പിഎം ഇന്ത്യ
നയതന്ത്ര, ഔദ്യോഗിക/സേവന പാസ്‌പോര്‍ട്ടുകളും സാധാരണക്കാര്‍ക്കുളള പാസ്‌പോര്‍ട്ടുകളും അനായാസം ലഭിക്കുന്നതിന് ഇന്ത്യയും ഇറാനും തമ്മിലുണ്ടാക്കിയ ധാരണാപത്രത്തില്‍ ഒപ്പുവെക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി.
ധാരണയുടെ നേട്ടങ്ങള്‍:
(i) വിദേശകാര്യ മന്ത്രാലയത്തിന്റെ കത്തു സഹിതം വിസയ്ക്ക് അപേക്ഷിക്കുന്ന, ആതിഥേയരാജ്യത്ത് റസിഡന്റ് നയന്ത്രദൗത്യത്തിന് നിയോഗിക്കപ്പെട്ട അംഗീകൃത നയതന്ത്ര/ഔദ്യോഗിക/ സര്‍വ്വീസ് പാസ്‌പോര്‍ട്ടുളളയാള്‍ക്ക് 90 ദിവസത്തേക്കുളള സൗജന്യ വിസ 20 ദിവസത്തിനുളളില്‍ നല്‍കണം. ദീര്‍ഘകാലത്തേക്ക് നയതന്ത്ര ദൗത്യത്തിനോ, കോണ്‍സുലേറ്റ് ജനറലിലോ നിയോഗിക്കപ്പെടുന്നവരുടെ അടുത്ത കുടുംബാംഗങ്ങള്‍ക്ക് (മാതാപിതാക്കള്‍, സഹോദരങ്ങള്‍, പ്രായപൂര്‍ത്തിയായ മക്കള്‍ തുടങ്ങി രക്തബന്ധം ഉളളവര്‍ക്കും അതുപോലെ ഭാര്യയുടെ/ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ എന്നിവര്‍ക്കും) മൂന്ന് മാസത്തെ കാലാവധിയുളള സൗജന്യ സന്ദര്‍ശന വിസ നല്‍കണം. നിയോഗിക്കപ്പെട്ടയാളുടെ മറ്റ് അടുത്ത ബന്ധുക്കള്‍ക്ക് നിശ്ചിത ഫീസ് ഈടാക്കിക്കൊണ്ട് വിസ നല്‍കാവുന്നതാണ്.
(ii) രാഷ്ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഏതെങ്കിലും പ്രത്യേക ഉഭയകക്ഷി താല്‍പര്യത്തിനായുളളതോ സമ്മേളനം, സെമിനാര്‍ എന്നിവയില്‍ പങ്കെടുക്കുന്നതിനോ ആയുളള യാത്രകള്‍ക്ക് വിദേശകാര്യമന്ത്രാലയത്തില്‍ നിന്ന് സന്ദര്‍ശന ആവശ്യം വ്യക്തമാക്കുന്ന കത്ത് സമര്‍പ്പിക്കുകയാണെങ്കില്‍ കാലാവധി നീട്ടി നല്‍കാത്ത 15 ദിവസം വരെ കാലാവധിയുളള സൗജന്യവിസ മൂന്ന് ദിവസത്തിനകം നല്‍കണം.
(iii) നയതന്ത്ര ദൗത്യത്തിലോ കോണ്‍സുലേറ്റ് ജനറലിലോ ബന്ധപ്പെട്ടുകൊണ്ട് ഔദ്യോഗിക ബിസിനസ് ആവശ്യങ്ങള്‍ക്കുളള യാത്രയെന്ന് രേഖപ്പെടുത്തി യാത്ര ചെയ്യുന്ന ഓഡിറ്റ്/ഫൈനാന്‍ഷ്യല്‍/ഐ.ടി. കമ്പ്യൂട്ടര്‍ വിദഗ്ധര്‍ എന്നിവര്‍ക്ക് ഓരോ സന്ദര്‍ശനകാലത്തും 20 ദിവസം താമസിക്കാന്‍ കഴിയുന്ന മൂന്നു മാസത്തെ കാലാവധിയുളള വിവിധോദ്ദേശ്യ സൗജന്യ പ്രവേശന വിസ 15 പ്രവൃത്തിദിവസങ്ങള്‍ക്കുളളില്‍ നല്‍കണം.
(iv) പ്രത്യേക ഭരണപരമായ അടിയന്തരാവശ്യത്തിനായി ആതിഥേയരാജ്യത്തെ നയതന്ത്ര ദൗത്യങ്ങളിലോ കോണ്‍സുലേറ്റ് ജനറലിലോ താത്കാലികമായി ഉള്‍പ്പെടുത്തപ്പെടുന്നവര്‍ക്ക് മൂന്നുമാസത്തെ കാലാവധിയുളള ഒരു തവണ പ്രവേശിക്കാവുന്ന സൗജന്യ പ്രവേശന വിസ 15 പ്രവൃത്തി ദിവസങ്ങള്‍ക്കുളളില്‍ നല്‍കണം.
(v) വിദേശകാര്യമന്ത്രാലയത്തിന്റെ കത്തിനൊപ്പം വിസയ്ക്ക് അപേക്ഷിക്കുന്ന അധ്യാപകര്‍ക്കും അവരുടെ പങ്കാളിക്കും മക്കള്‍ക്കും മൂന്നു മാസത്തെ കാലാവധിയുളള ഒരുതവണ പ്രവേശിക്കാവുന്ന സൗജന്യ പ്രവേശന സര്‍വ്വീസ്/ഔദ്യോഗിക വിസ 20 പ്രവൃത്തി ദിവസങ്ങള്‍ക്കുളളില്‍ നല്‍കണം.
(vi) നിയമനടപടികള്‍ സ്ഥിരീകരിച്ച് ഔദ്യോഗിക രേഖകള്‍ പൂര്‍ത്തിയാക്കി ഇരുപക്ഷവും ഒപ്പുവെച്ചുകൊണ്ട് പരസ്പരം കൈമാറുന്ന മുറയ്ക്ക് ഈ ധാരണാപത്രം പ്രാബല്യത്തില്‍ വരും.
(vii) ഈ കരാറിനു കാലാവധിയില്ല. എന്നിരുന്നാലും ഓരോ കക്ഷിക്കും വേണമെങ്കില്‍ കാരണം വ്യക്തമാക്കികൊണ്ട് നയതന്ത്രമാര്‍ഗങ്ങളിലൂടെ കുറഞ്ഞത് 60 ദിവസം മുമ്പെങ്കിലും രേഖാമൂലം അറിയിക്കുകയാണെങ്കില്‍ കരാര്‍ റദ്ദാക്കാവുന്നതാണ്.
(viii) രാജ്യത്തെ ബന്ധപ്പെട്ട നിയമങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും അനുസരിച്ച് മറുകക്ഷിയുടെ പൗരന്‍മാരുടെ വാസം ചുരുക്കാനും റദ്ദാക്കാനും പ്രവേശനം തടയാനും ഏതെങ്കിലുമൊരു കക്ഷിക്ക് അവകാശമുണ്ടായിരിക്കും.
(ix) ഇരുകക്ഷികളുടെയും രേഖാമൂലമുളള പരസ്പരധാരണയുടെയും തീരുമാനത്തിന്റെയും അടിസ്ഥാനത്തില്‍ ഈ കരാര്‍ ഏതുസമയത്തും ഭേദഗതി ചെയ്യപ്പെടാം. ഈ കരാറിലെ ഏതെങ്കിലും വ്യവസ്ഥ നടപ്പാക്കുന്നതിലോ പ്രയോഗിക്കുന്നതിലോ അല്ലെങ്കില്‍ വ്യാഖ്യാനത്തിലോ ഏതെങ്കിലും ഒരു തര്‍ക്കമുയര്‍ന്നാല്‍ ഇരുകക്ഷികളും തമ്മില്‍ ചര്‍ച്ച ചെയ്‌തോ അനുരഞ്ജനത്തിലൂടെയോ രമ്യമായി പരിഹരിക്കേണ്ടതാണ്.