പിഎം ഇന്ത്യ
യുവജനകാര്യ മേഖലയില്‍ സഹകരിക്കുന്നതിന് ഇന്ത്യയും അര്‍മേനിയയും തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രം പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന മന്ത്രിസഭായോഗം വിലയിരുത്തി.
ഈ വര്‍ഷം ഏപ്രില്‍ 17 നാണ് ധാരണാപത്രം ഒപ്പുവെച്ചത്. അഞ്ചു വര്‍ഷത്തേക്ക് ഇത് നിലവിലുണ്ടാകും. അതിനുശേഷം ഇരു കക്ഷികള്‍ക്കും എതിര്‍പ്പൊന്നുമില്ലെങ്കില്‍ ഓരോ 5 വര്‍ഷം കൂടുമ്പോഴും ഈ ധാരണാപത്രം പുതുക്കപ്പെടും. ധാരണാപത്രം തുടരുന്നതില്‍ ഏതെങ്കിലും കക്ഷിക്ക് എതിര്‍പ്പുണ്ടെങ്കില്‍ കാലാവധി അവസാനിക്കുന്നതിന്റെ കുറഞ്ഞത് ആറു മാസമെങ്കിലും മുമ്പ് അത് അറിയിച്ചിരിക്കണം. ഇരു രാജ്യങ്ങള്‍ക്കും ആറു മാസം മുമ്പ് മുന്‍കൂര്‍ നോട്ടീസ് നല്‍കി കരാര്‍ അവസാനിപ്പിക്കാം.
രണ്ട് രാജ്യങ്ങളും സംഘടിപ്പിക്കുന്ന പരിപാടികളിലുള്ള പരസ്പര പങ്കാളിത്തം, വിവരവും വിജ്ഞാനവും കൈമാറല്‍, യുവജനങ്ങളുടെ വിനിമയം എന്നിവ വഴി യുവജനകാര്യങ്ങളിലുള്ള സഹകരണം ശക്തിപ്പെടുത്തുകയാണ് ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നത്.
യുവാക്കളുടെയും, യുവജന സംഘടനകളുടെയും, യുവജനകാര്യ നയ രൂപീകരണത്തിന്റെ ചുമതല വഹിക്കുന്നവരുടെയും, പരസ്പര വിനിമയവും ഈ ധാരണാപത്രത്തില്‍ ഉള്‍പ്പെടുന്നു. ഇരു രാജ്യങ്ങളിലും നടക്കുന്ന യുവജനങ്ങളുടെ വിഷയങ്ങളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സമ്മേളനങ്ങള്‍, സെമിനാറുകള്‍ എന്നിവയില്‍ പരസ്പര പങ്കാളിത്തത്തിനും അച്ചടിരേഖകള്‍, ചലച്ചിത്രങ്ങള്‍, അനുഭവങ്ങള്‍ എന്നിവ കൈമാറുന്നതിനും ധാരണാപത്രം വ്യവസ്ഥ ചെയ്യുന്നു. ഇരു രാജ്യങ്ങളിലും നടക്കുന്ന യുവജന ക്യാമ്പുകള്‍, യൂത്ത് ഫെസ്റ്റിവലുകള്‍, യുവജനകാര്യത്തിലുള്ള ഗവേഷണങ്ങള്‍ എന്നിവയില്‍ സഹകരിക്കാനും ധാരണാപത്രം സഹായിക്കും.