യുവജനങ്ങളുടെ ആശാവഹമായ ഊർജവും ആവേശവും ഉത്സാഹവും അനുഭവിക്കാൻ കഴിഞ്ഞത് ഉത്സവത്തിന് ഏറെ മംഗളകരമായ തുടക്കമായെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. “നിങ്ങളോരോരുത്തരുടെയും കണ്ണുകളിൽ എനിക്ക് ഇന്ത്യയുടെ ഭാവി കാണാൻ കഴിയുന്നു” – ശ്രീ മോദി പറഞ്ഞു.

യുവതലമുറയുടെ അപാരമായ കഴിവുകൾ എടുത്തുപറഞ്ഞ പ്രധാനമന്ത്രി, വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് രാജ്യത്തെ നയിക്കുന്ന ശക്തിയാകാൻ ഇന്നത്തെ യുവജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കി. ഈ ദേശീയ ലക്ഷ്യം കൈവരിക്കാൻ ആവശ്യമായ പുതിയ ആശയങ്ങളും പരിഹാരങ്ങളും ഇന്ത്യയുടെ മാത്രമല്ല, ലോകത്തിന്റെ മുഴുവൻ ഭാവി രൂപപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. “ഇന്ന് ലോകം പരിഹാരങ്ങൾ തേടുകയാണ്. ആ പരിഹാരങ്ങൾ നൽകാനുള്ള കഴിവ് നിങ്ങൾക്കുണ്ട്” – ശ്രീ മോദി വ്യക്തമാക്കി.

വലിയ സ്വപ്നങ്ങൾ കാണാൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിച്ച പ്രധാനമന്ത്രി, രാജ്യത്ത് ഇന്ന് ഉയർന്നുവരുന്ന അനന്തമായ അവസരങ്ങളുടെ വിശാലമായ സാധ്യതകളിൽ ഓരോ യുവാവും യുവതിയും സ്വന്തം ഭാവി കാണണമെന്ന് ആഹ്വാനം ചെയ്തു. അഭൂതപൂർവമായ സാധ്യതകളുടെ ഈ കാലഘട്ടത്തിൽ കൂട്ടായ ദേശീയ സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. “നമുക്ക് ഒരുമിച്ച് അത് സാധിച്ചെടുക്കാം” – ശ്രീ മോദി പറഞ്ഞു.

കുറച്ചുമാസങ്ങൾക്ക് മുമ്പ് നാഗർകോവിലിൽ ഗിരിജ അമ്മയെയും ഏതാനും കുട്ടികളെയും കണ്ടുമുട്ടിയ അനുഭവം പങ്കുവച്ച പ്രധാനമന്ത്രി, തന്റെ സന്ദർശനത്തിന് പ്രചോദനമായ പ്രത്യേക സംഭവവും അനുസ്മരിച്ചു. “രാജ്യത്തിന്റെ ഭാവിയോടുള്ള അവരുടെ അഗാധമായ സമർപ്പണവും ആത്മവിശ്വാസവും അചഞ്ചലമായ പ്രതിജ്ഞാബദ്ധതയും എന്റെ മനസ്സിൽ സമാനതകളില്ലാത്ത മുദ്ര പതിപ്പിച്ചു” – ശ്രീ മോദി പറഞ്ഞു.

ആദ്യ കൂടിക്കാഴ്ചയിൽ നൽകിയ വാഗ്ദാനം നിറവേറ്റിക്കൊണ്ട്, ഗിരിജ അമ്മയുടെ സ്നേഹവും ചരിത്രപ്രധാനമായ ഈ വിദ്യാഭ്യാസ സ്ഥാപനത്തോടുള്ള തന്റെ ആദരവുമാണ് സുവർണ ജൂബിലി ആഘോഷത്തിൽ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. “അമ്പത് വർഷത്തെ മഹത്തായ യാത്ര പൂർത്തിയാക്കിയ വിശ്വ ഹിന്ദു വിദ്യാകേന്ദ്രത്തിനും ഹിന്ദു വിദ്യാലയ കുടുംബത്തിലെ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ” – ശ്രീ മോദി പറഞ്ഞു.

സ്ഥാപനത്തിന്റെ പ്രചോദനാത്മകമായ വളർച്ചയുടെ ചരിത്രം അനുസ്മരിച്ച പ്രധാനമന്ത്രി, 1975-ൽ ചെന്നൈയിലെ വെസ്റ്റ് മാമ്പലത്ത് വെറും ഏഴ് വിദ്യാർഥികളും പരിമിതമായ വിഭവങ്ങളുമായി ആരംഭിച്ച ചെറിയ വിദ്യാലയമായിരുന്നു വിശ്വ ഹിന്ദു വിദ്യാകേന്ദ്രമെന്ന് ചൂണ്ടിക്കാട്ടി. ആധുനിക സൗകര്യങ്ങളോ സ്ഥിരമായ കെട്ടിടമോ ഇല്ലാതിരുന്നിട്ടും ശക്തമായ ഇച്ഛാശക്തിയും അചഞ്ചലമായ സേവനമനോഭാവവും കൈമുതലാക്കി ആദ്യകാല പ്രതിസന്ധികളെ അതിജീവിച്ച് സ്ഥാപനത്തെ മുന്നോട്ടുനയിച്ച സ്ഥാപകരെ അദ്ദേഹം പ്രശംസിച്ചു. “അതുകൊണ്ടാണ് എല്ലാ പ്രതിസന്ധികൾക്കിടയിലും ഈ സ്ഥാപനം മുന്നോട്ടുപോയത്” – ശ്രീ മോദി പറഞ്ഞു.

ചെറിയ തുടക്കത്തിൽനിന്ന് വലിയ വളർച്ചയിലേക്ക് എത്തിയ സ്ഥാപനത്തിന്റെ നേട്ടങ്ങൾ എടുത്തുപറഞ്ഞ പ്രധാനമന്ത്രി, പതിറ്റാണ്ടുകൾക്കിടെ ഈ സംരംഭം വലിയൊരു വിദ്യാഭ്യാസ മുന്നേറ്റമായി വളർന്നുവെന്ന് വ്യക്തമാക്കി. സംസ്ഥാനത്തുടനീളമുള്ള സ്ഥാപനത്തിന്റെ നിലവിലെ വ്യാപ്തിയും അദ്ദേഹം ചൂണ്ടിക്കാട്ടി. “ഇന്ന് തമിഴ്‌നാട്ടിന്റെ വിവിധ ഭാഗങ്ങളിലായി നിങ്ങൾക്ക് 15 സ്ഥാപനങ്ങളുണ്ട്” – ശ്രീ മോദി പറഞ്ഞു.

സ്ഥാപനത്തിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചവരെ ആദരിച്ച പ്രധാനമന്ത്രി, വിദ്യാലയത്തിന്റെ കെട്ടിടനിർമാണത്തിൽ ശ്രീ ജയഗോപാൽ ഗരോഡിയ നൽകിയ വിലപ്പെട്ട സംഭാവനകൾ നന്ദിയോടെ അനുസ്മരിച്ചു. ഹിന്ദു വിദ്യാലയത്തിന്റെ വിജയകരമായ യാത്രയ്ക്കായി ജീവിതം സമർപ്പിച്ച അധ്യാപകർ, ജീവനക്കാർ, രക്ഷിതാക്കൾ, പൂർവവിദ്യാർഥികൾ എന്നിവർക്കെല്ലാം അദ്ദേഹം ഹൃദയംഗമമായ നന്ദി അറിയിച്ചു. “അമ്പത് വർഷത്തെ സമർപ്പണം, അമ്പത് വർഷത്തെ പ്രതിജ്ഞാബദ്ധത, യുവജീവിതങ്ങൾക്ക് രൂപം നൽകിയ അമ്പത് വർഷങ്ങൾ” – ശ്രീ മോദി പറഞ്ഞു.

അക്കാദമിക വിദ്യാഭ്യാസത്തോടൊപ്പം ശക്തമായ ദേശസ്‌നേഹ മൂല്യങ്ങളും പകർന്നുനൽകുന്നതിൽ സ്ഥാപനം കൈവരിച്ച നേട്ടങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. രാജ്യത്തെ സൈനികരെ സഹായിക്കുന്നതിനായി കുട്ടികളോട് ദിവസവും ഒരു രൂപ വീതം മാറ്റിവയ്ക്കാൻ പ്രചോദനം നൽകിയ ഗിരിജ അമ്മയെ തന്റെ ‘മൻ കി ബാത്ത്’ പരിപാടിയിൽ പരാമർശിച്ച കാര്യം അദ്ദേഹം അനുസ്മരിച്ചു. ആയിരക്കണക്കിന് കുട്ടികൾ ഈ സംരംഭത്തിൽ പങ്കുചേർന്ന് 40 ലക്ഷം രൂപ സമാഹരിച്ചതിനെയും അദ്ദേഹം അഭിനന്ദിച്ചു. “തീർച്ചയായും, എത്രമാത്രം പ്രചോദനാത്മകമായ മാതൃകയാണിത്!” – ശ്രീ മോദി പറഞ്ഞു.

ചെറിയ ശ്രമങ്ങൾക്കുപോലും സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പ്രകൃതിദുരന്തങ്ങളിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിലും ശുചീകരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നതിലും ഹിന്ദു വിദ്യാലയ കുടുംബം പുലർത്തുന്ന മൂല്യബോധത്തെ അദ്ദേഹം പ്രശംസിച്ചു. “ഒരു ചെറിയ ശ്രമത്തിനുപോലും വലിയ മാറ്റം സൃഷ്ടിക്കാൻ കഴിയും” – ശ്രീ മോദി പറഞ്ഞു.

പുരാതന ജ്ഞാനത്തെ അനുസ്മരിച്ച പ്രധാനമന്ത്രി, മഹാനായ സന്ന്യാസിവര്യൻ തിരുവള്ളുവർക്ക് ആദരമർപ്പിക്കുകയും അദ്ദേഹത്തിന്റെ ഉപദേശങ്ങൾക്ക് ഇന്നത്തെ വിദ്യാർഥികളുടെ ജീവിതത്തിൽ വലിയ പ്രസക്തിയുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു. അടുത്തിടെ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിന് തിരുക്കുറളിന്റെ റഷ്യൻ പരിഭാഷ സമ്മാനിച്ച നയതന്ത്ര കൂടിക്കാഴ്ചയെക്കുറിച്ചും അദ്ദേഹം പങ്കുവച്ചു. “തിരുവള്ളുവരുടെ ഉപദേശങ്ങൾ ഓരോ വിദ്യാർഥിക്കും വളരെ പ്രധാനപ്പെട്ടതാണ്” – ശ്രീ മോദി പറഞ്ഞു.

തിരുക്കുറളിന്റെ കാലാതീതമായ മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ച് വിശദീകരിച്ച പ്രധാനമന്ത്രി, പഠിതാക്കൾക്ക് ആജീവനാന്തം അത്ഭുതകരമായ ഒരു വഴികാട്ടിയാണ് ഈ ഗ്രന്ഥമെന്ന് പ്രകീർത്തിച്ചു. പഠിച്ച അറിവുകൾ നിത്യജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്ന തിരുവള്ളുവരുടെ പ്രശസ്തമായ ഒരു കുറൾ അദ്ദേഹം എടുത്തുപറയുകയും, വിദ്യാർത്ഥികൾക്ക് അത്യന്തം പ്രധാനപ്പെട്ട പാഠമാണിതെന്ന്   വിശേഷിപ്പിക്കുകയും ചെയ്തു. “കാര്യങ്ങൾ പഠിക്കുന്നതിനൊപ്പം തന്നെ, അവ ജീവിതത്തിൽ പകർത്തേണ്ടതും അത്യന്താപേക്ഷിതമാണ്,” ശ്രീ മോദി പറഞ്ഞു.

രാജ്യത്തെ ഒന്നിപ്പിക്കുന്ന ആഴമേറിയ സാംസ്കാരിക ബന്ധങ്ങളെക്കുറിച്ച് പരാമർശിക്കവേ, കാശിയിൽ അനുഭവിച്ചറിഞ്ഞ ആത്മീയവും ദേശീയവുമായ ബോധം മഹാകവി ഭാരതിയാരെ അഗാധമായി സ്വാധീനിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കവിയുടെ വിശാലമായ ജീവിതത്തെയും ദർശനങ്ങളെയും കുറിച്ച് വായിക്കാനും അതിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാനും അദ്ദേഹം വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ചു.
“ആത്മീയവും ദേശീയവുമായ ബോധം നിറഞ്ഞ കാശിയിലെ അന്തരീക്ഷം അദ്ദേഹത്തിന്റെ ചിന്തകളിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തി,” ശ്രീ മോദി നിരീക്ഷിച്ചു.

തന്റെ സ്വന്തം പാർലമെന്റ് മണ്ഡലത്തെ ഈ പൊതുവായ പൈതൃകവുമായി ബന്ധിപ്പിച്ചുകൊണ്ട്, കാശിയിലെ ജനങ്ങൾ ഇന്നും മഹാകവി ഭാരതിയാരെ സ്നേഹാദരങ്ങളോടെ ഓർക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. തങ്ങളുടെ ആശയങ്ങളും സ്വപ്നങ്ങളും ധീരമായി പിന്തുടരുന്നതിനായി കവിയുടെ പ്രശസ്തമായ ‘അച്ചമില്ലൈ, അച്ചമില്ലൈ’ (ഭയമില്ല, ഭയമില്ല) എന്ന മന്ത്രം ജീവിതത്തിൽ പകർത്താൻ അദ്ദേഹം യുവാക്കളോട് അഭ്യർത്ഥിച്ചു. “വലുതായി സ്വപ്നം കാണുക, വ്യത്യസ്തമായി ചിന്തിക്കുക, നിർഭയരായിരിക്കുക,” ശ്രീ മോദി ആഹ്വാനം ചെയ്തു.

സ്വന്തം ജീവിതാനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട്, രാജ്യത്തെക്കുറിച്ചുള്ള തന്റെ ആഴത്തിലുള്ള അറിവ് വിപുലമായ യാത്രകളിലൂടെയും വിവിധ പ്രദേശങ്ങളിലെ ജനങ്ങളിൽ നിന്ന് നേരിട്ട് പഠിച്ചതിലൂടെയും രൂപപ്പെട്ടതാണെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. 1990-കളുടെ തുടക്കത്തിൽ കന്യാകുമാരിയിൽ നിന്ന് കാശ്മീരിലേക്ക് നടത്തിയ ഏകതാ യാത്രയിൽ പങ്കെടുത്തതും ഗിരിജ അമ്മയുമായുള്ള ദീർഘകാല സൗഹൃദം അവിടെ നിന്നാണ് ആരംഭിച്ചതെന്നും അദ്ദേഹം സന്തോഷത്തോടെ അനുസ്മരിച്ചു. “അന്നുമുതലുള്ള നമ്മുടെ ഈ ബന്ധം ഇന്നും നിലനിൽക്കുന്നു,” ശ്രീ മോദി പറഞ്ഞു.

തമിഴ്നാടുമായുള്ള തന്റെ ആഴത്തിലുള്ള വ്യക്തിപരമായ ബന്ധം വ്യക്തമാക്കിക്കൊണ്ട്, വിപുലമായ യാത്രകൾ രാജ്യത്തിന്റെ വിശാലമായ വൈവിധ്യത്തെ അടുത്തറിയാനും ആസ്വദിക്കാനും സഹായിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.”തമിഴ് ഭാഷയോടും തമിഴ് സംസ്കാരത്തോടും എനിക്കുള്ള സ്നേഹം ഉടലെടുത്തതും ഇത്തരം അനുഭവങ്ങളിൽ നിന്നാണ്,” ശ്രീ മോദി വ്യക്തമാക്കി.

ദേശീയോദ്ഗ്രഥന പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ച പ്രധാനമന്ത്രി, യുവജനങ്ങൾ ധാരാളം യാത്ര ചെയ്യണമെന്നും എവിടെ പോയാലും തമിഴ് സംസ്കാരം അഭിമാനത്തോടെ ഉയർത്തിപ്പിടിക്കണമെന്നും അഭ്യർത്ഥിച്ചു. തമിഴ് കവിതകളും കഥകളും പാരമ്പര്യങ്ങളും പങ്കുവെക്കുന്നതോടൊപ്പം, രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്തുന്നതിനായി വ്യത്യസ്ത പശ്ചാത്തലങ്ങളിലുള്ള ആളുകളുമായി സജീവമായി സൗഹൃദം സ്ഥാപിക്കാനും അദ്ദേഹം ഉപദേശിച്ചു. “നമ്മൾ സ്ഥാപിക്കുന്ന സൗഹൃദങ്ങളിലൂടെയാണ് നമ്മുടെ രാജ്യത്തിന്റെ ഐക്യം രൂപപ്പെടുന്നത്,” ശ്രീ മോദി പറഞ്ഞു.

രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ മാറ്റിമറിക്കുന്ന അഭൂതപൂർവ്വമായ ഘടനാപരമായ മാറ്റങ്ങളെക്കുറിച്ച് വിശദീകരിച്ച പ്രധാനമന്ത്രി, പുതിയ തലമുറയ്ക്ക് മുന്നിൽ ലഭ്യമായ വിപുലമായ അവസരങ്ങൾ എടുത്തുപറഞ്ഞു. 2014-ൽ രാജ്യത്തുണ്ടായിരുന്ന സർവ്വകലാശാലകളുടെ എണ്ണം 750 ആയിരുന്നെങ്കിൽ ഇന്നത് 1,300-ലധികമായി ഉയർന്നുവെന്നും, കോളേജുകളുടെ എണ്ണം 38,000-ൽ നിന്ന് 52,000-ത്തിലധികമായി വർദ്ധിച്ചുവെന്നും അദ്ദേഹം കണക്കുകൾ നിരത്തി വ്യക്തമാക്കി. ഇതിനൊപ്പം നിരവധി പുതിയ ഐ.ഐ.ടി, ഐ.ഐ.എം, ഐ.ഐ.ഐ.ടി, എയിംസ് സ്ഥാപനങ്ങളും നിലവിൽ വന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. “രാജ്യത്തെ വിദ്യാഭ്യാസ മേഖലയുടെ മുഖച്ഛായ തന്നെ ഇന്ന് മാറിക്കൊണ്ടിരിക്കുകയാണ്,”ശ്രീ മോദി ചൂണ്ടിക്കാട്ടി. 

പുതിയ വിദ്യാഭ്യാസ നയം കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങൾ അടിവരയിട്ട പ്രധാനമന്ത്രി, രാജ്യത്തെ സ്ഥാപനങ്ങൾക്ക് ആഗോളതലത്തിൽ അതിവേഗം ലഭിച്ചുവരുന്ന അംഗീകാരത്തെ പ്രകീർത്തിച്ചു. 2015-ൽ QS റാങ്കിംഗിൽ 14 ഇന്ത്യൻ സർവകലാശാലകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത്, ഏറ്റവും പുതിയ റാങ്കിംഗിൽ അത് 52 ആയി ഉയർന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി; ഇത് വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരങ്ങൾ ലഭ്യമാക്കുന്നതിലേക്ക് നയിച്ചു.”കൂടുതൽ സ്ഥാപനങ്ങൾ, കൂടുതൽ ചോയിസുകൾ, നിങ്ങൾക്ക് കൂടുതൽ അവസരങ്ങൾ,” ശ്രീ മോദി പറഞ്ഞു.

യുവജനങ്ങളുടെ വൈവിധ്യമാർന്ന അഭിലാഷങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട്, പ്രത്യേകിച്ച് കായികം പോലുള്ള പരമ്പരാഗതമല്ലാത്ത മേഖലകളിൽ കരിയറുകൾ തിരഞ്ഞെടുക്കാൻ പല വിദ്യാർത്ഥികളും ആഗ്രഹിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കായികരംഗത്തെ വെറുമൊരു വിനോദമായി കാണാതെ അനുയോജ്യമായ ഒരു തൊഴിലായി പരിഗണിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പുതിയ കായിക അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുകയും മികച്ച പരിശീലനവും പിന്തുണയും നൽകുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം ഉറപ്പുനൽകി. ഇത് അന്താരാഷ്ട്രതലത്തിൽ രാജ്യത്തിന്റെ പ്രശസ്തി ഉയർത്തുന്നുണ്ട്. “യുവ കായികതാരങ്ങൾക്ക് മികച്ച പരിശീലനവും പിന്തുണയും ലഭിക്കുന്നു,” ശ്രീ മോദി നിരീക്ഷിച്ചു.

രാജ്യത്തിന്റെ അഭിലാഷകരമായ ദേശീയ കായിക ലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തമാക്കവെ, 2030-ലെ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ രാജ്യം സജീവമായി തയ്യാറെടുക്കുകയാണെന്നും, 2036-ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുകയെന്ന വലിയ സ്വപ്നവുമായി മുന്നോട്ട് പോകുകയാണെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. വരാനിരിക്കുന്ന മുൻനിര ആഗോള കായിക മാമാങ്കങ്ങളിലൂടെ യുവാക്കൾക്ക് മികച്ച വേദിയും ശേഷിയും ഗവണ്മെന്റിന്റെ പൂർണ്ണ പിന്തുണയും ലഭ്യമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. “അവസരങ്ങൾ അനന്തമാണ്,കായിക ലോകത്തും നിങ്ങളുടെ തലമുറ ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,” ശ്രീ മോദി പറഞ്ഞു.

യുവതലമുറയിലുള്ള തന്റെ വിശ്വാസം പ്രകടമാക്കിയ പ്രധാനമന്ത്രി, വിദ്യാർത്ഥികളുമായി സംവദിച്ചതും അവരുടെ ഊർജ്ജസ്വലമായ സ്വപ്നങ്ങൾ അനുഭവിച്ചറിഞ്ഞതും മഹത്തായ ദേശീയ ഭാവിയെക്കുറിച്ചുള്ള തന്റെ വിശ്വാസത്തെ കൂടുതൽ ശക്തമാക്കിയെന്ന് അഭിപ്രായപ്പെട്ടു. വരാനിരിക്കുന്ന യുഗത്തെ രൂപപ്പെടുത്തുകയും നിർവ്വചിക്കുകയും ചെയ്യുന്ന യഥാർത്ഥ നായകർ യുവജനങ്ങളാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. “ഇന്ത്യയുടെ ഭാവി വളരെ മഹത്തരമായിരിക്കും, ആ ഭാവിയുടെ ഏറ്റവും വലിയ നായകർ നിങ്ങളാണ്,” ശ്രീ മോദി പറഞ്ഞു.

അവരുടെ കഴിവുകളിലുള്ള തന്റെ സമ്പൂർണ്ണ വിശ്വാസം ആവർത്തിച്ചുകൊണ്ട്, അവിടെ സന്നിഹിതരായിരുന്ന വിദ്യാർത്ഥികളുടെ അസാമാന്യ കഴിവ്, ആത്മവിശ്വാസം, ശേഷി എന്നിവയെ പ്രധാനമന്ത്രി പ്രശംസിച്ചു. വിശാലവും ചരിത്രപരവുമായ ദേശീയ പ്രതിജ്ഞകൾ സ്വീകരിക്കുന്നതിനായി ഒപ്പം ചേരാൻ അദ്ദേഹം അവിടെ കൂടിയിരുന്ന യുവാക്കളെ ക്ഷണിച്ചു. “ഇന്ന് നിങ്ങളെയെല്ലാവരെയും ഒപ്പം നിർത്തി വലിയ ചില പ്രതിജ്ഞകൾ  ആവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” ശ്രീ മോദി പറഞ്ഞു.

ഏറെ സംവേദനാത്മകവും ഊർജ്ജസ്വലവുമായ പ്രതിജ്ഞയോടെ തന്റെ പ്രസംഗം അവസാനിപ്പിച്ച പ്രധാനമന്ത്രി, മഹത്തായ ദേശീയ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള ദൃഢനിശ്ചയത്തോടെ “നമ്മളിത് സാധ്യമാക്കും!” (We will Do it!) എന്ന് ഉറക്കെ ആവർത്തിക്കാൻ അവിടെ തടിച്ചുകൂടിയ വൻ ജനസഞ്ചയത്തോടാവശ്യപ്പെട്ടു. 2047-ഓടെ വികസിത ഭാരതം കെട്ടിപ്പടുക്കാനും, ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സമ്പദ്‌വ്യവസ്ഥകളിൽ ഒന്നാകാനും, സ്വയംപര്യാപ്തമായ ആഗോള ഉൽപ്പാദന കേന്ദ്രമായി മാറാനും, ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനും, ചന്ദ്രനിൽ ഒരു ഇന്ത്യക്കാരനെ എത്തിക്കാനും വേണ്ടി പൂർണ്ണസമർപ്പണത്തോടെ പ്രവർത്തിക്കാൻ അദ്ദേഹം യുവാക്കളോട് ആഹ്വാനം ചെയ്തു.

-SK-