പിഎം ഇന്ത്യ
ചരിത്രപ്രധാനമായ ദണ്ഡി യാത്രയുടെ വാർഷികത്തോടനുബന്ധിച്ച് ഇന്ത്യയുടെ സ്വാതന്ത്ര്യസമരവും വികസിത രാഷ്ട്രമാകാനുള്ള ഇന്നത്തെ പരിശ്രമവും തമ്മിലുള്ള സമാനത എടുത്തുകാണിച്ചുകൊണ്ട് പ്രധാനമന്ത്രി ഇന്ന് iTV നെറ്റ്‌വർക്കിന്റെ NXT ഉച്ചകോടിയെ അഭിസംബോധന ചെയ്തു. 1930-ലെ യാത്ര സ്വാതന്ത്ര്യത്തിനായി രാജ്യത്തെ എപ്രകാരം ഒരുമിപ്പിച്ചുവോ അതുപോലെ ഇന്നത്തെ “വികസിത ഭാരതം” ദൗത്യം 140 കോടി ഇന്ത്യക്കാരുടെ കൂട്ടായ ലക്ഷ്യമാണെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. ആ ചരിത്രയാത്രയുടെ ഏകദേശം 100 വർഷങ്ങൾക്ക് ശേഷം ഇന്ന് നമ്മൾ ഇന്ത്യക്കാർ ഒരു വികസിത ഭാരത (വികസിത ഇന്ത്യ)ത്തിനായി വീണ്ടും ഒരു പുതിയ യാത്ര ആരംഭിച്ചിരിക്കുകയാണ്,” പ്രധാനമന്ത്രി പറഞ്ഞു.
ആഗോള സംഘർഷങ്ങൾക്കും തടസ്സപ്പെട്ട വിതരണ ശൃംഖലകൾക്കും ഇടയിലും ഇന്ത്യ ഒരു പ്രത്യാശയുടെയും സ്ഥിരതയുടെയും പ്രകാശഗോപുരമായി ഉയർന്നുവരികയാണെന്ന് 21-ാം നൂറ്റാണ്ടിലെ സവിശേഷമായ വെല്ലുവിളികളെക്കുറിച്ച് സംസാരിക്കവേ പ്രധാനമന്ത്രി കുറിച്ചു. ലോകത്തിന്റെ പുതിയ ക്രമത്തിന്റെ പ്രധാന ചാലകശക്തിയായി ആഗോള നേതൃത്വവും വിദഗ്ധരും ഇപ്പോൾ ഇന്ത്യയെ എങ്ങനെ കാണുന്നുവെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ലോകത്തിന്റെ ദിശ ഇനി ‘ഗ്ലോബൽ സൗത്ത്’ തീരുമാനിക്കുമെന്ന് ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്ബ് തന്റെ സമീപകാല സന്ദർശനത്തിനിടെ പരാമർശിച്ചതായും അദ്ദേഹം സൂചിപ്പിച്ചു. അടുത്ത മൂന്ന് പതിറ്റാണ്ടുകളിൽ ലോകത്തിന്റെ സാമ്പത്തിക കേന്ദ്രമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുന്നുവെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി തിരിച്ചറിഞ്ഞതായും ആഗോള വെല്ലുവിളികൾ പരിഹരിക്കുന്നതിന് ഇന്ത്യ അനിവാര്യമായ പങ്കാളിയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ കരുതുന്നതായും പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു. “നിങ്ങൾക്ക് ഭാവിയുടെ ഭാഗമാകണമെന്നുണ്ടെങ്കിൽ നിങ്ങൾ ഇന്ത്യയുമായി ബന്ധപ്പെട്ടിരിക്കണം, നിങ്ങൾ ഇന്ത്യയിൽ ഉണ്ടായിരിക്കണം,” ശ്രീ മോദി ഉറപ്പിച്ചുപറഞ്ഞു. ഇന്ത്യൻ പൗരന്മാർക്കിടയിലുള്ള അഭൂതപൂർവമായ ആത്മവിശ്വാസത്തെയും അഭിലാഷത്തെയും കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, സാമ്പത്തിക വളർച്ചയിലുള്ള പൊതുജനങ്ങളുടെ താൽപ്പര്യത്തെ ക്രിക്കറ്റിനോടുള്ള ദേശീയ അഭിനിവേശവുമായി താരതമ്യം ചെയ്തു. ഡിജിറ്റൽ പേയ്‌മെന്റുകളിലും ഒരുകാലത്ത് അസാധ്യമെന്ന് കരുതിയിരുന്ന വൻതോതിലുള്ള പരിഷ്കാരങ്ങളിലും രാജ്യം എങ്ങനെ അടുത്ത ഘട്ടത്തിലേക്ക് മാറിയെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. “ഇന്ത്യ പുരോഗതി കൈവരിക്കുക മാത്രമല്ല ചെയ്യുന്നത്; ഇന്ത്യ അടുത്ത ഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്,” ശ്രീ മോദി വ്യക്തമാക്കി.
രാജ്യത്തിന്റെ ക്രിക്കറ്റിനോടുള്ള അഭിനിവേശവും ഇന്ത്യയുടെ വളർച്ചാ ഗാഥയിലുള്ള നിലവിലെ പൊതുജനതാൽപ്പര്യവും തമ്മിൽ പ്രധാനമന്ത്രി വ്യക്തമായ ഒരു സമാനത വരച്ചുകാട്ടി. പൗരന്മാർ ഒരു ടി-20 ലോകകപ്പ് സ്കോർ എത്രത്തോളം ആകാംക്ഷയോടെ പിന്തുടരുന്നുവോ, അതുപോലെ അവർ ഇപ്പോൾ രാജ്യത്തിന്റെ സാമ്പത്തിക നിലയെക്കുറിച്ചുള്ള ഒരു “റണ്ണിംഗ് കമന്ററി” ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അഭൂതപൂർവമായ ഈ ജിജ്ഞാസ ഇന്ത്യൻ ജനതയുടെ വർദ്ധിച്ചുവരുന്ന അഭിലാഷങ്ങളെയും ആത്മവിശ്വാസത്തെയുമാണ് പ്രതിഫലിപ്പിക്കുന്നതെന്നും ഇതാണ് രാഷ്ട്രത്തോടുള്ള ആഗോള വിശ്വാസത്തിന്റെ അടിസ്ഥാനമെന്നും പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു. ലോകം മുഴുവൻ ഇന്ത്യയുടെ പുരോഗതിയെ ഉറ്റുനോക്കുമ്പോൾ ഈ കുതിപ്പ് നിലനിർത്താനുള്ള എല്ലാ പൗരന്മാരുടെയും കൂട്ടായ ഉത്തരവാദിത്തം വർദ്ധിച്ചതായി ശ്രീ മോദി അടിവരയിട്ടു. “ഇത്രയധികം പ്രതീക്ഷകൾ നമ്മളിൽ അർപ്പിക്കപ്പെടുമ്പോഴും ലോകം നമ്മുടെ രാജ്യത്തെ ഉറ്റുനോക്കുമ്പോഴും നമ്മുടെ ഉത്തരവാദിത്തം ഗണ്യമായി വർദ്ധിക്കുന്നു,” പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ആധുനിക ഇന്ത്യ കേവലം പുരോഗതി കൈവരിക്കുക മാത്രമല്ലെന്നും ലോകോത്തര ഭൗതിക-ഡിജിറ്റൽ ആസ്തികളുടെ നിർമ്മാണത്തിലൂടെ സജീവമായി അടുത്ത ഘട്ടത്തിലേക്ക് ഉയരുകയാണെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസിന്റെ (UPI) ദ്രുതഗതിയിലുള്ള വികാസം രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ ഒരു പുതിയ ഘട്ടത്തിലേക്ക് മാറ്റിയെന്നും ഇത് തത്സമയ ഡിജിറ്റൽ ഇടപാടുകളിൽ ഇന്ത്യയെ ആഗോള തലത്തിൽ ഒന്നാമതാക്കിയെന്നും പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങളിലെ ഈ മാറ്റം കൂടുതൽ ബന്ധിപ്പിക്കപ്പെട്ടതും കാര്യക്ഷമവുമായ ഒരു സമ്പദ്‌വ്യവസ്ഥയുടെ ചാലകശക്തിയായി പ്രവർത്തിക്കുന്നു. “ഇന്ന്, ലോകത്ത് ഏറ്റവും വേഗതയേറിയ തത്സമയ ഡിജിറ്റൽ പേയ്‌മെന്റുകൾ നടക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു,” ശ്രീ മോദി എടുത്തുപറഞ്ഞു.
ഒരുകാലത്ത് അസാധ്യമെന്ന് കരുതിയിരുന്ന തീരുമാനങ്ങൾ വിജയകരമായി നടപ്പിലാക്കിക്കൊണ്ട് ഇന്ത്യ ഇപ്പോൾ അടുത്ത തലമുറ പരിഷ്കാരങ്ങളുടെ അതിവേഗ പാതയിലാണെന്ന് പ്രധാനമന്ത്രി നിരീക്ഷിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയതും,ൃ ജൻ ധൻ അക്കൗണ്ടുകളിലൂടെ 50 കോടിയിലധികം പൗരന്മാരെ ബാങ്കിംഗ് സംവിധാനത്തിൽ ഉൾപ്പെടുത്തിയതും നിയമസഭകളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകുന്ന നിയമം പാസാക്കിയതും പോലുള്ള നിർണ്ണായക നേട്ടങ്ങൾ പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു. ബഹിരാകാശം, സെമികണ്ടക്ടറുകൾ, ക്വാണ്ടം കമ്പ്യൂട്ടിംഗ് എന്നിവയിലെ പ്രത്യേക ദൗത്യങ്ങളിലൂടെ വിപുലമായ മേഖലകളിലേക്ക് കടന്നുകൊണ്ട് ഇന്ത്യ മുൻകാല സാങ്കേതിക പരിധികൾ തകർത്തിട്ടുണ്ടെന്ന് ശ്രീ മോദി കൂട്ടിച്ചേർത്തു. “ഇന്ന് ചാന്ദ്ര ദൗത്യം സെമികണ്ടക്ടർ മിഷൻ, ക്വാണ്ടം മിഷൻ എന്നിവ ഇന്ത്യയെ സാങ്കേതികവിദ്യയുടെ അടുത്ത അതിർത്തിയിലേക്ക് എത്തിക്കുന്നു,” പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
വെറും അഭിലാഷങ്ങൾക്കപ്പുറം ലക്ഷ്യങ്ങളുടെ കൃത്യമായ നടപ്പാക്കലിലേക്കും സാക്ഷാത്കാരത്തിലേക്കും രാജ്യം കടന്നുവെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഈ കുതിപ്പിലെ മാറ്റം ആഗോള സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇന്ത്യയുടെ വളർച്ച ഇനി കേവലം ക്രമാനുഗതമായ ഒന്നല്ല, മറിച്ച് പരിവർത്തനാത്മകമായ ഒന്നാണെന്ന് അവർ അംഗീകരിച്ചതായും പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. എല്ലാ മേഖലകളിലും ദീർഘകാല ദർശനങ്ങളെ മൂർത്തമായ നേട്ടങ്ങളാക്കി സജീവമായി മാറ്റുന്ന ഒരു രാഷ്ട്രത്തെയാണ് ഈ പുതിയ യാഥാർത്ഥ്യം പ്രതിഫലിപ്പിക്കുന്നത്. “ഇന്ത്യ പുരോഗതി കൈവരിക്കുക മാത്രമല്ല ചെയ്യുന്നത്; ഇന്ത്യ അടുത്ത ഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്,” ശ്രീ മോദി വ്യക്തമാക്കി.
മഹാമാരിയുടെയും നിലവിലുള്ള അന്താരാഷ്ട്ര സംഘർഷങ്ങളുടെയും തുടർച്ചയായ വെല്ലുവിളികളെ ഉദ്ധരിച്ചുകൊണ്ട്, പെട്ടെന്നുള്ള ആഗോള മാറ്റങ്ങൾക്കിടയിലും പതറാതെ നിൽക്കാനുള്ള കഴിവിനെ അടിസ്ഥാനമാക്കിയാണ് ഒരു രാജ്യത്തിന്റെ വികസനം നിർവചിക്കപ്പെടുന്നതെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. സമീപത്ത് നടന്നുകൊണ്ടിരിക്കുന്ന നിലവിലെ യുദ്ധം ലോകമെമ്പാടും ഒരു ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ടെന്നും ഇത് സമാധാനത്തിലൂടെയും ക്ഷമയിലൂടെയും വർദ്ധിച്ച പൊതുജന അവബോധത്തിലൂടെയും സാഹചര്യങ്ങളെ നേരിടേണ്ട ദേശീയ സ്വഭാവത്തിന്റെ നിർണ്ണായക പരീക്ഷണമാണെന്നും പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. രാഷ്ട്രീയ പാർട്ടികളുടെയും മാധ്യമങ്ങളുടെയും വ്യവസായ മേഖലയുടെയും കൂട്ടായ ഉത്തരവാദിത്തം എടുത്തുപറഞ്ഞ പ്രധാനമന്ത്രി, മഹാമാരിക്കാലത്തെ ഐക്യത്തോടെയുള്ള പ്രവർത്തനം ഇന്ത്യയുടെ കരുത്തിനെ എപ്രകാരം വർദ്ധിപ്പിച്ചുവെന്ന് അനുസ്മരിക്കുകയും നിലവിലെ വെല്ലുവിളികളെ നേരിടാൻ സമാനമായ സഹകരണ മനോഭാവത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു. “ദേശീയ താൽപ്പര്യത്തിന് പരമപ്രാധാന്യം നൽകിക്കൊണ്ട് നാം കൂട്ടായ പരിശ്രമങ്ങൾ നടത്തുകയും നമ്മുടെ കടമകൾ നിർവഹിക്കുകയും വേണം,” ശ്രീ മോദി അഭിപ്രായപ്പെട്ടു.
എൽ.പി.ജിയുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. ആഗോള അനിശ്ചിതത്വങ്ങൾക്കിടയിൽ തെറ്റായ വിവരങ്ങളേക്കാൾ വസ്തുതകൾക്ക് മുൻഗണന നൽകുന്ന ഉത്തരവാദിത്തമുള്ള ചർച്ചകൾക്ക് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
നിലവിലെ ആഗോള സംഘർഷത്തിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ എല്ലാ രാജ്യങ്ങളെയും ബാധിച്ചിട്ടുണ്ടെന്നും ഇത് ഇന്ത്യാ ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് സജീവവും ബഹുതലത്തിലുള്ളതുമായ നടപടി അനിവാര്യമാക്കിത്തീർക്കുന്നുവെന്നും പ്രധാനമന്ത്രി നിരീക്ഷിച്ചു. ഈ സങ്കീർണ്ണതകളെ തരണം ചെയ്യുന്നതിനും ആഗോള പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനുമായി താൻ ലോകനേതാക്കളുമായി തുടർച്ചയായ ചർച്ചകൾ നടത്തിവരികയാണെന്ന് പ്രധാനമന്ത്രി മോദി പങ്കുവെച്ചു. കൂടാതെ, അന്താരാഷ്ട്ര വിതരണ ശൃംഖലകളിൽ രൂപപ്പെട്ടിട്ടുള്ള വിവിധ തടസ്സങ്ങൾ പരിഹരിക്കുന്നതിനും അവയെ മറികടക്കുന്നതിനുമായി ഗവൺമെന്റ് അശ്രാന്തമായി പരിശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. “വിതരണ ശൃംഖലയിൽ ഉണ്ടായിട്ടുള്ള തടസ്സങ്ങളെ നമുക്ക് എങ്ങനെ മറികടക്കാം എന്ന് തീരുമാനിക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളും നടക്കുന്നുണ്ട്,” ശ്രീ മോദി ഉറപ്പിച്ചുപറഞ്ഞു.
ദ്രുതഗതിയിലുള്ള ദേശീയ വികസനം ഉറപ്പാക്കുന്നതിനായി ആഭ്യന്തര അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലും വിദേശാശ്രയം കുറയ്ക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്കായുള്ള ഡ്യുവൽ-ട്രാക്ക് തന്ത്രത്തെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. ഗ്യാസ് മേഖലയിലെ വളർച്ചയെക്കുറിച്ചുള്ള താരതമ്യ പഠനം അവതരിപ്പിച്ച പ്രധാനമന്ത്രി മോദി, 2014-ൽ 14 കോടിയായിരുന്ന എൽ.പി.ജി കണക്ഷനുകൾ ഇന്ന് ഏകദേശം 33 കോടിയായി വർദ്ധിച്ചിട്ടുണ്ടെന്നും ഇത് ഭൂരിഭാഗം ഇന്ത്യൻ കുടുംബങ്ങളെയും ഫലപ്രദമായി ഉൾക്കൊള്ളുന്നുവെന്നും ചൂണ്ടിക്കാട്ടി. ബോട്ടിലിംഗ് ശേഷി ഗണ്യമായി വർദ്ധിപ്പിച്ചത്, എൽ.എൻ.ജി ടെർമിനലുകൾ ഇരട്ടിയാക്കിയത്, ഗ്യാസ് പൈപ്പ്‌ലൈൻ ശൃംഖല 3,500 കിലോമീറ്ററിൽ നിന്ന് 10,000 കിലോമീറ്ററായി വ്യാപിപ്പിച്ചത് എന്നിവയിലൂടെ ഈ വിപുലീകരണത്തിന് പിന്തുണ ലഭിച്ചതായി ശ്രീ മോദി എടുത്തുപറഞ്ഞു. ഈ വിതരണ ശൃംഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി, അന്താരാഷ്ട്ര തലത്തിൽ നിന്ന് സമാഹരിക്കുന്ന 60 ശതമാനം എൽ.പി.ജിയും കൈകാര്യം ചെയ്യുന്നതിന് പ്രധാന തുറമുഖങ്ങളിലെ ഇറക്കുമതി ടെർമിനൽ ശേഷി ഗവൺമെന്റ് ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പരാമർശിച്ചു. “ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വികസനത്തിന് വിവിധ ഊർജ്ജ സ്രോതസ്സുകളെ പ്രോത്സാഹിപ്പിക്കുകയും ഊർജ്ജ മേഖലയിൽ സ്വയംപര്യാപ്തതയ്ക്ക് ഊന്നൽ നൽകുകയും ചെയ്യേണ്ടത് നിരന്തര ആവശ്യമാണ്,” ശ്രീ മോദി പ്രസ്താവിച്ചു.
നഗരങ്ങളിലെ ഊർജ്ജ പരിവർത്തനത്തിന്റെ വലിയ തോതിലുള്ള വളർച്ച പ്രധാനമന്ത്രി എടുത്തുപറഞ്ഞു; പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG) കണക്ഷനുകളുടെ എണ്ണം 2014-ന് മുമ്പുള്ള 25–26 ലക്ഷം വീടുകളിൽ നിന്ന് ഇന്ന് 1.25 കോടിയിലധികം വീടുകളിലേക്ക് വ്യാപിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ കാര്യത്തിലുണ്ടായ ഗണ്യമായ മാറ്റവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സി.എൻ.ജി (CNG) വാഹനങ്ങളുടെ എണ്ണം 10 ലക്ഷത്തിൽ താഴെയായിരുന്നത് ഇതേ കാലയളവിൽ 70 ലക്ഷത്തിലധികമായി വർദ്ധിച്ചു. കഴിഞ്ഞ ദശകത്തിൽ 600-ലധികം ജില്ലകളിൽ സിറ്റി ഗ്യാസ് വിതരണ ശൃംഖലകൾ തന്ത്രപരമായി സ്ഥാപിച്ചതാണ് ഈ പുരോഗതിക്ക് കാരണമെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. “കഴിഞ്ഞ ദശകത്തിൽ രാജ്യത്തെ 600-ലധികം ജില്ലകളിൽ സിറ്റി ഗ്യാസ് വിതരണ ശൃംഖലകൾ സ്ഥാപിച്ചതുകൊണ്ട് മാത്രമാണ് ഇത് സാധ്യമായത്,” ശ്രീ മോദി ഉറപ്പിച്ചുപറഞ്ഞു.
നിലവിലെ ആഗോള അസ്ഥിരത, പ്രത്യേകിച്ച് സുപ്രധാന മേഖലകളിൽ ദേശീയ സ്വയംപര്യാപ്തതയുടെ തന്ത്രപരമായ ആവശ്യകത അടിവരയിടുന്നുവെന്ന് പ്രധാനമന്ത്രി നിരീക്ഷിച്ചു. ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ആഗോളതലത്തിലുണ്ടാകുന്ന ആഘാതങ്ങളെ പ്രതിരോധിക്കുന്നതിനുമായി കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗവൺമെന്റ് സമഗ്രമായ ഒരു സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര തലത്തിലെ ഏറ്റക്കുറച്ചിലുകൾ രാജ്യത്തിന്റെ വളർച്ചയെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ഈ സമഗ്ര തന്ത്രം ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു. “ഏതൊരു രാജ്യവും സ്വയംപര്യാപ്തമാകേണ്ടത് എത്രത്തോളം അത്യാവശ്യമാണെന്ന് ഈ ആഗോള പ്രതിസന്ധി ഒരിക്കൽ കൂടി കാണിച്ചുതന്നിരിക്കുന്നു,” ശ്രീ മോദി അഭിപ്രായപ്പെട്ടു.
പെട്രോളിയം ആശ്രിതത്വം കുറയ്ക്കുന്നതിനുള്ള പ്രധാന മാർഗ്ഗമെന്ന നിലയിൽ എഥനോൾ, ബയോഫ്യുവൽ എന്നിവയിൽ ഗവൺമെന്റ് ചെലുത്തുന്ന തന്ത്രപരമായ ശ്രദ്ധ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. 2014-ന് മുമ്പ് കേവലം 1–1.5 ശതമാനം മാത്രമായിരുന്ന ഇവയുടെ മിശ്രണ ശേഷി ഇന്ന് ഏകദേശം 20 ശതമാനമായി ഉയർന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സംരംഭത്തിലൂടെ കഴിഞ്ഞ 11 വർഷത്തിനിടയിൽ 18 കോടി ബാരൽ എണ്ണ അധികമായി വാങ്ങുന്നത് ഒഴിവാക്കാൻ സാധിച്ചുവെന്നും ഇത് ദേശീയ കരുതൽ ശേഖരത്തെ ഗണ്യമായി ശക്തിപ്പെടുത്തിയെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. നിലവിൽ ഈ മാറ്റം ഇന്ത്യയുടെ വാർഷിക എണ്ണ ഇറക്കുമതി ഏകദേശം 4.5 കോടി ബാരൽ കുറയ്ക്കാൻ സഹായിക്കുന്നുവെന്നും ഇത് സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കുന്നുവെന്നും പ്രധാനമന്ത്രി പരാമർശിച്ചു. “എഥനോൾ മിശ്രണത്തിലൂടെ മാത്രം രാജ്യം ഏകദേശം ഒന്നര ലക്ഷം കോടി രൂപ ലാഭിച്ചു,” ശ്രീ മോദി വ്യക്തമാക്കി.
റെയിൽവേ വൈദ്യുതീകരണവും പുനരുപയോഗ ഊർജവും രാജ്യത്തിന്റെ ഇന്ധന ലാഭത്തിൽ വരുത്തിയ പരിവർത്തനാത്മക സ്വാധീനം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 2014-ഓടെ റെയിൽ ശൃംഖലയുടെ 20 ശതമാനം മാത്രം വൈദ്യുതീകരിച്ച സ്ഥാനത്ത് ഇന്ന് ബ്രോഡ് ഗേജ് ശൃംഖലയുടെ ഏകദേശം 100 ശതമാനവും വൈദ്യുതിയിലാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം കുറിച്ചു. ഈ നേട്ടം കൊണ്ടുമാത്രം 2024-25 കാലയളവിൽ ഇന്ത്യൻ റെയിൽവേ ഏകദേശം 180 കോടി ലിറ്റർ ഡീസൽ ലാഭിച്ചുവെന്നും ഇത് ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ ആവശ്യകത ഗണ്യമായി കുറച്ചുവെന്നും പ്രധാനമന്ത്രി മോദി പ്രസ്താവിച്ചു. ഹരിതോർജ വിപ്ലവത്തെക്കുറിച്ച് കൂടുതൽ വിശദീകരിച്ച പ്രധാനമന്ത്രി, ഇന്ത്യയുടെ പുനരുപയോഗ ഊർജ ശേഷി ചരിത്രപരമായ 250 ജിഗാവാട്ടിൽ (GW) എത്തിയെന്നും സോളാർ പവർ ശേഷി മാത്രം 2014-ലെ 2 ജിഗാവാട്ടിൽ നിന്ന് ഇന്ന് 130 ജിഗാവാട്ടായി കുതിച്ചുയർന്നുവെന്നും ചൂണ്ടിക്കാട്ടി. ഗാർഹിക ഊർജ്ജ ഉപഭോഗം വൈദ്യുതിയിലേക്ക് മാറ്റുന്നതിനായി പുരപ്പുറ സോളാറിലൂടെ 30 ലക്ഷം കുടുംബങ്ങളെ ശാക്തീകരിച്ച ‘പിഎം സൂര്യഘർ മുഫ്ത് ബിജ്ലി യോജന’യുടെ വിജയത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. “നമ്മുടെ ആകെ പുനരുപയോഗ ഊർജ ശേഷി ഇന്ന് ചരിത്രപരമായ 250 ജിഗാവാട്ട് പിന്നിട്ടിരിക്കുന്നു. നമ്മുടെ ആകെ സ്ഥാപിത വൈദ്യുതി ഉൽപ്പാദന ശേഷിയുടെ പകുതിയും ഇപ്പോൾ പുനരുപയോഗ സ്രോതസ്സുകളിൽ നിന്നാണ് എത്തുന്നത്,” ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു.
ശേഷി വർദ്ധിപ്പിക്കുന്നതിലും ‘വേസ്റ്റ് ടു എനർജി’ (മാലിന്യത്തിൽ നിന്ന് ഊർജ്ജം) സംരംഭങ്ങളിലും ഗവൺമെന്റ് നടത്തുന്ന ശക്തമായ ശ്രമങ്ങളെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. GOBARdhan (ഗോബർധൻ) പദ്ധതിക്ക് കീഴിൽ 100-ലധികം കംപ്രസ്ഡ് ബയോ ഗ്യാസ് പ്ലാന്റുകൾ ഇപ്പോൾ പ്രവർത്തനക്ഷമമാണെന്നും 600 എണ്ണം കൂടി നിർമ്മാണ ഘട്ടത്തിലാണെന്നും അദ്ദേഹം കുറിച്ചു. 2014-ന് മുമ്പ് നാമമാത്രമായ സംഭരണശേഷി മാത്രമുണ്ടായിരുന്ന സ്ഥാനത്ത് നിന്ന് 50 ലക്ഷം ടണ്ണിലധികം വരുന്ന തന്ത്രപരമായ പെട്രോളിയം ശേഖരം സൃഷ്ടിച്ചതിലൂടെ ദേശീയ സുരക്ഷയിൽ വലിയ മാറ്റം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. കൂടാതെ, കഴിഞ്ഞ ദശകത്തിൽ വാർഷിക ശുദ്ധീകരണ ശേഷി 40 ദശലക്ഷം ടണ്ണിലധികം വർദ്ധിപ്പിച്ചതിന്റെ ഫലമാണ് ഇന്ത്യ ഒരു ആഗോള റിഫൈനിംഗ് ഹബ്ബായി മാറിയതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ ഘടനാപരമായ കരുത്ത് നിലവിലെ ആഗോള ഊർജ്ജ വെല്ലുവിളികളെ ഫലപ്രദമായി നേരിടാൻ രാജ്യത്തെ പ്രാപ്തമാക്കുമെന്ന് പ്രധാനമന്ത്രി മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. “ഈ യുദ്ധം സൃഷ്ടിച്ച പ്രതിസന്ധിയെ നേരിടാനും ഇന്ത്യയെ വലിയ തോതിൽ സ്വയംപര്യാപ്തമാക്കാനുള്ള നമ്മുടെ പ്രവർത്തനങ്ങൾ തുടരാനും നമുക്ക് തീർച്ചയായും സാധിക്കും,” ശ്രീ മോദി വ്യക്തമാക്കി.
നിലവിലെ ആഗോള അനിശ്ചിതത്വങ്ങളെ തരണം ചെയ്യാൻ ഇന്ത്യയിലെ 140 കോടി പൗരന്മാരുടെ കൂട്ടായ കരുത്തിൽ പ്രധാനമന്ത്രി തന്റെ അഗാധമായ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കൂട്ടായ മനോഭാവവും പ്രതിരോധശേഷിയും നിലവിലുള്ള അന്താരാഷ്ട്ര പ്രതിസന്ധിയെ രാജ്യം മറികടക്കുമെന്ന് ഉറപ്പാക്കുമെന്ന് മഹാമാരിയുടെ സമയത്ത് രാജ്യം പ്രകടിപ്പിച്ച ഐക്യത്തെ ഉദ്ധരിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി പ്രസ്താവിച്ചു. രാഷ്ട്രത്തിന്റെ പുരോഗതി സംരക്ഷിക്കുന്നതിനായി ഗവൺമെന്റ് നടത്തുന്ന അശ്രാന്തമായ സേവനത്തെയും മുൻകരുതൽ നടപടികളെയും കുറിച്ച് പ്രധാനമന്ത്രി വീണ്ടും ഉറപ്പുനൽകി. “നമ്മുടെ ഓരോ തീരുമാനത്തിലും പൊതുജനതാൽപ്പര്യത്തിനായിരിക്കും പരമപ്രാധാന്യം,” ശ്രീ മോദി അഭിപ്രായപ്പെട്ടു.
ആഗോള വിപണിയും ലോകമെമ്പാടുമുള്ള പൗരന്മാരും അന്താരാഷ്ട്ര സംഘർഷങ്ങളുടെ പ്രത്യാഘാതങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുമ്പോഴും ഇന്ത്യാ ഗവൺമെന്റ് സ്വന്തം ജനതയെ ഇത്തരം ബാഹ്യ സമ്മർദ്ദങ്ങളിൽ നിന്ന് സംരക്ഷിക്കാൻ നിരന്തരം പ്രവർത്തിച്ചുവരികയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. റഷ്യ-യുക്രെയ്ൻ പ്രതിസന്ധിയുടെ ഉദാഹരണം ഉദ്ധരിച്ച പ്രധാനമന്ത്രി മോദി, ആഭ്യന്തര വിലക്കയറ്റം തടയുന്നതിനായി അവശ്യസാധനങ്ങൾക്ക് ഗവൺമെന്റ് വൻതോതിൽ സബ്‌സിഡി നൽകിയ കാര്യം സൂചിപ്പിച്ചു. അന്താരാഷ്ട്ര വിപണിയിൽ യൂറിയയുടെ വില ചാക്കിന് 3000 രൂപയിൽ എത്തിയപ്പോൾ പോലും കാർഷിക സ്ഥിരത നിലനിർത്തുന്നതിനായി കർഷകർക്ക് അത് 300 രൂപ എന്ന കുറഞ്ഞ നിരക്കിൽ ലഭിക്കുന്നുവെന്ന് ഗവൺമെന്റ് ഉറപ്പാക്കിയതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “ഇത്തവണയും യുദ്ധം രാജ്യത്തെ കർഷകരുടെയും പൗരന്മാരുടെയും ജീവിതത്തിൽ ഉണ്ടാക്കുന്ന ആഘാതം പരമാവധി കുറയ്ക്കുന്നതിന് സാധ്യമായ എല്ലാ ശ്രമങ്ങളും ഞങ്ങളുടെ ഭാഗത്തുനിന്നുണ്ടാകും,” ശ്രീ മോദി ഉറപ്പിച്ചുപറഞ്ഞു.
നിലവിലെ ആഗോള സാഹചര്യത്തിൽ കൂടുതൽ ജാഗ്രതയും ഏകോപനവും ആവശ്യമാണെന്ന് പ്രധാനമന്ത്രി സംസ്ഥാന ഗവൺമെന്റുകളോട് ആഹ്വാനം ചെയ്തു. സാമൂഹികവും സാമ്പത്തികവുമായ സ്ഥിരത നിലനിർത്തുന്നതിന് തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് തടയുന്നതും നിയമവിരുദ്ധമായ വ്യാപാര രീതികൾ നിയന്ത്രിക്കുന്നതും നിർണ്ണായകമാണെന്ന് പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു. കൃത്രിമ ക്ഷാമത്തിൽ നിന്നോ വിലക്കയറ്റത്തിൽ നിന്നോ ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി വിപണി സാഹചര്യങ്ങളിൽ കർശനമായ മേൽനോട്ടം വഹിക്കാൻ അദ്ദേഹം പ്രാദേശിക അധികൃതരോട് ആവശ്യപ്പെട്ടു. “സാഹചര്യങ്ങൾ ഗൗരവമായി നിരീക്ഷിക്കേണ്ടതും കരിഞ്ചന്തയിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കേണ്ടതും അനിവാര്യമാണ്,” ശ്രീ മോദി വ്യക്തമാക്കി.
കഴിഞ്ഞ ദശകം സംവേദനക്ഷമമായ ഭരണത്തിലേക്കുള്ള മാറ്റത്താൽ നിർവചിക്കപ്പെട്ടതാണെന്നും മുൻ ഗവൺമെന്റുകൾ അവഗണിച്ചിരുന്ന പ്രദേശങ്ങൾക്കും സമൂഹങ്ങൾക്കും മുൻഗണന നൽകിയതായും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ആസ്പിരേഷണൽ ഡിസ്ട്രിക്റ്റ് പ്രോഗ്രാം, പിഎം ജൻമൻ തുടങ്ങിയ സംരംഭങ്ങളിലൂടെ രാജ്യത്തെ ഏറ്റവും ഉൾഗ്രാമങ്ങളിൽ പാർപ്പിടം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയുൾപ്പെടെയുള്ള അവശ്യ അടിസ്ഥാന സൗകര്യങ്ങൾ എത്തിക്കുന്നതിൽ ഗവൺമെന്റ് വിജയിച്ചതായി പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി. കൂടാതെ, ആഭ്യന്തര സുരക്ഷയിലുണ്ടായ നാടകീയമായ പുരോഗതി പ്രധാനമന്ത്രി എടുത്തുപറഞ്ഞു. മാവോയിസ്റ്റ് ഭീകരത ബാധിച്ച ജില്ലകളുടെ എണ്ണം 2013-ലെ 180-ൽ പരം എന്നതിൽ നിന്ന് ഇന്ന് ഒറ്റയക്കത്തിലേക്ക് കുത്തനെ കുറഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഭയത്തിന് പകരം വികസനവും സമ്മിശ്ര വളർച്ചയും കൊണ്ടുവരാനുള്ള ദേശീയ ദൃഢനിശ്ചയത്തെയാണ് ഈ മാറ്റം പ്രതിഫലിപ്പിക്കുന്നത്. “ഇന്ന് മാവോയിസ്റ്റ് ഭീകരത ബാധിച്ച ജില്ലകളുടെ എണ്ണം ഒറ്റയക്കത്തിൽ എത്തിയിരിക്കുന്നു,” ശ്രീ മോദി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ഒരു വർഷത്തിനിടെ ആഭ്യന്തര സുരക്ഷയിലുണ്ടായ സുപ്രധാന വിജയങ്ങൾ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. 2,100-ലധികം നക്സലൈറ്റുകൾ കീഴടങ്ങിയെന്നും 300-ലധികം തീവ്രവാദികൾ കൊല്ലപ്പെട്ടുവെന്നും ഇത് മുൻപ് സംഘർഷഭരിതമായിരുന്ന പ്രദേശങ്ങളിൽ വികസനത്തിന്റെ തിരിച്ചുവരവിന് കാരണമായെന്നും അദ്ദേഹം കുറിച്ചു. ഇന്ത്യയുടെ പുരോഗതിയുടെ വേഗത ഇപ്പോൾ തടയാനാകാത്തതാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. 140 കോടി പൗരന്മാരുടെ “അടുത്ത ഘട്ടത്തിലേക്കുള്ള” അഭിലാഷങ്ങളെ ഒരു ഭാരമായല്ല, മറിച്ച് പൊതുവിശ്വാസത്തിന്റെ സുപ്രധാന മൂലധനമായാണ് അദ്ദേഹം കാണുന്നത്. ജനങ്ങളുടെ നിരന്തര അനുഗ്രഹത്താൽ ഊർജ്ജിതമായ സ്വയംപര്യാപ്തവും വികസിതവുമായ ഒരു രാഷ്ട്രം എന്ന ദേശീയ സ്വപ്നം സാക്ഷാത്കരിക്കാനുള്ള തന്റെ പ്രതിജ്ഞാബദ്ധത ആവർത്തിച്ചുകൊണ്ട് അദ്ദേഹം പ്രസംഗം ഉപസംഹരിച്ചു. “ഇന്ത്യ എല്ലാ മേഖലകളിലും സ്വയംപര്യാപ്തമാകും, എല്ലാ സാഹചര്യങ്ങളിലും ഇന്ത്യ വികസിതമാകും,” ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു.
Speaking at the NXT Summit.@NewsX https://t.co/muR12oRapH
— Narendra Modi (@narendramodi) March 12, 2026
One goal, one destination… Viksit Bharat. pic.twitter.com/QTG8R5Qbtn
— PMO India (@PMOIndia) March 12, 2026
Despite many global crises, the world’s leaders and experts look to India with great hope. pic.twitter.com/BoEMfjcsGS
— PMO India (@PMOIndia) March 12, 2026
If you want to be part of the future, you have to be in India. pic.twitter.com/8nPrWxVcMh
— PMO India (@PMOIndia) March 12, 2026
India is not just progressing.
India is moving to the Next. pic.twitter.com/mF8Sr2Yw2Y
— PMO India (@PMOIndia) March 12, 2026
India will make every effort to ensure that its farmers and citizens are protected from the burden of global challenges. pic.twitter.com/oqP4tNUvr8
— PMO India (@PMOIndia) March 12, 2026
***
SK
Speaking at the NXT Summit.@NewsX https://t.co/muR12oRapH
— Narendra Modi (@narendramodi) March 12, 2026
One goal, one destination... Viksit Bharat. pic.twitter.com/QTG8R5Qbtn
— PMO India (@PMOIndia) March 12, 2026
Despite many global crises, the world's leaders and experts look to India with great hope. pic.twitter.com/BoEMfjcsGS
— PMO India (@PMOIndia) March 12, 2026
If you want to be part of the future, you have to be in India. pic.twitter.com/8nPrWxVcMh
— PMO India (@PMOIndia) March 12, 2026
India is not just progressing.
— PMO India (@PMOIndia) March 12, 2026
India is moving to the Next. pic.twitter.com/mF8Sr2Yw2Y
India will make every effort to ensure that its farmers and citizens are protected from the burden of global challenges. pic.twitter.com/oqP4tNUvr8
— PMO India (@PMOIndia) March 12, 2026