പിഎം ഇന്ത്യ
വിദേശസന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, ന്യൂഡെല്‍ഹിയില്‍ പൊതുസ്ഥലത്തു മൂത്രമൊഴിക്കുകയായിരുന്ന രണ്ടു പേരെ പിന്‍തിരിപ്പിച്ചതിനു മര്‍ദിക്കപ്പെട്ടതിനെത്തുടര്‍ന്നു മരിക്കാനിടയായ ഇ-റിക്ഷ ഡ്രൈവര്‍ രവീന്ദ്ര കുമാറിന്റെ ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍നിന്ന് ഒരു ലക്ഷം രൂപ ധനസഹായം അനുവദിച്ചു. സംഭവത്തെ അപലപിച്ച പ്രധാനമന്ത്രി,
മനുഷ്യത്വവിരുദ്ധമായ ഈ തെറ്റായ കൃത്യം നിര്‍വഹിച്ചവരെ പിടികൂടി ശിക്ഷിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്കു നിര്‍ദേശം നല്‍കുകയും ചെയ്തു.
നേരത്തേ, നഗരവികസന, വാര്‍ത്താവിതരണ-പ്രക്ഷേപണ മന്ത്രാലയ വകുപ്പു മന്ത്രി ശ്രീ. എം.വെങ്കയ്യ നായിഡു, രവീന്ദ്ര കുമാറിന്റെ ന്യൂഡെല്‍ഹി ജി.ടി.ബി. നഗറിലുള്ള വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടിരുന്നു. സംഭവത്തെ അപലപിച്ച അദ്ദേഹം, തന്റെ ശമ്പളത്തില്‍നിന്നു മാറ്റിവെച്ച 50,000 രൂപയുടെ ചെക്ക് കുടുംബാംഗങ്ങള്‍ക്കു കൈമാറി. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്നു ശ്രീ. നായിഡു പറഞ്ഞു.