പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭ, മോഡല്‍ ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ്സ് (റെഗുലേഷന് ഓഫ് എംപ്ലോയ്മെന്റ് ആന്‍ഡ് കണ്ടീഷന്‍സ് ഓഫ് സര്‍വീസ്) ബില്‍, 2016 പരിഗണനയ്ക്കെടുത്തു. ഇനി ആവശ്യമെങ്കില്‍, ഈ ബില്‍ അതേ രൂപത്തിലോ അവരവര്‍ക്കാവശ്യമായ പരിഷ്കാരങ്ങളോടുകൂടിയോ ഉപയോഗപ്പെടുത്തി തങ്ങളുടെ നിയമങ്ങള്‍ പരിഷ്കരിക്കാനായി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നിയമം അയച്ചുകൊടുക്കും. ഇന്റര്‍നെറ്റിലൂടെ പൊതുജനങ്ങളുമായും ഒപ്പം ജീവനക്കാരുടെയും തൊഴിലാളികളുടെയും പ്രതിനിധികളുമായും തൊഴിലുടമാ സംഘടനകളുമായും സംസ്ഥാന ഗവണ്മെന്റുകളുമായും ത്രികക്ഷിചര്ച്ചാ സംവിധാനത്തിലൂടെയും വിശദമായ ചര്‍ച്ചകള്‍ നടത്തിയ ശേഷമാണു ബില്ലിന് അന്തിമരൂപം നല്‍കിയത്.
കരടു ബില്ലിലെ പ്രധാന സവിശേഷതകള്‍ ഇവയാണ്:
ഉല്പാദന യൂണിറ്റുകളിലൊഴികെ പത്തോ അതിലേറെയോ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്കു മാത്രമായിരിക്കും വ്യവസ്ഥകള്‍ ബാധകമാകുക.
സ്ഥാപനങ്ങള്‍ വര്‍ഷത്തില്‍ 365 ദിവസവും നടത്തിക്കൊണ്ടുപോകാനും തുറക്കാനും അടക്കാനുമുള്ള സ്വാതന്ത്ര്യം ബില്‍ അനുവദിക്കുന്നു.
വിശ്രമകേന്ദ്രം, ശൗചാലയം, അന്തസ്സോടെ ജോലി ചെയ്യാനുള്ള സൗകര്യം, ഗതാഗതസംവിധാനം എന്നിവയുണ്ടെങ്കില്‍ സ്ത്രീകള്‍ക്കു രാത്രിഷിഫ്റ്റിലും ജോലി ചെയ്യാനുള്ള അനുമതി.
നിയമനത്തിലും പരിശീലനത്തിലും സ്ഥലംമാറ്റത്തിലും സ്ഥാനക്കയറ്റത്തിലും സ്ത്രീകളോടു വിവേചനമില്ലായ്മ.
ലളിതമായ പൊതു ഓണ്‍ലൈന്‍ റജിസ്ട്രേഷന്.
ജോലിക്കാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാന്‍ തൊഴിലുടമ കൈക്കൊള്ളേണ്ട നടപടികള്‍ സംബന്ധിച്ചു നിയമമുണ്ടാക്കാന്‍ ഗവണ്മെന്റിനുള്ള അധികാരം.
സുരക്ഷിതവും ശുദ്ധവുമായ കുടിവെള്ളം.
സ്ഥലപരിമിതി കൊണ്ടോ മറ്റെന്തെങ്കിലും കാരണത്താലോ ഒരു സ്ഥാപനത്തിനു തനിച്ചു സാധ്യമല്ലെങ്കില്‍ ഒന്നിലേറെ സ്ഥാപനങ്ങള്‍ ചേര്‍ന്നു ശൗചാലയം, ശിശുസംരക്ഷണ കേന്ദ്രം, പ്രഥമശുശ്രൂഷാ സംവിധാനം, കാന്റീന് എന്നിവ സ്ഥാപിക്കല്‍.
ദേശീയ അവധിദിനങ്ങള്‍ എന്നിവയ്ക്കൊപ്പം ശമ്പളത്തോടു കൂടിയ അഞ്ച് ഉല്സവദിന അവധി.
നിത്യം 9 മണിക്കൂറും ആഴ്ചയില്‍ 48 മണിക്കൂറും എന്ന നിബന്ധനയില്‍നിന്ന് വിദഗ്ധ തൊഴിലാളികള്‍(ഉദാ: ഐ.ടി, ബയോടെക്നോളജി, ആര് ആന്‍ഡ് ഡി ഡിവിഷന് എന്നീ മേഖലകളില്‍ ജോലി നോക്കുന്നവര്‍)ക്ക് ഒരു പാദവര്‍ഷത്തില്‍ പരമാവധി 125 മണിക്കൂര്‍ ഓവര്‍ടൈം എന്ന വ്യവസ്ഥയ്ക്കു വിധേയമായി ഇളവ്.
മാതൃകാബില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഉപയോഗപ്പെടുത്താവുന്ന വിധത്തിലുള്ളതും അതുവഴി രാജ്യത്ത് ഏകീകൃത തൊഴില്‍സാഹചര്യം സൃഷ്ടിക്കാന്‍ ഉതകുന്നതും ബിസിനസ് നടത്തുന്നത് എളുപ്പമാക്കുന്നതും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതുമാണ്.