പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബിഹാറിലെ വൈശാലിയിൽ ഏകദേശം 34,470 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും സമർപ്പണവും നിർവഹിച്ചു. ജനവിശ്വാസത്തിന്റെ മഹോത്സവമായ ഛഠ് പൂജ ഇപ്പോൾ സമാപിച്ചതേയുള്ളൂവെന്നും അതിൽ അമ്മമാരും സഹോദരിമാരും തങ്ങളുടെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും ലോകത്തിന്റെയും ക്ഷേമത്തിനായി പ്രാർത്ഥിച്ചുകൊണ്ട് കഠിനമായ നിർജ്ജല വ്രതം അനുഷ്ഠിച്ചുവെന്നും ചടങ്ങിൽ സംസാരിക്കവെ പ്രധാനമന്ത്രി അനുസ്മരിച്ചു. “ഇപ്പോൾ ഛഠി മയ്യയുടെ അനുഗ്രഹത്തോടെ നാം ഇവിടെ വികസനത്തിന്റെ ഉത്സവം ആഘോഷിക്കുകയാണ്,” ശ്രീ മോദി പറഞ്ഞു.
ജനാധിപത്യത്തിന്റെ ശക്തിയെ പൊതുജനക്ഷേമത്തിനുള്ള മാധ്യമമാക്കി മാറ്റിക്കൊണ്ട് ‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്ന മന്ത്രത്തോടെയാണ് ബിഹാറിന്റെ വികസന യാത്ര മുന്നേറിയെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, നിലവിലെ ഗവൺമെന്റിന്റെ ഒരു വർഷം പൂർത്തിയാകുന്നത് അടയാളപ്പെടുത്താൻ ജനാധിപത്യത്തിന്റെ മഹത്തായ ഭൂമിയായ വൈശാലിയെത്തന്നെ തിരഞ്ഞെടുത്തത് തികച്ചും ഉചിതമാണെന്ന് അഭിപ്രായപ്പെട്ടു. വൈശാലിയുടെയും ബിഹാറിന്റെയും മണ്ണിനെ വണങ്ങിക്കൊണ്ട് ഈ നാഴികക്കല്ലിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു.
ഏകദേശം മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് ബിഹാർ എങ്ങനെനെയാണ് പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും ഒരു പുതിയ പാത തിരഞ്ഞെടുത്തതെന്നും ബഹുമാനപ്പെട്ട നിതീഷ് കുമാറിന്റെ മുഖ്യമന്ത്രിയെന്ന നിലയിലുള്ള ദീർഘകാല ഭരണത്തിന് കീഴിൽ സദ്ഭരണത്തിന്റെ പുതിയ ഉറപ്പിലേക്ക് മാറിയതെന്നും ഇപ്പോൾ അദ്ദേഹത്തിന്റെ അനുഗ്രഹത്തോടെ സാമ്രാട്ട് ചൗധരി അത് മുന്നോട്ട് കൊണ്ടുപോകുന്നതെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു. നിതീഷ് കുമാറിനോടുള്ള ആദരസൂചകമായി ‘നിതീഷ് സേതു’ എന്ന് പേരിട്ട, ഗംഗാ മാതാവിന് കുറുകെയുള്ള ആറുവരി ദർഗാ-ബിദുപൂർ കേബിൾ പാലത്തിന്റെ സമർപ്പണം ഉൾപ്പെടെ ആയിരക്കണക്കിന് കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും അദ്ദേഹം എടുത്തുപറഞ്ഞു. ഈ പാലം പട്നയ്ക്കും വൈശാലിക്കും ഇടയിലുള്ള ദൂരവും യാത്രാക്ലേശവും കുറയ്ക്കുകയും വിളകൾ, പഴങ്ങൾ, പച്ചക്കറികൾ, പാൽ, തൈര് എന്നിവ പ്രധാന വിപണികളിലേക്ക് എത്തിക്കുന്നത് എളുപ്പമാക്കുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇതിന്റെ സാമൂഹിക പ്രാധാന്യം അടിവരയിട്ടുപറഞ്ഞു. “ഇവിടുത്തെ യുവാക്കൾക്ക് വിദ്യാഭ്യാസവും മുതിർന്നവർക്ക് ആരോഗ്യപരിരക്ഷയും കൂടുതൽ എളുപ്പത്തിൽ ലഭ്യമാകും,” ശ്രീ മോദി അഭിപ്രായപ്പെട്ടു.
ബിഹാറിലുടനീളം ആധുനിക റോഡ് ശൃംഖലയുടെ ദ്രുതഗതിയിലുള്ള വികസനം എടുത്തുപറഞ്ഞുകൊണ്ട് ഔറംഗാബാദ്-ചോർദഹ ആറുവരി പാതയുടെ ഉദ്ഘാടനവും മറ്റ് നിരവധി ഹൈവേ പദ്ധതികളുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. “ഈ പദ്ധതികൾക്കായി നൂറുകണക്കിന് കോടി രൂപ ചെലവഴിക്കും” പ്രധാനമന്ത്രി മോദി പറഞ്ഞു.
റോഡ് ശൃംഖലയ്ക്കൊപ്പം ബക്സർ തെർമൽ പവർ പ്ലാന്റിന്റെ നിർമ്മാണം, പിർപെയ്ന്തി തെർമൽ പവർ പ്ലാന്റിന്റെ ട്രാൻസ്മിഷൻ സിസ്റ്റത്തിന്റെ ശിലാസ്ഥാപനം, ഫുൽവാരിയ ഡാമിലെ സോളാർ എനർജി പ്ലാന്റ് തുടങ്ങിയ പ്രധാന പദ്ധതികളിലൂടെ ബിഹാറിന്റെ ഊർജ്ജ, നഗരവികസന രംഗം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്ന് നിരീക്ഷിച്ച പ്രധാനമന്ത്രി, സംസ്ഥാനത്തിന്റെ ഭൂതകാലത്തെയും വർത്തമാനകാലത്തെയും താരതമ്യം ചെയ്തു. “ബിഹാറിലെ ആയിരക്കണക്കിന് ഗ്രാമങ്ങളിൽ വൈദ്യുതി എത്താതിരുന്ന ഒരു കാലമുണ്ടായിരുന്നു; ഇന്ന് ബിഹാർ വൈദ്യുതി ഉൽപ്പാദനത്തിന്റെ ഒരു പ്രധാന കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്,” ശ്രീ മോദി അഭിപ്രായപ്പെട്ടു.
നഗരഗതാഗതം സൗകര്യപ്രദമാക്കുന്നതിനായി 100 ആധുനിക പിഎം ഇ-ബസുകൾ ഇന്ന് ഫ്ലാഗ് ഓഫ് ചെയ്തതും പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ ആയിരക്കണക്കിന് പാവപ്പെട്ട കുടുംബങ്ങൾക്ക് അടച്ചുറപ്പുള്ള വീടുകളുടെ താക്കോൽ കൈമാറിയതും ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രധാനമന്ത്രി ഈ പുരോഗതിയെ സ്വാഗതം ചെയ്തു. “ഈ വികസന പ്രവർത്തനങ്ങൾക്കെല്ലാം ബിഹാറിലെ ജനങ്ങളെ ഞാൻ അഭിനന്ദിക്കുന്നു,” പ്രധാനമന്ത്രി മോദി പറഞ്ഞു.
ഇന്ന് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് നിക്ഷേപ കണക്കുകളിലും കുറ്റവാളികൾക്കെതിരെയുള്ള നടപടികളിലും സംസ്ഥാനത്തുടനീളമുള്ള വികസനത്തിനായുള്ള ആരോഗ്യകരമായ മത്സരത്തിലുമാണെന്ന് ബിഹാറിന്റെ പരിവർത്തനത്തിന്റെ ദീർഘകാല യാത്രയെക്കുറിച്ച് പരാമർശിക്കവേ പ്രധാനമന്ത്രി പറഞ്ഞു. “വടക്കൻ ബിഹാറായാലും നളന്ദ-ഗയാജിയായാലും ഷഹാബാദ്-കൈമൂറായാലും തലസ്ഥാനമായ പട്നയായാലും എല്ലാ മേഖലയിലും വികസനത്തിന്റെ പുതിയൊരു ഗാഥ എഴുതപ്പെടുകയാണ്” ശ്രീ മോദി നിരീക്ഷിച്ചു.
നിലവിലെ ഗവൺമെന്റിന് കീഴിൽ കഴിഞ്ഞ ഒരു വർഷത്തെ നേട്ടങ്ങൾ ബിഹാറിന്റെ അതിവേഗ പുരോഗതിയുടെ തെളിവായി എടുത്തുക്കാട്ടിക്കൊണ്ട്, രണ്ട് ലക്ഷം കോടി രൂപയിലധികം വരുന്ന നിക്ഷേപ കരാറുകൾ, ഗയാജിയിൽ 6,000 കോടി രൂപയുടെ സ്റ്റീൽ പദ്ധതിയുടെ പ്രവർത്തനാരംഭം, മോത്തിഹാരി ഉൾപ്പെടെ അടച്ചുപൂട്ടിയ പഞ്ചസാര മില്ലുകൾ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പുതിയ കരിമ്പ് പ്രോത്സാഹന നയം, കർഷകർക്ക് ഓരോ കൃഷിയിടത്തിലും വെള്ളം എത്തിക്കുന്നതിനായി 11,000 പുതിയ ട്യൂബ്വെല്ലുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതി, ജലസേചനത്തിന് 12 മണിക്കൂർ വൈദ്യുതി ഉറപ്പാക്കുന്ന ചരിത്രപരമായ തീരുമാനം, ഒരു വർഷത്തിനുള്ളിൽ 200-ലധികം പുതിയ ഡിഗ്രി കോളേജുകൾ തുറന്നത്, പെൺമക്കൾക്കായി മാ സീത മഹിളാ വിശ്വവിദ്യാലയത്തിന് അംഗീകാരം നൽകിയത് എന്നിവ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “ബിഹാറിന്റെ വികസനത്തിന്റെ ഈ പട്ടിക വളരെ നീണ്ടതാണ്, അത് ഒരു വേദിയിൽ നിന്നും എണ്ണിപ്പറയാൻ കഴിയില്ല; ഇവിടെ വന്നാൽ മാത്രമേ ബിഹാറിന്റെ വികസനം അനുഭവിച്ചറിയാൻ കഴിയൂ,” പ്രധാനമന്ത്രി മോദി പറഞ്ഞു.
വ്യക്തമായ ഇച്ഛാശക്തി പ്രകടമായ ഫലങ്ങൾ ഉണ്ടാക്കുന്നുവെന്ന് പ്രസ്താവിച്ച പ്രധാനമന്ത്രി, തങ്ങളുടെ ഗവൺമെന്റ് 12 വർഷത്തിനുള്ളിൽ 50 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയെന്ന് ചൂണ്ടിക്കാണിച്ചു. “ഇത് ഗവൺമെന്റിന്റെ ഇച്ഛാശക്തിയുടെ ഫലമാണ്, പാവപ്പെട്ടവരുടെ ക്ഷേമത്തിനായുള്ള ഗവൺമെന്റ് പദ്ധതികളുടെ ഫലമാണിത്,” ശ്രീ മോദി ഉറപ്പിച്ചുപറഞ്ഞു.
80 കോടി ജനങ്ങൾക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ, കോടിക്കണക്കിന് കുടുംബങ്ങൾക്ക് സുരക്ഷിതത്വബോധം നൽകുന്ന അടച്ചുറപ്പുള്ള വീടുകൾ, ചെലവേറിയ ആരോഗ്യപരിചരണത്തിന്റെ ഭാരം ലഘൂകരിക്കുന്ന സൗജന്യ ചികിത്സാ ഗ്യാരൻ്റി, അന്തസ്സുള്ള ജീവിതം ഉറപ്പാക്കുന്ന ശൗചാലയങ്ങൾ, വൈദ്യുതി, വെള്ളം എന്നിവയിലൂടെ പിന്നാക്കം നിൽക്കുന്ന കോടിക്കണക്കിന് പൗരന്മാരുടെ ജീവിതസൗകര്യങ്ങൾക്കും സൗകര്യങ്ങൾക്കും മുൻഗണന നൽകിക്കൊണ്ട് ഇന്ത്യ ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിൽ വിജയിക്കുകയാണെന്ന് വിശദീകരിച്ച പ്രധാനമന്ത്രി, അതിന്റെ ഫലമായുണ്ടായ മാറ്റം എടുത്തുപറഞ്ഞു. “ഇതുമൂലം ദരിദ്രരായിരുന്നവരിൽ പോലും ഒരു ആത്മവിശ്വാസം ഉണർന്നു, അവർ ദാരിദ്ര്യത്തെ തോൽപ്പിച്ച് മുന്നോട്ടുപോയിരിക്കുന്നു,” പ്രധാനമന്ത്രി മോദി നിരീക്ഷിച്ചു.
കേന്ദ്ര പദ്ധതികൾ സംസ്ഥാന ഗവൺമെന്റ് വീടുവീടാന്തരം എത്തിച്ചതിലൂടെയും നിലവിലെ ഗവൺമെന്റിന്റെ കഠിനാധ്വാനത്തിലൂടെയും ദാരിദ്ര്യനിർമാർജന പ്രചാരണത്തിൽ ബീഹാറിന്റെ പ്രധാന സംഭാവന എടുത്തുകാണിച്ചുകൊണ്ട് ബിഹാറിലെ 43 ലക്ഷം കുടുംബങ്ങൾക്ക് അടച്ചുറപ്പുള്ള വീടുകൾ ലഭിച്ചതായും ഓഗസ്റ്റിൽ 11 ലക്ഷം വീടുകൾ കൂടി അനുവദിച്ചതായും ഏകദേശം 75 ലക്ഷം കർഷകർക്ക് പിഎം കിസാൻ സമ്മാൻ നിധിക്ക് കീഴിൽ ആയിരക്കണക്കിന് കോടി രൂപ ലഭിച്ചതായും സ്വയം സഹായ സംഘങ്ങൾക്കുള്ള പിന്തുണ 50 ലക്ഷം ഗ്രാമീണ സ്ത്രീകളെ ലഖ്പതി ദീദികളായി ശാക്തീകരിച്ചതായും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. “ഇത്തരം പരിശ്രമങ്ങളുടെ ഫലമായാണ് ഇന്ന് ബിഹാറിലെ കോടിക്കണക്കിന് ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയത്, രാജ്യവും ഈ വിജയത്തിലെത്തിയിരിക്കുന്നു,” ശ്രീ മോദി പറഞ്ഞു.
ബിഹാറിന്റെ അഭൂതപൂർവമായ വികസന യാത്രയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് പ്രസംഗം ഉപസംഹരിച്ച പ്രധാനമന്ത്രി, എല്ലാ സഖ്യകക്ഷികൾക്കിടയിലും ഈ വേഗത നിലനിർത്താൻ ആഹ്വാനം ചെയ്തു. “ഇനി നാം നിർത്തുകയോ തളരുകയോ ചെയ്യരുത്, കഴിവുള്ളതും സമ്പന്നവും സ്വയംപര്യാപ്തവുമായ ഒരു ബിഹാർ കെട്ടിപ്പടുക്കാൻ നാമെല്ലാവരും നിരന്തരം ഒരുമിച്ച് പ്രവർത്തിക്കണം,” പ്രധാനമന്ത്രി മോദി ഉറപ്പിച്ചുപറഞ്ഞു.
We are building a Bihar that is stronger, more prosperous and full of opportunities. https://t.co/vvTCLn7Y8o
— Narendra Modi (@narendramodi) November 21, 2026
गंगा मैया पर बने दरगाह-बिदुपुर छह-लेन केबल ब्रिज को जनता के लिए समर्पित किया गया है। इस आधुनिक ब्रिज का नाम आदरणीय नीतीश जी के सम्मान में…‘नीतीश सेतु’ रखा गया है: PM @narendramodi in Vaishali, Bihar
— PMO India (@PMOIndia) November 21, 2026
हमने करोड़ों गरीबों के जीवन को आसान बनाने, उन्हें सुविधाएं देने को प्राथमिकता दी है: PM @narendramodi in Vaishali, Bihar
— PMO India (@PMOIndia) November 21, 2026
*****
SK
We are building a Bihar that is stronger, more prosperous and full of opportunities. https://t.co/vvTCLn7Y8o
— Narendra Modi (@narendramodi) November 21, 2026
गंगा मैया पर बने दरगाह-बिदुपुर छह-लेन केबल ब्रिज को जनता के लिए समर्पित किया गया है। इस आधुनिक ब्रिज का नाम आदरणीय नीतीश जी के सम्मान में...‘नीतीश सेतु’ रखा गया है: PM @narendramodi in Vaishali, Bihar
— PMO India (@PMOIndia) November 21, 2026
हमने करोड़ों गरीबों के जीवन को आसान बनाने, उन्हें सुविधाएं देने को प्राथमिकता दी है: PM @narendramodi in Vaishali, Bihar
— PMO India (@PMOIndia) November 21, 2026