പിഎം ഇന്ത്യ
മറ്റ് പിന്നോ വിഭാഗങ്ങളുടെ ഉപവര്‍ഗ്ഗീകരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിശോധിക്കുന്നതിന് നിയോഗിച്ച കമ്മിഷന്റെ കാലാവധി പന്ത്രണ്ട് ആഴ്ചത്തേക്കുകൂടി നീട്ടി നല്‍കാന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗ ം തീരുമാനിച്ചു. ഇതോടെ കമ്മിഷന്റെ പ്രവര്‍ത്തനം 2018 ഏപ്രില്‍ 2 വരെ നീളും. കാലാവധി നീട്ടി നല്‍കിയത് ബന്ധപ്പെട്ട വിഭാഗങ്ങളുമായി കൂടിക്കാഴ്ച നടത്തി മറ്റു പിന്നോക്ക വിഭാഗങ്ങളുടെ ഉപവര്‍ഗ്ഗീകരണം സംബന്ധിച്ച് സമഗ്രമായ ഒരു റിപ്പോര്‍ട്ട് നല്‍കുന്നതിന് കമ്മിഷന് സഹായകരമാകും. ഭരണഘടനയുടെ മുന്നൂറ്റി നാല്‍പ്പതാം അനുചേ്ഛദത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തോടെ 2017 ഒക്‌ടോബര്‍ 2നാണ് കമ്മിഷനെ നിയമിച്ചത്. ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്ത് 12 ആഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു നിര്‍ദ്ദേശം നല്‍കിയിരുന്നത്.
പശ്ചാത്തലം:
റിട്ടയേര്‍ഡ് ജസ്റ്റീസ് ശ്രീമതി: ജി. രോഹിണി അദ്ധ്യക്ഷയായ കമ്മിഷന്‍ 2017 ഒക്‌ടോബര്‍ 11 നാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇതുവരെ മറ്റുപിന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണം നടപ്പാക്കിയിട്ടുള്ള എല്ലാ സംസ്ഥാന/കേന്ദ്ര ഭരണപ്രദേശങ്ങളുമായും പിന്നോക്ക സമുദായ കമ്മിഷനുകളുമായും ഇവര്‍ കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു. കഴിഞ്ഞ മൂന്നുവര്‍ഷം മറ്റു പിന്നോക്കവിഭാഗങ്ങളില്‍പ്പെട്ട കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയതിന്റെ വിവരങ്ങള്‍ 197 ഉന്നത വിഭ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്നും കഴിഞ്ഞ മൂന്നുവര്‍ഷം മറ്റു പിന്നോക്ക വിഭാഗക്കാരെ ഗവണ്‍മെന്റ് ജോലികളില്‍ നിയമിച്ചതിന്റെ വിവരങ്ങള്‍ ഗവണ്‍മെന്റ് വകുപ്പുകളോടും, പൊതുമേഖലാ ബാങ്കുകളോടും മറ്റ് ധനകാര്യ സ്ഥാപനങ്ങളോടും കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റു പിന്നോക്ക വിഭാഗങ്ങളുടെ കേന്ദ്ര പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള മത/സമുദായങ്ങള്‍ക്ക് ഈ കാലയളവില്‍ ന്യായയുക്തമായി അവര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ വിതരണം ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനാണ് രേഖകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ലഭിക്കുന്ന ബൃഹത്തായ റിപ്പോര്‍ട്ടിനേയും , അത് വിലയിരുത്തി സമഗ്രമായ ഒരു റിപ്പോര്‍ട്ട് തയാറാക്കുന്നതിനുമായി കമ്മിഷന്‍ കാലാവധി പന്ത്രണ്ടാഴ്ചകൂടി നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.