Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഷില്ലോങ്ങിലെ പൊതുയോഗത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ഷില്ലോങ്ങിലെ പൊതുയോഗത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ഷില്ലോങ്ങിലെ പൊതുയോഗത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം


സ്റ്റേജിലേക്കു കയറുംമുമ്പ് എല്ലാ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും സ്ത്രീകളുടെ സ്വയംസഹായസംഘങ്ങള്‍ സജ്ജീകരിച്ച പ്രദര്‍ശിനിസ്റ്റാളുകള്‍ ഞാന്‍ സന്ദര്‍ശിച്ചു. സ്റ്റാളുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന കരകൗശലവസ്തുക്കളും മറ്റ് ഉല്‍പന്നങ്ങളും അത്യാകര്‍ഷകങ്ങളാണ്. തങ്ങളുടെ അതുല്യമായ വൈഭവത്തിന്റെ തെളിവ് നിരത്തിയ ഇവിടെയുള്ള സ്വയംസഹായസംഘാംഗങ്ങളായ സ്ത്രീകളെ അഭിനന്ദിച്ചുകൊണ്ടു തുടങ്ങട്ടെ.

ദീനദയാല്‍ അന്ത്യോദയ യോജന സ്വയംസഹായസംഘങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിനു സഹായകമായിട്ടുണ്ട്. വടക്കുകിഴക്കന്‍ മേഖലയുടെ വികസനത്തിനായുള്ള മന്ത്രാലയം നല്‍കുന്ന സബ്‌സിഡി ഉപയോഗപ്പെടുത്തി നോര്‍ത്ത് ഈസ്‌റ്റേണ്‍ ഡെവലപ്‌മെന്റ് ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ നല്‍കുന്ന വായ്പാസംവിധാനം വലിയൊരു വിഭാഗം സ്വയംസഹായ സംഘങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.

സ്വയംസഹായ സംഘങ്ങള്‍, വിശേഷിച്ച് സ്ത്രീകള്‍ അംഗങ്ങളായുള്ളവ, വികസിപ്പിക്കുന്നതിനു ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. ഈ ലക്ഷ്യത്തോടെ 2015 ഡിസംബറില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി പ്രത്യേക പാക്കേജ് ഫണ്ട് അനുവദിച്ചിരുന്നു. 2023-24 ആകുമ്പോഴേക്കും മൂന്നില്‍ രണ്ടു ഗ്രാമീണ കുടുംബങ്ങള്‍ക്കു ഗുണകരമാകുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി നാഷണല്‍ റൂറല്‍ ലൈവ്‌ലിഹുഡ് മിഷന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുകയാണു ലക്ഷ്യം.

സുഹൃത്തുക്കളേ,

ഞാനിന്നൊരു ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിനു തറക്കല്ലിട്ടു. വടക്കുകിഴക്കന്‍ മേഖലയിലെ, വിശേഷിച്ചു മേഘാലയയിലെ ജനങ്ങള്‍ക്കു കാല്‍പന്തിനോടുള്ള കമ്പം നമുക്കറിയാവുന്നതാണ്. ഇവിടെ ഫുട്‌ബോള്‍ ഒരു ലഹരിയാണെന്നു മാത്രമല്ല എല്ലാ മുക്കിലും മൂലയിലും അതു കളിക്കുന്നതു കാണാം. പ്രശസ്ത ഫുട്‌ബോള്‍ കളിക്കാരായ യൂജനേസന്‍ ലിങ്‌ദോ, അയ്‌ബോര്‍ ഖോങ്ജീ, മാര്‍ലങ്കി സൂട്ടിങ് തുടങ്ങിയവര്‍ നമുക്കു സുപരിചിതരാണ്. അന്തര്‍ദേശീയ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുകയും ഇന്‍ര്‍സൂപ്പര്‍ലീഗില്‍ കളിക്കുകയും വഴി രാജ്യത്തിനും അതതു സംസ്ഥാനങ്ങള്‍ക്കും അവര്‍ അഭിമാനമായിത്തീര്‍ന്നിട്ടുണ്ട്.
സംസ്ഥാന ഗവണ്‍മെന്റിന്റെ കീഴിലുള്ള മേഘാലയ മിഷന്‍ ഫുട്‌ബോള്‍ കൊണ്ടുദ്ദേശിക്കുന്നതു കഴിവുള്ളവരെ താഴെത്തട്ടില്‍ത്തന്നെ കണ്ടെത്താനും കഴിവുള്ള കുട്ടികളെയും യുവാക്കളെയും നല്ല ഫുട്‌ബോള്‍ താരങ്ങളായി വളര്‍ത്താനുമാണെന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. ഈ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് വടക്കുകിഴക്കന്‍ മേഖലയുടെ വികസനത്തിനായുള്ള മന്ത്രാലയവുമായി ചേര്‍ന്ന് 38 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന സ്റ്റേഡിയം സഹായകമാകുമെന്ന് എനിക്കുറപ്പാണ്.

അടുത്ത വര്‍ഷം, അതായത് 2017ല്‍, ഇന്ത്യ അണ്ടര്‍-17 ഫിഫ ലോകകപ്പിന് ആതിഥ്യമരുളുകയാണ്. ഇന്ത്യയില്‍ നടക്കുന്ന ഈ മേളയെ നമുക്ക് ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഫുട്‌ബോളിനു വടക്കുകിഴക്കന്‍ മേഖലയില്‍ മാത്രമല്ല, രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും പ്രചാരം നല്‍കേണ്ടതുണ്ട്.

മേഘാലയയില്‍ ഒട്ടേറെ ഫുട്‌ബോള്‍ ക്ലബ്ബുകളും അസോസിയേഷനുകളുമുണ്ട്. പ്രാദേശിക ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുകയും അതുവഴി രാജ്യത്തിന്റെ മറ്റു ഭാഗങ്ങള്‍ക്കു വഴികാട്ടിയാകുകയുംവഴി അണ്ടര്‍- 17 വേള്‍ഡ് കപ്പിനു മുമ്പ് ഒട്ടേറെ വലിയ കളികള്‍ ആസൂത്രണം ചെയ്യാവുന്നതാണ്.

സുഹൃത്തുക്കളേ,

ലോകത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശമാണു ചിറാപുഞ്ചിയെന്നു നമുക്കറിയാം. ഇന്ന്, ആ തൊപ്പിയില്‍ ഒരു തൂവല്‍ കൂടി ചേര്‍ക്കപ്പെട്ടിരിക്കുകയാണ്. ചിറാപ്പുഞ്ചിയിലെ ഡോപ്‌ളര്‍ വെതര്‍ റഡാര്‍ രാഷ്ട്രത്തിനു സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. അതിനു ഞാന്‍ ഇന്‍ഡ്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനും ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിനും കാലാവസ്ഥാ വകുപ്പിനും അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുകയാണ്.

ശക്തമായ മഴയും ഉരുള്‍പൊട്ടലുകളും നിമിത്തം സൗന്ദര്യത്തിന്റെയും സാഹസികതയുടെയും സംഗമഭൂമിയായ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ ഒട്ടേറെ പ്രകൃതിദുരന്തങ്ങള്‍ ഉണ്ടായിട്ടുണ്ട്.

പുതിയ റഡാര്‍ സംവിധാനം മെച്ചമാര്‍ന്ന കാലാവസ്ഥാ പ്രവചനം ലഭിക്കാന്‍ സഹായകമാകും. അതുവഴി പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങളെ നേരിടാന്‍ സാധിക്കുകയും ചെയ്യും.

നേരത്തേ, എനിക്കു നോര്‍ത്ത് ഈസ്‌റ്റേണ്‍ കൗണ്‍സില്‍ യോഗത്തില്‍ സംബന്ധിക്കാനും മേഖലയിലെ ഗവര്‍ണര്‍മാരും മുഖ്യമന്ത്രിമാരുമായി സംവദിക്കാനും സാധിച്ചു. അതുവഴി ഈ പ്രദേശങ്ങളില്‍ നടക്കുന്ന വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ച് അല്‍പമൊക്കെ മനസ്സിലാക്കാന്‍ സാധിച്ചു. ഏറെ കാര്യങ്ങള്‍ നടക്കുന്നുണ്ട്. അതിലേറെ ഇനി ചെയ്യാനിരിക്കുന്നുണ്ടുതാനും.
സേവനമനസ്‌കതയോടെ ‘ആക്ട് ഈസ്റ്റ് പോളിസി’ നടപ്പാക്കിവരികയാണ് എന്റെ ഗവണ്‍മെന്റ്. വടക്കുകിഴക്കന്‍ മേഖലയെ തെക്കുകിഴക്കന്‍ ഏഷ്യയിലേക്കുള്ള പ്രവേശനകവാടമായാണു ഞാന്‍ കാണുന്നത്. ഈ നയത്തിന്റെ ഭാഗമായി, ഇവിടത്തെ റോഡ്, റെയില്‍, ടെലികോം, വൈദ്യുതി, ജലഗതാഗതം എന്നീ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കേണ്ടതാണ്. ഈ ലക്ഷ്യത്തോടെയാണ് ഇന്നു ഞാന്‍ മൂന്നു തീവണ്ടിസര്‍വീസുകള്‍ ഉദ്ഘാടനം ചെയ്തത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ രാജ്യത്തിന്റെ റെയില്‍ശൃംഖലയുമായി ബന്ധിപ്പിക്കാന്‍ നാം പ്രതിജ്ഞാബദ്ധമാണ്. എന്‍.ഡി.എ. ഗവണ്‍മെന്റ് അധികാരമേറ്റതു മുതല്‍ വടക്കുകിഴക്കന്‍ മേഖലയിലെ റെയില്‍വേ വികസനത്തിനായി പതിനായിരം കോടിയിലേറെ രൂപ നാം ചെലവിട്ടുകഴിഞ്ഞു.

2014 നവംബറില്‍ മേഘാലയയും അരുണാചല്‍ പ്രദേശും ഇന്ത്യയുടെ റെയില്‍ഭൂപടത്തില്‍ ചേര്‍ക്കപ്പെട്ടു. അടുത്തിടെ ത്രിപുരയിലെ അഗര്‍ത്തലയിലേക്ക് ബ്രോഡ്‌ഗേജ് ലൈന്‍ ആരംഭിച്ചു. വടക്കുകിഴക്കന്‍ മേഖലയ്ക്ക് അവിസ്മരണീയ ദിനമാണിന്ന്. മണിപ്പൂരിനെയും മിസോറാമിനെയും ബന്ധപ്പെടുത്തി ഇനി മുതല്‍ ബ്രോഡ്‌ഗേജ് യാത്രാ തീവണ്ടികള്‍ ഓടും. ജമ്മുവിലെ ഖത്രയ്ക്കു സമീപമുള്ള വൈഷ്ണവ ദേവിയുമായി ഗോഹട്ടിയിലുള്ള കാമാഖ്യ ബന്ധപ്പെടുത്തിക്കഴിഞ്ഞു.
അയല്‍രാജ്യങ്ങളിലേക്കുള്ള റോഡ്, റെയില്‍ പാതകള്‍ നാം തുറന്നിടുകയാണ്. ഇതു മേഖലയുടെ സാമ്പത്തികവികസനത്തിന് ഊര്‍ജം പകരും.

വടക്കുകിഴക്കന്‍ മേഖലയിലെ റോഡ് വികസനത്തിന് 2014 ജൂലൈയില്‍ കേന്ദ്ര ഗവണ്‍മെന്റ് ‘നാഷണല്‍ ഹൈവേസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍’ രൂപീകരിച്ചിട്ടുണ്ട്. ഈ കോര്‍പറേഷന്‍ ബ്രഹ്മപുത്ര നദിക്കു കുറുകെ മൂന്നു പാലങ്ങള്‍ നിര്‍മിക്കുകയാണ്. മേഖലയില്‍ പതിനായിരം കോടി രൂപ ചെലവില്‍, ആയിരം കിലോമീറ്റര്‍ റോഡ് നിര്‍മിക്കാന്‍ 34 പദ്ധതികള്‍ നടത്തിവരികയുമാണ്. മേഖലയിലെ ഓരോ ജില്ലയെയും ദേശീയപാതയുമായി ബന്ധപ്പെടുത്തുകയാണു ലക്ഷ്യം.
ഉള്‍നാടന്‍ ജലഗതാഗതത്തിന് ഉണര്‍വേകിയിട്ടുണ്ട്. മേഖലയിലെ 19 ജലപാതകളെ കേന്ദ്ര ഗവണ്‍മെന്റ് ദേശീയ ജലപാതകളായി പ്രഖ്യാപിച്ചു.

ജനങ്ങള്‍ക്കു മുഴുവന്‍ സമയവും വൈദ്യുതി നല്‍കാന്‍ നാം പ്രതിജ്ഞാബദ്ധമാണ്. ഇതു തിരിച്ചറിഞ്ഞ്, വൈദ്യുതിമേഖലയില്‍ വന്‍കിട നിക്ഷേപമാണു കേന്ദ്രഗവണ്‍മെന്റ് നടത്തിവരുന്നത്.
ഊര്‍ജപ്രസരണത്തിനായി പതിനായിരം കോടിയോളം രൂപ ചെലവില്‍ രണ്ടു പദ്ധതികള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി നടപ്പാക്കിവരുന്നു.

വിശ്വനാഥ്-ചാരിയാലി മുതല്‍ ആഗ്ര വരെയുള്ള പ്രസരണശൃംഖല വഴി 500 മെഗാവാട്ട് വൈദ്യുതി, മേഖലയ്ക്കു കൂടുതലായി ലഭിക്കുന്നു. വൈദ്യുതയെത്താത്ത 18,000 ഗ്രാമങ്ങളില്‍ ഏഴായിരത്തിലേറെ എണ്ണത്തില്‍ വൈദ്യുതിയെത്തിക്കാന്‍ സാധിച്ചു. 2018 ആകുമ്പോഴേക്കും വൈദ്യുതിബന്ധമില്ലാത്ത ഒരു ഗ്രാമം പോലും ഉണ്ടാകില്ലെന്നാണു ഞാന്‍ വിശ്വസിക്കുന്നത്.
വടക്കുകിഴക്കന്‍ മേഖലയ്ക്കായി സമഗ്ര ടെലികോം പദ്ധതിയും നടപ്പാക്കിവരുന്നു. 5,300 കോടി രൂപയുടേതാണു പദ്ധതി. ബംഗ്ലാദേശിലെ കോക്‌സ് ബസാര്‍ വഴി രാജ്യാന്തര ഗേറ്റ്‌വേയുമായി ബന്ധപ്പെടുത്തിയ രാജ്യത്തെ മൂന്നാമത്തെ നഗരമാണ് അഗര്‍ത്തലയിപ്പോള്‍.

മാസങ്ങള്‍ക്കു മുമ്പ് എന്റെ ഗ്യാങ്‌ടോക്ക് സന്ദര്‍ശനത്തിനിടെയാണു സിക്കിം പ്രഥമ ജൈവസംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടത്. മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും സിക്കിമില്‍നിന്നു പാഠമുള്‍ക്കൊണ്ടു ജൈവ സംസ്ഥാനങ്ങളായി മാറാവുന്നതാണ്. അതുവഴി ജൈവ ഭക്ഷ്യകേന്ദ്രമായിത്തീരാനും അതുവഴി കര്‍ഷരുടെ വരുമാനം വര്‍ധിപ്പിക്കാനും സാധിക്കും.

സുഹൃത്തുക്കളേ,

ഇപ്പോള്‍ ചെറുകിട വായ്പകള്‍ ലഭിക്കാന്‍ ബാങ്കുകളുടെ ശ്രമകരമായ പരിശോധനയക്കു കാത്തുകിടക്കേണ്ടതില്ല. കേന്ദ്രഗവണ്‍മെന്റ് ആരംഭിച്ച പ്രധാനമന്ത്രി മുദ്ര യോജന പ്രകാരം പകരം ആസ്തി ലഭ്യമാക്കാതെ തന്നെ ചെറുകിട വാണിജ്യ സംരംഭകര്‍ക്ക് പത്തു ലക്ഷം രൂപ വരെ വായ്പ ലഭിക്കും. 2015-16ല്‍ 3,48,00,000ലേറെ സംരംഭകര്‍ക്കായി 1,37,000 കോടി രൂപയിലേറെ വായ്പയായി നല്‍കിക്കഴിഞ്ഞു. ഇതില്‍ 2,800 കോടി രൂപയുടെ മൂല്യം വരുന്ന ആറു ലക്ഷം വായ്പകള്‍ നല്‍കിയിരിക്കുന്നത് വടക്കുകിഴക്കന്‍ മേഖലയിലാണ്.

പ്രധാനമന്ത്രി ജന്‍ധന്‍ യോജന പ്രകാരം മേഖലയില്‍ 93 ലക്ഷം ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിച്ചിട്ടുണ്ട്. 21 ലക്ഷത്തോളം പേര്‍ പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമ യോജനയില്‍ ചേര്‍ന്നിട്ടുണ്ട്. പ്രധാനമന്ത്രി സുരക്ഷ ബീമ യോജനയില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളതാകട്ടെ, 19 ലക്ഷത്തോളം പേരാണ്.

കൃഷി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ക്കു തൊഴില്‍ ലഭ്യമാക്കുന്നതു ടെക്‌സ്റ്റൈല്‍ മേഖലയാണ്. ഇതില്‍ വസ്ത്രനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ ജോലിക്കാരെ ആവശ്യമുള്ളത്. കുറേ സ്ത്രീകള്‍ ഇത്തരം ജോലികള്‍ ചെയ്തുവരുന്നു.

നോര്‍ത്ത് ഈസ്റ്റ് റീജിയന്‍ ടെക്‌സ്‌റ്റൈല്‍ പ്രമോഷന്‍ പദ്ധതി പ്രകാരം വ്യവസായവും തൊഴിലവസരങ്ങളും വര്‍ധിപ്പിക്കാനായി എട്ടു സംസ്ഥാനങ്ങളിലും ഓരോ വസ്ത്രനിര്‍മാണ കേന്ദ്രം ആരംഭിക്കുന്നുണ്ട്. 145 കോടി രൂപയുടേതാണു പദ്ധതി. ഇതില്‍ മൂന്നു യൂണിറ്റുകള്‍ വീതമുള്ള ഏഴു കേന്ദ്രങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.

സുഹൃത്തുക്കളേ,

മേഘാലയയ്ക്കു വ്യത്യസ്തമായ ചരിത്ര, സാംസ്‌കാരിക, പ്രാദേശിക പാരമ്പര്യമുണ്ട്. പ്രകൃതിഭംഗികൊണ്ടും വന്യജീവികള്‍കൊണ്ടും അനുഗൃഹീതമാണ് ഈ പ്രദേശം. ഒരു വിനോദസഞ്ചാരി മേഘാലയ സന്ദര്‍ശിക്കാതിരിക്കേണ്ട ഒരു സാഹചര്യവുമില്ല. വിനോദസഞ്ചാരത്തിനും സാഹസിക വിനോദസഞ്ചാരത്തിനും ഈ മേഖലയില്‍ സാധ്യതകളേറെയാണ്.
വിനോദസഞ്ചാരികള്‍ക്കു മെച്ചമാര്‍ന്ന റോഡുകളും ഹോട്ടലുകളും ശുചിത്വവുമൊക്കെ പ്രദാനം ചെയ്യുകവഴി ടൂറിസ്റ്റ് സര്‍ക്യൂട്ടുകള്‍ രൂപീകരിക്കേണ്ടതുണ്ട്. കേന്ദ്ര ഗവണ്‍മെന്റ് തുടക്കമിട്ട സ്വദേശ് ദര്‍ശന്‍ പദ്ധതിയിലൂടെ രാജ്യത്തു ടൂറിസ്റ്റ് സര്‍ക്യൂട്ടുകള്‍ വികസിപ്പിച്ചുവരികയാണ്. വടക്കുകിഴക്കന്‍ മേഖലയ്ക്കായി ഒരു സര്‍ക്യൂട്ട് ഉദ്ദേശിക്കുന്നുണ്ട്.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്കുള്ള ഉപഹാരമായി 2019 ആകുമ്പോഴേക്കും സ്വച്ഛഭാരതം യാഥാര്‍ഥ്യമാക്കുന്നതിനായി രണ്ടു വര്‍ഷത്തോളം മുമ്പ്, 2014 ഒക്ടോബര്‍ രണ്ടിനു കേന്ദ്ര ഗവണ്‍മെന്റ് പ്രവര്‍ത്തനമാരംഭിച്ചിരുന്നു. 2014 ഓഗസ്റ്റ് 15 മുതല്‍ 2015 ഓഗസ്റ്റ് 15 വരെയുള്ള ഒരു വര്‍ഷക്കാലത്തിനിടെ സ്വച്ഛ് ഭാരത് പദ്ധതിക്കു കീഴിലുള്ള സ്വച്ഛ് വിദ്യാലയ് പ്രോഗ്രാമില്‍ പെടുത്തി രണ്ടു ലക്ഷത്തിലേറെ സ്‌കൂളുകളിലായി 4,17,000 ശുചിമുറികള്‍ നിര്‍മിച്ചു.

ശുചിത്വത്തിനായുള്ള ഒരു പൊതുപ്രസ്ഥാനമാണ് സ്വച്ഛ് ഭാരത് മിഷന്‍. ദരിദ്രരില്‍ ദരിദ്രരാണ് ഇതിന്റെ യഥാര്‍ഥ ഗുണഭോക്താക്കള്‍. തുറസ്സായ സ്ഥലത്തു മലവിസര്‍ജനം നടത്തുന്ന സാഹചര്യം ഇല്ലാതാക്കാനും ശുചിത്വമാര്‍ന്ന പരിസ്ഥിതി സൃഷ്ടിക്കാനുമായി സ്വച്ഛ് ഭാരത് പ്രസ്ഥാനത്തില്‍ അണിചേരാന്‍ നിങ്ങള്‍ ഓരോരുത്തരോടും ഞാനും അഭ്യര്‍ഥിക്കുകയാണ്.
സ്വച്ഛ് ഭാരത് അഭിയാനിലൂടെ ശുചിത്വത്തിന്റെ പാരമ്പര്യത്തിന് ഉണര്‍വു ലഭിച്ചുവെന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. ഏറ്റവും ശുചിത്വമുള്ള ഗ്രാമമായ മേഘാലയയിലെ മാവില്യോങ് ഗ്രാമവും ഗ്യാങ്‌ടോക്ക് ഉള്‍പ്പെടെ സിക്കിം സംസ്ഥാനവും പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളായിക്കഴിഞ്ഞു.

‘നോര്‍ത്ത് ഈസ്റ്റ് ലീഡ്‌സ് ദ് വേ- സ്വച്ഛ് ഭാരത് അഭിയാന്‍’ എന്ന ആശയം ഉയര്‍ത്തിപ്പിടിച്ചു നടത്തിയ ഓട്ടമല്‍സരത്തിലെ എല്ലാ ജേതാക്കളെയും ഞാന്‍ അഭിനന്ദിക്കുകയാണ്. ഓട്ടമല്‍സരം സംഘടിപ്പിച്ചതിനു നോര്‍ത്ത് ഈസ്റ്റ് കൗണ്‍സിലിനെയും അഭിന്ദിക്കുന്നു. വടക്കുകിഴക്കന്‍ മേഖലയിലെ ഏറ്റവും ശുചിത്വമാര്‍ന്ന നഗരമായി തെരഞ്ഞെടുക്കപ്പെട്ടതിനു ഗ്യാങ്‌ടോക്ക് പ്രോല്‍സാഹനം അര്‍ഹിക്കുന്നു.

നോര്‍ത്ത് ഈസ്‌റ്റേണ്‍ കൗണ്‍സിലിന്റെ പ്ലീനറി സമ്മേളനത്തിന് ആതിഥ്യമരുളിയ മേഘാലയയിലെ ജനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍. ഈ ആശയവിനിമയത്തിന് അവസരം നല്‍കിയതിന് എല്ലാവരോടുമുള്ള കടപ്പാട് അറിയിക്കുന്നു.

ജയ് ഹിന്ദ്.