Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വരാണസിയില്‍ 2018 മാര്‍ച്ച് 12 നു നടന്ന പൊതു സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

വരാണസിയില്‍ 2018 മാര്‍ച്ച് 12 നു നടന്ന പൊതു സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

വരാണസിയില്‍ 2018 മാര്‍ച്ച് 12 നു നടന്ന പൊതു സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

വരാണസിയില്‍ 2018 മാര്‍ച്ച് 12 നു നടന്ന പൊതു സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം


അമ്മമാരേ, സഹോദരീ സഹോദരന്മാരെ, ഇവിടെ തടിച്ചു കൂടിയിരിക്കുന്ന എന്റെ യുവ സുഹൃത്തുക്കളെ,

ബനാറസില്‍ വിവിധ വികസന പദ്ധതികള്‍ക്ക് തറക്കല്ലിടാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്. അതിന് ആദ്യം തന്നെ ബനാറസിലെ ജനങ്ങളോട് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ അവരെ അഭിനന്ദിക്കുകയും ചെയ്യുന്നു. ഇന്ന് ബനാറസ് വളരെ അമ്പരപ്പിക്കുന്ന ഒരു പ്രവൃത്തിയാണ് ചെയ്തിരിക്കുന്നത്. ഫ്രഞ്ച് പ്രസിഡന്റിന് അതിഗംഭീരമായ വരവേല്‍പ്പ് ഒരുക്കിയ ബനാറസിനെ കുറിച്ച്  ഫ്രാന്‍സിലെ ജനങ്ങള്‍ തീര്‍ച്ചയായും അന്വേഷിക്കും. ഞങ്ങള്‍ അതിവേഗത്തില്‍ യാത്ര ചെയ്തില്ലായിരുന്നെങ്കില്‍ ഞങ്ങളുടെ കാര്‍ റോഡില്‍ ആശംസകളുമായി എത്തിയ ജനക്കൂട്ടത്തിനു നടുവില്‍ കുടുങ്ങുമായിരുന്നു. അത്രയ്ക്കു പുരുഷാരമായിരുന്നു. ഗംഗാഘട്ടിന്റെയും ബനാറസിന്റെയും ദൃശ്യങ്ങള്‍ അത്യന്തം വിസ്മയകരമായിരുന്നു. ബനാറസിലെ ജനങ്ങളുടെ സ്‌നേഹവും അനുഗ്രഹവുമാണ് ഇന്ത്യാ – ഫ്രഞ്ച് സൗഹൃദം ഇത്ര ശക്തമാക്കിയത്.

വിന്ധ്യവാസിനി അമ്മയെയും തൊഴുന്നതിനുള്ള ഭാഗ്യം ഇന്ന് എനിക്കു ലഭിച്ചു. ലോകമെമ്പാടും സൗരോര്‍ജ്ജ പ്രചാരണം നടത്തുന്നതില്‍ സുപ്രധാന പങ്കാണ് ഇന്ന് ഇന്ത്യ വഹിക്കുന്നത്. സൗരോര്‍ജ്ജ മേഖലയില്‍  ഫ്രാന്‍സും ഇന്ത്യയും മഹത്തായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അതിഥികള്‍ ഇന്നലെ ഡല്‍ഹിയില്‍ വരികയും സൗരോര്‍ജ്ജ വികസനവുമായി ബന്ധപ്പെട്ട് സുപ്രധാനങ്ങളായ പല തീരുമാനങ്ങളും സ്വീകരിക്കുകയും ചെയ്തു. മിര്‍സാപ്പൂരിലെ സൗരോര്‍ജ്ജ പ്ലാന്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനുള്ള അവസരവും എനിക്കു ലഭിച്ചു. ഇന്ത്യയില്‍ വലിയ മാറ്റം കൊണ്ടുവരാനുള്ള ഒരു പ്രചാരണമാണ് ഇത്. ഇത് കൂടുതല്‍ വ്യാപിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. രാജ്യത്തെ എല്ലാ വീടുകളുടെയും മേല്‍ക്കൂരകളില്‍ സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കപ്പെടണം. നമ്മുടെ വീടുകളില്‍ ഇനി പുകയടുപ്പുകളുടെ ആവശ്യം ഉണ്ടാകരുത്. പണച്ചെലവോ പാരിസ്ഥിതിക മലിനീകരണമോ ഇല്ലാതെ വേണം ഇനി മേലില്‍ നമ്മുടെ ഭക്ഷണം പാചകം ചെയ്യാന്‍. വൃത്തിയായ പാചകത്തിനുവേണ്ടിയുള്ള പ്രചാരണമാണ് ഇതെന്ന് കാണാന്‍ കഴിയും.

ഇന്ത്യയില്‍ 25 കോടി കുടുംബങ്ങള്‍ ഉണ്ട്. അതുകൊണ്ടു തന്നെ വലിയ വിപണിയും ഉണ്ട്. ഇത്തരം നൂതന സാങ്കേതിക വിദ്യകള്‍ കണ്ടുപിടിക്കാനും വികസിപ്പിക്കാനും മത്സരിക്കാന്‍  ഐ.ഐ.ടികളിലെ എന്റെ യുവ സുഹൃത്തുക്കളോട് ഞാന്‍ അടിയന്തിരമായി ആവശ്യപ്പെട്ടിട്ടുണ്ട്. കാരണം, അത് രാജ്യത്തെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും ഭക്ഷണപാചകം എളുപ്പമാക്കും. യാതൊരു വിധ ചെലവോ  ഇന്ധനമോ കൂടാതെ സൂര്യഭഗവാന്റെ മാത്രം അനുഗ്രഹത്തോടെ വളരെ സൗകര്യമായി ഭക്ഷണം തയ്യാറാക്കാന്‍ അവര്‍ക്ക് ഇതുവഴി സാധിക്കും. ഇത് രാജ്യത്തെ പാവപ്പെട്ടവരും ഇടത്തരക്കാരുമായ കുടുംബിനികള്‍ക്ക് വലിയ സേവനായിരിക്കും.

കാശിയെയും പട്‌നയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതിയ ട്രെയിന്‍ സര്‍വ്വീസ് ഉദ്ഘാടനം ചെയ്യാനും എനിക്ക് ഇന്ന് അവസരം ലഭിച്ചു. ഈ മേഖലയിലെ ജനങ്ങളുടെ ദീര്‍ഘനാളായുള്ള ആവശ്യമായിരുന്നു പട്‌ന – കാശി അതിവേഗ ട്രെയിന്‍. ഇന്ന് ആരംഭിച്ചിരിക്കുന്ന പുതിയ ട്രെയിന്‍ കാശിയില്‍ നിന്ന് രാവിലെ 6 മണിക്ക് പുറപ്പെട്ട് 10 മണിയോടെ പട്‌നയില്‍ എത്തും. അവിടെ നിന്ന് വൈകിട്ട് അഞ്ചിന് പുറപ്പെട്ട് രാത്രി 10 ന്  കാശിയില്‍ തിരിച്ചെത്തും. കാശിയെയും പട്‌നയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കാശി – പട്‌ന ജനശതാബ്ദി എക്‌സ്പ്രസ് ട്രെയിന്‍ സര്‍വ്വീസ് ഉദ്ഘാടനം ചെയ്യാന്‍  എനിക്ക് ഇന്ന് അവസരം ലഭിച്ചു.  ഈ പുതിയ ടെയിന്‍ സര്‍വ്വീസിനുള്ള ക്രമീകരണം വളരെ ചുരുങ്ങിയ സമയം കൊണ്ട് പൂര്‍ത്തിയാക്കിയ റെയില്‍വെ മന്ത്രിയെ ഞാന്‍ പ്രത്യേകം അഭിനന്ദിക്കുന്നു. ശ്രീ മനോജ് സിന്‍ഹയുടെ നേതൃത്വത്തില്‍ ഇതുപോലുള്ള അനേകം ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നുണ്ട്.

കാശി ഇപ്പോള്‍  എന്റെ രണ്ടാം വീടാണ്. ആദ്ധ്യാത്മികമായി കാശിയുടെ കീര്‍ത്തി ഹരിഹര മഹേദേവനുമായി ബന്ധപ്പെട്ടാണ്. വ്യാവസായികമായി അത് ഡീസല്‍ എന്‍ജിന്‍ നിര്‍മ്മാണവുമായി (ഡീസല്‍ ലോക്കമോട്ടിവ് വര്‍ക്ക്‌സ്) ബന്ധപ്പെട്ടാണ്.  കൂടുതല്‍ ആളുകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് വേണ്ടി ഡീസല്‍ ലോക്കമോട്ടിവ് വര്‍ക്ക്‌സിന്റെ വികസനം, വിപുലീകരണം, നവീകരണം എന്നിവയ്ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കാന്‍ ഇന്ത്യ ഗവണ്‍മെന്റ് നടപടികള്‍  സ്വീകരിച്ചിട്ടുണ്ട്. 

നാം ഹോളി ആഘോഷിച്ചു കഴിഞ്ഞതേയുള്ളു.  ഹോളി ആഘോഷം നമ്മുടെ 800 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ നിറവും, പുതുയ സുഗന്ധവും, പുതിയ പ്രതീക്ഷയും കൊണ്ടുവന്നിരിക്കുന്നു. ഇന്ന് ഇവിടെ പാവപ്പെട്ടവര്‍ക്കായി നാം നിര്‍മ്മിച്ച ഭവനങ്ങളുടെ താക്കോല്‍ ദാനം നിര്‍വ്വഹിക്കാന്‍ എനിക്ക് അവസരം ലഭിക്കുകയുണ്ടായി. ഞാന്‍ അവരോടു ചോദിച്ചു. – നിങ്ങള്‍ ഇതുവരെ എവിടെയാണ് താമസിച്ചിരുന്നത്. ചിലര്‍ കുടിലുകളില്‍, ചിലര്‍ ചേരികളില്‍, ചിലര്‍ കിടക്ക ഭാണ്ഡങ്ങളുമായി ഓരോര സ്ഥലങ്ങളിലൂടെ അലഞ്ഞു തിരിയുകായിരുന്നു. അങ്ങിനെയായിരുന്നു അവരുടെ ജീവിതങ്ങള്‍. പുതിയ വീട്ടില്‍ നിങ്ങള്‍ക്കു സുഖമാണോ എന്തെങ്കിലും കുറവുണ്ടോ എന്നൊക്കെ ഞാന്‍ ചോദിച്ചു. കുട്ടികളെ സ്‌കൂളില്‍ അയക്കുന്നുണ്ടോ എന്നും ഞാന്‍ അന്വേഷിച്ചു. അപ്പോള്‍ അവര്‍ അമ്പരപ്പോടെ എന്നെ നോക്കി. അപ്പോള്‍ ഞാന്‍  അവരോടു പറഞ്ഞു, ഇപ്പോള്‍ നിങ്ങള്‍ക്കു മെച്ചപ്പെട്ട വീടുണ്ട്. അതുകൊണ്ട് കുട്ടികള്‍ക്കു വിദ്യാഭ്യാസം നല്കാനുള്ള ഉത്തരവാദിത്വം കൂടി നിങ്ങള്‍ക്കുണ്ട് എന്ന്.

ദൗത്യരീതിയിലാണ് യോഗിജി ഈ ഭവന നിര്‍മ്മാണ പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ഇത് ഇന്ത്യ ഗവണ്‍മെന്റിന്റെ പുതിയ പദ്ധതിയൊന്നുമല്ല. മുന്‍ ഗവണ്‍മെന്റിന്റെ കാലത്തും ഇത് ഉണ്ടായിരുന്നു.  കാശിയില്‍ നിന്ന് ഒരു ഗുണഭോക്താവിന്റെ പേരു പോലും തീരുമാനിക്കാന്‍ അവര്‍ക്കു സാധിച്ചില്ല എന്നു ഞാന്‍ അന്ന് പറയുകയുണ്ടായി. യോഗിജിയാകട്ടെ ഗുണഭോക്താക്കളുടെ  ഒരു പട്ടിക തന്നെ തയ്യാറാക്കി കേന്ദ്ര ഗവണ്‍മെന്റിനു നല്കി.  ഗവണ്‍മെന്റ് അതിനുള്ള പണം അനുവദിച്ചു. അങ്ങനെ അഞ്ചു മാസത്തിനുള്ളില്‍ അയ്യായിരത്തിലധികം വീടുകള്‍ പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്കു നല്കിക്കഴിഞ്ഞു. വരും ദിനങ്ങളില്‍ എട്ടു ലക്ഷം കുടുംബങ്ങള്‍ക്കു വീടുകള്‍ ഉണ്ടാവുക എന്നതാണ്  നമ്മുടെ സ്വപ്‌നം. യോഗിജിയുടെ നേതൃത്വത്തില്‍ സമയബന്ധിതമായി തന്നെ ഇത് സാധിക്കും എന്നു ഞാന്‍ വിശ്വസിക്കുന്നു.

ഇന്നത്തെ ലോകത്ത് അടിസ്ഥാന സൗകര്യങ്ങള്‍ കൂടാതെ വികസനം സാധ്യമല്ല. സമ്പര്‍ക്കം വളരെ പ്രധാനപ്പെട്ടതാണ്. ട്രെയിനുകളും റോഡുകളും പ്രധാനപ്പെട്ടവ തന്നെ.  ശിവപുരിയില്‍ നിന്നു ഫുല്‍വാരിയയിലേയ്ക്ക് ഒരു നാലുവരി പാതയുടെ നിര്‍മ്മാണം നടന്നു വരികയാണ്. രണ്ടു റെയില്‍ ക്രോസുകളും പുതിയ രണ്ടു മേല്‍പ്പാലങ്ങളും ഇതിനായി നിര്‍മ്മിക്കും. ബനാറസ് റെയില്‍വെ സ്റ്റേഷന്‍ നവീകരിക്കുന്നതിനെ കുറിച്ചും ഞങ്ങള്‍ ആലോചിക്കുന്നുണ്ട്.

ഇന്ന് എനിക്ക് മാലിന്യ ഉത്സവത്തില്‍ പങ്കെടുക്കാനും അവസരം ലഭിച്ചു. മാലിന്യത്തിനും ഉത്സവം ആഘോഷിക്കാന്‍ തുടങ്ങിയോ എന്ന് ജനങ്ങള്‍ അത്ഭുതപ്പെട്ടേക്കും.  മോദിയെ ഇഷ്ടപ്പെടാത്തവര്‍ക്ക് മോദി ചപ്പുചവര്‍ ഉത്സവവും സംഘടിപ്പിച്ചിരിക്കുന്നു എന്നു ഇനി വിമര്‍ശിക്കാം.  നമുക്ക് ശുചിത്വ ദൗത്യം മുന്നോട്ടു കൊണ്ടുപോകകേണ്ടതുണ്ട്. മാലിന്യത്തില്‍ നിന്നു സമ്പത്ത് ഉണ്ടാക്കാം. നാം വലിച്ചെറിയുന്ന സാധനങ്ങളില്‍ നിന്ന് ഉപയോഗമുള്ള സാധനങ്ങള്‍ നമുക്കു നിര്‍മ്മിക്കാം. അതിനെ ബഹുജന പ്രസ്ഥാനമാക്കാന്‍ സാധിക്കും.  നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് കുപ്പികളും പത്രക്കടലാസും മറ്റും ഉപയോഗിച്ച് കുട്ടികള്‍ നിര്‍മ്മിച്ചിരിക്കുന്ന നിത്യോപയോഗ വസ്തുക്കളുടെ പ്രദര്‍ശനം മാലിന്യ ഉത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. നിങ്ങള്‍ അതൊക്കെ നിര്‍ബന്ധമായും ഒന്നു പോയി കാണണം. ഇത്തരം വസ്തുക്കള്‍ വീടിനുള്ളില്‍ പ്രദര്‍ശിപ്പിച്ചാല്‍ ആളുകള്‍ക്ക് അവ കാണാന്‍ കൗതുകമായിരിക്കും. ഇവ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയഗിക്കുകയും ചെയ്യാം.

അവിടെ ഒരു സംഗീത പരിപാടിയും ഞാന്‍ ശ്രവിച്ചു.  ഉപയോഗശൂന്യമായ പാട്ടകളും പാത്രങ്ങളും പശ്ചാത്തല സംഗീത ഉപകരണങ്ങളാക്കി ഉപയോഗിച്ചുകൊണ്ട്  ശുചിത്വത്തെ കുറിച്ചുള്ള ഗാനങ്ങള്‍ ആലപിക്കപ്പെട്ട  വന്‍ കച്ചേരിയായിരുന്നു അത്. ആ പഴയ പാത്രങ്ങളില്‍ താളം പിടിച്ചുകൊണ്ട് സുന്ദരമായ സംഗീതമാണ് അവര്‍ ആലപിച്ചത്. ഒട്ടും ഉപയോഗമില്ല എന്നു കരുതി നാം വലിച്ചെറിയുന്ന പാഴ് വസ്തുക്കള്‍ പോലും കാര്യക്ഷമമായി ഈ മാലിന്യ ഉത്സവത്തില്‍ ഉപയോഗിച്ചിരിക്കുന്നത് ഞാന്‍ കണ്ടു.

വാരാണസി ശുചിത്വത്തിനു മുന്‍ഗണന നല്കണം. ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികള്‍ വാരാണസിയിലേയ്ക്ക് ആകര്‍ഷിക്കപ്പെടണം. വാരാണസിക്ക് എല്ലാം ഉണ്ട്. നൂറ്റാണ്ടുകളുടെ സംസ്‌കാരവും പാരമ്പര്യവുമുള്ള നഗരമാണിത്. ഇന്ന് നാം ഒരു കാര്യം മാത്രം ചെയ്താല്‍ മതി. വാരാണസിയെ വൃത്തിയുള്ള നഗരമായി നിലനിര്‍ത്തുക.

ലോകം മുഴുവന്‍ വാരാണസിയിലേയ്ക്ക് വരാന്‍ പ്രേരിപ്പിക്കപ്പെടും. മലിനജല ശുചീകരണ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങികഴിഞ്ഞു. ഏകദേശം 600 കോടി രൂപ ഇതിന്റെ ചെലവ്. വരും നാളുകളില്‍ ഇത് ജനങ്ങള്‍ക്ക് എത്രമാത്രം പ്രയോജനപ്പടും എന്ന് ആര്‍ക്കും വളരെ എളുപ്പത്തില്‍ മനസിലാക്കാം.

കാശിയിലുടനീളം കേബിളുകള്‍ തൂങ്ങി കിടക്കുന്നത് നിങ്ങള്‍ കാണുന്നുണ്ടാവും. ഈ കേബിളുകള്‍ ഒഴിവാക്കാനുള്ള ഒരു യജ്ഞം ഞാന്‍ ആരംഭിച്ചിട്ടുണ്ട്. ബനാറസ് മുതല്‍ രാജ്യത്തുടനീളം കേബിളുകള്‍ ഇനി ഭൂമിക്കടിയില്‍ കൂടി സ്ഥാപിക്കാനുള്ള ജോലികള്‍ നാം തുടങ്ങിക്കഴിഞ്ഞു. ബനാറസില്‍ പോലും ഈ ജോലി വളരെ വേഗത്തിലാണ് നടക്കുന്നത്.

അതുപോലെ തന്നെ യോഗിജി ഒരു നിക്ഷേപ സംഗമം സംഘടിപ്പിക്കുകയുണ്ടായി. ആ സമയത്താണ് ഞാന്‍ യുദ്ധോപകരണ നിര്‍മ്മണ ഇടനാഴി പ്രഖ്യാപിച്ചത്. രണ്ടു ലക്ഷം ആളുകള്‍ക്ക് ജോലി നല്കാനുള്ള അവസരമാണ് യുദ്ധോപകരണ നിര്‍മ്മണ ഇടനാഴിയില്‍ ഉണ്ടാകുന്നത്.  ഈ ദിശയില്‍ സംസ്ഥാന ഗവണ്‍മെന്റും കേന്ദ്ര ഗവണ്‍മെന്റും തമ്മിലുള്ള ചര്‍ച്ചകള്‍ അതിവേഗം പുരോഗമിക്കുന്നു.

കൃഷിക്കാരുടെ കാര്യത്തില്‍ പ്രത്യേകം താല്പര്യമെടുക്കുന്നതില്‍ ഞാന്‍ യോഗിജിയെ അഭിന്ദിക്കുന്നു. നേരത്തെ താങ്ങുവില പ്രഖ്യാപിച്ചിരുന്നെങ്കിലും ഉത്തര്‍ പ്രദേശില്‍ നെല്ല് സംഭരിച്ചിരുന്നില്ല. എന്നാല്‍ യോഗിജിയുടെ ശ്രമഫലമായി നെല്ലു സംഭരണം നാലുമടങ്ങായി വര്‍ധിച്ചതില്‍ എനിക്കു സന്തോഷമുണ്ട്. കൃഷിക്കാര്‍ക്ക് അവരുടെ ഉത്പന്നത്തിന് യഥാര്‍ത്ഥ വില ലഭിക്കുവാന്‍ ഇപ്പോള്‍ അവസരമുണ്ട്.

കര്‍ഷകരില്‍ നിന്നു സംഭരിക്കുന്ന കരിമ്പിന്റെ പ്രതിഫല വിതരണവും വേഗത്തിലായിട്ടുണ്ട്.  ഈ വികസന പദ്ധതികള്‍ എപ്രകാരം കാശിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ സഹായകരമായിട്ടുണ്ട് എന്നു നിങ്ങള്‍ക്ക് ഊഹിക്കാനാവും. ഇന്ന് എനിക്ക് കാര്‍ഷിക മേഖലയിലെയും വൈദ്യുതി മേഖലയിലെയും റെയില്‍ മേഖലയിലെയും വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്.

നമുക്ക് കാശിയെ വികസനത്തിന്റെ പുതിയ ഉയരങ്ങളില്‍ എത്തിക്കണം. ഉത്തര്‍ പ്രദേശിലും പ്രത്യേകിച്ച് കാശിയിലും വിവിധ വികസന പദ്ധതികളാണ് കേന്ദ്ര – സംസ്ഥാന ഗവണ്‍മെന്റുകള്‍ സംയുക്തമായി നടപ്പാക്കി വരുന്നത്. വരും നാളുകളില്‍ രാജ്യത്തെ പൗരന്മാര്‍ക്കായി സുപ്രധാനമായ ഒരു പദ്ധതിയാണ് നാം ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ പോകുന്നത്. ആയൂഷ്മാന്‍ ഭാരതിന്റെ കീഴില്‍ രാജ്യത്തെ പാവപ്പെട്ട കുടുംബങ്ങള്‍ക്കായി ഒരു ഇന്‍ഷുറന്‍സ് പദ്ധതി നാം ആരംഭിക്കുകയാണ്. ഒരാള്‍ രോഗിയാകുമ്പോള്‍ ആ കുടുംബം മുഴുവന്‍ അതിന്റെ സഹനം പങ്കിടുന്നു. പാവപ്പെട്ട വീട്ടില്‍ ആര്‍ക്കെങ്കിലും രോഗം പിടിപെട്ടാല്‍ കുടുംബത്തിന്റെ സമ്പാദ്യം മുഴുവന്‍ ചെലവാകുമെന്ന ഭീതിയില്‍ അയാള്‍ ചികിത്സ തേടാറില്ല. കാരണം ഭീമമായ ചികിത്സാ ചെലവുകള്‍ കുടുംബത്തിന്റെ മൊത്തം സ്വപ്‌നങ്ങളെയുമാണ് തകര്‍ക്കുക. പണയം വയ്ക്കാന്‍ പോലും ഒന്നും ഇല്ലാത്ത കുടുംബത്തില്‍ പിന്നെ എവിടെ നിന്നാണ് ചികിത്സയ്ക്കു പണം കണ്ടെത്തുക. എന്റെ രാജ്യത്തെ പൗരന്മാര്‍ ഇത്രയും സഹിക്കണോ?.

സഹോദരീ സഹോദരന്മാരെ, എനിക്ക് ഇത് അംഗീകരിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് ചികിത്സാ ചെലവുകള്‍ താങ്ങാന്‍ ശേഷിയില്ലാത്ത  10 കോടി പാവപ്പെട്ട കുടുംബങ്ങളിലെ 50 കോടി പൗരന്മാര്‍ക്കായി നാം ഒരു പദ്ധതി തയാറാക്കി. ഇത്തരം കുടുംബങ്ങളില്‍ ആര്‍ക്കെങ്കിലും രോഗം പിടിപെട്ടാല്‍ ഒരു വര്‍ഷം അഞ്ചു ലക്ഷം രൂപ വരെയുള്ള ചികിത്സാ ചെലവുകള്‍ വഹിക്കാന്‍ ആയൂഷ്മാന്‍ ഭാരതിന്റെ കീഴില്‍ ഗവണ്‍മെന്റും ഇന്‍ഷുറന്‍സ് കമ്പനിയും ഒന്നിച്ച് കൈ കോര്‍ക്കും.  ചികിത്സ തേടാന്‍ മടിക്കുന്ന പാവപ്പെട്ട ആളുകള്‍ ചെറിയ അസുഖങ്ങള്‍ പോലും ചികിത്സിക്കാന്‍  ഇപ്പോള്‍  ആശുപത്രികളില്‍ എത്തുന്നു. കാരണം അവര്‍ക്ക് അറിയാം, അവരുടെ ചികിത്സാ ചെലവുകള്‍ വഹിക്കുന്നത് മോദി ഗവണ്‍മെന്റാണ് എന്ന്.

ചെറിയ നഗരങ്ങളില്‍ ആശുപത്രികള്‍ സ്ഥാപിക്കാന്‍ സ്വകാര്യ സംരംഭകര്‍ തയ്യാറായിരുന്നില്ല. കാരണം അവിടേയ്ക്ക് ചികിത്സ തേടി ആളുകള്‍ വരില്ല എന്നും, ഇനി വന്നാല്‍ തന്നെ പണം നല്കില്ല എന്നുമുള്ള ഒരു സങ്കല്പമുണ്ടായിരുന്നു. ഇന്ന് ഗ്രാമങ്ങളില്‍ പോലും ആശുപത്രികള്‍ ഉയരുന്നു. ആരോഗ്യ സേവനങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുന്നു. ആരോഗ്യ സംരക്ഷണ മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. രാജ്യം ആരോഗ്യ പൂര്‍ണമാകുന്നു.

നമ്മുടെ രാജ്യത്ത് കണ്ടു വരുന്ന വലിയ പ്രശ്‌നമാണ് പോഷകാഹാര കുറവ്. അതിനെ നേരിടാന്‍ ഒരു പോഷകാഹാര ദൗത്യം രാജ്യത്ത് ആരംഭിച്ചിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ രാജ്യത്തെ കുഞ്ഞുങ്ങളുടെ പ്രായത്തിനനുസരിച്ച്,  അവരുടെ തൂക്കവും ഉയരവും ഉറപ്പാക്കുന്നതിനായി 9000 കോടി രൂപയാണ് ഈ ദൗത്യത്തില്‍ നാം ചെലവഴിക്കുന്നത്.  നമ്മുടെ കുഞ്ഞുങ്ങള്‍ക്കു പോഷകാഹാരക്കുറവില്ല എന്നുറപ്പാക്കാന്‍  എന്തു നടപടികളാണ് സ്വീകരിക്കേണ്ടത്? എന്തു പരിശീലനങ്ങളാണ് നല്‌കേണ്ടത്? അമ്മമാര്‍ക്ക് ഇതിനായി എന്തു പ്രത്യേക പരിശീലനം നല്കണം?

ഈ ഘടകങ്ങളെല്ലാം പ്രധാന്‍ മന്ത്രി പോഷണ്‍ ദൗത്യത്തില്‍ നാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. വരും നാളുകളില്‍ പ്രധാന്‍ മന്ത്രി പോഷണ്‍ ദൗത്യം എന്ന പദ്ധതി നമ്മുടെ രാജ്യത്തെ പാവപ്പെട്ടതില്‍ പാവപ്പെട്ട  ഇടത്തരം കുടുംബങ്ങള്‍ക്കും ഒപ്പം 12-14-16 പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിക്കും.  12-14-16 പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ ആരോഗ്യവതികള്‍ അല്ലെങ്കില്‍ അവരുടെ ശാരീരിക വളര്‍ച്ച അവരുടെ പ്രായത്തിന് ആനുപാതികമാകില്ല. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അവര്‍ അമ്മമാരായാല്‍ ഒന്നുകില്‍ അമ്മ അല്ലെങ്കില്‍ കുഞ്ഞ് മരണമടഞ്ഞേക്കാം. അഥവാ കുഞ്ഞ് ജീവിക്കുകയാണെങ്കില്‍ തന്നെ ഏതെങ്കിലും രോഗവുമായിട്ടാവും. അപ്പോള്‍ അമ്മയുടെ ജീവിതം മുഴുവന്‍ ആ കുഞ്ഞിനെ ശുശ്രൂഷിക്കാന്‍ നീക്കി വയ്‌ക്കേണ്ടി വരും.

ഈ പ്രശ്‌നത്തില്‍ നിന്നു ജനങ്ങളെ മോചിപ്പിക്കുന്നതിനാണ് നാം പ്രധാന്‍ മന്ത്രി പോഷണ്‍ ദൗത്യം മുന്നോട്ടു കൊണ്ടു പോകുന്നത്.

കാശിയിലെ എന്റെ സഹോദരീ സഹോദരന്മാരെ,

കാശിക്ക് വികസനത്തന്റെ എല്ലാ പ്രയോജനങ്ങളും ലഭിക്കുന്നു എന്നു ഞാന്‍ കരുതുന്നു. ഗംഗയുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും വളരെ വേഗത്തിലാണ് നീങ്ങുന്നത്. അതിന്റെ പ്രയോജനങ്ങള്‍  അടുത്ത ഭാവിയില്‍ യാഥാര്‍ത്ഥ്യമാകും.

വിവിധ പദ്ധതികള്‍ അതിവേഗത്തില്‍ നടപ്പാക്കുന്ന  യോഗിജി ഗവണ്‍മെന്റിനെ ഒരിക്കല്‍ കൂടി ഞാന്‍ അഭിനന്ദിക്കുന്നു. കേന്ദ്ര ഗവണ്‍മെന്റിന്റെ പദ്ധതികളും വേഗത്തില്‍ നടപ്പാക്കുന്നതിന് ഞാന്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. ഇവിടെ നല്കിയ അതിശയിപ്പിക്കുന്ന സ്വീകരണത്തിന് കാശിയിലെ ജനങ്ങളെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു.

വളരെ നന്ദി.