Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാഷ്ട്രം സ്വാതന്ത്ര്യദിനാഘോഷത്തിനായി തയ്യാറെടുക്കുന്നു


നാളെ പ്രധാനമന്ത്രി ചെങ്കോട്ടയില്‍നിന്നു രാഷ്ട്രത്തെ അഭിസംബോധന ചെയ്യും

രാഷ്ട്രം അഭിമാനപൂര്‍വം നാളെ എഴുപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ഓഗസ്റ്റ 15നു രാവിലെ ഏഴരയ്ക്ക് ചെങ്കോട്ടയില്‍നിന്നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്യും. ജനങ്ങളില്‍ ദേശസ്‌നേഹം വളര്‍ത്തുന്നതിനായി സ്വാതന്ത്ര്യദിനത്തിലും തുടര്‍ന്നുള്ള ദിവസങ്ങളിലും നടപ്പാക്കുന്നതിനായുള്ള ഏറെ പരിപാടികളാണ് സ്വാതന്ത്ര്യദിനാഘോഷത്തിനായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുള്ളത്.

മധ്യപ്രദേശില്‍ സ്വാതന്ത്ര്യസമരസേനാനി ചന്ദ്രശേഖര്‍ ആസാദിന്റെ ജന്മസ്ഥലത്ത് തിരംഗ യാത്ര ഓഗസ്റ്റ ഒമ്പതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തിരുന്നു. സമൂഹത്തിന്റെ എല്ലാ ധാരകളില്‍ ഉള്ളവരിലും ദേശസ്‌നേഹം വളര്‍ത്തുകവഴി ത്രിവര്‍ണപതാക വാനില്‍ ഉയര്‍ത്താന്‍ ഉദ്ദേശിച്ചുള്ളതാണീ യാത്ര. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട 150 സ്ഥലങ്ങള്‍ 75 മന്ത്രിമാര്‍ സന്ദര്‍ശിക്കുന്ന പരിപാടി ഉള്‍പ്പെടുത്തപ്പെട്ടിട്ടുള്ള തിരംഗയാത്ര ഓഗസ്റ്റ് 23 വരെ നീളും. ഭടന്മാര്‍ക്കു രാഖി കെട്ടുന്നതിനായി ഏഴു വനിതാ മന്ത്രിമാര്‍ അതിര്‍ത്തിപ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്യും.

ന്യൂഡെല്‍ഹിയിലെ രാജ്പഥ് മൈതാനിയില്‍ സാംസ്‌കാരിക മന്ത്രാലയം ഒരാഴ്ച നീളുന്ന ഭാരത പര്‍വം സംഘടിപ്പിച്ചിട്ടുണ്ട്. ദേശസ്‌നേഹ ബോധം ഉണര്‍ത്താനും രാജ്യത്തിന്റെ മഹത്തായ സംസ്‌കാരത്തെ പ്രോല്‍സാഹിപ്പിക്കാനും വന്‍ ജനപങ്കാളിത്തം ഉറപ്പാക്കാനും ഇതിലൂടെ ഉദ്ദേശിക്കുന്നു. ഓഗസ്റ്റ് 12നു വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പു മന്ത്രി വെങ്കയ്യ നായിഡു, സാംസ്‌കാരിക-വിനോദസഞ്ചാര വകുപ്പു മന്ത്രി മഹേഷ് ശര്‍മ എന്നിവരുടെ സാന്നിധ്യത്തില്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറാണ് രാജ്പഥ് മൈതാനിയില്‍ ഭാരത് പര്‍വ് ഉദ്ഘാടനം ചെയ്തത്. പ്രവേശനം സൗജന്യമാണ്. സൈനിക ബാന്‍ഡുകളുടെ പ്രകടനങ്ങളും 50 സ്റ്റാളുകളോടു കൂടിയ ഭക്ഷ്യോത്സവവും കരകൗശല ഉല്‍പന്ന മേളയും പ്രത്യേക പ്രമേയങ്ങളോടുകൂടിയ 17 പവലിയനുകളും വിവിധ സംസ്ഥാനങ്ങളില്‍നിന്നും സാംസ്‌കാരിക, സാമൂഹ്യ, പ്രാദേശിക സംഘടനകളില്‍നിന്നുമുള്ള സാംസ്‌കാരിക പ്രകടനങ്ങളുമാണ് ഇതിലെ പ്രധാന ആകര്‍ഷകത്വങ്ങള്‍. വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ‘ആസാദി 70 സാല്‍- യാദ് കരോ കുര്‍ബാനി’ എന്ന പേരില്‍ ഫോട്ടോ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യദിനാഘോഷം ജനകീയമാക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അനന്യമായ പല പരിപാടികളും സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റ് 12 മുതല്‍ ‘ഇന്‍ഡിപെന്‍ഡന്‍സ് ഡേ ഫിലിം ഫെസ്റ്റിവല്‍’ എന്ന പേരില്‍ ഒരാഴ്ച നീളുന്ന ചലച്ചിത്രോല്‍സവം സിരി ഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ നടന്നുവരികയാണ്.

സ്വാതേ്രന്ത്യാത്സവത്തിന്റെ പ്രതിപാദനഗാനമായ ‘തിരംഗ യാത്ര’ അന്നു പ്രകാശിതമാകുകയും ചെയ്തു. ദേശസ്‌നേഹഗാനങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നതിനു മുന്നോടിയായി ഇതാദ്യമായി, ദേശഭക്തിഗാനങ്ങള്‍ രചിക്കുകയും അവയ്ക്കു സംഗീതം പകരുകയും ചെയ്ത രവീന്ദ്രനാഥ ടാഗോര്‍, ബങ്കിം ചന്ദ്ര ചാറ്റര്‍ജി, മുഹമ്മദ് ഇക്ബാല്‍, കവി പ്രദീപ്, ഷക്കീല്‍ ബദായുനി, നൗഷാദ്, പീതാംബര്‍ ദാസ്, തെലുങ്കില്‍ 1972ല്‍ ഭാരതമാതക്കു ജെയ് ജേജെലു രചിച്ച ആചാര്യ അത്രേയ പോലെ പ്രാദേശിക ഭാഷകളില്‍ ദേശഭക്തിഗാനങ്ങള്‍ രചിച്ചവര്‍ എന്നിവരുടെ ജീവചരിത്രം പ്രക്ഷേപണം ചെയ്തു. പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ക്കു പുറമെ, പഴയകാല ഫോട്ടോകളും വീഡിയോയും സോഷ്യല്‍ മീഡിയ ലിങ്കുകളും തെരഞ്ഞെടുക്കപ്പെട്ട നേതാക്കളെ കുറിച്ചുള്ള വിവരങ്ങളും ചിത്രങ്ങളും പത്രക്കുറിപ്പുകളും ഫീച്ചറുകളും ഉള്‍പ്പെടുന്ന സ്വാതന്ത്ര്യ ആഘോഷത്തിനായുള്ള വെബ് പേജും ഇദംപ്രഥമമായി ആരംഭിച്ചു. ഗവണ്‍മെന്റ് ആസൂത്രണം ചെയ്ത പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കാന്‍ ട്വിറ്ററും ഫേസ്ബുക്കും പോലുള്ള സാമൂഹ്യ മാധ്യമങ്ങള്‍ വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ട്.

രാജ്യത്തെ പ്രധാന സ്മാരകങ്ങളെല്ലാം ത്രിവര്‍ണനിറത്തില്‍ ദീപാലങ്കൃതമാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യസമരത്തെക്കുറിച്ചു പ്രഭാഷണങ്ങള്‍ നടത്തുന്നതിനായി സ്ഥാപനങ്ങള്‍ പ്രമുഖരെ ക്ഷണിക്കുന്നുണ്ട്. തങ്ങളുടെ നഗരത്തിലോ പട്ടണത്തിലോ ഉള്ള സ്വാതന്ത്ര്യസമര സേനാനികളുടെ ജന്മസ്ഥലങ്ങളോ പ്രതിമകളോ സ്മാരകങ്ങളോ സന്ദര്‍ശിക്കാന്‍ സ്‌കൂള്‍ കുട്ടികളെ പ്രോല്‍സാഹിപ്പിക്കുന്നുമുണ്ട്. 15 ലക്ഷം സ്‌കൂളുകളിലും 40,000 കോളജുകളിലും ഓഗസ്റ്റ് 23നു ചൊവ്വാഴ്ച രാവിലെ 11 മണിക്ക് എല്ലാ വിദ്യാര്‍ഥികളും ചേര്‍ന്നു ദേശീയഗാനം ആലപിക്കും. എല്ലാ സ്‌കൂളുകളിലും കോളജുകളിലും കായിക മല്‍സരങ്ങള്‍ സംഘടിപ്പിക്കും. ഉപന്യാസം, പ്രശ്‌നോത്തരി, സംവാദം, ചായമിടല്‍, ചിത്രംവര, മഹാത്മാ ഗാന്ധിയും സുഭാഷ് ചന്ദ്രബോസും മറ്റു സ്വാതന്ത്ര്യസമര സേനാനികളും ധരിച്ച വേഷങ്ങള്‍ക്കു സമാനമായി വസ്ത്രധാരണം ചെയ്തു ദേശഭക്തിഗാനങ്ങള്‍ ആലപിക്കല്‍ തുടങ്ങിയ മല്‍സരങ്ങള്‍ സംഘടിപ്പിക്കും.

ഓഗസ്റ്റ് 9 മുതല്‍ 15 വരെ കളേഴ്‌സ് ഓഫ് ഇന്‍ഡിപെന്‍ഡന്‍സ് എന്ന പേരില്‍ രാജ്യമൊട്ടാകെ പ്രചരണം നടന്നുവരികയാണ്. ദേശീയ സമരം നടന്ന 70 പട്ടണങ്ങളിലും നഗരങ്ങളിലുമാണ് ഇതു സംഘടിപ്പിക്കുന്നത്. രക്ഷാബന്ധന്‍ ദിവസമായ ഓഗസ്റ്റ് 18ന് ഇതാദ്യമായി വനിതാ മന്ത്രിമാര്‍ അതിര്‍ത്തികളിലെത്തി സൈനികര്‍ക്കു രാഖി കെട്ടും. കേന്ദ്ര വനിതാ മന്ത്രിമാരുടെ സന്ദര്‍ശനത്തിനായി സൈന്യം നിശ്ചയിച്ചിരിക്കുന്നത് പൂര്‍വ കമാന്‍ഡിലെ തെങ്ക, വൈശാഖി, ഉത്തര കമാന്‍ഡിലെ ബാരാമുള്ള, കുപ്‌വാര എന്നീ നാല് അതിര്‍ത്തിപ്രദേശങ്ങളാണ്.

രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീരസൈനികരെ ഓര്‍ക്കാനുള്ള അവസരംകൂടിയാണ് സ്വാതന്ത്ര്യദിനം. ദേശസ്‌നേഹത്തോടുകൂടിയുള്ള ഉല്‍സവലഹരി നിറഞ്ഞ്, ജനപങ്കാളിത്തത്താല്‍ ഇതൊരു ജനകീയോല്‍സവമായി പരിണമിച്ചിട്ടുണ്ട്. ദേശസ്‌നേഹം പ്രോല്‍സാഹിപ്പിക്കുന്നതിലും സമ്പന്നമായ സാംസ്‌കാരിക വൈവിധ്യത്തെ ഉയര്‍ത്തിക്കാട്ടുന്നതിലും ജനപങ്കാളിത്തം വര്‍ധിപ്പിക്കുന്നതിലും ഏറെ മുന്നോട്ടു പോകാനുള്ള അവസരം സ്വാതന്ത്ര്യദിനാഘോഷം ഒരുക്കും.