പിഎം ഇന്ത്യ
ശ്രീമദ് വിജയരത്ന സുന്ദർ സുരീശ്വർജി മഹാരാജിന്റെ അഞ്ഞൂറാമത്തെ പുസ്തകം വിദൂര ദൃശ്യ സംവിധാനത്തിലൂടെ പ്രകാശനം ചെയ്ത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഈ ധന്യ നിമിഷത്തിൽ ആദരണീയനായ ഭുവൻഭാനുസൂരിശ്വർ ജി മഹാരാജിന്റെ പാദങ്ങളിൽ നമസ്‌കരിക്കുന്നുവെന്നും പ്രശാന്തമൂർത്തി സുവിശാൽ ഗച്ഛാധിപതി പൂജ്യ ശ്രീമദ് വിജയ് രാജേന്ദ്രസൂരിശ്വർ ജി മഹാരാജ്, പൂജ്യ ഗച്ഛാധിപതി ശ്രീ കൽപ്പതരുസൂരിശ്വർ ജി മഹാരാജ്, സരസ്വതി കൃപാപാത്രമായ പരം പൂജ്യ ആചാര്യ ഭഗവന്ത് ശ്രീമദ് വിജയരത്നസുന്ദർസൂരിശ്വർ ജി മഹാരാജ് എന്നിവർക്കും ചടങ്ങിൽ സന്നിഹിതരായ എല്ലാ സന്യാസിമാർക്കും സാധ്വിമാർക്കും ആദരവ് അർപ്പിക്കുന്നുവെന്നും പറഞ്ഞു. ഊർജ മഹോത്സവ് കമ്മിറ്റിയിലെ എല്ലാ അംഗങ്ങൾക്കും അദ്ദേഹം അഭിനന്ദനമറിയിച്ചു
വിജ്ഞാനം കേവലം വേദഗ്രന്ഥങ്ങളിൽ മാത്രം ഒതുക്കാതെ ജീവിതത്തിൽ പകർത്തി കാണിച്ചുതന്ന ശ്രീമദ് വിജയരത്ന സുന്ദർ സുരീശ്വർ ജി മഹാരാജിന്റെ അഞ്ഞൂറാമത്തെ പുസ്തക പ്രകാശനത്തിന് സാക്ഷ്യം വഹിക്കാൻ സാധിച്ചതിൽ നാമെല്ലാവരും അനുഗ്രഹീതരാണെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. സംയമനം, ലാളിത്യം, വ്യക്തത എന്നിവയുടെ സവിശേഷമായ സങ്കലനമാണെന്ന് മഹാരാജിന്റെ വ്യക്തിത്വമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അദ്ദേഹം എഴുതുമ്പോൾ ആ വാക്കുകൾക്ക് അനുഭവത്തിന്റെ ആഴമുണ്ടെന്നും, സംസാരിക്കുമ്പോൾ ആ ശബ്ദത്തിന് കരുണയുടെ ശക്തിയുണ്ടെന്നും, മൗനത്തിലായിരിക്കുമ്പോൾ പോലും അദ്ദേഹം മാർഗനിർദ്ദേശം നൽകുന്നുവെന്നും പ്രധാനമന്ത്രി നിരീക്ഷിച്ചു. മഹാരാജിന്റെ അഞ്ഞൂറാമത്തെ പുസ്തകമായ “പ്രേംനു വിശ്വ, വിശ്വനോ പ്രേം” (സ്‌നേഹത്തിന്റെ ലോകം, ലോകത്തിന്റെ സ്‌നേഹം) എന്ന വിഷയംതന്നെ വളരെയധികം കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഈ കൃതിയിലൂടെ സമൂഹത്തിനും യുവാക്കൾക്കും മാനവരാശിക്കും ഗുണമുണ്ടാകുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഈ സവിശേഷ അവസരവും ഊർജ മഹോത്സവവും ജനങ്ങളിൽ പുതിയ ചിന്താധാരയ്ക്കുള്ള ഊർജ്ജം പകരുമെന്ന് അദ്ദേഹം പറഞ്ഞു.
മഹാരാജിന്റെ 500 കൃതികൾ എണ്ണമറ്റ രത്നങ്ങൾ ഉൾക്കൊള്ളുന്ന വിശാലമായ സാഗരം പോലെയാണെന്നും അവ മനുഷ്യരാശിയുടെ പ്രശ്നങ്ങൾക്ക് ലളിതവും ആത്മീയവുമായ പരിഹാരങ്ങൾ നൽകുന്നുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കാലത്തിനും സാഹചര്യങ്ങൾക്കും അനുസരിച്ച് ഈ ഗ്രന്ഥങ്ങൾ വഴികാട്ടികളായി നിലകൊള്ളും. തീർത്ഥങ്കരന്മാരും മുൻകാല ആചാര്യന്മാരും പകർന്നുനൽകിയ അഹിംസ, അപരിഗ്രഹം, ബഹുമുഖവാദം തുടങ്ങിയ പ്രബോധനങ്ങളും സ്നേഹവും സഹിഷ്ണുതയും ഐക്യവും മഹാരാജിന്റെ രചനകളിൽ ആധുനികമായ രീതിയിൽ കാണാൻ കഴിയുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ലോകം വിഭജനങ്ങളുമായും സംഘർഷങ്ങളുമായും പൊരുതുന്ന ഇക്കാലത്ത് “പ്രേംനു വിശ്വ, വിശ്വനോ പ്രേം” എന്ന സന്ദേശം എക്കാലത്തേക്കാളും പ്രസക്തമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഇതൊരു പുസ്തകം മാത്രമല്ല, മറിച്ച് സ്നേഹത്തിന്റെ ശക്തിയെ പരിചയപ്പെടുത്തുന്നതും ലോകം തേടുന്ന സമാധാനത്തിലേക്കും ഐക്യത്തിലേക്കും വഴി കാട്ടുന്നതുമായ ഒരു മന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ജൈന തത്വശാസ്ത്രത്തിന്റെ പ്രധാന തത്വം “പരസ്പരോപഗ്രാഹോ ജീവാനം” എന്നതാണെന്ന് ശ്രീ മോദി അനുസ്മരിച്ചു, അതായത് ഓരോ ജീവനും മറ്റൊന്നിനോട് ബന്ധിക്കപ്പെട്ടിരിക്കുന്നു. ഈ തത്വം മനസ്സിലാക്കുമ്പോൾ, നമ്മുടെ ദർശനം വ്യക്തിയിൽ നിന്ന് സമൂഹത്തിലേക്ക് മാറുകയും, സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും മാനവികതയുടെയും ലക്ഷ്യങ്ങളെക്കുറിച്ച് ചിന്തിക്കാനുള്ള വ്യക്തിപരമായ അഭിലാഷങ്ങൾക്ക് അതീതമായി ഉയരുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഇതേ മനോഭാവത്തോടെയാണ് നാല് വിഭാഗങ്ങളും ഒത്തുചേർന്ന നവകർ മന്ത്ര ദിനത്തിൽ താൻ പങ്കുചേർന്നതെന്നും ആ ചരിത്രപരമായ സന്ദർഭത്തിൽ താൻ ഒൻപത് അഭ്യർത്ഥനകൾ അഥവാ ഒൻപത് പ്രമേയങ്ങൾ മുന്നോട്ടുവെച്ചിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു. ജലസംരക്ഷണത്തിനുള്ള ദൃഢനിശ്ചയമാണ് ആദ്യത്തേത്, രണ്ടാമത്തേത് ഏക് പെഡ് മാ കേ നാം, മൂന്നാമത്തേത് ശുചിത്വ ദൗത്യം പിന്തുടരുക, നാലാമത്തേത് ‘വോക്കൽ ഫോർ ലോക്കൽ’, അഞ്ചാമത്തേത് ഭാരത് ദർശൻ സ്വീകരിക്കുക, ആറാമത്തേത് പ്രകൃതി കൃഷി അവലംബിക്കുക, ഏഴാമത്തേത് ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക, എട്ടാമത്തേത് യോഗയും കായിക വിനോദവും ജീവിതത്തിന്റെ ഭാഗമാക്കുക, ഒമ്പതാമത്തേത് ദരിദ്രരെ സഹായിക്കുന്നതിന് പ്രതിജ്ഞാബദ്ധരാകുക എന്നിവയാണ് അദ്ദേഹം ഇന്ന് ആവർത്തിച്ചത്.
“ഇന്ന് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞവരുടെ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നമ്മുടെ യുവാക്കൾ വികസിത ഭാരതം കെട്ടിപ്പടുക്കുമ്പോൾ തന്നെ സാംസ്‌കാരിക വേരുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു,” ശ്രീ മോദി എടുത്തുപറഞ്ഞു. ഈ മാറ്റത്തിൽ മഹാരാജ് സാഹിബിനെപ്പോലെയുള്ള സന്യാസിമാരുടെ മാർഗനിർദ്ദേശങ്ങളും അദ്ദേഹത്തിന്റെ സാഹിത്യവും വാക്കുകളും സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം അടിവരയിട്ടു. മഹാരാജിന്റെ 500-ാമത്തെ പുസ്തകത്തിന് ആശംസകൾ നേർന്നുകൊണ്ടും മഹാരാജിന്റെ ചിന്തകൾ ഇന്ത്യയുടെ ബൗദ്ധികവും ധാർമ്മികവും മാനുഷികവുമായ യാത്രയെ പ്രകാശിപ്പിക്കുന്നത് തുടരുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു കൊണ്ടുമാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം ഉപസംഹരിച്ചത്.
PM @narendramodi‘s message during the release of Shrimad Vijayaratna Sunder Surishwarji Maharaj’s 500th book. https://t.co/5QrcO8oGc6
— PMO India (@PMOIndia) January 11, 2026
-SK-
PM @narendramodi's message during the release of Shrimad Vijayaratna Sunder Surishwarji Maharaj’s 500th book. https://t.co/5QrcO8oGc6
— PMO India (@PMOIndia) January 11, 2026