പിഎം ഇന്ത്യ
സുഹൃത്തുക്കളേ,
ഇന്ന് നിങ്ങളോടെല്ലാവരോടും സംസാരിക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്. കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ മൻസുഖ് മാണ്ഡവ്യ ജി, മന്ത്രി രക്ഷാ ഖഡ്സെ ജി, കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നമ്മോടൊപ്പം ചേർന്നിട്ടുള്ള എല്ലാ യുവസുഹൃത്തുക്കളേ!
ഇന്നത്തെ ഈ പരിപാടി വളരെ സവിശേഷമാണ്. രാജ്യത്തെ ഏകദേശം 250-ഓളം ജില്ലകളിൽ നിന്നുള്ള യുവസുഹൃത്തുക്കൾ ഈ പരിപാടിയുടെ ഭാഗമായി പങ്കുചേർന്നിട്ടുണ്ട്. ഞാൻ നിങ്ങളെയെല്ലാം സ്നേഹപൂർവം സ്വാഗതം ചെയ്യുന്നു.
സുഹൃത്തുക്കളേ,
കുറച്ച് വർഷങ്ങൾക്ക് മുമ്പ് നമ്മൾ ‘മേരാ യുവ ഭാരത്’ (മൈ ഭാരത്) പ്ലാറ്റ്‌ഫോം രൂപീകരിച്ചു. ഇന്ന് രാജ്യത്തുടനീളമുള്ള കോടിക്കണക്കിന് യുവജനങ്ങൾ ഇതിന്റെ ഭാഗമാണ്. അവർ അഭിനന്ദനാർഹമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. ‘വികസിത് ഭാരത് ഡയലോഗ്’ മുതൽ ‘വികസിത് വൈബ്രന്റ് വില്ലേജ് പ്രോഗ്രാം’ വരെ നിങ്ങളുടെ ശേഷിയും പ്രാപ്തിയും നിങ്ങൾ മികച്ച രീതിയിൽ തെളിയിച്ചിട്ടുണ്ട്.
സുഹൃത്തുക്കളേ,
‘വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗി’നിടെ ഞാൻ യുവാക്കൾക്ക് മുന്നിൽ ഒരു ആശയം പങ്കുവെച്ചിരുന്നു. വെർച്വൽ മാധ്യമങ്ങളിലൂടെ മാത്രം ബന്ധപ്പെടുന്നതിന് പകരം എന്തുകൊണ്ട് യുവാക്കൾക്ക് നേരിട്ട് ഇറങ്ങിച്ചെന്ന് ഇന്ത്യയെ അറിയാനും ബന്ധപ്പെടാനും അനുഭവിച്ചറിയാനും മനസ്സിലാക്കാനും ശ്രമിച്ചുകൂടാ എന്നതായിരുന്നു ആ ആശയം. ഗ്രാമങ്ങളിലെ വികസനത്തെക്കുറിച്ചുള്ള ആഗ്രഹങ്ങളും പ്രതീക്ഷകളും എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാൻ ഗ്രാമങ്ങൾ സന്ദർശിക്കുക തന്നെ വേണം. നമ്മുടെ അതിർത്തി ഗ്രാമങ്ങളിൽ വികസനത്തോടുള്ള ആഗ്രഹവും ദേശസ്നേഹവും ഒരേപോലെയാണെന്ന് കാണാം. പലപ്പോഴും അവർക്ക് സ്വന്തം കാര്യങ്ങളെക്കാൾ പ്രധാനം രാജ്യമാണെന്ന് തോന്നിപ്പോകും. രാജ്യമാണ് ആദ്യം, മറ്റ് സൗകര്യങ്ങളെല്ലാം അതിനുശേഷമേ വരൂ – ഇത് അതിർത്തി ഗ്രാമങ്ങളിൽ നമുക്ക് അനുഭവപ്പെടുന്ന പ്രത്യേകതയാണ്.
അതുകൊണ്ടാണ് രാജ്യത്തെ വിവിധ ജില്ലകളിൽ നിന്നുള്ള യുവാക്കൾ ഹിമാചൽ, ഉത്തരാഖണ്ഡ്, ലഡാക്ക് എന്നിവിടങ്ങളിലെ ഗ്രാമങ്ങളിലേക്ക് യാത്ര ചെയ്യണം എന്ന ലക്ഷ്യം വെച്ചത്. അവിടെ ആളുകൾ എങ്ങനെ ജീവിക്കുന്നു, അവരുടെ ഭക്ഷണരീതികൾ എന്തൊക്കെയാണ്, ജോലി രീതികൾ, സംസ്കാരം, ജീവിതചര്യകൾ, അവർ നേരിടുന്ന വെല്ലുവിളികൾ എന്നിവ എന്തൊക്കെയാണെന്ന് നേരിട്ട് അറിയാനും അനുഭവിച്ചറിയാനും വേണ്ടിയായിരുന്നു ഇത്. രാജ്യത്തിന്റെ ‘ആദ്യത്തെ ഗ്രാമങ്ങളിൽ’ ജീവിക്കുന്ന ആളുകൾ രാജ്യത്തിന്റെ സുരക്ഷയ്ക്കായി എത്രത്തോളം ജാഗരൂകരാണെന്നും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി അവർക്ക് എത്രത്തോളം അടുത്ത ബന്ധമുണ്ടെന്നും നേരിട്ട് കാണുകയായിരുന്നു ഉദ്ദേശ്യം. ഈ അനുഭവം നമ്മുടെ യുവാക്കൾക്ക് ലഭിക്കേണ്ടതുണ്ടായിരുന്നു. രാജ്യത്തുടനീളമുള്ള യുവാക്കളിൽ നിന്ന് പ്രകടമായ ആവേശം അവിശ്വസനീയമായിരുന്നു. ഏകദേശം 3 ലക്ഷത്തോളം യുവാക്കൾ ഈ മത്സരത്തിൽ പങ്കെടുത്തു. അതിൽ നിന്ന് 400-ലധികം പേർ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. നിങ്ങളെല്ലാവരും അപരിചിതമായ, വിദൂരമായ ഈ ഗ്രാമങ്ങളിൽ ഒരു ആഴ്ചയോളം താമസിച്ചു. അവിടുത്തെ ജീവിതം അനുഭവിച്ചറിയാൻ നിങ്ങൾ ശ്രമിച്ചു, അവരുടെ ജീവിതവുമായി അലിഞ്ഞുചേർന്നു. നിങ്ങളുടെ സംസ്കാരത്തെ അവിടുത്തെ സംസ്കാരവുമായി കൂട്ടിയിണക്കി. ‘ഏക ഭാരതം ശ്രേഷ്ഠ ഭാരതം’ എന്ന ആശയത്തിന് ഇതിലും മികച്ച ഒരു ഉദാഹരണം ഇനി ഉണ്ടാകാൻ കഴിയില്ല.
സുഹൃത്തുക്കളേ,
വ്യക്തിപരമായി ഈ പരിപാടി എനിക്ക് വളരെ പ്രത്യേകതയുള്ളതാണ്. ഞാൻ ഭരണത്തിലും രാഷ്ട്രീയ ജീവിതത്തിലും സജീവമല്ലാതിരുന്ന കാലത്ത്, ഇത്തരം അതിർത്തി ഗ്രാമങ്ങൾ സന്ദർശിക്കാൻ എനിക്ക് നിരവധി അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. അവരിൽ പലരുമായും ഞാൻ ദീർഘകാല ബന്ധം സ്ഥാപിച്ചു. ഗവണ്മെന്റിന്റെ ഭാഗമായ ശേഷവും, അതിർത്തി ഗ്രാമങ്ങൾ സന്ദർശിക്കാനുള്ള അവസരങ്ങളൊന്നും ഞാൻ പാഴാക്കാറില്ല. നിങ്ങൾക്കെല്ലാവർക്കും അറിയാവുന്നതുപോലെ, കഴിഞ്ഞ 25 വർഷമായി ഞാൻ ദീപാവലി ആഘോഷിക്കുന്നത് അതിർത്തിയിൽ നമ്മുടെ ധീരരായ സൈനികർക്കൊപ്പമാണ്. നിങ്ങൾ സന്ദർശിച്ച ചില ഗ്രാമങ്ങളിൽ ഞാൻ നേരത്തെ പോയിട്ടുള്ളതുമാണ്. നിങ്ങളുടെ അനുഭവങ്ങൾ നിങ്ങൾ വിവരിച്ചപ്പോൾ, ആ പഴയ ഓർമ്മകളെല്ലാം എന്റെ മനസ്സിലേക്ക് വീണ്ടും കടന്നുവന്നു. എന്നെപ്പോലെ തന്നെ നിങ്ങളുടെ അനുഭവങ്ങളും വളരെ പ്രചോദനം നൽകുന്നതാണ്. ചിലർ ഉയർന്ന പർവ്വതനിരകളുടെ ആവേശം പങ്കുവെച്ചപ്പോൾ, മറ്റുചിലരെ അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങളുടെ സ്നേഹവും അടുപ്പവുമാണ് ആകർഷിച്ചത്. ചിലർ അവിടുത്തെ കുട്ടികളുടെ സ്വപ്നങ്ങളെ അടുത്തറിഞ്ഞു, മറ്റു ചിലർ നമ്മുടെ സൈന്യത്തിന്റെ അദ്ഭുതകരമായ ധീരതയ്ക്കും അച്ചടക്കത്തിനും സാക്ഷ്യം വഹിച്ചു. ചുരുക്കത്തിൽ, ‘വികസിത് വൈബ്രന്റ് വില്ലേജ്’ അനുഭവം വളരെ മികച്ചതായിരുന്നു. യാദൃശ്ചികമായി, ഇന്ന് കാർഗിൽ വിജയ് ദിവസമാണ്. നിങ്ങളിൽ പലരും കാർഗിലിന് ചുറ്റുമുള്ള പ്രദേശങ്ങൾ സന്ദർശിച്ചിട്ടുണ്ടാകും. എത്രത്തോളം കഠിനമായ സാഹചര്യങ്ങളിലാണ് നമ്മുടെ ധീരസൈനികർ വിജയക്കൊടി പാറിച്ചതെന്ന് നിങ്ങൾ സ്വന്തം കണ്ണുകൊണ്ട് കണ്ടതാണ്. ഈ പരിപാടിയുടെ ഭാഗമാകാനും ഇത്രയും സമ്പന്നമായ അനുഭവങ്ങൾ നേടാനും കഴിഞ്ഞതിന് നിങ്ങളെയെല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളേ,
വികസിത ഗ്രാമമാണ് വികസിത ഭാരതത്തിന്റെ അടിത്തറ. വികസിത ഭാരതം പടുത്തുയർത്താനുള്ള യാത്ര തുടർന്നുകൊണ്ടിരിക്കുകയാണ്. ഈ യാത്രയിൽ യുവജനങ്ങളായ നിങ്ങളുടെ പങ്ക് വളരെ വലുതാണ്. യുവാക്കൾ താഴെത്തട്ടിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ, അത് വികസിത ഭാരതമെന്ന കാഴ്ചപ്പാടിന് കൂടുതൽ വ്യാപ്തി നൽകുന്നു. രാജ്യത്തിനായി ജീവിക്കാനും രാജ്യത്തിനായി എന്തെങ്കിലും ചെയ്യാനുമുള്ള യുവാക്കളുടെ നിശ്ചയദാർഢ്യത്തിന് അത് കൂടുതൽ കരുത്ത് പകരുന്നു.
സുഹൃത്തുക്കളേ,
ഈ പ്രചാരണത്തിലൂടെ, അതിർത്തി ഗ്രാമങ്ങളിലെ ജീവിതം എത്രത്തോളം പ്രയാസകരമാണെന്ന് നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാകും. എന്നാൽ, ഏതൊരു കഷ്ടപ്പാടിലും ഈ ഗ്രാമങ്ങളിലെ ജനങ്ങൾ ഓരോ നിമിഷവും ദേശസ്നേഹത്തോടെ ജീവിക്കുന്നു. ഏതാനും വർഷങ്ങൾക്കു മുമ്പ് വരെ അതിർത്തി ഗ്രാമങ്ങളെ “അവസാനത്തെ ഗ്രാമങ്ങൾ” എന്ന് വിളിച്ച് അവഗണിക്കുകയായിരുന്നു പതിവ്. റോഡ്, വൈദ്യുതി, കുടിവെള്ളം, സ്‌കൂളുകൾ, ആശുപത്രികൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളൊന്നും അവിടെയുണ്ടായിരുന്നില്ല. അവിടുത്തെ ആളുകളിൽ നിന്ന് അത്തരം കഥകൾ നിങ്ങൾ കേട്ടിട്ടുണ്ടാകും. അന്നത്തെ സാഹചര്യങ്ങളെക്കുറിച്ച് അവർ നിങ്ങളോട് പറഞ്ഞിട്ടുണ്ടാകും. ഇത്തരം പ്രതികൂല സാഹചര്യങ്ങളിലും അവരുടെ ദേശസ്നേഹം ഒരു കണിക പോലും കുറഞ്ഞിട്ടില്ല എന്നതിൽ നമ്മൾ അഭിമാനിക്കണം.
അതുകൊണ്ടാണ് സുഹൃത്തുക്കളേ,
നമ്മുടെ ഗവൺമെന്റ് ഈ അതിർത്തി ഗ്രാമങ്ങളെ രാജ്യത്തിന്റെ ‘ആദ്യത്തെ ഗ്രാമങ്ങളായി’ കണക്കാക്കുന്നത്. പ്രഭാതസൂര്യൻ ഇന്ത്യയെ ആദ്യം തഴുകുന്നതും, അവസാനത്തെ സൂര്യകിരണങ്ങൾ ശുഭരാത്രി നേരുന്നതുമായ ആദ്യത്തെ ഗ്രാമങ്ങൾ; നമ്മുടെ ത്രിവർണ്ണ പതാക ആദ്യം കാറ്റുമായി സല്ലപിക്കുന്ന സ്ഥലം; ലോകം ഇന്ത്യയെ ആദ്യം കാണുന്ന സ്ഥലം. ചിന്താഗതിയിലെ ഈ മാറ്റം നമ്മുടെ അതിർത്തി പ്രദേശങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തി. സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായി പല ഗ്രാമങ്ങളിലും വൈദ്യുതി എത്തി; റോഡുകൾ നിർമ്മിക്കപ്പെട്ടു; വീടുകളിൽ പൈപ്പ് വെള്ളവും അടുക്കളകളിൽ ഗ്യാസ് കണക്ഷനുകളും ആദ്യമായി എത്തിച്ചേർന്നു. നഗരങ്ങളിൽ ഇവ സാധാരണ കാര്യങ്ങളായി തോന്നാമെങ്കിലും, അവിടുത്തെ ജനങ്ങൾക്ക് അത് ജീവിതം തന്നെ മാറ്റിമറിച്ച സംഭവങ്ങളാണ്. കർഷകർക്കും തോട്ട ഉടമകൾക്കും ഇപ്പോൾ വലിയ വിപണികളിലേക്ക് പഴങ്ങളും പച്ചക്കറികളും കൊണ്ടുപോകുന്നത് എളുപ്പമാണ്. മികച്ച കണക്റ്റിവിറ്റി എന്നാൽ ജീവിതം ഇനി നിലയ്ക്കുന്നില്ല എന്നാണ് – അത് തടസ്സമില്ലാതെ മുന്നേറുന്നു. ഈ വിദൂര ഗ്രാമങ്ങളിൽ പോലും ഇപ്പോൾ മികച്ച ഇന്റർനെറ്റ് കണക്റ്റിവിറ്റി ലഭ്യമാണെന്ന് നിങ്ങൾ കണ്ടിരിക്കണം. നിങ്ങൾ അത് വളരെ സന്തോഷത്തോടെ വിവരിച്ചു.
സുഹൃത്തുക്കളേ,
ഓരോ സൗകര്യത്തിനും മറ്റൊരു നേട്ടം കൂടിയുണ്ട് – ഈ പ്രദേശങ്ങളിൽ വിനോദസഞ്ചാരം അഭിവൃദ്ധിപ്പെടുകയാണ്. വിജനമായിപ്പോയ ഗ്രാമങ്ങൾ ഇപ്പോൾ വീണ്ടും ജീവസ്സുറ്റതായി മാറിക്കൊണ്ടിരിക്കുന്നു. പെൺകുട്ടികൾ സ്‌കൂളുകളിലും കോളേജുകളിലും പോകുന്നു. വിദ്യാഭ്യാസത്തിനും വരുമാനത്തിനുമുള്ള നല്ലൊരു അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു. വൈബ്രന്റ് വില്ലേജ് പ്രോഗ്രാം ഈ വികസനത്തിന് കൂടുതൽ വേഗം പകരുകയാണ്.
സുഹൃത്തുക്കളേ,
വികസിത വൈബ്രന്റ് ഗ്രാമങ്ങളുടെ ഈ യാത്ര എല്ലാവരെയും ഒന്നിച്ചു ചേർക്കുന്ന ശക്തമായ ഒരു മാധ്യമമാണ്. ഇപ്പോൾ നിങ്ങളുടെ ഉത്തരവാദിത്തം കുറച്ചുകൂടി വർദ്ധിച്ചിരിക്കുകയാണ്. നിങ്ങളുടെ ഈ യാത്ര പങ്കാളിത്തത്തിലൂടെയുള്ള ഐക്യത്തിന്റേതാണ്. ഭാരതത്തിലെ യുവാക്കൾ അതിർത്തി ഗ്രാമങ്ങളെ എത്രത്തോളം അറിയുന്നുവോ, അത്രത്തോളം എളുപ്പത്തിൽ അവർക്ക് ഭാരതത്തെ അറിയാനും ഇന്ത്യയുടെ ഓരോ കോണുമായി ബന്ധപ്പെടാനും രാജ്യത്തെ ശക്തമാക്കാനും സാധിക്കും. ഓർക്കുക, ആ ഗ്രാമങ്ങളിൽ നിങ്ങൾക്കായി ഗസ്റ്റ് ഹൗസുകളോ ഹോട്ടലുകളോ ഉണ്ടായിരുന്നില്ല. ആ ഗ്രാമം മുഴുവൻ നിങ്ങളുടെ ആതിഥേയരായി മാറുകയായിരുന്നു. നിങ്ങളുടെ ആ താമസം കേവലം ഒരു തങ്ങൽ മാത്രമായിരുന്നില്ല – അതൊരു സാംസ്കാരിക ക്ലാസ് മുറിയായി മാറുകയായിരുന്നു. സൗകര്യങ്ങളെക്കാളേറെ തൃപ്തിയും ആദരവുമാണ് നിങ്ങൾക്ക് അവിടെ നിന്ന് ലഭിച്ചത്. നിങ്ങൾ അനുഭവിച്ചറിഞ്ഞ കാര്യങ്ങൾ ഒരു ക്ലാസ് മുറിയിൽ നിന്നും പഠിക്കാൻ കഴിയില്ല. ഈ അനുഭവങ്ങൾ മറ്റ് യുവാക്കളുമായി പങ്കുവെക്കുക. അതിർത്തി ഗ്രാമങ്ങൾ സന്ദർശിക്കാൻ അവരെ പ്രേരിപ്പിക്കുക. കൂടുതൽ യുവാക്കൾ അവിടെ പോയി താമസിക്കുമ്പോൾ, അവർ രാജ്യത്തെ കൂടുതൽ കാണുകയും മനസ്സിലാക്കുകയും ചെയ്യും. ജനങ്ങൾ അവിടേക്ക് പോയിത്തുടങ്ങുന്നതോടെ, സൗകര്യങ്ങൾ ആ ഗ്രാമങ്ങളിലേക്ക് കൂടുതൽ വേഗത്തിൽ എത്തിച്ചേരുകയും ചെയ്യും.
സുഹൃത്തുക്കളേ,
നമ്മുടെ ഗവൺമെന്റ് അതിർത്തി ഗ്രാമങ്ങളിലെ വിനോദ സഞ്ചാരം വളരെയധികം പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഈ ശ്രമങ്ങളെ കൂടുതൽ വ്യാപിപ്പിക്കാൻ നിങ്ങൾക്ക് സാധിക്കും. നിങ്ങളിലൊരോരുത്തരും കുറഞ്ഞത് 100 യുവാക്കളോടെങ്കിലും നിങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. നിങ്ങൾ താമസിച്ച പ്രദേശത്തെ ആളുകളുമായി നിരന്തരം ബന്ധപ്പെടുക. അവിടെ നിന്ന് എടുത്ത ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ വ്യാപകമായി പങ്കുവെക്കുക. പ്രകൃതിയെയും സംസ്കാരത്തെയും പ്രോത്സാഹിപ്പിക്കുന്നതിനായി അവിടുത്തെ ലോക്കൽ കണ്ടന്റ് ക്രിയേറ്റർമാരുമായി ചേർന്ന് പ്രവർത്തിക്കുക. അവിടെ കണ്ട പ്രാദേശിക ഉൽപ്പന്നങ്ങൾ നിങ്ങളുടെ പ്രദേശത്ത് എങ്ങനെ പ്രോത്സാഹിപ്പിക്കാമെന്ന് ചിന്തിക്കുക. ഇന്റർനെറ്റിൽ വിവരങ്ങൾ ധാരാളമുണ്ടെങ്കിലും, ഈ ഗ്രാമങ്ങളെക്കുറിച്ചുള്ള യഥാർത്ഥ വിവരങ്ങൾ പങ്കുവെക്കാൻ നിങ്ങൾക്ക് സാധിക്കും. സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം ഈ ഗ്രാമങ്ങൾ വീണ്ടും സന്ദർശിക്കുക. അതിർത്തി ഗ്രാമങ്ങളിലേക്ക് എഡ്യൂക്കേഷണൽ ടൂറുകൾ സംഘടിപ്പിക്കാൻ സ്കൂളുകളെയും കോളേജുകളെയും സർവ്വകലാശാലകളെയും ഞാൻ പ്രോത്സാഹിപ്പിക്കുന്നു.
സുഹൃത്തുക്കളേ,
നിങ്ങളെപ്പോലുള്ള ഇന്ത്യയിലെ യുവജനങ്ങൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ലോകത്തെ രൂപപ്പെടുത്തുമെന്ന ഉറച്ച വിശ്വാസം എനിക്കെന്നും ഉണ്ടായിരുന്നു. ഇന്ത്യയിലെ യുവജനങ്ങളുടെ യഥാർത്ഥ ഭാവി ഇതാണ്. ഇന്നത്തെ യുവജനങ്ങൾ വികസിത ഭാരതത്തിന്റെ ഊർജ്ജവും ഏറ്റവും വലിയ ഗുണഭോക്താക്കളുമാണ്. അതുകൊണ്ട്, യുവശക്തി രാജ്യത്തിന്റെ വെല്ലുവിളികളോടും പരിഹാരങ്ങളോടും നേരിട്ട് ബന്ധപ്പെടുമ്പോൾ ഭാവി കൂടുതൽ പ്രകാശപൂർണ്ണമാകും എന്നതിൽ സംശയമില്ല.
ഈ സന്ദേശത്തോടെ നിങ്ങളെയെല്ലാവരെയും ഒരിക്കൽക്കൂടി ഞാൻ ഹൃദയം നിറഞ്ഞ ആശംസകൾ അറിയിക്കുന്നു.
വളരെയധികം നന്ദി!
നിരാകരണം – പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവർത്തനമാണിത്. യഥാർത്ഥ പ്രസംഗം ഹിന്ദിയിലായിരുന്നു.
***
NK
Interacting with the participants of the Viksit Vibrant Village Programme. Great to see that the initiative is instilling a deeper sense of nation-building among the youth.#Youth4ViksitBharat #MYBharat https://t.co/2vCFle03vY
— Narendra Modi (@narendramodi) July 26, 2026
विकसित गांव, विकसित भारत की भी आधारशिला है: PM @narendramodi
— PMO India (@PMOIndia) July 26, 2026
हमारी सरकार ने, सीमावर्ती गांवों को... देश का प्रथम गांव माना: PM @narendramodi
— PMO India (@PMOIndia) July 26, 2026
विकसित Vibrant Village की ये यात्रा... सबको जोड़ने, सबसे जुड़ने का ही एक माध्यम है: PM @narendramodi
— PMO India (@PMOIndia) July 26, 2026