Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മധ്യപ്രദേശിലെ മോഹന്‍പുര ജലസേചന പദ്ധതി ഉദ്ഘാടനം ചെയ്ത് 2018 ജൂണ്‍ 23നു പ്രധാനമന്ത്രി നടത്തിയ പ്രസംഗം.

മധ്യപ്രദേശിലെ മോഹന്‍പുര ജലസേചന പദ്ധതി ഉദ്ഘാടനം ചെയ്ത് 2018 ജൂണ്‍ 23നു പ്രധാനമന്ത്രി നടത്തിയ പ്രസംഗം.

മധ്യപ്രദേശിലെ മോഹന്‍പുര ജലസേചന പദ്ധതി ഉദ്ഘാടനം ചെയ്ത് 2018 ജൂണ്‍ 23നു പ്രധാനമന്ത്രി നടത്തിയ പ്രസംഗം.

മധ്യപ്രദേശിലെ മോഹന്‍പുര ജലസേചന പദ്ധതി ഉദ്ഘാടനം ചെയ്ത് 2018 ജൂണ്‍ 23നു പ്രധാനമന്ത്രി നടത്തിയ പ്രസംഗം.


നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസകള്‍!

ഇവിടെ തടിച്ചുകൂടിയിരിക്കുന്ന റായ്ഗഡിലെ എന്റെ സഹോദരീ സഹോദരന്മാരേ,

ജൂണിലെ ഈ പൊള്ളുന്ന ചൂടിലും ഇവിടെ കൂട്ടത്തോടെ നിങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത് എനിക്കും എന്റെ സഹപ്രവര്‍ത്തകര്‍ക്കുമുള്ള ആശിര്‍വാദമാണ്. നിങ്ങളുടെ ഈ സ്‌നേഹത്തെ ഞാന്‍ അഭിനന്ദിക്കുന്നു. നിങ്ങളുടെ ഊര്‍ജ്ജവും അനുഗ്രഹങ്ങളും ഭാരതീയ ജനതാ പാര്‍ട്ടിയുടെ അംഗങ്ങള്‍ക്ക് നിങ്ങളെ ഫലപ്രദമായി സേവിക്കാന്‍ എപ്പോഴും പ്രോല്‍സാഹനമാണ്. മൂന്ന് വന്‍കിട ജലസേചന പദ്ധതികള്‍ ഉള്‍പ്പെടുന്നതും 4000 കോടി മുതല്‍മുടക്കുള്ളതുമായ മോഹന്‍പുര ജലസേചന പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ അവസരം ലഭിച്ച ഞാന്‍ ഭാഗ്യവാനാണ്. മണ്‍വെട്ടികൊണ്ട് കുഴികുഴിച്ചും ചെറുതും വലുതമായ യന്ത്രങ്ങള്‍ ഉപയോഗിച്ചുമൊക്കെ ആവശ്യമുള്ള ജലം കണ്ടെത്തിയിരുന്ന സഹോദരീ സഹോദന്മാര്‍ക്കു വേണ്ടി സ്വന്തം തലയില്‍ ഇഷ്ടിക ചുമന്നും മറ്റും ഈ പദ്ധതിയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ഓരോരുത്തരെയും ഞാന്‍ അഭിവാദ്യം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. സമാനതകളില്ലാത്തതാണ് രാഷ്ട്രനിര്‍മാണത്തിനായുള്ള ഈ ധര്‍മവൃത്തിയോടുള്ള അവരുടെ പ്രതിബദ്ധത.

എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ,

ഒരു ബട്ടണ്‍ അമര്‍ത്തി പദ്ധതി ഉദ്ഘാടനം ചെയ്യുന്നത് കേവലം ഔപചാരിതക മാത്രമാണ്. നിങ്ങളുടെ കഠിനാധ്വാനവും അതിന്റെ മാധുര്യവുമാണ് യഥാര്‍ത്ഥത്തില്‍ സമര്‍പ്പിക്കപ്പെടുന്നത്. പൊതുജനക്ഷേമത്തിനുള്ള തീരുമാനങ്ങള്‍ എടുത്തുകൊണ്ട് കേന്ദ്രത്തിലെ ഭാരതീയ ജനതാ പാര്‍ട്ടി ഗവണ്‍മെന്റ് നിങ്ങളുടെ അനുഗ്രഹവും കഠിനാധ്വാനവും കാരണം നാലു വര്‍ഷം വിജയകരമായി പൂര്‍ത്തീകരിച്ചു. നിങ്ങള്‍ ഇത്രയധികം പേരുടെ സാന്നിധ്യം ഭാരതീയ ജനതാ പാര്‍ട്ടി ഗവണ്‍മെന്റിനും അതിന്റെ നയങ്ങള്‍ക്കും ഒപ്പമാണെന്ന വസ്തുതയ്ക്ക് ഗംഭീരമായ തെളിവാണ്. ആളുകള്‍ പ്രചരിപ്പിക്കുന്ന നുണകളും ആശയക്കുഴപ്പവും ദോഷചിന്തകളും യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാതെയാണ്.

ഇന്ന് ജൂണ്‍ 23. വിഖ്യാത വ്യക്തിത്വമായിരുന്ന ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ വിയോഗ വാര്‍ഷികവുമാണ് ഇന്ന് എന്നത് യാദൃശ്ചികമായി സംഭവിച്ചതാണ്. ഈ ദിനത്തിലാണ് അദ്ദേഹം കാശ്മീരില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. ഈ വേളയില്‍ ഞാന്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സ്മരണ പുതുക്കുകയും അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുകയും ചെയ്യുന്നു.

സഹോദരീ സഹോദരന്മാരേ,

ഡോ. ശ്യാമപ്രസാദ് മുഖര്‍ജി പറഞ്ഞു, ” ഏതു രാജ്യത്തിനും സ്വന്തം ഊര്‍ജ്ജംകൊണ്ടേ സംരക്ഷിക്കാനാകൂ.” ഈ രാജ്യത്തിന്റെ വിഭവങ്ങളിലും ജനങ്ങളുടെ മികവിലും അദ്ദേഹത്തിന് എന്തെന്നില്ലാത്ത വിശ്വാസമുണ്ടായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം ജനങ്ങള്‍ നിരാശയിലും വിഷമത്തിലും വീണുപോകുന്നതില്‍ നിന്ന് പുറത്തുകൊണ്ടുവരാന്‍ അദ്ദേഹം പ്രകടിപ്പിച്ച പ്രഭാവം ഇന്നും കോടിക്കണക്കിനാളുകള്‍ക്ക് പ്രചോദനമാണ്. രാജ്യത്തിന്റെ ആദ്യത്തെ വ്യവസായവും, വിതരണവും വകുപ്പ് മന്ത്രിയെന്ന നിലയില്‍ അദ്ദേഹമാണ് രാജ്യത്തിന്റെ ആദ്യത്തെ വ്യവസായ നയത്തിനു രൂപം നല്‍കിയത്. ” ഗവണ്‍മെന്റും രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും ഒന്നിച്ചുനിന്ന് വ്യവസായ പുരോഗതിക്ക് ശ്രമിച്ചാല്‍ രാജ്യം വേഗത്തില്‍ത്തന്നെ സാമ്പത്തിക സ്വാതന്ത്ര്യം നേടും”, അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, ആണവോര്‍ജ്ജം എന്നീ മേഖലകളുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പ്രവൃത്തിയും ചിന്തകളും ആശയങ്ങളും കാലത്തിനും മുമ്പേ പായുന്നതായിരുന്നു. രാജ്യത്തിന്റെ വികസനത്തില്‍ പൊതുജന പങ്കാളിത്തത്തിന്റെ പ്രാധാന്യം സംബന്ധിച്ച് അദ്ദേഹം കാണിച്ചുതന്നെ വഴികള്‍ ഇന്നും പ്രസക്തമാണ്.

സുഹൃത്തുക്കളേ,

പാവപ്പെട്ടവരെയും വീടില്ലാത്തവരെയും സേവിക്കലും അവരുടെ ജീവിത സാഹചര്യം ഉയര്‍ത്തിക്കൊണ്ടു വരികയുമാണ് ഗവണ്‍മെന്റിന്റെ മുഖ്യ ചുമതല എന്നാണ് ഡോ. ശ്യാമപ്രസാദ് മുഖര്‍ജി പറഞ്ഞിരുന്നത്. കേന്ദ്ര വ്യവസായ മന്ത്രിയാകുന്നതിനു മുമ്പ് ബംഗാളില്‍ ധനകാര്യ മന്ത്രിയായിരിക്കെ ഭൂപരിഷ്‌കരണ കാര്യത്തില്‍ അദ്ദേഹം കഠിനാധ്വാനം ചെയ്തതിനു കാരണം അതായിരുന്നു. ജനങ്ങളുടെ സ്വപ്‌നങ്ങളാണ് ഭരിക്കുന്നവര്‍ സാക്ഷാത്കരിക്കേണ്ടത് എന്നും ബ്രിട്ടീഷുകാരെപ്പോലെ ഭരിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം വിശ്വസിച്ചു.

വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ എന്നീ കാര്യങ്ങളിലാണ് ഡോ. ശ്യാമപ്രസാദ് മുഖര്‍ജി ഊന്നല്‍ നല്‍കിയത്. ” പ്രാഥമിക വിദ്യാഭ്യാസം മുതല്‍ ഉന്നത വിദ്യാഭ്യാസം വരെ ഗവണ്‍മെന്റ് മതിയായ സൗകര്യങ്ങള്‍ നല്‍കുകയും യുവജനങ്ങളുടെ മറച്ചുവയ്ക്കപ്പെട്ട കഴിവുകള്‍ കണ്ടെത്താന്‍ ആവശ്യമായ പരിതസ്ഥിതി സൃഷ്ടിക്കുകയും വേണം. അങ്ങനെ ചെയ്താല്‍ അവര്‍ക്ക് സ്വന്തം ഗ്രാമങ്ങളെയും പട്ടണങ്ങളെയും സജീവമായി സേവിക്കാനാകും,” അദ്ദേഹം പറയാറുണ്ടായിരുന്നു. ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജീവിതത്തില്‍ വിജ്ഞാനവും സമ്പത്തും വികാസവും ഒരുപോലെ ഒന്നിച്ചു ചേര്‍ന്നിരുന്നു.

നിര്‍ഭാഗ്യവശാല്‍ നമ്മുടെ രാജ്യത്ത് ഒരു പ്രത്യേക കുടുംബത്തെ വിശുദ്ധരാക്കിക്കാണിക്കുന്നതിനു വേണ്ടി ഭാരതമാതാവിന്റെ നിരവധി മഹദ് സന്താനങ്ങളുടെ സംഭാവനകളെ മനപ്പൂര്‍വം മറച്ചുവയ്ക്കുകയും അവരുടെ സേവനങ്ങള്‍ ജനങ്ങളുടെ മനസ്സില്‍ നിന്നു മായ്ച്ചു കളയാനുള്ള ശ്രമങ്ങള്‍ നടക്കുകയും ചെയ്തു.

സുഹൃത്തുക്കളേ,

കേന്ദ്രത്തിലെയും ഭാരതീയ ജനതാ പാര്‍ട്ടി മല്‍സരിക്കുന്ന സംസ്ഥാനങ്ങളിലെയും ഗവണ്‍മെന്റുകളുടെ വീക്ഷണം ഡോ. മുഖര്‍ജിയുടേതില്‍ നിന്നു വ്യത്യസ്ഥമല്ല. ജാമ്യം ഈടാക്കാതെ സ്വയംതൊഴില്‍ സംരംഭ പ്രോല്‍സാഹന വായ്പകള്‍ നല്‍കുന്ന നൈപുണ്യ ഭാരത ദൗത്യം, സ്റ്റാര്‍ട്ടപ്പ് ഇന്ത്യാ ദൗത്യം, മുദ്ര യോജന തുടങ്ങിയ പദ്ധതികളിലും ഇന്ത്യയില്‍ നിര്‍മിക്കൂ പദ്ധതിയിലും നിങ്ങള്‍ക്ക് ഡോ. മുഖര്‍ജിയുടെ വീക്ഷണത്തിന്റെ മിന്നലൊളി കാണാനാകും.

നിങ്ങളുടെ രാജ്ഗഡ് ജില്ല അധിക കാലം ഇനി പിന്നാക്ക ജില്ലയായി അറിയപ്പെടില്ല. അഭിലാഷാത്മകമായ ജില്ലകളിലൊന്നായി ഇതിനെ വികസിപ്പിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുന്നു. ആരോഗ്യം, വിദ്യാഭ്യാസം, ശുചിത്വം, പോഷകാഹാരം, ജലസംരക്ഷണം, കൃഷി എന്നീ മേഖലകളില്‍ ഇവിടെ ത്വരിതഗതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.

രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാനു കീഴില്‍ അഭിലാഷാത്മക ജില്ലകളിലെ ഗ്രാമങ്ങളില്‍ അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യുന്നു. ഉജ്ജ്വല്‍ യോജനയ്ക്കു കീഴില്‍ ഈ ജില്ലകളിലെ മുഴുവന്‍ ഗ്രാമങ്ങളിലും പാചകവാതക കണക്ഷന്‍ ഉറപ്പാക്കാനും സൗഭാഗ്യ യോജനയ്ക്കു കീഴില്‍ വൈദ്യുതി കണക്ഷനും ജന്‍ധന്‍ യോജനയ്ക്കു കീഴില്‍ ബാങ്ക് അക്കൗണ്ടുകളും ഇന്ദ്രധനുഷ് ദൗത്യത്തിനു കീഴില്‍ ഗര്‍ഭവതികള്‍ക്കും കുട്ടികള്‍ക്കും പരിരക്ഷയും പ്രതിരോധ മരുന്നും ഉറപ്പാക്കാന്‍ ശ്രമിക്കുകയാണ് ഗവണ്‍മെന്റ്.

സുഹൃത്തുക്കളേ,

മുന്‍കാല ഗവണ്‍മെന്റുകള്‍ക്കും ഈ കാര്യങ്ങളൊക്കെ ചെയ്യാന്‍ കഴിയുമായിരുന്നു. അവരെ ആരും തടഞ്ഞിരുന്നില്ല. എന്നാലോ, പരമാവധി കാലം ഭരിച്ച പാര്‍ട്ടിക്ക് നിങ്ങളിലും നിങ്ങളുടെ കഠിനാധ്വാനത്തിലും വിശ്വാസമുണ്ടായിരുന്നില്ല. രാജ്യത്തിന്റെ ശേഷിയില്‍ അവര്‍ ഒരിക്കലും വിശ്വസിച്ചിരുന്നില്ല.

പറയൂ, കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ ഒഴിഞ്ഞുമാറ്റത്തിന്റേതായ ഒരു വാക്കെങ്കിലും ഈ കേന്ദ്ര ഗവണ്‍മെന്റ് പറഞ്ഞോ? ഏതെങ്കിലും കാര്യം സാധ്യമല്ലെന്ന് പറഞ്ഞോ? ഞങ്ങള്‍ എപ്പോഴും ഞങ്ങളുടെ വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ നടപടികള്‍ സ്വീകരിക്കുകയും മികച്ച ഫലപ്രാപ്തിക്കു വേണ്ടി പരിശ്രമിക്കുകയും ചെയ്തു.

അതുകൊണ്ട് സഹോദരീ സഹോദരന്മാരേ,

പ്രതീക്ഷയോടും വിശ്വാസത്തോടും കൂടി മുന്നോട്ടു പോകുന്നതിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്.

സുഹൃത്തുക്കളേ,

ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ രാജ്യത്തെ പുതിയ ഉയരങ്ങളില്‍ എത്തിക്കുന്നതിനു കഠിനാധ്വാനം ചെയ്യാന്‍ ഈ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്; രാജ്യത്തിന്റെ ആവശ്യങ്ങളിലേക്കു ഞങ്ങള്‍ ശ്രദ്ധ വയ്ക്കുകയും അതിന്റെ വിഭവങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നു.

കഴിഞ്ഞ നാല് വര്‍ഷമായി ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഗവണ്‍മെന്റും 13 വര്‍ഷമായി മധ്യപ്രദേശ് ഗവണ്‍മെന്റും സമൂഹത്തിലെ പാവങ്ങളെയും പിന്നാക്ക വിഭാഗങ്ങളെയും പീഡിതരെയും ഒന്നുമില്ലാത്തവരെയും കര്‍ഷകരെയും ശാക്തീകരിക്കാനാണ് കഠിനാധ്വാനം ചെയ്യുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി മധ്യപ്രദേശിലെ ശരാശരി കാര്‍ഷിക വളര്‍ച്ചാ നിരക്ക് 18 ശതമാനമായി തുടരുകയാണ്. ഇതാകട്ടെ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കുമാണ്. വിവിധ കാര്‍ഷിക വിളകളുടെ ഉല്‍പ്പാദനത്തില്‍ മധ്യപ്രദേശ് രാജ്യത്ത് ഏറ്റവും മുമ്പിലാണ്. ഗോതമ്പ്, കടുക്, മഞ്ഞള്‍ തുടങ്ങിയവയുടെ ഉല്‍പ്പാദനത്തില്‍ മധ്യപ്രദേശ് രണ്ടാം സ്ഥാനത്താണ്, ഒന്നാം സ്ഥാനനത്തേക്കുള്ള കുതിപ്പിലുമാണ്.

ശിവരാജ് ജിയുടെ ഭരണത്തില്‍ മധ്യപ്രദേശ് വികസനത്തിന്റെ പുതിയ ഇതിഹാസം കുറിക്കുകയാണ്. മോഹന്‍പുര ജലസേചന പദ്ധതിയുടെ ഉദ്ഘാടനവും മറ്റ് മൂന്ന് ജലസേചന പദ്ധതികളുടെ പ്രാരംഭപ്രവര്‍ത്തനങ്ങളും ഈ എപ്പിസോഡിന്റെ പ്രധാന ഭാഗമാണ്. ഇത് രാജ്ഗഡിന്റെ മാത്രമല്ല മധ്യപ്രദേശിന്റെ തന്നെ മഹത്തായ പദ്ധതികളിലൊന്നാണ്.

സുഹൃത്തുക്കളേ,

ഈ പദ്ധതിയില്‍ നിന്ന് ഏകദേശം 725 ഗ്രാമങ്ങളിലെ കര്‍ഷക സഹോദരങ്ങള്‍ക്കും സഹോദരിമാര്‍ക്കും മെച്ചം ലഭിക്കും. ഈ ഗ്രാമങ്ങളിലെ 1.25 ലക്ഷം ഹെക്റ്റര്‍ ഭൂമിയില്‍ ജലസേചന സൗകര്യങ്ങള്‍ ലഭിക്കുമെന്നു മാത്രമല്ല 400 ഗ്രാമങ്ങളിലെ കുടിവെള്ളക്ഷാമവും ഈ പദ്ധതി മുഖേന പരിഹരിക്കപ്പെടും. ഇതിന്റെ അര്‍ത്ഥം ലക്ഷക്കണക്കിന് അമ്മ പെങ്ങന്മാരുടെ അനുഗ്രഹ വര്‍ഷം നമുക്കുമേല്‍ ഉണ്ടാകും എന്നാണ്. അമ്മമാരെയും സഹോദരിമാരെയുംകാള്‍ നന്നായി ഒരാള്‍ക്കും ജലക്ഷാമത്തിന്റെ പ്രശ്‌നം മനസ്സിലാകില്ല. ഒരുവഴിക്ക് ഇത് അമ്മ പെങ്ങന്മാര്‍ക്കുള്ള ഏറ്റവും വലിയ സേവനമാണ്.

ഈ പദ്ധതി അതിവേഗത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന്റെ ഉദാഹരണം മാത്രമല്ല, കടമകള്‍ പൂര്‍ത്തിയാക്കുന്ന കാര്യത്തില്‍ ഗവണ്‍മെന്റിന്റെ രീതിയുടെ തെളിവുകൂടിയാണ്. ഏകദേശം നാല് വര്‍ഷംകൊണ്ട് ഈ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. സൂക്ഷ്മ ജലസേചനമാണ് ഈ പദ്ധതിയുടെ ഊന്നല്‍. അതായത്, തുറന്ന ഒരു കനാല്‍ ഇല്ലെങ്കിലും പൈപ്പ് ലൈനുകളിലെ പ്രവാഹം കുറയില്ല.

സഹോദരീ സഹോദരന്മാരേ,

മാല്‍വയില്‍ ഒരു ചൊല്ലുണ്ട്, മാല്‍വയ്ക്ക് ധാന്യങ്ങളുടെയും വെള്ളത്തിന്റെയും ഭൂമിയുടെയും യാതൊരു കുറവുമില്ലാത്ത ഒരു കാലമുണ്ടായിരുന്നു എന്ന് അര്‍ത്ഥം വരുന്ന ചൊല്ല്. പഴയ ഒരു ചൊല്ലാണത്. ഓരോ ചുവടിലും വെള്ളം ലഭ്യമായിരുന്നു. മുന്‍കാല ഗവണ്‍മെന്റുകളുടെ വീഴ്ചകള്‍മൂലം വെള്ളം പിന്നീട് ഇവിടെ ദുര്‍ലഭമായി. പക്ഷേ, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ശിവരാജ് ജി നയിക്കുന്ന ഗവണ്‍മെന്റ് മാല്‍വയുടെയും മധ്യപ്രദേശിന്റെയും പഴയ നില വീണ്ടെടുക്കാന്‍ കാര്യമായ ശ്രമമാണ് നടത്തിയത്.

സുഹൃത്തുക്കളേ,

2007ല്‍ ബറേലിയിലെ 7.5 ലക്ഷം ഹെക്ടര്‍ പ്രദേശത്തെ ജലസേചന പദ്ധതികള്‍കൊണ്ടു മധ്യപ്രദേശില്‍ ജലസേചനം നടത്തി. ശിവരാജ് ജിയുടെ ഭരണത്തില്‍ അത് 40 ലക്ഷം ഹെക്റ്ററായി വര്‍ധിച്ചു. 2024ല്‍ ഇത് രണ്ടിരട്ടിയാക്കാന്‍ സംസ്ഥാന ഗവണ്മെന്റ് ഉദ്ദേശിക്കുന്നുവെന്ന കാര്യം ടെലിവിഷന്‍ കാണുന്നവരോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സൂക്ഷ്മ ജലസേചന സംവിധാനം വ്യാപിപ്പിക്കുന്നതിന് 70,000 കോടി രൂപ ഗവണ്‍മെന്റ് ചെലവഴിക്കുന്നു.

ലക്ഷ്യമിട്ടതിനേക്കാള്‍ നേട്ടം കൈവരുമെന്ന് വീണ്ടും ഉറപ്പു നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കേന്ദ്ര ഗവണ്‍മെന്റ് കൈയോട് കൈകോര്‍ത്ത് നിങ്ങള്‍ക്കൊപ്പം നിങ്ങള്‍ക്കൊപ്പം ഉണ്ടാകും.

പ്രധാന്‍മന്ത്രി കൃഷി സിഞ്ചായ് യോജനയുടെ നേട്ടവും മധ്യപ്രദേശിന് കിട്ടുകയാണ്. ഈ പദ്ധതിക്ക് കീഴില്‍ സംസ്ഥാനത്ത് പതിനാല് പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. ഈ പദ്ധതിക്ക് കീഴില്‍ മധ്യപ്രദേശിന് 1400 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഈ പദ്ധതിയുടെ സഹായത്തോടെ ‘പലതുള്ളി പെരുവെള്ളം’ ദൗത്യം ഏറ്റെടുത്തു മുന്നോട്ടു കൊണ്ടുപോകുന്നു. കഴിഞ്ഞ നാല് വര്‍ഷമായുള്ള ഈ കഠിനാധ്വാനത്തിന്റെ ഫലമായി സൂക്ഷ്മ ജലസേചന പ്രദേശം രാജ്യവ്യാപകമായി 25 ലക്ഷം ഹെക്റ്ററായി ഉയര്‍ന്നു; മധ്യപ്രദേശില്‍ ഇത് 1.5 ലക്ഷം ഹെക്റ്ററായി.

സുഹൃത്തുക്കളേ,

വീഡിയോ സാങ്കേതികവിദ്യയുടെയും നമോ ആപ്പിന്റെയും സഹായത്തോടെ വ്യത്യസ്ഥരായ ആളുകളോട് ഗവണ്മെന്റ് പദ്ധതികളേക്കുറിച്ച് ഞാന്‍ സംസാരിക്കുന്നത് നിങ്ങള്‍ കാണുകതന്നെ വേണം. മൂന്നു ദിവസം മുമ്പും രാജ്യത്തെ കര്‍ഷകരോട് ഞാന്‍ സംസാരിച്ചു. ഈ പരിപാടിയില്‍ ജാബുവയിലെ കര്‍ഷക സഹോദരീ സഹോദരന്മാരോട് സംസാരിക്കാനുള്ള അവസരം എനിക്ക് ലഭിച്ചു. ഘട്ടമായുള്ള ജലസേചനത്തിന്റെ സഹായത്തോടെ തന്റെ ഉരുളക്കിഴങ്ങ് ഉല്‍പ്പാദനം വര്‍ധിച്ചതിനേക്കുറിച്ച് ജാബുവയിലെ കര്‍ഷക സഹോദരിമാരിലൊരാള്‍ എന്നോട് പറഞ്ഞു.

സുഹൃത്തുക്കളേ,

രാജ്യത്തെ ഗ്രാമങ്ങളും കര്‍ഷകരും പുതിയ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. പുതിയ ഒരു ഇന്ത്യയുടെ കുതിപ്പിനൊപ്പം കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. വിത്തു മുതല്‍ വിപണി വരെ കൃഷിയുടെ എല്ലാ വശങ്ങളുടെയും സാധ്യതകളിലേക്കുള്ള ചുവടുവയ്പുകളാണ് നടക്കുന്നത്.

സുഹൃത്തുക്കളേ,

കഴിഞ്ഞ നാലു വര്‍ഷംകൊണ്ട് ഏകദേശം 14 കോടി സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ രാജ്യമെമ്പാടുമായി വിതരണം ചെയ്തതില്‍ ഒരു കോടി 25 ലക്ഷവും മധ്യപ്രദേശിലെ എന്റെ കര്‍ഷക സഹോദരീ സഹോദരന്മാര്‍ക്കാണ്. ഈ കാര്‍ഡുകളുടെ സഹായത്തോടെ തങ്ങളുടെ മണ്ണിന് ആവശ്യമുള്ള വളത്തിന്റെ അളവ് അറിയാന്‍ കര്‍ഷക സഹോദരങ്ങള്‍ക്ക് കഴിയുന്നു. സമാനമായി മധ്യപ്രദേശിലെ 35 ലക്ഷത്തിലധികം കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി ഫസല്‍ ബീമാ യോജനയുടെ നേട്ടങ്ങളും ലഭിക്കുന്നു.

കര്‍ഷകര്‍ക്ക് തങ്ങളുടെ വിളകള്‍ക്ക് ന്യായ വില കിട്ടുന്നതിന് രാജ്യത്തെ മുഴുവന്‍ കാര്‍ഷിക വിപണിയെയും ഇ- നാം എന്ന ഓണ്‍ലൈന്‍ വിപണിയുമായി ബന്ധിപ്പിച്ചിരിക്കുന്നു. മധ്യപ്രദേശില്‍ മാത്രം ഇന്നിപ്പോള്‍ 58 വിപണികള്‍ ഇതുമായി ബന്ധിപ്പിച്ചു. തങ്ങളുടെ ഗ്രാമങ്ങളിലെ പൊതുസേവന കേന്ദ്രങ്ങള്‍ മുഖേനയോ മൊബൈല്‍ ഫോണ്‍ വഴിയോ കര്‍ഷകര്‍ സ്വന്തം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ദിനം വിദൂരമല്ല.

സഹോദരീ സഹോദരന്മാരേ,

ഗ്രാമങ്ങളിലെ പാവപ്പെട്ടവരുടെയും ജീവിത നിലവാരം ഉയര്‍ത്താനുള്ള നടപടികള്‍ ഗവണ്‍മെന്റ് എടുത്തുവരികയാണ്. ജനങ്ങളെ, പ്രത്യേകിച്ചും ദളിത്, ആദിവാസി, പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള അമ്മമാര്‍രെയും സഹോദരിമാരെയും വിഷപ്പുകയില്‍ നിന്നു രക്ഷിക്കാന്‍ ദാക്ഷിണ്യമില്ലാത്ത ശ്രമങ്ങളാണ് നടത്തുന്നത്. ഈ ദിവസം വരെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും നാല് കോടിയിലധികം പാചകവാതക സിലിണ്ടറുകള്‍ അവരുടെ അടുക്കളയിലേക്ക് ലഭിച്ചു. മധ്യ പ്രദേശില്‍ത്തന്നെ ഏകദേശം 40 ലക്ഷം സ്ത്രീകള്‍ക്ക് സൗജന്യ പാചക വാതക കണക്ഷന്‍ നല്‍കി.

സുഹൃത്തുക്കളേ,

കഠിനാധ്വാനത്തിന് ഈ ഗവണ്‍മെന്റ് വലിയ ആദരവാണ് നല്‍കുന്നത്. കേന്ദ്ര ഗവണ്‍മെന്റിന്റെ ഇപ്പോഴത്തെ പരിഗണന പരമാവധി ജോലി നല്‍കാന്‍ കഴിയുന്ന വിധത്തില്‍ സംരംഭകത്വ ശേഷി പ്രോല്‍സാഹിപ്പിക്കുന്നതിനാണ്. എങ്കിലും ചിലര്‍ക്ക് തൊഴിലിനോട് നിഷേധാത്മക മനോഭാവം ഉണ്ട്. ഈ ഗവണ്‍മെന്റ് നടത്തുന്ന ശ്രമങ്ങളുടെ വിജയം എല്ലാവര്‍ക്കും കാണാവുന്നതാണ്.

ഇന്നിപ്പോള്‍ മുദ്രാ യോജനയ്ക്കു കീഴില്‍ ജാമ്യമില്ലാതെ തന്നെ വായ്പ ലഭിക്കാന്‍ ചെറുകിട സംരംഭകര്‍ പ്രാപ്തരാണ്. മധ്യപ്രദേശില്‍ 85 ലക്ഷം പേര്‍ക്ക് ഈ പദ്ധതിയുടെ നേട്ടം ലഭിച്ചു.

സഹോദരീ സഹോദരന്മാരേ,

ഡല്‍ഹിയും ഭോപ്പാലും അനുഭവിക്കുന്ന വികസനത്തിന്റെ ഈ ഇരട്ട എന്‍ജിന്‍ മധ്യപ്രദേശിലാകെ പ്രവര്‍ത്തിക്കുകയാണ്.

മധ്യപ്രദേശിന്റെ മോശം സ്ഥിതി കാരണം അതീവ അപമാനകരമായ ഒരു വാക്ക് ഈ സംസ്ഥാനവുമായി ഒരിക്കല്‍ ചേര്‍ത്തു പറഞ്ഞിരുന്നത് ഞാന്‍ വളരെ വ്യക്തമായി ഓര്‍ക്കുകയാണ്. ‘ബിമാരു’ എന്ന ആ വാക്ക് കേള്‍ക്കാന്‍ ആരും ഇഷ്ടപ്പെടുന്നില്ല. രാജ്യത്തെ ‘രോഗബാധിത’ സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് മധ്യപ്രദേശിനെ ഉള്‍പ്പെടുത്തിയിരുന്നത്. ദീര്‍ഘകാലം ഭരിച്ച കോണ്‍ഗ്രസ് ഒരിക്കലും ഇത് മധ്യപ്രദേശിനെ സംബന്ധിച്ചിടത്തോളം അപമാനകരമാണെന്നു തിരിച്ചറിഞ്ഞിരുന്നില്ല.

സ്വന്തം കാര്യസാധ്യത്തിനും തങ്ങള്‍ക്കു സ്തുതിഗീതം പാടാനും മാത്രമായാണ് അവര്‍ ജനങ്ങളെ ഉപയോഗിച്ചിരുന്നത്. മധ്യപ്രദേശിന്റെ ഭാവിക്ക് അവര്‍ ഒരിക്കലും ഒരുതരം ശ്രദ്ധയും നല്‍കിയില്ല.

ആ സ്ഥിതിയില്‍ നിന്ന് ഭാരതീയ ജനതാ പാര്‍ട്ടി ഗവണ്‍മെന്റ് സംസ്ഥാനത്തെ ഉയര്‍ത്തിയെടുക്കുകയും രാജ്യത്തെ വികസനത്തിന്റെ ഭാഗമാക്കി മാറ്റുകയും ചെയ്തു. ശിവരാജ് ജിയെ നിങ്ങള്‍ ഊ പദവിയിലേക്ക് തെരഞ്ഞെടുത്തെങ്കിലും അദ്ദേഹം ഈ പ്രദേശത്തിന്റെയും അവിടുത്തെ ജനങ്ങളുടെയും ഒരു സേവകനെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്.

വിജയപാതയില്‍ മുന്നേറുന്ന മധ്യപ്രദേശിലെ ജനങ്ങളെയും ഗവണ്‍മെന്റിനെയും ഞാന്‍ അഭിനന്ദിക്കുന്നു.

ഒരിക്കല്‍ക്കൂടി നിങ്ങള്‍ക്കെല്ലാം എന്റെ ആശംസകള്‍. ഇത്രയും ആളുകള്‍ ഇവിടെ എത്തിച്ചേര്‍ന്നതിനു നന്ദി.

കൈകള്‍ നീട്ടി ഉച്ചത്തില്‍ പറയൂ-

ഭാരതമാതാവ് വിജയിക്കട്ടെ!

ഭാരതമാതാവ് വിജയിക്കട്ടെ!

ഭാരതമാതാവ് വിജയിക്കട്ടെ!

വളരെയധികം നന്ദി.