Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

‎‘ഗാർഡിയൻ ഓഫ് ദി ബ്ലൂ ഹൊറൈസൺ’ പ്രസിഡൻഷ്യൽ ബഹുമതി നൽകി പ്രധാനമന്ത്രിയെ ആദരിച്ചു

‎‘ഗാർഡിയൻ ഓഫ് ദി ബ്ലൂ ഹൊറൈസൺ’ പ്രസിഡൻഷ്യൽ ബഹുമതി നൽകി പ്രധാനമന്ത്രിയെ ആദരിച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് സെയ്ഷെൽസ് പ്രസിഡന്റ് ഡോ. പാട്രിക് ഹെർമിനി ‘ഗാർഡിയൻ ഓഫ് ദി ബ്ലൂ ഹൊറൈസൺ’ പ്രസിഡൻഷ്യൽ ബഹുമതി സമ്മാനിച്ചു. സെയ്ഷെൽസിൽ നടന്ന പ്രത്യേക ചടങ്ങിലാണു ബഹുമതി സമ്മാനിച്ചത്. പ്രധാനമന്ത്രിയുടെ ഹരിത നേതൃത്വത്തിനും, വികസ്വര രാജ്യങ്ങളുടെ താൽപ്പര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾക്കുമുള്ള അംഗീകാരമായാണ് ഈ ബഹുമതി നൽകിയത്. നീല സമ്പദ്‌വ്യവസ്ഥ, കാലാവസ്ഥാവ്യതിയാനത്തിനെതിരായ പ്രവർത്തനങ്ങൾ, സമുദ്രവിഭവങ്ങളുടെ സുസ്ഥിര പരിപാലനം, വികസ്വരമായ ചെറുദ്വീപ് രാഷ്ട്രങ്ങളുടെ വികസന ആഗ്രഹങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ദീർഘകാല പ്രതിജ്ഞാബദ്ധതയെയും ഈ അംഗീകാരം ഉയർത്തിക്കാട്ടുന്നു. ഇതാദ്യമായാണ് ഈ വിശിഷ്ട ബഹുമതി സമ്മാനിക്കുന്നത്.

‎പരിസ്ഥിതിസംരക്ഷണത്തിനും കാലാവസ്ഥാവ്യതിയാനത്തിനെതിരായ പോരാട്ടത്തിനും പ്രതിജ്ഞാബദ്ധരായ എല്ലാ രാജ്യങ്ങൾക്കുമായി പ്രധാനമന്ത്രി ഈ ബഹുമതി സമർപ്പിച്ചു. സെയ്ഷെൽസുമായുള്ള നയതന്ത്രബന്ധത്തിന്റെ 50-ാം വാർഷികം ആഘോഷിക്കുന്ന വേളയിലുള്ള ഈ അംഗീകാരം, ഇരുരാജ്യങ്ങളും തമ്മിലുള്ള സവിശേഷമായ സൗഹൃദം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ഏറെ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. അ‌ന്താരാഷ്ട്ര സൗരസഖ്യം, മിഷൻ ലൈഫ് (പരിസ്ഥിതിക്കായുള്ള ജീവിതശൈലി), ‘ഏക് പേഡ് മാ കേ നാം’ (അമ്മയ്ക്കായി ഒരു തൈ), അ‌ന്താരാഷ്ട്ര ബൃഹദ് മാർജാര സഖ്യം എന്നിവയുൾപ്പെടെ ഭൂമിയെ ഹരിതാഭമാക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ ദീർഘകാല പ്രതിജ്ഞാബദ്ധതയ്ക്ക് അംഗീകാരമാണ് ഈ ബഹുമതി. സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിന് പ്രധാനമന്ത്രിക്ക് ലഭിച്ച ബഹുമതികളിൽ ഏറ്റവും ഒടുവിലത്തേതാണ് ഈ അംഗീകാരം. FAO-യുടെ അഗ്രിക്കോള മെഡൽ, സിയോൾ സമാധാന പുരസ്കാരം, UN ചാമ്പ്യൻ ഓഫ് ദി എർത്ത് അവാർഡ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

‎ശേഷി വർധിപ്പിക്കൽ, പരിസ്ഥിതിസംരക്ഷണം, സുസ്ഥിര വികസന സംരംഭങ്ങൾ എന്നിവയെ പിന്തുണയ്ക്കുന്നതിലും ഇന്ത്യൻ മഹാസമുദ്ര മേഖലയിലുടനീളം പൊതുവായ മുൻഗണനകൾ മുന്നോട്ട് കൊണ്ടുപോകുന്നതിലും വിശ്വസ്ത പങ്കാളി എന്ന നിലയിൽ ഇന്ത്യയുടെ വർധിച്ചുവരുന്ന പങ്കിന് സെയ്ഷെൽസ് നൽകുന്ന പ്രാധാന്യം അടിവരയിടുന്നതാണ് ഈ ബഹുമതി.

-SK-