പിഎം ഇന്ത്യ
അടുത്തു തന്നെ ലേലം ചെയ്യാന്‍ പോകുന്ന വിവിധ സ്‌പെക്ട്രം ബാന്‍ഡുകള്‍ക്കുള്ള സ്‌പെക്ട്രം യൂസേജ് ചാര്‍ജ് (എസ്.യു.സി.) നിരക്കുകള്‍ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഇതോടെ, വാര്‍ത്താ വിനിമയ വകുപ്പിനു സ്‌പെക്ട്രം ലേലത്തിനായി അപേക്ഷ ക്ഷണിക്കുന്നതിനുള്ള തടസ്സം നീങ്ങി.
മന്ത്രിസഭാ തീരുമാന പ്രകാരം താഴെ പറയും പ്രകാരമായിരിക്കും നിരക്കുകള്‍.
1. അടുത്ത് നടക്കാന്‍ പോകുന്ന ലേലത്തില്‍ 700, 800, 900, 1800, 2100, 2300, 2500 മെഗാ ഹെര്‍ട്‌സ് പരിധിയിലുള്ള സ്‌പെക്ട്രത്തിന് വയര്‍ലൈന്‍ സേവനങ്ങളില്‍നിന്നുള്ള വരുമാനം ഒഴികെ, ചെലവുകള്‍ കഴിച്ചുള്ള വരുമാനത്തുകയുടെ 3 ശതമാനം ഈടാക്കണം.
2. എസ്.യു.സി. ചുമത്തുന്നത് വയര്‍ലൈന്‍ സേവനങ്ങളില്‍ നിന്നുള്ള വരുമാനം ഒഴികെ, ചെലവുകള്‍ കഴിച്ചുള്ള വരുമാനത്തുകയുടെ 3 ശതമാനം എന്ന വ്യവസ്ഥയ്ക്കു വിധേയമായി, 2010ല്‍ ലഭിച്ച ബി.ഡബ്ല്യു.എ. സ്‌പെക്ട്രം ഉള്‍പ്പെടെ ഭരണപരമായ തീരുമാനത്തിലൂടെയോ ലേലത്തിലൂടെയോ വില്‍പനയിലൂടെയോ എല്ലാ പ്രവേശന സ്‌പെക്ട്രം ബാന്‍ഡുകളിലുമായി ഒരു ഓപ്പറേറ്റര്‍ക്ക് അനുവദിച്ചു നല്‍കിയ എല്ലാ സ്‌പെക്ട്രത്തിന്റെയും ശരാശരി കണക്കിലെടുത്തായിരിക്കും. ആകെ കൈവശമുള്ള സ്‌പെക്ട്രത്തിന്റെ ഗുണനഫലവും കയ്യില്‍ ആകെയുള്ള എസ്.യു.സി നിരക്കിനെ ആകെ കയ്യിലുള്ള സ്‌പെക്ട്രം കൊണ്ടു ഹരിച്ചും കിട്ടുന്ന തുകകള്‍ കൂട്ടിയാണു ശരാശരി കണക്കാക്കേണ്ടത്. ശരാശരി നിരക്ക് ഓരോ സേവന മേഖലയ്ക്കും ഓരോ സേവനദാതാക്കള്‍ക്കനുസരിച്ചു നിര്‍ണയിക്കപ്പെടുകയാണു ചെയ്യുക.
3. 2015-16നു മുമ്പായി ഏറ്റെടുത്തതോ അനുവദിക്കപ്പെട്ടതോ ആയ 2300 മെഗാ ഹെര്‍ട്‌സ്/2500 മെഗാ ഹെര്‍ട്‌സ് സ്‌പെക്ട്രം ഒഴിവാക്കിയും വരുന്ന ലേലത്തില്‍ നേടിയെടുക്കുന്ന സ്‌പെക്ട്രം പരിഗണിച്ചും 2015-16ല്‍ സേവനദാതാക്കള്‍ നല്‍കേണ്ടിവരുന്ന ശരാശരി നിരക്കായിരിക്കും സേവനദാതാക്കള്‍ നല്‍കേണ്ട അടിസ്ഥാന എസ്.യു.സി. നിരക്കായി പരിഗണിക്കുക. ഇതിനു പുറമേ, സേവനദാതാക്കളുടെ എ.ജി.ആറില്‍ കുറവുണ്ടെങ്കില്‍ ആനുപാതികമായി എസ്.യു.സി. അടിസ്ഥാന നിരക്കു കുറയ്ക്കും.
ഇതു നിയമാനുസൃതമായ ലളിതവും സുതാര്യവും മൂല്യവര്‍ധിതവുമായ എസ്.യു.സി. സംവിധാനം രൂപപ്പെടുത്താനും വരുമാനത്തെ വഴിതിരിച്ചുവിടാന്‍ അക്കൗണ്ടിങ്ങില്‍ മാറ്റം വരുത്തുന്നത് ഒഴിവാക്കാനും സഹായകമാകും.