പിഎം ഇന്ത്യ
റെയില്‍വേ മേഖലയില്‍ ഇന്ത്യയും, ഇന്തോനേഷ്യയും തമ്മില്‍ സാങ്കേതിക സഹകരണം സംബന്ധിച്ച ധാരണാപത്രം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം വിലയിരുത്തി. 2018 മേയ് 29 നാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്. താഴെപ്പറയുന്ന മേഖലകളില്‍ കേന്ദ്രീകൃത സമീപനത്തോടെയുള്ള സഹകരണത്തിന് ധാരണാപത്രം ഒരു ചട്ടക്കൂട് ഒരുക്കും :
1. വിജ്ഞാനം, സാങ്കേതികവിദ്യ, ശേഷി വികസനം ഉള്‍പ്പെടെ സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം എന്നിവയുടെ പരസ്പര വിനിമയം.
2. റെയില്‍വേയിലെ സിഗ്നലിംഗ്, വാര്‍ത്താ വിനിമയ സംവിധാനം എന്നിവയുടെയും, ബോഗികളുടെയും നവീകരണം.
3. റെയില്‍വേയുടെ പ്രവര്‍ത്തനം, മാനേജ്‌മെന്റ്, നിയന്ത്രണം എന്നിവയുടെ നവീകരണം.
4. ചരക്ക് ടെര്‍മിനലുകള്‍, ലോജിസ്റ്റിക്കല്‍ പാര്‍ക്കുകള്‍, പരസ്പര ബന്ധിതമായ ഗതാഗത സംവിധാനങ്ങള്‍ എന്നിവയുടെ വികസനം.
5. വൈദ്യുതി വിതരണ സംവിധാനങ്ങള്‍, ട്രാക്കുകള്‍, പാലങ്ങള്‍, തുരങ്കങ്ങള്‍, വൈദ്യുതീകരണം എന്നിവയുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മ്മാണത്തിനും, പരിപാലനത്തിനുമുള്ള സാങ്കേതികവിദ്യകളുടെ പരസ്പര കൈമാറ്റം.
പശ്ചാത്തലം
കേന്ദ്ര റെയില്‍വേ മന്ത്രാലയം റെയില്‍വേ മേഖലയിലെ സാങ്കേതിക സഹകരണത്തിന് വിവിധ വിദേശ ഗവണ്‍മെന്റുമായും അവിടങ്ങളിലെ റെയില്‍വേകളുമായും ധാരണാപത്രങ്ങള്‍ ഒപ്പുവച്ചിട്ടുണ്ട്. അതിവേഗ ഇടനാഴികള്‍, നിലവിലുള്ള റൂട്ടുകളില്‍ വേഗം വര്‍ദ്ധിപ്പിക്കല്‍, ലോക നിലവാരത്തിലുള്ള സ്റ്റേഷനുകള്‍ വികസിപ്പിക്കല്‍ റെയില്‍വേ അടിസ്ഥാന സൗകര്യ വികസനം മുതലായവയാണ് സഹകരണത്തിനായി വികസിപ്പിച്ചിട്ടുള്ള മേഖലകള്‍.