Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ലഡാക്കിൽ 3,350 കോടിയോളം രൂപയുടെ അഞ്ച് വികസന പദ്ധതികൾ ഒക്ടോബർ 15-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്യും


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ഒക്ടോബർ 15-ന് ഉച്ചയ്ക്ക് 12:30-ഓടെ വീഡിയോ കോൺഫറൻസിംഗിലൂടെ ലഡാക്കിലെ ഏകദേശം 3,350 കോടി രൂപയുടെ അഞ്ച് പ്രധാന വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്യും. ചടങ്ങിൽ അദ്ദേഹം സദസിനെ അഭിസംബോധന ചെയ്യും. ഈ അഞ്ച് പദ്ധതികളും മേഖലയിലെ ഗതാഗത സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും ജലസുരക്ഷ വർദ്ധിപ്പിക്കുന്നതിനും സഹായിക്കും.

ലേയിലെ കുഷോക് ബകുല റിംപോച്ചി വിമാനത്താവളത്തിൽ 640 കോടി രൂപ ചെലവിൽ നിർമ്മിച്ച പുതിയ പാസഞ്ചർ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 23,800 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ ആധുനിക ടെർമിനൽ പ്രതിവർഷം 35 ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ പാകത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഊർജ്ജക്ഷമത വർദ്ധിപ്പിക്കുന്നതിനും കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനുമായി ജിയോതെർമൽ ഊർജ്ജം ഉപയോഗിക്കുന്ന ഈ സൗകര്യം, പാരിസ്ഥിതികമായി ദുർബലമായ ലഡാക്കിലെ സാഹചര്യത്തിൽ സുസ്ഥിരമായ അടിസ്ഥാന സൗകര്യങ്ങളുടെ പ്രാധാന്യം എടുത്തുകാണിക്കുന്നു. ആധുനിക യാത്രാ സൗകര്യങ്ങളും ലഡാക്കിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ ഘടകങ്ങളും സമന്വയിപ്പിക്കുന്ന ഈ ടെർമിനൽ, യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കുകയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായുള്ള വ്യോമഗതാഗത ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും.

ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (BRO) നിർമ്മിച്ച 298 കിലോമീറ്റർ നീളമുള്ള നിമ്മു-പദും-ദാർച്ച റോഡ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. വിദൂരമായ സൻസ്കാർ താഴ്വരയിലൂടെ ലേയിലെ നിമ്മുവിനെയും ഹിമാചൽ പ്രദേശിലെ ദാർച്ചയെയും ബന്ധിപ്പിക്കുന്ന ഈ റോഡ്, ശ്രീനഗർ-ലേ, മനാലി-ലേ ഹൈവേകൾക്ക് പുറമേ ലഡാക്കിലേക്കുള്ള മറ്റൊരു ഗതാഗത പാത കൂടി ഒരുക്കുന്നു. ഉയർന്ന പ്രദേശമായ ഷിങ്കുൻ ലാ പാസ് ഉൾപ്പെടെയുള്ള ദുഷ്കരമായ ഹിമാലയൻ ഭൂപ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ഈ റോഡ് നിർമ്മാണരംഗത്തെ ഒരു സുപ്രധാന നേട്ടമാണ്. സായുധ സേനയുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിലും ലോജിസ്റ്റിക് പിന്തുണ ശക്തിപ്പെടുത്തുന്നതിലും ഇതിന്റെ തന്ത്രപരമായ പ്രാധാന്യം അടങ്ങിയിരിക്കുന്നു. ആരോഗ്യം, വിദ്യാഭ്യാസം, വിപണികൾ, അവശ്യ സേവനങ്ങൾ എന്നിവയിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുന്നതിലൂടെ സൻസ്കാറിലെ താമസക്കാർക്കും ഇത് പ്രയോജനകരമാകും.

ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ലഡാക്കിന്റെ പുനരുപയോഗ ഊർജ്ജ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി, പ്രധാനമന്ത്രി 9 മെഗാവാട്ട് ശേഷിയുള്ള ‘ഹനു’ ചെറുകിട ജലവൈദ്യുത പദ്ധതിയും 66 കെവി ഡബിൾ-സർക്യൂട്ട് ‘ദാഹ്-ഹനു-ഖൽസി’ ട്രാൻസ്മിഷൻ ലൈനും ഉദ്ഘാടനം ചെയ്യും. ഈ പദ്ധതികൾ വൈദ്യുതി വിതരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുകയും ലഡാക്കിന്റെ വൈദ്യുതി ശൃംഖലയുടെ വിശ്വാസ്യത മെച്ചപ്പെടുത്തുകയും ചെയ്യും. മേഖലയിലെ ജലവൈദ്യുത വിഭവങ്ങൾ പ്രയോജനപ്പെടുത്തുന്നതിലേക്കും ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിലേക്കുമുള്ള സുപ്രധാന ചുവടുവെപ്പാണിത്.

ലഡാക്കിന്റെ പുരാതന പുരാവസ്തു പൈതൃകം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്ത്, ലേയിലെ സിന്ധു ഘട്ടിൽ ഇന്ത്യയിലെ ആദ്യത്തെ ‘പെട്രോഗ്ലിഫ് കൺസർവേഷൻ പാർക്ക്’ (ശിലാലിഖിത/ശിലാചിത്ര സംരക്ഷണ പാർക്ക്) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. വന്യജീവി ആലേഖനങ്ങൾ, മനുഷ്യരൂപങ്ങൾ, പ്രതീകാത്മക ചിത്രീകരണങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന നൂറുകണക്കിന് ചരിത്രാതീത ശിലാചിത്ര കേന്ദ്രങ്ങൾ ലഡാക്കിലുണ്ട്; ഇവ ആയിരക്കണക്കിന് വർഷത്തെ മാനവ ചരിത്രത്തെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ നൽകുന്നു. ഈ ശിലാചിത്രങ്ങൾ മേഖലയുടെ സാംസ്കാരികവും നാഗരികവുമായ ഭൂതകാലത്തിന്റെ പകരം വെക്കാത്ത രേഖകളാണ്. ദുർബലമായ ഇത്തരം പുരാവസ്തു അവശിഷ്ടങ്ങൾ സംരക്ഷിക്കുന്നതിനും പൊതുജന അവബോധം വളർത്തുന്നതിനും ഉത്തരവാദിത്തമുള്ള പൈതൃക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു സവിശേഷ ഇടം ഈ കൺസർവേഷൻ പാർക്ക് ഒരുക്കും.

‘മിഷൻ അമൃത് സരോവറി’ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി, ജലസംരക്ഷണത്തിലൂടെ ലഡാക്കിന്റെ സവിശേഷമായ ഭൂമിശാസ്ത്രപരവും കാലാവസ്ഥാപരവുമായ വെല്ലുവിളികളെ നേരിടാൻ ലക്ഷ്യമിട്ടുള്ള ‘പ്രോജക്റ്റ് ഹിം സരോവറി’ന് കീഴിൽ 40 ഗ്രാമങ്ങളിലായി വികസിപ്പിച്ച 40 ജലസംഭരണികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ലഡാക്കിലെ കൃഷി ജലലഭ്യതയും ആവശ്യകതയും തമ്മിലുള്ള കാലാനുസൃതമായ അസന്തുലിതാവസ്ഥ നേരിടുന്നുണ്ട്. മഞ്ഞും ഹിമാനികളും ഉരുകിയൊലിക്കുമ്പോൾ ധാരാളം ജലം ലഭ്യമാകാറുണ്ടെങ്കിലും, വിതയ്ക്കുന്നതിനുള്ള നിർണായക സമയത്ത് കർഷകർ പലപ്പോഴും ജലക്ഷാമം നേരിടുന്നു. ലഭ്യമാകുമ്പോൾ ജലം സംരക്ഷിക്കുകയും ആവശ്യമുള്ളപ്പോൾ അത് ലഭ്യമാണെന്ന് ഉറപ്പാക്കുകയും ചെയ്തുകൊണ്ട് ഈ വെല്ലുവിളിയെ നേരിടാനാണ് ‘പ്രോജക്റ്റ് ഹിം സരോവർ’ ശ്രമിക്കുന്നത്; ഇതിലൂടെ ജലസേചനത്തെ സഹായിക്കാനും കാർഷിക ഉപജീവനമാർഗ്ഗങ്ങൾ നിലനിർത്താനും മേഖലയിലെ ദീർഘകാല ജലസുരക്ഷ ശക്തിപ്പെടുത്താനും  സാധിക്കും.

***

SK