പിഎം ഇന്ത്യ
ബെല്‍മണ്ട് ഫോറം സെക്രട്ടേറിയറ്റിന് 2015 ജനുവരി മുതല്‍ 2017 ഡിസംബര്‍ വരെയുള്ള കാലത്തേക്കു സഹായം നല്‍കാന്‍ ഫ്രഞ്ച് നാഷണല്‍ റിസര്‍ച്ച് ഏജന്‍സി(എ.എന്‍.ആര്‍.)യുമായി സഹകരണ കരാര്‍ ഒപ്പുവെക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി. ഇതിന് ആകെ ചെലവ് 40,000 യൂറോയാണ്. 2017 മുതല്‍ തുടര്‍ന്നുള്ള കാലത്തേക്കു ബെല്‍മണ്ട് ഫോറം സെക്രട്ടേറിയറ്റിനു സാമ്പത്തിക സഹായം നല്‍കുന്നതിനും മന്ത്രിസഭ അനുമതി നല്‍കി.
ആഗോള പരിസ്ഥിതി മാറ്റ ഗവേഷണത്തിനും രാജ്യാന്തര ശാസ്ത്ര കൗണ്‍സിലുകള്‍ക്കും പണം ലഭ്യമാക്കുന്ന വന്‍കിട, നവ ഏജന്‍സികളുടെ ഉന്നതസംഘമാണ് 2009ല്‍ രൂപീകരിക്കപ്പെട്ട ബെല്‍മണ്ട് ഫോറം. രാജ്യാന്തരതലത്തില്‍ വിഭവങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് പ്രകൃതി, സാമൂഹ്യ ശാസ്ത്രജ്ഞരുടെ രാജ്യാന്തര ഗവേഷണ കൂട്ടായ്മയിലൂടെ രാജ്യാന്തര പരിസ്ഥിതി ഗവേഷണത്തില്‍ മുന്‍ഗണനകള്‍ നിര്‍ണയിക്കാനും പഠനവിധേയമാക്കാനും അവസരമൊരുക്കുകയാണ് ബെല്‍മണ്ട് ഫോറം ചെയ്യുന്നത്.
ഓസ്‌ട്രേലിയ, ബ്രസീല്‍, കനഡ, യൂറോപ്യന്‍ കമ്മീഷന്‍, ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്‍, നെതര്‍ലന്‍ഡ്, ദക്ഷിണാഫ്രിക്ക, യു.കെ., യു.എസ്.എ. തുടങ്ങിയ രാഷ്ട്രങ്ങള്‍ക്കൊപ്പം ഇന്ത്യയും ബെല്‍മണ്ട് ഫോറത്തില്‍ അംഗമാണ്. 2012 മുതല്‍ ഭൗമശാസ്ത്ര മന്ത്രാലയമാണ് ബെല്‍മണ്ട് ഫോറത്തില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നത്.
ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഊഴമിട്ട് ഓരോ അംഗങ്ങളാണ് സെക്രട്ടേറിയറ്റിന് ആതിഥ്യം വഹിക്കുക. 2015 ജനുവരി മുതല്‍ 2017 വരെ ഫ്രാന്‍സ് എ.എന്‍.ആറാണ് ആതിഥ്യം വഹിച്ചത്. സെക്രട്ടേറിയറ്റിനുള്ള ചെലവ് അംഗരാഷ്ട്രങ്ങള്‍ പണമായോ വസ്തുക്കളായോ സംഭാവന ചെയ്താണു കണ്ടെത്തുന്നത്.
കരാര്‍ ഒപ്പിടുന്നത് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച ഉറപ്പാക്കാനും ഏകീകരണം യാഥാര്‍ഥ്യമാക്കാനും സഹായകമാകും. നിലവില്‍ സഹകരണാടിസ്ഥാനത്തിലുള്ള നാലു ഗവേഷണ പദ്ധതികളില്‍ രാജ്യം അംഗമാണെന്നിരിക്കെ ഇന്ത്യന്‍ ശാസ്ത്ര സമൂഹത്തിനും കരാര്‍ ഗുണകരമാകും.