പിഎം ഇന്ത്യ
മഹാനദി ജലതര്‍ക്കത്തിന് പരിഹാരമുണ്ടാക്കാന്‍ ഒഡിഷയുടെ ആവശ്യത്തെ തുടര്‍ന്ന് 1956ലെ അന്തര്‍ സംസ്ഥാന നദീജല തര്‍ക്കപരിഹാര നിയമപ്രകാരം ട്രൈബ്യൂണല്‍ രൂപീകരിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. മഹാനദി ജലതര്‍ക്കം തീര്‍ക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും കേന്ദ്ര മന്ത്രിസഭായോഗം അംഗീകരിച്ചു. നദീതടത്തില്‍ മുഴുവനായി ലഭിക്കുന്ന മൊത്തം വെള്ളത്തിന്റെ അടിസ്ഥാനത്തില്‍ നദീതട സംസ്ഥാനങ്ങള്‍ തമ്മില്‍ വെള്ളം പങ്കുവയ്ക്കുന്നതിനെക്കുറിച്ച് ട്രൈബ്യുണല്‍ തീരുമാനം എടുക്കും. ഓരോ സംസ്ഥാനത്തിന്റെയും സംഭാവന, ഓരോ സംസ്ഥാനത്തിന്റെയും ഇപ്പോഴത്തെ ജലവിഭവ വിനിയോഗം, ഭാവി വികസനത്തിന്റെ ശേഷി എന്നിവയെല്ലാം വിലയിരുത്തും.
1956ലെ അന്തര്‍ സംസ്ഥാന നദീജല തര്‍ക്ക പരിഹാരനിയമപ്രകാരം (ഐ.എസ്.ആര്‍. ഡബ്ല്യു.ഡി) ട്രൈബ്യൂണലില്‍ ഒരു ചെയര്‍മാനും സുപ്രീംകോടതി ജഡ്ജിമാരില്‍ നിന്നോ ഹൈക്കോടതി ജഡ്ജിമാരില്‍ നിന്നോ ഇന്ത്യന്‍ ചീഫ് ജസ്റ്റീസ് നാമനിര്‍ദ്ദേശം ചെയ്യുന്ന രണ്ടു ജഡ്ജിമാരും ഉണ്ടായിരിക്കും. ഇതുകൂടാതെ വളരെ സംവേദനക്ഷമമായ ജലതര്‍ക്കങ്ങള്‍ കൈകാര്യം ചെയ്ത് പരിചയമുള്ള ജലവിഭവ വിദഗ്ധര്‍ കൂടിയായ, മൂല്യനിര്‍ണ്ണയം നടത്തേണ്ട രണ്ട് പേരുടെ സേവനവും ട്രൈബ്യൂണലിന്റെ നടപടികളില്‍ വേണ്ട ഉപദേശം നല്‍കാന്‍ വേണ്ടി ലഭ്യമാക്കും.
1956 ലെ ഐ.എസ്.ആര്‍.ഡബ്ല്യു.ഡി നിയമത്തിലെ വ്യവസ്ഥപ്രകാരം ട്രൈബ്യൂണല്‍ അതിന്റെ റിപ്പോര്‍ട്ടും തീരുമാനവും മൂന്നുവര്‍ഷത്തിനകം സമര്‍പ്പിക്കണം. ഒഴിവാക്കാന്‍ കഴിയാത്ത കാരണങ്ങള്‍ മൂലം കാലാവധി 2 വര്‍ഷത്തില്‍ കൂടുതലല്ലാതെ നീട്ടിക്കൊടുക്കാനുമാകും.
ട്രൈബ്യൂണലിന്റെ തീര്‍പ്പ് വരുന്നതോടെ ഒഡിഷയ്ക്കും ഛത്തീസ്ഗഢിനുമിടയില്‍ മഹാനദിയിലെ ജലത്തിന് വേണ്ടി ദീര്‍ഘകാലമായി നിന്നിരുന്ന തര്‍ക്കത്തിന് അന്തിമ തീര്‍പ്പ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.