പിഎം ഇന്ത്യ
ബഹുമാനപ്പെട്ട പ്രധാനമന്ത്രി ലക്സൺ,
അങ്ങയുടെ സൗഹൃദം നിറഞ്ഞ ഊഷ്മളമായ വാക്കുകൾക്ക് ഞാൻ ആത്മാർത്ഥമായി നന്ദി പറയുന്നു.
കഴിഞ്ഞ രാത്രി അങ്ങ് വിമാനത്താവളത്തിൽ നേരിട്ടെത്തിയത് തന്നെ വളരെ സവിശേഷമായ ഒരു പ്രകടനമായിരുന്നു, അതിന് ഞാൻ അങ്ങയോട് എന്റെ പ്രത്യേക കൃതജ്ഞത രേഖപ്പെടുത്താൻ ആഗ്രഹിക്കുന്നു.
അങ്ങയുടെ മന്ത്രി രാത്രി മുഴുവൻ എന്നോടൊപ്പം ചെലവഴിച്ചതിലും ഞാൻ നന്ദിയുള്ളവനാണ്. 40 വർഷങ്ങൾക്ക് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ന്യൂസിലൻഡ് സന്ദർശിക്കുന്നു എന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ സന്തോഷം നൽകുന്ന കാര്യമാണ്. അങ്ങയുടെ സാമ്പത്തിക തലസ്ഥാനത്ത് ഈ പരിപാടി സംഘടിപ്പിച്ചതിലൂടെ, ഇന്ത്യ-ന്യൂസിലൻഡ് ബന്ധത്തിന് ഒരു പുതിയ ഉത്തേജനം നൽകാനുള്ള അവസരമാണ് അങ്ങ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിനായി ഞാൻ എന്റെ ഹൃദയം നിറഞ്ഞ കൃതജ്ഞത അങ്ങയെ അറിയിക്കുന്നു.
ന്യൂസിലൻഡിലെ ജനങ്ങൾക്കിടയിലേക്ക് വരാൻ കഴിഞ്ഞതും ഇന്ത്യയോടുള്ള അവരുടെ സ്നേഹത്തിനും ഊഷ്മളതയ്ക്കും സാക്ഷ്യം വഹിക്കാൻ സാധിച്ചതും തികച്ചും വികാരനിർഭരമായ ഒന്നാണ്. അത് എന്റെ ഹൃദയത്തെ സ്പർശിക്കുന്നു, ഇതിനും ഞാൻ അങ്ങയോട് എന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു.
ഇത് നമ്മുടെ ബന്ധത്തിലെ ഒരു ചരിത്രപരമായ നാഴികക്കല്ലാണ്, നമ്മുടെ ബന്ധത്തിലെ പുതിയ ഊർജ്ജത്തെയും സൗഹൃദത്തോടുള്ള പുതുക്കിയ പ്രതിബദ്ധതയെയും ഇത് വീണ്ടും ഉറപ്പിക്കുന്നു. അങ്ങ് ഇന്ത്യ സന്ദർശിച്ചപ്പോഴാണ് നമ്മൾ എഫ്.ടി.എ (സ്വതന്ത്ര വ്യാപാര കരാർ) പ്രക്രിയയ്ക്ക് തുടക്കം കുറിച്ചത്. ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ, ഈ എഫ്.ടി.എ മുന്നോട്ട് കൊണ്ടുപോകാനും അത് യാഥാർത്ഥ്യമാക്കാനും ന്യൂസിലൻഡ് ഒന്നടങ്കം കൈകോർത്തു. ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഇത്തരമൊരു വിജയം കൈവരിക്കുക എന്നത് ഒരുപക്ഷേ ലോകത്തിൽ തന്നെ അപൂർവ്വമായ ഒരു നേട്ടമാണ്. ഇതിനായി അങ്ങയുടെ നേതൃത്വത്തിനും ശ്രമങ്ങൾക്കും, അങ്ങയോടും അങ്ങയുടെ ഗവൺമെന്റി- നോടും അങ്ങയുടെ മുഴുവൻ ടീമിനോടും ഞാൻ എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
കഴിഞ്ഞ വർഷം ഹോളി ആഘോഷവേളയിലാണ് അങ്ങ് ഇന്ത്യ സന്ദർശിച്ചത്. അങ്ങയുടെ സന്ദർശനം നമ്മുടെ ബന്ധത്തിനും പുതിയ നിറങ്ങൾ പകർന്നു നൽകി, കാരണം ഹോളിയുടെ നിറങ്ങൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്, ആ ഒരു അനുഭവം നമ്മൾ ഒന്നിച്ച് പങ്കിട്ടതുമാണ്. ഇന്ന് നമ്മൾ നമ്മുടെ ബന്ധത്തെ ഒരു തന്ത്രപ്രധാന പങ്കാളിത്തം എന്ന ചട്ടക്കൂടിനുള്ളിലേക്ക് എത്തിക്കാൻ പോകുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഈ നാഴികക്കല്ല് കൂടുതൽ ഊർജ്ജത്തോടെയും ആഴമേറിയ വിശ്വാസത്തോടെയും മുന്നോട്ട് പോകാൻ നമുക്ക് പ്രചോദനമേകും.
ബഹുമാനപ്പെട്ട പ്രധാനമന്ത്രി,
ജനാധിപത്യ മൂല്യങ്ങളിലുള്ള നമ്മുടെ ഉറച്ച വിശ്വാസം നമ്മളെ സ്വാഭാവിക പങ്കാളികളാക്കി മാറ്റുന്നു. നമ്മൾ പരസ്പര ചേർച്ചയുള്ളവരാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് അത്. തന്നെയുമല്ല, രണ്ട് സമുദ്ര സാമീപ്യമുള്ള രാജ്യങ്ങൾ എന്ന നിലയിൽ നമ്മുടെ അടുത്ത സഹകരണം ഇന്തോ-പസഫിക് മേഖലയ്ക്ക് പുതിയ കരുത്ത് പകരുകയും, സമാധാനവും സുസ്ഥിരതയും എന്ന നമ്മുടെ പങ്കിട്ട ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് നമ്മുടെ ബന്ധത്തിന് പുതിയൊരു ഊർജ്ജം കൊണ്ടുവരാൻ സാധിക്കുകയും ചെയ്യും.
എന്റെ ഈ സന്ദർശനം നമ്മുടെ ഉഭയകക്ഷി ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും ആഗോള സമാധാനം, സുസ്ഥിരത, സുരക്ഷ എന്നിവയിലേക്കുള്ള നമ്മുടെ സംഭാവനകൾ നമ്മൾ ഒന്നിച്ച് വർദ്ധിപ്പിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്. സമാധാനത്തിന് വേണ്ടി നിലകൊള്ളുകയും സമാധാനത്തിനായി പ്രവർത്തിക്കുകയും സമാധാനത്തിലൂടെ ആഗോള ക്ഷേമത്തിലേക്ക് മുന്നേറുകയും ചെയ്യുന്ന ഒരു ചാലകശക്തിയായി ഒരു പരിധി വരെ നമുക്ക് പ്രവർത്തിക്കാൻ കഴിയും.
അങ്ങയുടെ ഊഷ്മളമായ സ്വീകരണത്തിനും സ്നേഹത്തിനും എനിക്ക് നൽകിയ ആദരവിനും ഞാൻ ഒരിക്കൽ കൂടി എന്റെ ഹൃദയം നിറഞ്ഞ കൃതജ്ഞത രേഖപ്പെടുത്തുന്നു.
നിരാകരണം: ഇത് പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ പരിഭാഷ മാത്രമാണ്. യഥാർത്ഥ പ്രസംഗം ഹിന്ദിയിലായിരുന്നു നടത്തിയത്.
***
NK
Sharing my remarks during meeting with PM Christopher Luxon.@chrisluxonmp https://t.co/khsJEDiDpC
— Narendra Modi (@narendramodi) July 11, 2026