Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ലോക ജൈവ ഇന്ധന ദിനം -2018 ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ലോക ജൈവ ഇന്ധന ദിനം -2018 ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ലോക ജൈവ ഇന്ധന ദിനം -2018 ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ലോക ജൈവ ഇന്ധന ദിനം -2018 ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗം


ഇവിടെ സന്നിഹിതരായിരിക്കുന്ന സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള മഹതികളേ, മാന്യരേ, സുഹൃത്തുക്കളേ,

വിശുദ്ധിയുടെയും ദൃഢനിശ്ചയത്തിന്റെയും അന്തരീക്ഷമുള്ള മാസമാണ് ഓഗസ്റ്റ്. വിപ്ലവത്തിന്റെയും രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത സ്വാതന്ത്ര്യ പോരാളികളുടെയും സ്മരണ നിലനിര്‍ത്തുന്ന മാസം. സ്വാതന്ത്ര്യ ദിനാഘോഷം മാത്രമല്ല നമ്മുടെ സാംസ്‌കാരിക ജീവിതത്തെ സമ്പന്നമാക്കുന്ന മറ്റ് ഉല്‍സവങ്ങളെക്കൂടി ഈ മാസം അടയാളപ്പെടുത്തുന്നു. കൈയ്യെത്തും ദൂരെ നില്‍ക്കുന്ന ഉല്‍സവങ്ങള്‍ക്ക് നിങ്ങള്‍ക്കെല്ലാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍.
പരിസ്ഥിതി സംരക്ഷണം നമ്മുടെ പാരമ്പര്യത്തിലും സംസ്‌കാരത്തിലും ഉല്‍സവങ്ങളിലും ഉന്നത സ്ഥാനം നേടിയിരിക്കുന്നു. ഇന്നത്തെ പരിപാടിയും പരിസ്ഥിതിയുമായും ആധുനിക പാരമ്പര്യവുമായും ബന്ധപ്പെട്ടതാണ്. നിങ്ങള്‍ക്കെല്ലാം ജൈവ ഇന്ധന ദിന ആശംസകള്‍. 

സുഹൃത്തുക്കളേ,

125 കോടി ഇന്ത്യക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് ഗവണ്‍മെന്റ് വിട്ടുവീഴ്ചയില്ലാത്ത യത്‌നങ്ങള്‍ നടത്തുകയും അതിനു വേണ്ടി എണ്ണമറ്റ പദ്ധതികള്‍ രൂപവല്‍ക്കരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഗ്രാമീണ സമ്പദ്ഘടന ശക്തിപ്പെടുത്തല്‍, കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കല്‍, പെട്രോളിനും ഡീസലിനും പാചകവാതകത്തിനും പകരം ഇന്ധനം ലഭ്യമാക്കല്‍, പരിസ്ഥിതി സുരക്ഷിതമാക്കുക എന്നിവയാണ് ഗവണ്‍മെന്റിന്റെ ചില മുന്‍ഗണനകള്‍. ഈ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ ജൈവ ഇന്ധനത്തിനു നിര്‍ണായക പങ്ക് വഹിക്കാനുണ്ട്. നമ്മുടെ പരിസ്ഥിതിക്കും സാമ്പത്തിക വികസനത്തിനും ഇടയില്‍ സന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതിനുള്ള കരുത്ത് ജൈവ ഇന്ധനത്തിനുണ്ട്.

സുഹൃത്തുക്കളേ,

ജൈവ ഇന്ധനം കേവലം ശാസ്ത്രമല്ല, ഇന്ത്യക്കു മാത്രമല്ല ലോകത്തിനാകെയും പുതിയ ഊര്‍ജ്ജം പ്രദാനം ചെയ്യുന്ന മന്ത്രമാണ്. ധാന്യങ്ങളില്‍ നിന്നും ധാന്യ സത്തില്‍ നിന്നും ചപ്പുചവറുകളില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന ഇന്ധനമാണ് ജൈവ ഇന്ധനം. അത് ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും ജനങ്ങളുടെ ജീവിത നിലവാരം പരിവര്‍ത്തിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യാന്‍ പോവുകയാണ്. സിനിമയില്‍ പുനരാവിഷ്‌കരിച്ച ഒരു പഴഞ്ചൊല്ല് ഇന്നു കാണിക്കുകയുണ്ടായി - ഒരു വസ്തുവിനെ ഇരട്ടി ഉപയോഗിക്കുക, അല്ലെങ്കില്‍ സമ്പൂര്‍ണമായി ഉപയോഗിക്കുക എന്ന് അര്‍ത്ഥം വരുന്നതാണ് അത്. അത് വളരെ പഴയ ഒരു ചൊല്ലാണ്. ഒരുവിധത്തില്‍ അതൊരു ആധുനിക പ്രയോഗമാണ്. 

ജൈവ ഇന്ധനത്തിന്റെ വര്‍ദ്ധിച്ച ഉപയോഗം കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനും പുതിയ തൊഴിലവസരങ്ങള്‍ തുറക്കാനും രാജ്യത്തിന്റെ സമ്പത്ത് സംരക്ഷിക്കാനും പരിസ്ഥിതിക്ക് ഇണങ്ങിയതാണെന്നു തെളിയിക്കാനും സഹായകമാകും. 

നമ്മുടെ ശുചിത്വ പാതയുടെയെയും ഗ്രാമങ്ങളുടെയും പാവപ്പെട്ട കര്‍ഷകരുടെയും ആരോഗ്യ, ശാക്തീകരണത്തെയും കരുത്തുറ്റതാക്കുന്ന മഹത്തായ ദര്‍ശനത്തിന്റെ ഭാഗമാണിത്. കൂടാതെ ഇത് നഗര വികസനത്തിന്റെ ആധുനിക മാതൃകയുമായും ബന്ധപ്പെട്ടിരിക്കുന്നു. ജൈവ ഇന്ധനവും ഹരിതവല്‍ക്കരണവും മറ്റും നമ്മുടെ നഗരങ്ങളിലെ വായു മലിനീകരണം കുറയ്ക്കുന്നതില്‍ വളരെ വലിയ സഹായമാണു ചെയ്യുന്നത്.

സുഹൃത്തുക്കളേ,

കര്‍ഷക സഹോദരീ സഹോദരന്മാര്‍ ഇന്നിവിടെ വലിയ തോതില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. വിജ്ഞാന്‍ ഭവനില്‍ത്തന്നെയുള്ള കര്‍ഷക സാന്നിധ്യം ശക്തമായ സന്ദേശമാണ്. നമ്മുടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധതരത്തിലുള്ള മഴ രീതികളാണുള്ളത്. ചില പ്രദേശങ്ങളില്‍ മഴയെത്തുടര്‍ന്ന് പ്രളയമായി. മറ്റു ചിലയിടങ്ങള്‍ മഴ കാത്തു നില്‍ക്കുന്നു. നാം ആ വാര്‍ത്തകള്‍ സ്ഥിരമായി ശ്രദ്ധിക്കുകയാണ്. ഒരിടത്ത് മതിയായ മഴ ലഭിക്കുന്നതില്‍ നാം ആഹ്ലാദിക്കുന്നു, മറ്റൊരു മേഖലയില്‍ അതേ മഴ പ്രശ്‌നമായി മാറുന്നു.

ഇത് നമ്മുടെ കര്‍ഷക സഹോദരീ സഹോദരന്മാര്‍ക്ക് കൂടുതല്‍ പ്രധാനപ്പെട്ടതാണ്. നെല്ലും മറ്റ് ഖാരിഫ് വിളകളും രാജ്യത്തിന്റെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും കൊയ്തു കഴിഞ്ഞിട്ടുണ്ടാകും എന്ന് ഞാന്‍ വിശ്വസിക്കുന്നു. പതിനാല് ഖാരിഫ് വിളകള്‍ക്ക് ഗവണ്‍മെന്റ് അവയുടെ ചെലവിന്റെ ഒന്നര ഇരട്ടി താങ്ങുവില നടപ്പാക്കി എന്ന വസ്തുതയെക്കുറിച്ച് നിങ്ങള്‍ക്ക് അറിവുള്ളതാണല്ലോ. കൃഷിയേക്കുറിച്ചു പറയുമ്പോഴെല്ലാം നാം എം എസ് സ്വാമിനാഥന്‍ ജിയേക്കുറിച്ച് പറയാന്‍ ശ്രദ്ധിക്കാറുണ്ട്. കാര്‍ഷിക മേഖലയിലെ പരിവര്‍ത്തനത്തെക്കുറിച്ചും ഗവണ്‍മെന്റ് കൈക്കൊണ്ട ശ്രമങ്ങളെക്കുറിച്ചും ഗവണ്‍മെന്റിന്റെ നയങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്ന ഒരു ലേഖനം രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കു മുമ്പ് അദ്ദേഹം എഴുതി. അദ്ദേഹം ആധികാരികമായി പറയാന്‍ കഴിയുന്ന ആളാണ്. കര്‍ഷകരുമായി ബന്ധപ്പെട്ട ഗവണ്‍മെന്റ് ആസൂത്രണങ്ങളെയും പദ്ധതികളെയും നയങ്ങളെയും വിശദമായി പ്രതിപാദിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. 
ഖാരിഫ് വിളകള്‍ക്കൊപ്പം കരിമ്പിനും താങ്ങുവില നടപ്പാക്കുന്നതും അതുകൊണ്ട് കൃഷിച്ചെലവിനേക്കാള്‍ 80% അധികം ലാഭം കര്‍ഷകര്‍ക്ക് ലഭിച്ചതും ഉള്‍പ്പെടെ സിനിമയില്‍ നിങ്ങള്‍ നിങ്ങളെത്തന്നെയും കണ്ടു. ഈ സീസണില്‍ കരിമ്പിന്റെ താങ്ങുവില ക്വിന്റലിന് 20 രൂപയില്‍ നിന്ന് 275 രൂപയിലേക്ക് ഉയര്‍ന്നു. ഈ വര്‍ധന കര്‍ഷകര്‍ക്ക് വലിയ നേട്ടമാണുണ്ടാക്കിയത്. ഇതിനു പുറമെ, കരിമ്പില്‍ നിന്ന് എഥനോള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനു സഹായിക്കാനുള്ള ഗവണ്‍മെന്റ് യത്‌നവും കര്‍ഷകര്‍ക്ക് ഗുണകരമായി മാറും. 

സുഹൃത്തുക്കളേ,

അടല്‍ ബിഹാരി വാജ്‌പേയിജിയുടെ ഭരണകാലത്താണ് കരിമ്പില്‍ നിന്ന് എഥനോള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ആശയം ഉണ്ടായത്. എങ്കിലും മുന്‍ ദശകങ്ങളിലെ ഗവണ്‍മെന്റുകളെപ്പോലെ പദ്ധതികള്‍ ഇഴഞ്ഞു നീങ്ങി. ഈ ശ്രമം ഗൗരവത്തിലെടുത്തില്ല. 2014ല്‍ ഭാരതീയ ജനതാ പാര്‍ട്ടി വീണ്ടും എന്‍ഡിഎ ഗവണ്‍മെന്റ് രൂപീകരിച്ചപ്പോള്‍ കൃത്യമായ ഒരു രൂപരേഖ ഉണ്ടാക്കി. എഥനോള്‍ മിശ്രണ പരിപാടി ആരംഭിച്ചു. ഇന്നിപ്പോള്‍ 25 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഈ പദ്ധതികള്‍ സുഗമമായി നടക്കുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ എഥനോള്‍ ഉല്‍പ്പാദനം ചരിത്രം സൃഷ്ടിക്കുകയും അടുത്ത നാലു വര്‍ഷംകൊണ്ട് ഏകദേശം 450 കോടി ലിറ്റര്‍ എഥനോള്‍ ഉല്‍പ്പാദിപ്പിക്കാവുന്ന നിലയിലേക്ക് രാജ്യം നീങ്ങുകയുമാണ്.

സുഹൃത്തുക്കളേ,

എഥനോള്‍ കര്‍ഷകരെ സഹായിക്കുക മാത്രമല്ല രാജ്യത്തിന്റെ സമ്പത്ത് സംരക്ഷിക്കുകയും ചെയ്യും. കഴിഞ്ഞ വര്‍ഷം എഥനോള്‍ മിശ്രിത പെട്രോളിലൂടെ വിദേശ വിനിമയത്തില്‍ 4000 കോടി രൂപ ലാഭമാണുണ്ടായത്; അതാകട്ടെ നാം ഇറക്കുമതിക്ക് ചെലവഴിച്ചിരുന്നതുമാണ്.
അടുത്ത നാലു വര്‍ഷംകൊണ്ട് ഈ ലാഭം 12000 കോടി രൂപയാക്കണം എന്നാണ് ഗവണ്‍മെന്റിന്റെ ലക്ഷ്യം. അതിലുമധികമായി, അടുത്ത നാലു വര്‍ഷംകൊണ്ട് കരിമ്പില്‍ നിന്നു എഥനോള്‍ ഉല്‍പ്പാദിപ്പിക്കുന്നതിലൂടെ 20000 കോടി രൂപ നേടാനുമാകും. ഈ ലാഭത്തിലൂടെയും കരിമ്പിനൊരു മാറ്റം സംഭവിക്കുന്നതിലൂടെയും കരിമ്പ് കര്‍ഷകരുടെ തുടര്‍ച്ചയായ പ്രശ്‌നങ്ങള്‍ക്ക് ഒരു സ്ഥിര പരിഹാരം ഉറപ്പാകും. എഥനോള്‍ പണം ലാഭിക്കുന്നു. പുറമേ, പെട്രോള്‍ ഉല്‍പ്പാദിപ്പിക്കുന്ന വിഷവായു അത് കുറയ്ക്കുകയും ചെയ്യുന്നു.

സുഹൃത്തുക്കളേ,

ജൈവ ഇന്ധനവുമായി ബന്ധപ്പെട്ട ലക്ഷ്യം നിശ്ചയിക്കപ്പെട്ടു കഴിഞ്ഞു. ഇതിനര്‍ത്ഥം അതൊരു അനായാസ കാര്യമാണ് എന്നല്ല. ലക്ഷ്യം നേടുന്നതിന് ശക്തമായ നയങ്ങള്‍, നിയമങ്ങള്‍, തന്ത്രങ്ങള്‍ എന്നിവ തയ്യാറാക്കുകയും ചുമതലയും ഉത്തരവാദിത്തവും നിര്‍ണയിക്കുകയും സ്ഥിരമായ മേല്‍നോട്ടം നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. എഥനോള്‍ ഉള്‍പ്പെടെ ജൈവ ഇന്ധനത്തിന്റെ എല്ലാ രൂപങ്ങളും വികസിപ്പിക്കുന്നതിന് ഗവണ്‍മെന്റ് ഒരു ദേശീയ നയം രൂപപ്പെടുത്തി. എഥനോള്‍ മിശ്രിത പെട്രോള്‍ ശേഷി 2022 ആകുമ്പോഴേയ്ക്കും 10 ശതമാനത്തിലെങ്കിലും എത്തിക്കാനും 2030ല്‍ അത് കുറഞ്ഞത് 20 ശതമാനമാക്കുന്നതിനുമാണ് ഗവണ്‍മെന്റ് ശ്രമിക്കുന്നത്. 

ജൈവ ഇന്ധനം കരിമ്പു കര്‍ഷകര്‍ക്കു മാത്രമല്ല രാജ്യത്തെ മറ്റ് കര്‍ഷകര്‍ക്കും മെച്ചമുണ്ടാക്കും. പ്രത്യേകിച്ചും മോശം കാലാവസ്ഥയും സംഭരണ സൗകര്യങ്ങളുടെ കുറവും കാരണം നശിക്കുന്ന നമ്മുടെ വിളവെടുപ്പുല്‍പ്പന്നങ്ങളായ ഗോതമ്പ്, അരി, ചോളം, കിഴങ്ങുകള്‍, പച്ചക്കറികള്‍ എന്നിവയ്ക്ക്. സ്വാഭാവികമായും കര്‍ഷകര്‍ ഈ കേടുവന്ന ധാന്യങ്ങള്‍ കളയേണ്ടി വരും. അങ്ങനെ കളയേണ്ടി വരുന്നത് എഥനോള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനു വിനിയോഗിക്കുകയെങ്കിലും ചെയ്യാനാണ് നാം തീരുമാനിച്ചിരിക്കുന്നത്. 

കര്‍ഷകര്‍ക്കു മുമ്പില്‍ മറ്റൊരു പ്രശ്‌നമുണ്ട്. പലപ്പോഴും കാലാവസ്ഥാ മാറ്റങ്ങളുമായി ബന്ധപ്പെട്ട കാരണങ്ങള്‍കൊണ്ട് നിശ്ചിത നിലവാരമില്ലാത്തതായിപ്പോകുന്ന സ്വന്തം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ കര്‍ഷകര്‍ക്ക് കഴിയാതെ വരുന്നു. അത്തരം ധാന്യങ്ങള്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ തയ്യാറാകില്ല. കടക്കാര്‍ അത് വാങ്ങി സംഭരിക്കുകയുമില്ല. ഈ വിധത്തില്‍ മോശം കാലാവസ്ഥ കര്‍ഷകരെ കുഴപ്പത്തിലാക്കുന്നു. അങ്ങനെ വരുമ്പോള്‍ നിര്‍ദിഷ്ട അളവില്ലാത്തതോ പൊട്ടിയതോ നിറം മാറ്റം സംഭവിച്ചതോ തുടങ്ങി നേരിട്ടുള്ള ഉപയോഗത്തിനു പറ്റാത്ത ഉല്‍പ്പന്നങ്ങളില്‍ നിന്ന് എഥനോള്‍ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കും. നാം വ്യവസ്ഥാപിതമായ ഒരു നയമുണ്ടാക്കിയതോടെ, എന്നെ വിശ്വസിക്കൂ, കര്‍ഷകര്‍ ഉല്‍പ്പാദിപ്പിച്ച ഒരൊറ്റ ധാന്യമണി പോലും പാഴായിപ്പോകില്ല. കര്‍ഷകര്‍ക്കുണ്ടാകുന്ന നേട്ടത്തിന്റെ ശക്തി എത്ര വലുതായിരിക്കും എന്ന് നിങ്ങള്‍ക്ക് സങ്കല്‍പ്പിച്ചു നോക്കാം. 

സുഹൃത്തുക്കളേ,

ഗാര്‍ഹിക പാഴ് വസ്തുക്കള്‍ മാത്രമല്ല ഫാമുകളിലെ കാലികളില്‍ നിന്നുള്ള മാലിന്യവും എങ്ങനെ ഇന്ധനമായി പരിവര്‍ത്തിപ്പിക്കാനാകും എന്നതു സംബന്ധിച്ച് ദേശീയ നയത്തിനു കീഴില്‍ ദേശീയ തലത്തിലൊരു പദ്ധതി രൂപീകരിക്കും. വീടുകളില്‍ നിന്നും ഫാമുകളില്‍ നിന്നും പഴത്തൊലി സമാഹരിച്ച് അതുപോലും സമീപ ഭാവിയില്‍ ഉപയോഗയോഗ്യമായ ഇന്ധനമാക്കി മാറ്റും. 

ഇതിനു പുറമേ, പുല്ലില്‍ നിന്നും മുളയില്‍ നിന്നും എഥനോള്‍ ഉല്‍പ്പാദിപ്പിക്കും. വടക്കു കിഴക്കന്‍ മേഖലയിലും ആദിവാസി മേഖലകളിലും മുള നന്നായി വളരുന്നുണ്ട്. ഈ സാഹചര്യം അവിടുത്തെ സമ്പദ്ഘടനയ്ക്കും മുള കര്‍ഷകര്‍ക്കും പ്രധാനപ്പെട്ട നേട്ടമായി മാറും.

സുഹൃത്തുക്കളേ,

ധാന്യങ്ങളുടെ അവശിഷ്ടങ്ങള്‍ കര്‍ഷകര്‍ക്ക് വലിയ ഒരു പ്രശ്‌നമാണ്. മൂല്യവത്തായ പ്രകൃതി വിഭവമായ ഈ അവശിഷ്ടങ്ങളെക്കുറിച്ച് ശരിയായ അറിവില്ലാത്തതുകൊണ്ട് ഈ ഔഷധം നാം കത്തിച്ചുകളയുകയാണ് ചെയ്യുന്നത്. ഭൂമിയെ പരിപോഷിപ്പിക്കുന്ന മൂല്യവത്തായ ഔഷധമാണെങ്കിലും നമ്മുടെ കണ്‍മുന്നില്‍, സ്വന്തം കൈകളാല്‍ കത്തിച്ചു കളയുന്നു. പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ക്ക് ഇതൊരു സ്ഥിരം പ്രതിഭാസമാണ് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഇത് ഗൗരവതരമായ ഒരു വെല്ലുവിളിയാണ്. 
ധാന്യ അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് മണ്ണിന്റെ ഫലപുഷ്ടിയെ ബാധിക്കുകയും പുക അന്തരീക്ഷത്തിന്റെ നിലവാരത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുമെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഞാന്‍ കര്‍ഷക സഹോദരങ്ങളോട് പറയാറുണ്ട്. ഏതായാലും ധാന്യ അവശിഷ്ടങ്ങളില്‍ നിന്നും എഥനോള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള സാധ്യത തേടല്‍ വന്‍തോതില്‍ നടന്നുവരികയാണ്. ഇതിനര്‍ത്ഥം, ധാന്യ അവശിഷ്ടങ്ങളും ഒരു വരുമാനമായി മാറും എന്നാണ്. അത് വായു മലിനീകരണം കുറയ്ക്കുക മാത്രമല്ല കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനും സഹായിക്കും. 

സുഹൃത്തുക്കളേ,

ജൈവ അവശിഷ്ടങ്ങളെ ജൈവ ഇന്ധനമാക്കി മാറ്റുന്നതിന് ഗവണ്‍മെന്റ് വന്‍തോതിലാണ് പണം ചെലവഴിക്കുന്നത്. പതിനായിരം കോടി രൂപ ചെലവില്‍ രാജ്യവ്യാപകമായ പന്ത്രണ്ട് ആധുനിക സംസ്‌കരണ ശാലകള്‍ സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്. ഒരു സംസ്‌കരണ ശാലയില്‍ ഏകദേശം 1000 മുതല്‍ 1500 വരെ പേര്‍ക്ക് തൊഴില്‍ ലഭിക്കും. അതായത് ഒന്നര ലക്ഷം പേര്‍ക്ക് ഇതുവഴി തൊഴില്‍ ലഭിക്കും. ഇതിനു പുറമേ, പശുവിന്റെ ചാണകത്തില്‍ നിന്ന് ഇന്ധനമുണ്ടാക്കാനുള്ള പദ്ധതി അതിവേഗം പുരോഗമിക്കുകയാണ്. 

കഴിഞ്ഞ ബഡ്ജറ്റില്‍ നാം നടപ്പാക്കിയ 'ഗോവര്‍ധന്‍ യോജന' നിങ്ങള്‍ നിര്‍ബന്ധമായും കാണണം. ഗോവര്‍ധന്‍ യോജനയ്ക്കു കീഴില്‍ രാജ്യവ്യാപകമായി എല്ലാ ജില്ലകളിലും ഒരു ജൈവ ഇന്ധന പ്ലാന്റ് സ്ഥാപിക്കും. നിലവില്‍ 700 പ്ലാന്റുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. അവ ഭാവിയില്‍ വ്യാപിപ്പിക്കും. എല്ലാ കര്‍ഷകരും സ്വാശ്രയ സംഘങ്ങളും ഇതുമായി സഹകരിക്കണം.

സുഹൃത്തുക്കളേ,

ഗോവര്‍ധന്‍, വന്‍ ധന്‍, ജന്‍ ധന്‍ എന്നിവ പോലുള്ള പദ്ധതികളുടെ സഹായത്തോടെ പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും ആദിവാസികള്‍ക്കും  വരുമാനത്തിനുള്ള പുതിയ സാധ്യതകള്‍ ഉണ്ടായിരിക്കുന്നു. നിങ്ങളുടെ ധാന്യങ്ങള്‍ക്കു മാത്രമല്ല മൃഗങ്ങളുടെ ചാണകത്തിനും ധാന്യ അവശിഷ്ടങ്ങള്‍ക്കും ഗാര്‍ഹിക മാലിന്യങ്ങള്‍ക്കും മറ്റെല്ലാത്തിനും ശരിയായ വിനിയോഗം ഉറപ്പാക്കാനാനാണ് നാം പ്രവര്‍ത്തിക്കുന്നത്. ഇതാണ് 'മാലിന്യത്തില്‍ നിന്നു സമ്പത്ത്' പ്രചാരണ പരിപാടി. ഇത് ശുചിത്വ ഭാര ദൗത്യത്തിനും പ്രചോദനം നല്‍കുന്ന. കാരണം, മാലിന്യം ശുചിത്വമില്ലായ്മയ്ക്കും കാരണമാണ്. 

സുഹൃത്തുക്കളേ,
ഈ പ്രചാരണ പരിപാടിയുടെ സാങ്കേതികത സുഗമമാക്കാന്‍ സ്റ്റാര്‍ട്ടപ്പുകളിലൂടെ നമ്മുടെ ശാസ്ത്രജ്ഞരും യുവജനങ്ങളും സുപ്രധാന സംഭാവന നല്‍കുന്നു. ഈ അവസരത്തില്‍ നിങ്ങള്‍ക്കെല്ലാം ഞാന്‍ നന്ദി അറിയിക്കുകയാണ്. നിങ്ങള്‍ ഇടവേളകളില്ലാതെ ഈ സാങ്കേതികത മെച്ചപ്പെടുത്തുന്നതിനു ശ്രമിക്കുകയാണെങ്കിലും ഇനിയും ഈ മേഖലയില്‍ നിരവധി സാധ്യതകളുണ്ട്. ഉദാഹരണത്തിന്, മികച്ച ഗുണനിലവാരവും ഉയര്‍ന്ന തൂക്കവുമുള്ള ഗംഭീര ഉല്‍പ്പാദനം നല്‍കുന്ന വിളകള്‍ ജൈവ ഇന്ധനത്തിന് ഉപയോഗിക്കുന്നതു പരിഗണിക്കണം. ഇതുണ്ടാകണമെങ്കില്‍ പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ക്കൊപ്പം സംരംഭകരും പുതിയ സാങ്കേതികവിദ്യകള്‍ കൈവശമുള്ളവരും കൈകോര്‍ക്കണം.

നമ്മുടെ എന്‍ജിനീയറിംഗ് കോളജുകളിലും ഐഐടികളിലും പോളിടെക്‌നിക്കുകളിലും ജൈവ ഇന്ധന കോഴ്‌സുകള്‍ക്ക് മുന്‍ഗണന നല്‍കേണ്ടതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിനുമപ്പുറം, കൃഷി വികാസ് കേന്ദ്രങ്ങള്‍ ( കെവികെ) മുഖേന കര്‍ഷകര്‍ക്ക് ജൈവ ഇന്ധന സംബന്ധമായ കൂടുതല്‍ കൂടുതല്‍ അറിവ് എത്തിക്കണം. കാര്‍ഷിക മേളകളില്‍ രാജ്യവ്യാപകമായി ജൈവ ഇന്ധനങ്ങള്‍ എന്ന കേന്ദ്ര വിഷയത്തില്‍ കര്‍ഷകര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കണം.

സുഹൃത്തുക്കളേ, 

നഗരങ്ങളില്‍ ശുചിത്വവുമായി ബന്ധപ്പെട്ട  പ്രധാന പ്രശ്‌നങ്ങളിലൊന്ന് ഖരമാലിന്യ സംസ്‌കരണമാണ്. അഴുക്കുചാലിലെ വെള്ളം, വ്യവസായ മലിന ജലം എന്നില പോലെ നിരവധി വസ്തുക്കളില്‍ നിന്ന് ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് ഗവണ്‍മെന്റ് ശ്രമിക്കുകയാണ്. ഒരു ചെറുപട്ടണത്തിലെ ചായക്കച്ചവടക്കാരനേക്കുറിച്ചുള്ള വാര്‍ത്ത ഒരിക്കല്‍ വായിക്കാനിടയായി. ഒരു ചെറിയ അഴുക്കുചാലിന് സമീപത്തു നിന്നാണ് അയാള്‍ ചായ വില്‍ക്കുന്നത്. സാധാരണഗതിയില്‍ ചായയുമായി ബന്ധപ്പെട്ട എന്തിലേക്കും എന്റെ ശ്രദ്ധ പെട്ടെന്നു ചെല്ലാറുണ്ട്. അയാള്‍ക്ക് ഒരാശയം കിട്ടി. സ്വാഭാവികമായും മലിനജലമുള്ള തോട്ടില്‍ നിന്നു ദുര്‍ഗന്ധം പുറത്തേക്കു വരും. അയാള്‍ അതിനുള്ളിലെ ഒരു ദ്വാരത്തിലൂടെ ഒരു പൈപ്പ് ലൈന്‍ കയറ്റി വച്ചു. ഓടയില്‍ നിന്ന് അയാളുടെ ചായക്കടയിലേക്ക് വന്നുകൊണ്ടിരുന്ന വാതകം ആ പൈപ്പ് ലൈനിലൂടെ അയാള്‍ പാചകത്തിനു ഉപയോഗിച്ചു. ഒരു ചെറിയ സാങ്കേതികവിദ്യ.

ഞാന്‍ ഗുജറാത്തിലായിരുന്നപ്പോള്‍ ഒരിക്കല്‍ ഞങ്ങളുടെ വാഹന വ്യൂഹത്തിനു മുന്നിലൂടെ ഒരു സ്‌കൂട്ടര്‍ പോകുന്നു. സ്‌കൂട്ടറിനു പിന്നില്‍ ഇരിക്കുന്നയാള്‍ വലിയ ഒരു ട്രാക്ടര്‍ ട്യൂബ് ചുമക്കുന്നുണ്ട്. അത് പൂര്‍ണമായും വായു നിറഞ്ഞതാണ്. അത്തരമൊരു ട്യൂബ് ഒരാള്‍ സ്‌കൂട്ടറില്‍ ചുമന്നു കൊണ്ടുപോകുന്നതിനേക്കുറിച്ച് ചിന്തിച്ചു നോക്കൂ. പിന്നില്‍ നിന്നു വരുന്ന വാഹനങ്ങള്‍ അതില്‍ തട്ടാനും അപകടമുണ്ടാകാനും സാധ്യതയുണ്ട്. എനിക്ക് അത്ഭുതം തോന്നി. കാലിയായ പൈപ്പ് ചുമന്നുകൊണ്ടുപോയിട്ട് പിന്നീട് കാറ്റ് നിറയ്ക്കുകയാണ് സാധാരണഗതിയില്‍ ആളുകള്‍ ചെയ്യുക. അതുകൊണ്ട് ഞാന്‍ അയാളോട് നിര്‍ത്താന്‍ പറഞ്ഞു.
കാറില്‍ നിന്ന് ഞങ്ങള്‍ ഇറങ്ങുകയും എന്താണ് ഇങ്ങനെയൊരു ട്യൂബുമായി സ്‌കൂട്ടറില്‍ പോകുന്നതെന്ന് അയാളോട് അന്വേഷിക്കുകയും ചെയ്തു. ഇങ്ങനെ പോയാല്‍ അപകടമാകില്ലേ എന്നും. താന്‍ തന്റെ വയലിലേക്ക് പോവുകയാണ് എന്ന് അയാള്‍ പറഞ്ഞു. ഞാന്‍ അതിന്റെ കാരണം ചോദിച്ചു. വീട്ടിലെ മാലിന്യങ്ങളും കന്നുകാലി ചാണകവും ചേര്‍ത്ത് വീട്ടില്‍ ഒരു ജൈവ വാതക പ്ലാന്റ് ഉണ്ടാക്കിയതായി അയാള്‍ അറിയിച്ചു. ആ വാതകം കൊണ്ട് ട്യൂബ് നിറച്ചിട്ട് അത് വയലിലേക്ക് കൊണ്ടുപോവുകയാണ്. വയലില്‍ വെള്ളമടിക്കുന്ന പമ്പ് പ്രവര്‍ത്തിപ്പിക്കാന്‍ ആ വാതകം ഉപയോഗിക്കും. നമ്മുടെ രാജ്യത്തെ കര്‍ഷകരുടെ ശേഷിയേക്കുറിച്ച് ചിന്തിച്ചു നോക്കൂ. നമ്മുടെ കര്‍ഷകരും ഗ്രാമീണരും പോലും ഇന്നിപ്പോള്‍ നവീന പരീക്ഷണങ്ങള്‍ നടത്തുന്നു. 

ഈ ആശയം പകര്‍ത്തണമെന്ന് സ്റ്റാര്‍ട്ടപ്പുകളിലുള്ളവരോട് ഞാന്‍ ആവശ്യപ്പെടുന്നു. ചിലപ്പോള്‍ മഹത്തായ ആശയങ്ങള്‍ നമുക്കു ലഭിക്കുന്നത് വലിയ കോളജുകളില്‍ നിന്നാകണമെന്നില്ല, രാജ്യത്തെ കര്‍ഷകരില്‍ നിന്നായിരിക്കും. എല്ലാം ഒത്തുനോക്കി ഇവ മുന്നോട്ടു കൊണ്ടുപോകാന്‍ നാം തയ്യാറാകണം.
ബി- 3 എന്ന വലിയ പദ്ധതിക്കാര്യത്തില്‍ നാം ഇപ്പോള്‍ പ്രവര്‍ത്തിക്കുകയാണ്. ബി-3 എന്നാല്‍ ജൈവഗണം, ജൈവ ഇന്ധനം, ജൈവ ഊര്‍ജ്ജം. എഥനോളിനു പുറമേ ചവറുകളില്‍ നിന്നു ജൈവ -സിഎന്‍ജി ഉല്‍പ്പാദിപ്പിക്കാനുള്ള പദ്ധതിയും ദ്രുതഗതിയില്‍ നടന്നുകൊണ്ടിരിക്കുന്നു. രാജ്യത്തെ ഗതാഗത സംവിധാനത്തില്‍ സിഎന്‍ജി പ്രോല്‍സാഹിപ്പിക്കാന്‍ കഴിഞ്ഞാല്‍ പെട്രോളില്‍ നിന്നും ഡീസലില്‍ നിന്നുമുള്ള മലിനീകരണം ഒഴിവാക്കാനാകും. നിലവില്‍ നാം സിഎന്‍ജി ഇറക്കുമതി ചെയ്യുന്നത് വിദേശത്തു നിന്നാണ്. ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ശ്രമിക്കുകയാണ് നാം. ഇതേവരെ 175ല്‍ കൂടുതല്‍ പ്ലാന്റുകള്‍ രാജ്യത്തു സ്ഥാപിച്ചു. നഗരങ്ങളില്‍ മാത്രമല്ല ഗ്രാമങ്ങളിലും സിഎന്‍ജി വാഹനങ്ങള്‍ ഒരു യാഥാര്‍ത്ഥ്യമാകുന്ന ദിനം അനതിവിദൂരമല്ല. 

സുഹൃത്തുക്കളേ,

പ്ലാസ്റ്റിക് മാലിന്യം, പഴയ റബ്ബര്‍ ടയര്‍ ട്യൂബ് എന്നിവ പോലുള്ളതെല്ലാം ഇന്ന് ഉത്കണ്ഠയുണ്ടാക്കുന്ന സാധനങ്ങളാണ്. ഈ സാധനങ്ങള്‍ ഇന്ന് ഉപയോഗിക്കുന്നത് റോഡ് നിര്‍മാണത്തിനാണ്. ഗാര്‍ഹിക മാലിന്യം റോഡ് നിര്‍മാണത്തിന് ഉപയോഗിക്കാന്‍ കഴിയുമോ എന്ന് ഗവേഷണം നടക്കുകയാണ്

ആഫ്രിക്കന്‍ രാജ്യങ്ങളിലൊന്നിലെ പാവപ്പെട്ട ആളുകളുടെ ജോലി ഞാന്‍ സമൂഹമാധ്യമത്തിലൂടെ കണ്ടു. അവര്‍ ഗ്രാമങ്ങളിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് പുഴക്കരയില്‍ എത്തിക്കുന്നു. എന്നിട്ട് പ്ലാസ്റ്റിക് കത്തിച്ച് ഉരുക്കി പുഴക്കരയിലെ മണലുമായി കലര്‍ത്തുന്നു. അതുകൊണ്ട് അവര്‍  കട്ടകള്‍ നിര്‍മിച്ച് വന്‍തോതില്‍ വിറ്റഴിക്കുന്നു. വനിതാ സ്വാശ്രയ സംഘങ്ങള്‍ ഈ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. അവര്‍ മാലിന്യ നിര്‍മാര്‍ജ്ജനം നടത്തുക മാത്രമല്ല അതില്‍ നിന്ന് പുതിയ ഉല്‍പ്പന്നമുണ്ടാക്കുകയും അത് വിപണിയില്‍ വില്‍ക്കുകയും ചെയ്യുന്നു.

പരിസ്ഥിതിയും വികസനവും സന്തുലിതമാക്കുന്നതിനു വേണ്ടിയാണ് ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നത്. നാം പരിസ്ഥിതിയുടെയും വികസനത്തിന്റെയും സന്തുലിതാവസ്ഥയെക്കുറിച്ച് പറയുമ്പോള്‍ വികസനത്തിന് അതില്‍ നിര്‍ണായക പങ്കുണ്ട്. വൈദ്യുതിയുടെയും ഉല്‍പ്പാദനവും വിനിയോഗവും പരിസ്ഥിതിയെ നേരിട്ട് ബാധിക്കുന്നു. 

ഇന്ന് വൈദ്യുതോല്‍പ്പാദനത്തിന് കല്‍ക്കരിയും പ്രകൃതി വാതകവും ഉള്‍പ്പെടെയുള്ള പരമ്പരാഗത ഊര്‍ജ്ജ സ്രോതസുകള്‍ക്കൊപ്പം സൗരോര്‍ജ്ജം ഉള്‍പ്പെടെ മറ്റു നിരവധി ഊര്‍ജ്ജ സ്രോതസ്സുകളില്‍ നാം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അന്താരാഷ്ട്ര സൗര സഖ്യത്തിന്റെ സഹായത്തോടെ ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്പാടും ഇന്ന് സൗരോര്‍ജ്ജം പ്രോല്‍സാഹിപ്പിക്കുന്നു.

കൃഷിക്കുള്ള സൗരോര്‍ജ്ജ പമ്പുകളില്‍ മുതല്‍ വ്യവസായങ്ങളിലും ഓഫീസുകളിലും വരെ സൗരോര്‍ജ്ജത്തിന്റെ ഉപയോഗം ഇന്ന് മുമ്പില്ലാത്ത വിധം വളര്‍ന്നു. പുറമേ, വീടുകളിലും ഓഫീസുകളിലും എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗിക്കുന്നത് വൈദ്യുതി ലാഭിക്കാനും കാരണമാകുന്നു. രാജ്യത്തെ റെയില്‍വേ സ്‌റ്റേഷനുകള്‍ ഇപ്പോള്‍ പ്രകാശിക്കുന്നത് എല്‍ഇഡിയിലാണ് എന്നത് എന്നെ സന്തോഷിപ്പിക്കുന്നു. അവര്‍ അവരുടെ ജോലി പൂര്‍ത്തിയാക്കി. റെയില്‍വേയുടെ മുഴുവന്‍ കെട്ടിടങ്ങളിലും എല്‍ഇഡി ബള്‍ബുകളാക്കുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം; ഭാവിയില്‍ റെയില്‍വേ ക്വാര്‍ട്ടേഴ്‌സുകളിലും. നാം എല്‍ഇഡി ബള്‍ബുകളെ പ്രോല്‍സാഹിപ്പിക്കുന്നു. ശുചിത്വഭാരതവുമായും ശുചിത്വഭാരത ദൗത്യവുമായും ചേര്‍ന്ന പാരിസ്ഥിതിക ഉത്കണ്ഠകളുമുണ്ട്.

പുക രഹിത അടുപ്പുകളും ഈ വിശാല കാഴ്ചപ്പാടിന്റെ ഭാഗമായുണ്ട്. അഞ്ചു കോടി പാവപ്പെട്ട കുടുംബങ്ങളെ, പുകയില്‍ നിന്നു മോചിതരായ അമ്മമാരെയും സഹോദരിമാരെയും ഞാന്‍ ഇന്ന് അഭിനന്ദിക്കുന്നു. 

ഇത്ര കുറഞ്ഞ സമയംകൊണ്ട് ഇത്തരമൊരു ജോലി ഇന്ത്യയില്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത് അത്ഭുതകരമാണ്. നാം 125 കോടി ഇന്ത്യക്കാരും ഏകദേശം 25-26 കോടി കുടുംബങ്ങളും നമ്മുടെ രാജ്യത്തുണ്ട്. ഈ 25-26 കോടി കുടുംബങ്ങളില്‍ അഞ്ച് കോടി കുടുംബങ്ങള്‍ക്കാണ് കുറഞ്ഞ സമയത്തിനുള്ളില്‍ പാചക വാതക കണക്ഷന്‍ ലഭിച്ചത്. നിങ്ങള്‍ നിങ്ങള്‍ക്കു വേണ്ടി നോക്കിയാല്‍ ജോലി ദ്രുഗവേഗത്തില്‍ നീങ്ങും. ഫലം കാണാനും സാധിക്കും.

സുഹൃത്തുക്കളേ,

കര്‍ഷകരും സാങ്കേതിക വിദഗ്ധരും ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും ഒന്നിച്ച് ജൈവ ഇന്ധനത്തെയും അതിന്റ വെല്ലുവിളികളെയും കുറിച്ച് ഇന്നു മുഴുവനും ചര്‍ച്ച ചെയ്യുകയാണ്. കര്‍ഷകരുടെ ദൈനംദിന പ്രായോഗിക പ്രശ്‌നങ്ങളും നിങ്ങള്‍ ചര്‍ച്ച ചെയ്യും. 125 കോടി ഇന്ത്യക്കാരുടെ ഊര്‍ജ്ജ ആവശ്യങ്ങളെയും കൃഷി ലാഭകരമാക്കുന്നതിനെയും കുറിച്ച് നിരവധി നിര്‍ദേശങ്ങള്‍ ലഭിക്കുമെന്ന് എനിക്കുറപ്പുണ്ട്.

ജൈവ ഇന്ധനത്തിന്റെ വിപ്ലവകരമായ മാറ്റങ്ങള്‍ ഗവണ്‍മെന്റ് മാത്രമായി കൊണ്ടുവരേണ്ടതല്ല. വിദ്യാര്‍ത്ഥികളും അധ്യാപകരും ശാസ്ത്രജ്ഞരും വ്യവസായികളുമൊക്കെ ഉള്‍പ്പെടുന്ന പൊതുജന പങ്കാളിത്തത്തോടെ ജനകീയ മുന്നേറ്റം സൃഷ്ടിക്കുകയാണ് നാം ചെയ്യേണ്ടത്. 

ഇവിടെ സന്നിഹിതരായിരിക്കുന്ന സംസ്ഥാനങ്ങളുടെ പ്രതിനിധകളോട് എനിക്ക് പറയാനുള്ളത്, എല്ലാ ഗ്രാമങ്ങളിലും ജൈവ ഇന്ധനത്തിന്റെ ഫലമെത്തിക്കാന്‍ വ്യക്തിപരമായി ശ്രമിക്കണം എന്നാണ്. ലോകം ഇന്ന് ജൈവ ഇന്ധന ദിനം ആഘോഷിക്കുകയാണ്. ജൈവ ഇന്ധന മേഖലയില്‍ ഇന്ത്യ നിരവധി ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയും ആഗോള താപനത്തിന്റെ ഉത്കണ്ഠകള്‍ അഭിമുഖീകരിക്കാന്‍ നാം പ്രാപ്തമാണെന്ന് ലോകത്തിന് ഉറപ്പ് നല്‍കുകയുമാണ്. ഇന്ത്യയുടെ ഈ ചുവടുവയ്പുകള്‍ ഇന്ന് ലോകമെമ്പാടും അഭിനന്ദിക്കപ്പെടുന്നു. 

ഇന്ത്യയുടെ ആസൂത്രണങ്ങളും നയങ്ങളും ലോകം സൂക്ഷമമായി വീക്ഷിക്കുകയാണ്. പുതിയ ഊര്‍ജ്ജത്തിനുള്ള ഇന്നത്തെ ശ്രമങ്ങള്‍ പുതിയ ദിശ നല്‍കുകയും പുരോഗതിക്ക് വേഗത വര്‍ധിപ്പിക്കുകയും ചെയ്യും. ഈ വിജയകരമായ ആസൂത്രണത്തിന് നിങ്ങളെല്ലാവരെയും ഞാന്‍ എന്റെ ഹൃദയത്തില്‍ നിന്ന് അഭിനന്ദിക്കുന്നു.

നിങ്ങള്‍ക്ക് നന്ദി!



...