പിഎം ഇന്ത്യ
ബജറ്റ് അവതരിപ്പിച്ചതിനു ധനകാര്യമന്ത്രി ശ്രീ. അരുണ്‍ ജെയ്റ്റ്‌ലി ജീക്ക് എന്റെ ഹൃദയംഗമമായ നന്ദി. നാം കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതു ഗാമങ്ങളുടെ കാര്യത്തിലാണ്. കൂടുതല്‍ പരിഗണന നല്‍കുന്നതു ദരിദ്രര്‍ക്കും കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും യുവാക്കള്‍ക്കുമാണ്. അവരുടെയെല്ലാം ജീവിതത്തില്‍ ഗുണപരമായ മാറ്റം സുസാധ്യമാക്കുന്നതിനുള്ള ഉല്‍ക്കര്‍ഷേച്ഛയാര്‍ന്ന പദ്ധതികള്‍ ഈ ബജറ്റിലുണ്ട്.
ദാരിദ്ര്യനിര്‍മാര്‍ജനത്തിനായുള്ള സമഗ്രവും സമയബന്ധിതവുമായ പദ്ധതി ഈ ബജറ്റ് മുന്നോട്ടുവെക്കുന്നു. കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കുന്നതിനുള്ള ഏറെ നടപടികള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ കൃഷിയിടങ്ങളിലും ജലമെത്തിക്കാനുള്ള പ്രധാനമന്ത്രി കൃഷി സീഞ്ചായ് യോജനയ്ക്കു വലിയ തുകയാണു മാറ്റിവെച്ചിരിക്കുന്നത്.
ഊര്‍ജത്തിന്റെയും മെച്ചപ്പെട്ട റോഡുകളുടെയും പ്രാധാന്യം നമുക്കേവര്‍ക്കും അറിയാം. 2019 ആകുമ്പോഴേക്കും രാജ്യത്തിലെ എല്ലാ ഗ്രാമങ്ങളിലേക്കും റോഡ് നിര്‍മിക്കുകയെന്ന കാഴ്ചപ്പാട് ബജറ്റില്‍ വ്യക്തമാക്കുന്നുണ്ട്. ഗ്രാമീണ ഇന്ത്യയിലെ പ്രദേശങ്ങളെ പരസ്പരം ബന്ധപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി ഗ്രാമസഡക് യോജനയ്ക്കു നല്ല വിഹിതം നീക്കിവെച്ചിട്ടുണ്ട്. എല്ലാ ഗ്രാമങ്ങളിലും 2018 ആകുമ്പോഴേക്കും വൈദ്യുതിയെത്തിക്കുക എന്ന ലക്ഷ്യവുമുണ്ട്.
ഇതു ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്ക് ഊര്‍ജം പകരുകയും ഗുണപരമായ മാറ്റങ്ങള്‍ക്കു നാന്ദികുറിക്കുകയും ചെയ്യും. നിങ്ങള്‍ ദരിദ്രനായ ഒരു വ്യക്തിയോടു സംസാരിക്കൂ; എന്താണ് അയാളുടെ സ്വപ്‌നമെന്നു മനസ്സിലാക്കാന്‍ സാധിക്കും. സ്വന്തമായി വീടുണ്ടാകുകയെന്നതാണ് അയാളുടെ ഏറ്റവും വലിയ സ്വപ്നം. മധ്യവര്‍ഗക്കാര്‍ തൊട്ടു മുകളിലോട്ടുള്ളവര്‍ സ്വന്തമായി വീടുണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ്. അവരുടെ സ്വപ്‌നം യാഥാര്‍ഥ്യമാകാന്‍ നമുക്കെങ്ങനെയാണു സഹായിക്കാന്‍ സാധിക്കുക? ഗവണ്‍മെന്റിന്റെ സഹായമില്ലാതെ ഇതു പ്രാവര്‍ത്തികമാക്കാന്‍ കഴിയില്ല. അതാണ് ഇത്തവണ പാര്‍പ്പിടനിര്‍മാണത്തിന് ഇത്ര പാധാന്യം നല്‍കാനും എല്ലാവര്‍ക്കും സ്വന്തമായി പാര്‍പ്പിടം ലഭിക്കുന്ന സാഹചര്യമുണ്ടാക്കിയെടുക്കുന്നതിന് ഊന്നല്‍ നല്‍കാനും കാരണം.
വാടകവീടുകളില്‍ താമസിക്കുന്നവര്‍ക്ക് ആശ്വാസമായി, വീട്ടുവാടകയുടെ മേലുള്ള വരുമാനനികുതിയിളവ് വര്‍ധിപ്പിച്ചിട്ടുണ്ട്. അഞ്ചു ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ നല്‍കേണ്ട നികുതി നിരക്കില്‍ കുറവു വരുത്തുകയും ചെയ്തു.
പാവങ്ങളെ വെച്ചു പല രാഷ്ട്രീയക്കളികളും നടന്നിട്ടുണ്ട്. മക്കള്‍ക്കായി അടുപ്പില്‍ ഭക്ഷണം പാചകം ചെയ്യുന്ന സ്ത്രീക്കും അവരുടെ മക്കള്‍ക്കും ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാന്‍ ഇടയുണ്ട്. അടുപ്പിലെ പുക ശ്വസിക്കുന്നതു പ്രതിദിനം 400 സിഗരറ്റുകള്‍ വലിക്കുന്നതിനു തുല്യമാണെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ദാരിദ്ര്യരേഖയ്ക്കു കീഴെയുള്ളവരെ നമുക്കു സഹായിക്കണം; അതിനാലാണ് അത്തരക്കാര്‍ക്കു സൗജന്യ ഗ്യാസ് കണക്ഷന്‍ നല്‍കാനുള്ള പദ്ധതി നടപ്പാക്കിയത്. പദ്ധതിയിലൂടെ, അടുപ്പില്‍ പാചകം ചെയ്യുന്ന അഞ്ചു കോടി കുടുംബങ്ങള്‍ക്കു പുകയില്‍നിന്ന് ആശ്വാസം ലഭിക്കും. ഇതു ദരിദ്രരുടെ ആരോഗ്യം മെച്ചപ്പെടുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനും സഹായകമായിത്തീരുകയും ചെയ്യും.
ആരോഗ്യമേഖലയിലും നമ്മുടെ ഗവണ്‍മെന്റ് പ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുന്നുണ്ട്. ഒരു രോഗം ബാധിച്ചാല്‍ മതി, ഒരു മധ്യവര്‍ഗ കുടുംബത്തിന്റെ ഭാവി തകരാന്‍. സഹായം അത്യാവശ്യമായ മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള പദ്ധതികളും നാം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നമ്മുടെ രാഷ്ട്രം സുരക്ഷിതമായിരിക്കുകയും സുരക്ഷിതരാണെന്ന ബോധം പൗരന്മാര്‍ക്ക് ഉണ്ടായിരിക്കുകയും വേണം. സൈന്യത്തിന് നൂതന ആയുധങ്ങള്‍ അനിവാര്യമാണ്. വിരമിക്കുന്ന സൈനികര്‍ക്ക് ഒരു റാങ്കിന് ഒരു പെന്‍ഷന്‍ എന്ന ഏകീകൃത സംവിധാനം നിലനില്‍ക്കുകയും വേണം. പ്രതിരോധരംഗത്ത് ആയുധനിര്‍മാണത്തിനും സൈന്യത്തിന് അത്യാധുനികവും ഫലപ്രദവുമായ സംവിധാനങ്ങള്‍ ലഭ്യമാക്കുന്നതിനും ഈ ബജറ്റില്‍ പ്രാമുഖ്യം നല്‍കിയിട്ടുണ്ട്.
അടിസ്ഥാനസൗകര്യ വികസനത്തിന് രണ്ടു ലക്ഷം കോടി രൂപ നീക്കിവെച്ചതു നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാവും. അതിര്‍ത്തി കാക്കുന്ന നമ്മുടെ സൈന്യത്തിനാണ് അത് ഉപകാരപ്പെടുക.
നമ്മുടെ രാഷ്ട്രത്തിലെ യുവത മുന്നേറുകയാണ്. അവര്‍ക്കു തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുനല്‍കുന്നതിനായി ‘ഫോര്‍മലൈസിങ് ദ് ഇന്‍ഫോര്‍മല്‍’, ‘എംപ്ലോയിങ് ദ് അണ്‍ എംപ്ലോയ്ഡ്’ എന്നീ പദ്ധതികള്‍ക്കു തുടക്കമിടുകയാണ്.
എന്റെ മന്ത്രം ‘സ്റ്റാര്‍ട്ട് അപ് ഇന്ത്, സ്റ്റാന്‍ഡ് അപ് ഇന്ത്യ’ എന്നതാണ്. പുതുസംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കാനായി ബജറ്റില്‍ നികുതിവ്യവസ്ഥകള്‍ അനുകൂലമാക്കിയിട്ടുണ്ട്. നമ്മുടെ ദളിത്, ഗോത്രവര്‍ഗയുവാക്കള്‍ ഇപ്പോള്‍ സംരംഭകരാകാന്‍ ആഗ്രഹിക്കുന്നു. അവര്‍ തൊഴില്‍ തേടി നടക്കാനല്ല, തൊഴില്‍ദാതാക്കളാകാനാണ് ഇഷ്ടപ്പെടുന്നത്. അവരുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിനായി ഗവണ്‍മെന്റ് ഓണ്‍ട്രപ്രന്വേറിയല്‍ ഹബ് വികസിപ്പിക്കും.
ആഗോളതലത്തിലുള്ള വെല്ലുവിളികളെ നേരിടാന്‍ നമ്മുടെ യുവാക്കളെ സജ്ജമാക്കണം. അവര്‍ക്കു മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭ്യമാക്കുകയും വേണം. പക്ഷേ, പുരാതനമായ നിയമങ്ങളും നിയന്ത്രണങ്ങളും വിദ്യാഭ്യാസരംഗത്തെ തളച്ചിടുകയാണ്. ഈ പ്രതിസന്ധിയെ മറികടക്കാന്‍ പത്തു പൊതുമേഖലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പത്തു സ്വകാര്യമേഖലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആഗോളനിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ്. മികവിന്റെ അടിസ്ഥാനത്തിലായിരിക്കും അവയേതെന്നു നിര്‍ണയിക്കുക. ഈ സ്ഥാപനങ്ങള്‍ക്കു സാമ്പത്തിക സഹായം ലഭ്യമാക്കും. ഇതു വിദ്യാഭ്യാസമേഖലയില്‍ വളരെ ഗുണംചെയ്യുന്ന ഒരു നടപടിയായിരിക്കും. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മല്‍സരാധിഷ്ഠിതമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ എന്തെന്തു ഗുണപരമായ മാറ്റങ്ങളുണ്ടാകുമെന്ന് ഊഹിക്കാവുന്നേതയുള്ളൂ.
പ്രാഥമിക വിദ്യാഭ്യാസവും പരമപ്രധാനമാണ്. ഇതുവരെ പ്രാഥമിക വിദ്യാഭ്യാസം കൂടുതല്‍ വ്യാപകമാക്കാനാണു ഗവണ്‍മെന്റ് ശ്രമിച്ചതെങ്കില്‍ ഇന്നത്തെ സാഹചര്യങ്ങള്‍ക്കൊപ്പമുയരാന്‍ മേന്മയും വര്‍ധിപ്പിക്കേണ്ടതുണ്ടെന്നു തിരിച്ചറിയുന്നു. എല്ലാ അവികസിത ഗ്രാമങ്ങളിലുമുള്ള കുട്ടികള്‍ക്കു മേന്മയാര്‍ന്ന വിദ്യാഭ്യാസം ലഭ്യമാക്കാനാണു നമ്മുടെ ശ്രമം. വിദ്യാഭ്യാസത്തിന്റെ മേന്മ വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കും ഈ ബജറ്റില്‍ ഇടം നല്‍കിയിട്ടുണ്ട്.
ഈ ഗവണ്‍മെന്‍് ജനങ്ങളില്‍ ഏറെ വിശ്വാസമര്‍പ്പിക്കുന്നു. നമ്മുടെ പൗരന്മാരെ സംശയദൃഷ്ടിയോടെ നോക്കുന്ന സാഹചര്യമുണ്ടാകരുത്. ആദായനികുതി ഉദ്യോഗസ്ഥരെപ്പോലുള്ളവര്‍ പൊതുജനങ്ങളോട് ആദരവോടെ പെരുമാറണം. സാധാരണക്കാരെ അതിസങ്കീര്‍ണമായ നടപടിക്രമങ്ങളില്‍നിന്നു മുക്തരാക്കണം. വ്യാപാരികള്‍ക്കും പ്രൊഫഷണലുകള്‍ക്കും ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടായിക്കൂടാ. നികുതിയടയ്ക്കുന്നതു സംബന്ധിച്ചു സാധാരണക്കാര്‍ക്കു പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരില്ല.
ഒരിക്കല്‍ക്കൂടി ശ്രീ. അരുണ്‍ ജെയ്റ്റ്‌ലി ജീയെ അനുമോദിക്കുന്നു. ഈ ബജറ്റ് നിങ്ങള്‍ സ്വപ്‌നം കണ്ട ബജറ്റാണെന്നു ഞാന്‍ ഉറപ്പു നല്‍കുന്നു. നിങ്ങളുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിനു ഗവണ്‍മെന്റിനുള്ള ബാധ്യതയ്ക്കു തെളിവാണ് ഈ ബജറ്റ്.
നന്ദി.