Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

റെയില്‍ രംഗത്തു സാങ്കേതിക സഹകരണത്തിനായി ഇറ്റലിയിലെ ഫെറോവി ഡെലോ സ്‌റ്റേറ്റോ ഇറ്റാലിയേന്‍ എസ്.പി.എയുമായുള്ള ധാരണാപത്രം സംബന്ധിച്ചു മന്ത്രിസഭ മുമ്പാകെ വിശദീകരിച്ചു


റെയില്‍ രംഗത്തു സാങ്കേതിക സഹകരണത്തിനായി ഇറ്റലിയിലെ ഫെറോവി ഡെലോ സ്‌റ്റേറ്റോ ഇറ്റാലിയേന്‍ എസ്.പി.എയുമായി 2017 ജനുവരി 31ന് ഒപ്പുവെക്കപ്പെട്ട ധാരണാപത്രം സംബന്ധിച്ചു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം മുമ്പാകെ വിശദീകരിക്കപ്പെട്ടു.

സുരക്ഷ, പ്രവര്‍ത്തനക്ഷമത, സുസ്ഥിരത എന്നിവ വര്‍ധിപ്പിക്കുന്നതിനായി റെയില്‍ മേഖലയിലെ ഏറ്റവും നൂതനമായ പരിഷ്‌കാരങ്ങളും അറിവും പങ്കുവെക്കാന്‍ ധാരണാപത്രം ഇന്ത്യന്‍ റെയില്‍വേക്ക് അവസരമൊരുക്കും. വിവരങ്ങളുടെ കൈമാറ്റവും വിദഗ്ധര്‍ പങ്കെടുക്കുന്ന യോഗങ്ങളും സെമിനാറുകളും സാങ്കേതിക വിദഗ്ധരുടെ സന്ദര്‍ശനങ്ങളും സഹകരിച്ചുള്ള പദ്ധതിനടത്തിപ്പും യാഥാര്‍ഥ്യമാക്കാന്‍ ധാരണാപത്രം സഹായിക്കും.

താഴെപ്പറയുന്ന മേഖലകളില്‍ സാങ്കേതികസഹകരണം ഉറപ്പാക്കുന്നതിനു കരാര്‍ വഴിവെക്കും.

എ. തീവണ്ടിഗതാഗതത്തിലെ സുരക്ഷ വര്‍ധിപ്പിക്കാനായി ഇന്ത്യന്‍ റെയില്‍വെയുടെ സുരക്ഷാ പരിശോധനയും നടപടികളും

ബി. സേഫ്റ്റി ഇന്റഗ്രിറ്റി ലെവല്‍ 4(എസ്.ഐ.എല്‍. 4) പ്രകാരം നൂതന സാങ്കേതികവിദ്യ അനുസരിച്ചുള്ള സുരക്ഷിതമായ ഉല്‍പന്നങ്ങളും സംവിധാനവും വിലയിരുത്തലും സാക്ഷ്യപ്പെടുത്തലും
സി. മുന്‍കൂര്‍ സിഗ്നലിങ്, തീവണ്ടി നിയന്ത്രണ സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള മേഖലകളിലുള്ള സുരക്ഷയ്ക്കു മുന്‍ഗണന നല്‍കി പരിശീലനവും മത്സരക്ഷമതയും സൃഷ്ടിക്കല്‍
ഡി. നടത്തിപ്പും തകരാറുകള്‍ കണ്ടെത്തലും സംബന്ധിച്ച ആധുനിക രീതികള്‍.
ഇ. ഇരുഭാഗത്തുള്ളവരും ആവശ്യമെന്നു കണ്ടെത്തുന്ന മറ്റു മേഖലകള്‍.