Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുംബെയില്‍ നാവികസേനയുടെ അന്തര്‍വാഹിനി ഐഎന്‍എസ് കല്‍വരിയുടെ കമ്മിഷനിങ്ങ് ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

മുംബെയില്‍ നാവികസേനയുടെ അന്തര്‍വാഹിനി ഐഎന്‍എസ് കല്‍വരിയുടെ കമ്മിഷനിങ്ങ് ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

മുംബെയില്‍ നാവികസേനയുടെ അന്തര്‍വാഹിനി ഐഎന്‍എസ് കല്‍വരിയുടെ കമ്മിഷനിങ്ങ് ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

മുംബെയില്‍ നാവികസേനയുടെ അന്തര്‍വാഹിനി ഐഎന്‍എസ് കല്‍വരിയുടെ കമ്മിഷനിങ്ങ് ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം


മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ. വിദ്യാസാഗര്‍ റാവു, പ്രതിരോധ മന്ത്രി ശ്രീമതി. നിര്‍മല സീതാരാമന്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ. ദേവേന്ദ്ര ഫഡ്‌നാവിസ്, പ്രതിരോധ സഹമന്ത്രി ശ്രീ. സുഭാഷ് ഭംറെ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശ്രീ അജിത് ദോവല്‍, ഫ്രഞ്ച് അംബാസിഡര്‍ ശ്രീ. അലക്‌സാണ്ടര്‍ ജിഗ്രാള്‍, ഫ്രാന്‍സില്‍ നിന്നുള്ള അതിഥികളെ, നാവിക സേനാ അധിപന്‍ അഡ്മിറല്‍ സുനില്‍ ലാംബ, വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡ് കമാന്‍ഡിങ്ങ് ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ ഗിരീഷ് ലുത്രാജി, വൈസ് അഡ്മിറല്‍ ഡിഎം ദേശ്പാണ്ഡെജി, മസ്ഗാവണ്‍ ഡോക് ഷിപ്പ്ബില്‍ഡേഴ്‌സ് ലിമിറ്റഡ് ചീഫ് മാനേജിംങ് ജയറക്ടര്‍ ശ്രീ രാകേഷ് ആനന്ദ, ക്യാപ്റ്റന്‍ എസ് ഡി മെഹ്ന്ദല്‍, നാവിക സേനയിലെ മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരെ, സ്ഗാവണ്‍ ഡോക് ഷിപ്പ്ബില്‍ഡേഴ്‌സ് ലിമിറ്റഡിലെ മറ്റ് ഉദ്യോഗസ്ഥരെ, ഈ ചടങ്ങില്‍ സന്നിഹിതരായിരിക്കുന്ന മറ്റ് ബഹുമാന്യ വ്യക്തികളെ,

ഇന്ത്യയിലെ 1.25 ശതലക്ഷം ജനങ്ങളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് അഭിമാനിക്കാവുന്ന, സുപ്രധാന ദിനമാണ് ഇന്ന്. ചരിത്രപരമായ ഈ നേട്ടത്തില്‍ എന്റെ എല്ലാ സഹപ്രവര്‍ത്തകരെയും ഞാന്‍ അഭിനന്ദിക്കുന്നു. ഐഎന്‍എസ് കല്‍വരി എന്ന അന്തര്‍വാഹിനി രാഷ്ട്രത്തിനു സമര്‍പ്പിക്കുന്ന ഈ അവസരം എന്നെ സംബന്ധിച്ചിടത്തോളം വളരെ മംഗളകരമാണ്. ഈ രാജ്യത്തെ ജനങ്ങളുടെ പേരില്‍ ഇന്ത്യന്‍ നാവികസേനയ്ക്ക് ഞാന്‍ സര്‍വ മംഗളങ്ങളും ആശംസിക്കുന്നു. ഏതാണ്ട് രണ്ടു ദശാബ്ദത്തിനു ശേഷമാണ് ഇന്ത്യയ്ക്ക് ഇത്തരം ഒരു അന്തര്‍വാഹിനി ലഭിക്കുന്നത്. കല്‍വരി കൂടി നമ്മുടെ നാവിക വ്യൂഹത്തിനൊപ്പം ചേരുന്നതോടെ നാം പ്രതിരോധ മേഖലയില്‍ വലിയ ഒരു ചുവടു കൂടി മുന്നോട്ട് വയ്ക്കുകയാണ്. ഇതിന്റെ നിര്‍മ്മാണത്തിനായി വിയര്‍പ്പൊഴുക്കിയതും ഊര്‍ജ്ജം ചെലവഴിച്ചതും ഇന്ത്യക്കാരാണ്. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ വലിയ ഉദാഹരണമാണ് ഇത്. കല്‍വരിയുടെ നിര്‍മ്മാണത്തില്‍ പങ്കാളികളായ ഓരോ തൊഴിലാളിയെയും ജീവനക്കാരനെയും ഞാന്‍ ഹൃദയപൂര്‍വം അഭിനന്ദിക്കുന്നു. കല്‍വരിയുടെ നിര്‍മ്മാണത്തില്‍ സഹകരിച്ച ഫ്രാന്‍സിനോടും ഞാന്‍ ഈ അവസരത്തില്‍ നന്ദി പറയുന്നു. ഇന്ത്യയ്ക്കും ഫ്രാന്‍സിനും ഇടയില്‍ അതിവേഗം വളരുന്ന നയതന്ത്ര പങ്കാളിത്തത്തിന്റെ ശ്രേഷ്ടമായ ഉദാഹരണം കൂടിയാണ് ഇത്.

സുഹൃത്തുക്കളെ, ഇന്ത്യന്‍ നാവിക സേന അന്തര്‍വാഹിനി വിഭാഗം സ്വന്തമാക്കിയതിന്റെ സുവര്‍ണ ജൂബിലി വര്‍ഷം കൂടിയാണ് ഇത്.

ഇക്കഴിഞ്ഞയാഴ്ച്ചയാണ് അന്തര്‍വാഹിനി വിഭാഗത്തിന് പ്രസിഡന്റിന്റെ കോളര്‍ പുരസ്‌കാരം സമ്മാനിച്ചത്. കല്‍വരിയുടെ ശേഷി നമ്മുടെ ഇന്ത്യന്‍ നാവിക സേനയ്ക്ക് ഈറ്റപ്പുലിയുടെ ശക്തിയായിരിക്കും നല്‍കുക. സുഹൃത്തുക്കളെ, അതി പുരാതനമാണ് നമ്മുടെ കപ്പല്‍ പടയുടെ പാരമ്പര്യം. ഗുജറാത്തിലെ ലോത്തല്‍ ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള തുറമുഖങ്ങളിലൊന്നാണ്. ലോത്തലില്‍ 84 രാജ്യങ്ങളുമായി വ്യാപാരം നടന്നിരുന്നതായി ചരിത്രകാരന്മാര്‍ പറയുന്നു. ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള നമ്മുടെ ബന്ധങ്ങള്‍ വളര്‍ന്നത് ഈ കടല്‍ തിരകളിലൂടെയാണ്.

വ്യാപാരത്തില്‍ മാത്രമല്ല സംസ്‌കാരത്തിലും ലോകത്തിലെ മറ്റു രാജ്യങ്ങളുമായി ഇന്ത്യന്‍ മഹാ സമുദ്രം നമ്മെ ബന്ധിപ്പിച്ചു, അവര്‍ക്കൊപ്പം നില്‍ക്കാന്‍ നമ്മെ സഹായിച്ചു.

ഇന്ത്യന്‍ മഹാസമുദ്രമാണ് ഇന്ത്യയുടെ ചരിത്രം രചിച്ചത്. ഇപ്പോള്‍ ആധുനിക ഇന്ത്യയ്ക്ക് ശക്തി പകരുന്നതും അതാണ്. മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത സമുദ്ര ശക്തി സൃഷ്ടിക്കുന്ന 7500 കിലോമീറ്റിലധികം തീരമേഖല നമുക്കുണ്ട്. 1300 ചെറു ദ്വീപുകള്‍ ഉണ്ട്. അന്യര്‍ക്കു പ്രവേശനമില്ലാത്ത 25 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ സമുദ്ര സാമ്പത്തിക മേഖലയുണ്ട്. ഇന്ത്യയ്ക്കു മാത്രമല്ല ഭാവിയില്‍ ലോകത്തിനാകമാനം ഇന്ത്യന്‍ മഹാസമുദ്രം അതീവ പ്രാധാന്യമുള്ളതാകും. ലോകത്തിലെ എണ്ണക്കപ്പലുകളില്‍ മൂന്നില്‍ രണ്ടും, മൂന്നില്‍ ഒന്നു ചരക്കു കപ്പലുകളും, പകുതി കണ്ടെയ്‌നര്‍ ഗതാഗതവും കടന്നു പോകുന്നത് ഇതിലൂടെയാണ്. നാലില്‍ മൂന്നു ഗതാഗത കപ്പലുകള്‍ ഇതിലെ കടന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്കു പോകുന്നു. ഇവിടെ ഉയരുന്ന തിരമാലകള്‍ 40 രാജ്യങ്ങളുടെ തീരങ്ങളെയും ലോക ജനസംഖ്യയുടെ 40 ശതമാനത്തെയും ആശ്ലേഷിക്കുന്നു.

സുഹൃത്തുക്കളെ, ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഏഷ്യയുടെ നൂറ്റാണ്ടാണ് എന്നത്രെ പറയുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ വികസനം ഇന്ത്യന്‍ മഹാ സമുദ്രത്തിലൂടെ കടന്നു പോകണം എന്നാണ് നിശ്ചയിക്കപ്പട്ടിരിക്കുന്നത്. അതിനാല്‍ നമ്മുടെ ഗവണ്‍മെന്റ് സ്വീകരിക്കുന്ന നയങ്ങളില്‍ ഒരു പ്രത്യേക സ്ഥാനം ഇന്ത്യന്‍ സമുദ്രത്തിന് ഉണ്ട്. ഈ സമീപനം നമ്മുടെ കാഴ്ച്ചപ്പാടിലും പ്രതിഫലിക്കുന്നു. ഒരു പ്രത്യേക പേര് ഞാന്‍ ഇവിടെ സൂചിപ്പിക്കട്ടെ. ഇംഗ്ലീഷിലെ എസ് എ ജി എ ആര്‍ അഥവ സാഗര്‍. ഇതിന്റെ പൂര്‍ണരൂപം – സെക്യൂരിറ്റി ആന്‍ഡ് ഗ്രോത്ത് ഫോര്‍ ആള്‍ ഇന്‍ ദ റീജ്യണ്‍. അതാണ് സാഗര്‍. ഇന്ത്യന്‍ സമുദ്രത്തിലുള്ള നമ്മുടെ ലക്ഷ്യങ്ങളെ കുറിച്ച് നയതന്ത്ര സാമ്പത്തിക താല്‍പര്യങ്ങളെ കുറിച്ച് നാം പൂര്‍ണ ബോധ്യമുള്ളവരാണ്. അതിനാല്‍ ആധുനികവും വിവിധ മാനങ്ങളുള്ളതുമായ ഇന്ത്യന്‍ നാവിക സേന ഈ മേഖലയിലെ സുസ്ഥിര സമാധാനപാലനത്തിനു നേതൃത്വം നല്‍കി വരുന്നു. ഇന്ത്യയുടെ രാഷ്ട്രിയ സാമ്പത്തിക സാമുദ്രിക പങ്കാളിത്തം വര്‍ധിച്ചു വരികയാണ്. ഈ ലക്ഷ്യം എളുപ്പത്തില്‍ നേടുന്നതിനുള്ള പ്രാദേശിക ചട്ടക്കൂട് നാം ശാക്തീകരിച്ചു വരികയാണ്.

സുഹൃത്തുക്കളെ, സമുദ്രത്തില്‍ നിക്ഷിപ്തമായ അധികാരം രാഷ്ട്ര നിര്‍മ്മാണത്തിനായി നമുക്ക് സാമ്പത്തിക ശക്തി നല്കുന്നു. അതിനാല്‍ ഇന്ത്യ മാത്രമല്ല, ഈ മേഖലയിലെ മറ്റു രാജ്യങ്ങളും നേരിടുന്ന വെല്ലുവിളികളെ വളരെ ഗൗരവമായിട്ടാണ് നാം കാണുന്നത്. കടല്‍ വഴിയുള്ള ഭീകരപ്രവര്‍ത്തനങ്ങളാകട്ടെ, കടല്‍ കൊള്ളയാകട്ടെ, മയക്കുമരുന്നു കടത്താകട്ടെ, ഈ വെല്ലുവിളികളെയെല്ലാം നേരിടുന്നതില്‍ വളരെ പ്രധാന പങ്കാണ് ഇന്ത്യ വഹിക്കുന്നത്. കടലിലാകട്ടെ, കരയിലാകട്ടെ ആകാശത്തിലാകട്ടെ എല്ലാവര്‍ക്കും ഒരുമിച്ചുള്ള വികസനം എന്നതാണ് നമ്മുടെ മുദ്രാവാക്യം.

ലോകത്തെ മുഴുവന്‍ ഒരു കുടുംബമായി സങ്കല്പ്പിക്കുകയും വസുധൈവ കുടുംബകം (ലോകം ഏക കുടുംബം) എന്ന ബോധ്യത്തില്‍ മുന്നോട്ടു പോവുകയും ചെയ്യുമ്പോള്‍ ഇന്ത്യ എപ്പോഴും അതിന്റെ ആഗോള ഉത്തരവാദിത്വങ്ങള്‍ പാലിക്കുന്നുണ്ട്. സുഹൃത് രാജ്യങ്ങളുടെ ഏതു പ്രതിസന്ധിയിലും ആദ്യം പ്രതികരിക്കുന്ന രാജ്യം ഇന്ത്യയാണ്.

ശ്രീലങ്കയില്‍ പ്രളയം ഉണ്ടായപ്പോള്‍ ആദ്യം സഹായഹസ്തവുമായി എത്തിയത് ഇന്ത്യന്‍ നാവിക സേനയാണ്. മാലദ്വീപില്‍ കുടിവെള്ള പ്രതിസന്ധിയുണ്ടായപ്പോള്‍ ഇന്ത്യയില്‍ നിന്ന് കപ്പലുകള്‍ നിറയെ വെള്ളം അവിടെ എത്തിച്ചു. ബംഗ്ലാദേശില്‍ ചുഴലിക്കൊടുങ്കാറ്റ് നാശം വിതച്ചപ്പോള്‍ ഇന്ത്യന്‍ നാവിക സേനയാണ് നിരാലംബരായ ആ രാജ്യത്തെ ജനങ്ങളെ രക്ഷപ്പെടുത്തിയത്. കൊടുങ്കാറ്റിന്റെ ബലിയാടുകളായ മ്യാന്‍മറിലെ ജനങ്ങള്‍ക്ക് ഇന്ത്യന്‍ നാവിക സേന കൃത്യസമയത്ത് സഹായവുമായി എത്തി. ഇതു മാത്രമല്ല യമനില്‍ രാഷ്ട്രിയ പ്രതിസന്ധി ഉണ്ടായപ്പോള്‍ നാലായിരത്തി അഞ്ഞൂറ് ഇന്ത്യക്കാരെയും മറ്റ് 48 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരെയും അവിടെ നിന്നു സുരക്ഷിതരായി മാതൃരാജ്യത്ത് എത്തിച്ചത്. നയതന്ത്രജ്ഞതയിലും സുരക്ഷാ സംവിധാനത്തിലും പുലര്‍ത്തുന്ന ജീവകാരുണ്യ ഘടകമാണ് ഇന്ത്യയുടെ പ്രത്യേകത. അതാണ് നമ്മുടെ വ്യത്യസ്തത. നേപ്പാളിനെ ഭൂകമ്പം ഉലച്ചപ്പോള്‍ എപ്രകാരമാണ് ഇന്ത്യയുടെ കര വ്യോമ സേനകള്‍ അവിടെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് എന്ന് ഞാന്‍ ഓര്‍മ്മിക്കുന്നു. 700 വിമാനങ്ങളിലായി പത്തു ടണ്‍ രക്ഷാ സാമഗ്രികളാണ് നാം അവിടെ എത്തിച്ചത്. ഭൂകമ്പത്തില്‍ എല്ലാം നഷ്ടപ്പെട്ടവരെ മാറ്റി പാര്‍പ്പിക്കാന്‍, നൂറു കണക്കിനു വിദേശ പൗരന്മാരെ രക്ഷപ്പെടുത്താന്‍ നമുക്കു സാധിച്ചു. ലക്ഷ്യം നേടുക എന്നതു മാത്രമാണ് ഇന്ത്യയുടെ മനസ്. അതാണ് നമ്മുടെ പ്രകൃതം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താതെ ഒരിക്കലും ഇന്ത്യക്കു മുന്നോട്ടു പോകാനാവില്ല.

സുഹൃത്തുക്കളെ, ശക്തിയും ശേഷിയുമുള്ള ഇന്ത്യ അതിനുവേണ്ടി മാത്രമല്ല മനുഷ്യസമൂഹത്തിനു മുഴുവനും വേണ്ടിയാണ് പ്രവര്‍ത്തിക്കുക. ഇന്നു നാം ലോകത്തുള്ള വിവിധ രാജ്യങ്ങളുമായി തോളോടു തോള്‍ ചേര്‍ന്നു നിന്നു പ്രവര്‍ത്തിക്കുന്നു. അവരുടെ സൈന്യം നമ്മുടെ സൈന്യവുമായി ചേര്‍ന്ന് അനുഭവങ്ങള്‍ പങ്കു വയ്ക്കുന്നു, അതിലൂടെ ശേഷി വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 50 രാജ്യങ്ങളില്‍ നിന്നുള്ള നാവിക സേനയാണ് അന്താരാഷ്ട്ര കപ്പല്‍പ്പട അവലോകനത്തില്‍ നമുക്കൊപ്പം പങ്കാളികളായത്. ആ സമയത്ത് വിശാഖപട്ടണത്തു കണ്ട കാഴ്ച്ച ആര്‍ക്കും മറക്കാനാവില്ല.

ഈ വര്‍ഷവും ഇന്ത്യന്‍ നാവിക സേന ഇന്ത്യന്‍ സമുദ്രത്തിലെ അതിന്റെ ശക്തിപ്രകടനം വഴി ലോക ശ്രദ്ധ ആകര്‍ഷിക്കുകയുണ്ടായി. ജൂലൈയില്‍ നടന്ന മലബാര്‍ സൈനിക അഭ്യാസ പ്രകടനത്തില്‍ അമേരിക്കയുടെയും ജപ്പാന്റെയും നാവിക സേനയുമായി ചേര്‍ന്ന് ഉജ്വല പ്രകടനമാണ് ഇന്ത്യന്‍ നാവിക സേന നടത്തിയത്.

അതുപോലെ തന്നെ ഓസ്‌ട്രേലിയ, സിംഗപ്പൂര്‍, മ്യാന്‍മര്‍, ജപ്പാന്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളുടെ നാവിക സേനയുമായി ചേര്‍ന്നും ഇന്ത്യന്‍ നാവികര്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തുകയുണ്ടായി. ഇന്ത്യയുടെ കരസേനയും ശ്രീലങ്ക, റഷ്യ, അമേരിക്ക, ബ്രിട്ടണ്‍, ബംഗ്ലാദേശ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളുടെ സൈന്യങ്ങളുമായി സംയുക്ത അഭ്യാസ പ്രകടനങ്ങള്‍ നടത്തി.

സഹോദരീ സഹോദരന്മാരെ, ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്ന ചിത്രം സുസ്ഥിര സമാധാനത്തിന്റെ പാതയില്‍ ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ലോകരാജ്യങ്ങളെല്ലാം തന്നെ കാണിക്കുന്ന താല്‍പര്യവും ആഗ്രഹവുമാണ്.

സുഹൃത്തുക്കളെ, രാജ്യസുരക്ഷ നേരിടുന്ന വെല്ലുവിളിയുടെ സ്വഭാവത്തില്‍ വന്നിരിക്കുന്ന മാറ്റം നമുക്കു ബോധ്യമായിട്ടുണ്ട്. ഈ വെല്ലുവിളികളെ നേരിടാന്‍ പരമാവധി പ്രതിരോധ തയാറെടുപ്പുകള്‍ നാം നടത്തുന്നുണ്ട്. അതിനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. ഇതൊടൊപ്പം സൈനികവും, സാമ്പത്തികവും, സാങ്കേതികവും, അന്താരാഷ്ട്ര ബന്ധങ്ങളിലും പൊതുജന വിശ്വാസം ഉള്‍പ്പെടെയുള്ള എല്ലാ മേഖലകളിലും നമുക്കുള്ള ശക്തി നാം ഊര്‍ജ്ജമായി ഉപയോഗിക്കും. ഇന്നിന്റെ ആവശ്യമാണിത്.

സഹോദരീ സഹോദരന്മാരെ, പ്രതിരോധവും സുരക്ഷയുമായി ബന്ധപ്പെട്ട മേഖലയില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി ഒരു മാറ്റത്തിനു നാം തുടക്കമിട്ടിരിക്കുകയാണ്. നിരവധി പുത്തന്‍ സംരംഭങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഒരു വശത്ത് അവശ്യ വസ്തുക്കളുടെ ലഭ്യതയ്ക്ക് നാം മുന്‍ഗണന നല്‍കുമ്പോള്‍ മറുവശത്ത് അതെ പ്രാധാന്യത്തോടെ രാജ്യത്തിനായി അവശ്യ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നാം മുന്നോട്ടു കൊണ്ടു പോകുന്നു. ലൈസന്‍സ് നല്‍കുന്ന പ്രക്രിയ മുതല്‍ കയറ്റുമതി വരെ, സംവിധാനത്തിലുടനീളം നാം സുതാര്യതയും സന്തുലിതമായ മത്സരവും കൊണ്ടുവന്നിരിക്കുന്നു. വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ നമ്മുടെ ഗവണ്‍മെന്റ് നിരവധി നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ഇപ്പോള്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 49 ശതമാനവും സ്വയം വരികയാണ്. പ്രതിരോധത്തിന്റെ ചില മേഖലകളില്‍ 100 ശതമാനം വിദേശ നിക്ഷേപത്തിനുള്ള അവസരം തുറന്നിട്ടുണ്ട്. പ്രതിരോധ സാമഗ്രികളുടെ സംഭരണത്തില്‍ മെയ്ക്ക് ഇന്‍ ഇന്ത്യയെ

പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ചില കാതലായ മാറ്റങ്ങള്‍ നാം വരുത്തി.

ഇതുവഴി പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.

ഐഎന്‍എസ് കല്‍വരിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഏകദേശം 12 ലക്ഷം മനുഷ്യ പ്രവൃത്തി ദിനങ്ങള്‍ വേണ്ടിവന്നതായി ഞാന്‍ മനസ്സിലാക്കുന്നു. ഇതിന്റെ നിര്‍മ്മാണത്തിലൂടെ ഇന്ത്യന്‍ കമ്പനികളുടെയും വ്യവസായികളുടെയും ചെറുകിട സംരംഭകരുടെയും, എഞ്ചിനീയര്‍മാരുടെയും രാജ്യത്തിനു വേണ്ടിയുള്ള നൈപുണ്യ ശേഖരമാണ് നമുക്കു ലഭിച്ചിരിക്കുന്നത്. ഇവരുടെ ഈ സാമര്‍ത്ഥ്യം നമുക്ക് ഒരു മുതല്‍ക്കൂട്ടാണ്. ഇത് തുടര്‍ന്ന് ഭാവിയിലും നമ്മുടെ രാജ്യത്തിന് ഉപകരിക്കും.

സുഹൃത്തുക്കളെ നാം നമ്മുടെ പ്രതിരോധ കയറ്റുമതി നയത്തില്‍ വന്‍ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ്. ഇന്ത്യന്‍ കമ്പനികള്‍ക്ക് ഇനി പ്രതിരോധ ആവശ്യങ്ങള്‍ക്കുള്ള ഉത്പ്പന്നങ്ങള്‍ നിര്‍മ്മിച്ച് ലോകമെമ്പാടും കയറ്റുമതി ചെയ്യാം. ഇത്തരത്തില്‍ നിര്‍മ്മിക്കാവുന്ന 101 സാമഗ്രികളുടെ പട്ടിക ആയിട്ടുണ്ട്. നമ്മുടെ പ്രതിരോധ വകുപ്പിനും ഇവരില്‍ നിന്ന് ഈ സാമഗ്രികള്‍ വാങ്ങാവുന്നതാണ്. അവ നേരിട്ട് സ്വകാര്യ കമ്പനികളില്‍ നിന്ന് വാങ്ങുന്നതിന് ഓര്‍ഡിനന്‍സ് ഫാക്ടറിയില്‍ നിന്ന് അനുമതിയും വേണ്ട.

പ്രതിരോധ മേഖലയില്‍ രാജ്യത്തെ സ്വയം പര്യാപ്തമാക്കുന്നതിനു വേണ്ടി ഗവണ്‍മെന്റ് ഇന്ത്യയിലെ സ്വകാര്യ മേഖലയുമായി നയതന്ത്ര പങ്കാളിത്ത മാതൃത നടപ്പാക്കുകയാണ്. വിദേശ രാജ്യങ്ങള്‍ ചെയ്യുന്നതു പോലെ ഇന്ത്യയിലെ കമ്പനികളും ഇനി മുതല്‍ പോര്‍വിമാനങ്ങള്‍ മുതല്‍ ഹോലികോപ്റ്ററുകള്‍ വരെയും പാറ്റണ്‍ ടാങ്കുകള്‍ മുതല്‍ അന്തര്‍ വാഹിനികള്‍ വരെയും നമ്മുടെ രാജ്യത്ത് നിര്‍മ്മിക്കട്ടെ. ഭാവിയില്‍ ഇന്ത്യയുടെ പ്രതിരോധ വ്യവസായത്തെ ഈ പങ്കാളികള്‍ കൂടുതല്‍ ശാക്തീകരിക്കും.

പ്രതിരോധവുമായി ബന്ധപ്പെട്ട സാമഗ്രികള്‍ ഇവരില്‍ നിന്നു വാങ്ങുന്നത് ത്വരിതപ്പെടുത്താന്‍ ഗവണ്‍മെന്റ് പല നയ തീരുമാനങ്ങളും സ്വീകരിച്ചു കഴിഞ്ഞു. ഇതിനായി പ്രതിരോധ മന്ത്രാലയത്തിന്റെയും സര്‍വീസസ് ആസ്ഥാനത്തിന്റെയും സാമ്പത്തിക അധികാരം വര്‍ധിപ്പിച്ചിട്ടുണ്ട്. എല്ലാ നടപടികളും ലളിതവും ഫലപ്രദവുമാക്കി. ഇത്തരം പ്രധാന പരിഷ്‌കാരങ്ങള്‍ രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തിന്റെ ശക്തിയും സൈനിക ശേഷിയും കൂടുതല്‍ വര്‍ധിക്കും.

സഹോദരി സഹോദരന്മാരെ, നമ്മുടെ സുരക്ഷാ നയം രാജ്യത്തിനു പുറത്തു മാത്രമല്ല ആഭ്യന്തര സുരക്ഷാ മേഖലയിലും വളരെ അനുകൂലമായ സ്വാധീനമാണ് ചെലുത്തിയിരിക്കുന്നത്. നിങ്ങള്‍ക്കറിയാമല്ലോ ഭീകര പ്രവര്‍ത്തകര്‍ ഇന്ത്യയ്ക്ക് എതിരെ നിഴല്‍ യുദ്ധമാണ് നടത്തി വന്നിരുന്നത്. നമ്മുടെ സൈനികരുടെ ധീരതയും ഗവണ്‍മെന്റിന്റെ നയങ്ങളും മൂലം ജമ്മു കാശ്മീരില്‍ നിന്ന് അത്തരം ഛിദ്രശക്തികളെ തുരത്താന്‍ നമുക്കു സാധിച്ചു. ഈ വര്‍ഷം മാത്രം 200 ഭീകരര്‍ ജമ്മു കാശ്മീരില്‍ കൊല്ലപ്പെട്ടു. അവിടെ കല്ലേറു പോലുള്ള സംഭവങ്ങള്‍ ഇപ്പോള്‍ കുറഞ്ഞു വരികയാണ്.

വടക്കു കിഴക്കു സംസ്ഥാനങ്ങളിലും സ്ഥിതിഗതികള്‍ മെച്ചപ്പെട്ടിട്ടുണ്ട്. നക്‌സല്‍ – മാവോയിസ്റ്റ് അക്രമങ്ങള്‍ കുറഞ്ഞു. വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ നിന്നു കൂടുതല്‍ ആളുകള്‍ വികസനത്തിന്റെ മുഖ്യധാരയിലേയ്ക്കു വന്നു കൊണ്ടിരിക്കുന്നു എന്നാണ് ഇതു സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ സുരക്ഷയ്ക്കായി ജീവന്‍ അര്‍പ്പിച്ച ധീരാത്മാക്കളെ ഈ അവസരത്തില്‍ ഞാന്‍ നന്ദിപൂര്‍വം അനുസ്മരിക്കുന്നു. സംസ്ഥാന പോലീസ് സേന, അര്‍ദ്ധ സൈനികര്‍, നമ്മുടെ സൈന്യം തുടങ്ങി രാജ്യത്തിന്റെ സുരക്ഷയ്ക്കായി വിശ്രമമെന്യേ പ്രവര്‍ത്തിക്കുന്ന എല്ലാ വിഭാഗങ്ങളോടും ഈ രാജ്യത്തെ 1.25 ശതലക്ഷം പൗരന്മാര്‍ കൃതജ്ഞതയുള്ളവരാണ്. ഞാന്‍ അവരെ അഭിനന്ദിക്കുന്നു, അവര്‍ക്കു നന്ദി പറയുന്നു.

സുഹൃത്തുക്കളെ, രാജ്യത്തിന്റെ ശക്തി എന്നു പറയുന്നത്, സുരക്ഷാ സൈനികരുടെ ശക്തിയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. അതിനാല്‍ എപ്പോഴും സൈനികരുടെ ആവശ്യങ്ങള്‍ മുന്നില്‍ കണ്ട് തീരുമാനങ്ങള്‍ സ്വീകരിക്കുകയും അവ കാലതാമസം ഉണ്ടാവാതെ നടപ്പാക്കുക, എപ്പോഴും അവര്‍ക്കൊപ്പം നില്‍ക്കുക ഇതാണ് ഈ ഗവണ്‍മെന്റിന്റെ മുന്‍ഗണയും പ്രകൃതവും. ഇതാണ് ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ എന്ന പ്രശ്‌നത്തിലുള്ള നമ്മുടെ പ്രതിബദ്ധത. പതിറ്റാണ്ടുകളായി തീരുമാനമെടുക്കാതെ അവശേഷിച്ച പ്രശ്‌നമാണിത്. ആ വാഗ്ദാനവും ഇതാ ഈ ഗവണ്‍മെന്റ് പാലിച്ചിരിക്കുന്നു. രാജ്യത്തെ 20 ലക്ഷം വിമുക്ത ഭടന്മാര്‍ക്കായി 11000 കോടി രൂപയാണ് ഇതുവരെ കുടിശിക ഇനത്തില്‍ നല്‍കിയിരിക്കുന്നത്.

സഹോദരീ സഹോദരന്മാരെ, ഈ അവസരത്തില്‍ ഓഷ്യന്‍ റവലൂഷന്‍ മിഷനില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇന്ത്യയുടെ ആറ് ധീര നാവിക ഓഫീസര്‍മാരെ കൂടി ഞാന്‍ അനുസ്മരിക്കുന്നു. അവരെ ആദരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പ്രതിരോധ മന്ത്രി ശ്രീമതി. നിര്‍മ്മലാ സീതാരമനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഇന്ത്യയുടെ വനിതാശക്തിയുടെ സന്ദേശം സ്വീകരിച്ച് നിര്‍ഭയരായി ഈ ആറ് വീര വനിതകളും മുന്നോട്ടു പോകുകയാണ്.

സുഹൃത്തുക്കളെ, കരയിലും കടിലും ആകാശത്തിലും ഇന്ത്യയുടെ അളവറ്റ സാധ്യതകള്‍ സാക്ഷാത്ക്കരിക്കുന്നത് നിങ്ങളാണ്. ഇന്ന് ഐഎന്‍എസ് കല്‍വരിയുടെ പുതിയ പ്രയാണം ഇവിടെ നിന്ന് ആരംഭിക്കുകയാണ്.

സമുദ്ര ദേവത നിനക്കു സുരക്ഷയും കരുത്തും നല്‍കി അനുഗ്രഹിക്കട്ടെ. സമാ നവ വരുണാ. ഇതായിരിക്കട്ടെ നിന്റെ മുദ്രാവാക്യം. ഈ ആശംസയോടെ ഞാന്‍ ഒരിക്കല്‍ കൂടി ശുഭാശംസകളോടെ നിന്നെ അഭിവാദ്യം ചെയ്യുന്നു. സുവര്‍ണ ജൂബിലി വര്‍ഷത്തിലേയ്ക്കു കടക്കുന്ന നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് ഞാന്‍ വാക്കുകള്‍ ഉപസംഹരിക്കുന്നു.

ഭാരത് മാതാ കി ജയ്

(ഭാരത മാതാവ് നീണാള്‍ വാഴട്ടെ)