Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2017 ലെ ഫിനാന്‍ഷ്യല്‍ റസല്യൂഷന്‍ ആന്‍ഡ് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ബില്‍ കൊണ്ടുവരാന്‍ മന്ത്രിസഭാ അനുമതി


2017 ലെ ഫിനാന്‍ഷ്യല്‍ റസല്യൂഷന്‍ ആന്‍ഡ് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ബില്‍ 2017 കൊണ്ടുവരുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി. ബാങ്കുകളോ ഇന്‍ഷുറന്‍സ് കമ്പനികളോ ധനകാര്യമേഖലയിലെ സ്ഥാപനങ്ങളോ പാപ്പരാകുന്ന സാഹചര്യമുണ്ടായാല്‍ എന്തെന്തു നടപടികള്‍ കൈക്കൊള്ളണമെന്നത് സംബന്ധിച്ച സമഗ്രപരിഹാരം നിര്‍ദേശിക്കുന്നതായിരിക്കും ബില്‍.

റസല്യൂഷന്‍ കോര്‍പറേഷന്‍ സ്ഥാപിക്കുന്നതിനുള്ള വ്യവസ്ഥ ബില്ലില്‍ ഉണ്ടായിരിക്കും. നിലവിലുള്ള, ബന്ധപ്പെട്ട നിയമങ്ങളില്‍ ചിലതു പിന്‍വലിക്കുന്നതിനും ചിലതു ഭേദഗതി ചെയ്യുന്നതിനും ബില്‍ വഴിവെക്കും. 1961ലെ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പറേഷന്‍ നിയമം പിന്‍വലിക്കപ്പെടുകയും ചുമതലകള്‍ റെസല്യൂഷന്‍ കോര്‍പറേഷനിലേയ്ക്കു കൈമാറപ്പെടുകയും ചെയ്യും.

സാമ്പത്തിക സംവിധാനത്തെ സംരക്ഷിക്കുകയും സുസ്ഥിരത ഉറപ്പുവരുത്തുകയും ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയും പൊതുഫണ്ട് സംരക്ഷിക്കുകയും ചെയ്യേണ്ട ചുമതല റെസല്യൂഷന്‍ കോര്‍പറേഷനായിരിക്കും.

സാമ്പത്തികേതര സ്ഥാപനങ്ങള്‍ പാപ്പരാകുന്ന സ്ഥിതിവിശേഷം നേരിടാന്‍ ഗവണ്‍മെന്റ് അടുത്തിടെ ‘ദി ഇന്‍സോള്‍വെന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റ്‌സി കോഡ് 2016’ പാസ്സാക്കിയിരുന്നു. ഇതിന് സമാനമായ സ്ഥാനമാണു പുതിയ ബില്ലിനു ധനകാര്യമേഖലയില്‍ ഉണ്ടാവുക. ബില്‍ പാസാക്കുന്നതോടെ കോഡും ബില്ലും ചേര്‍ന്ന് സമ്പദ്‌വ്യവസ്ഥയ്ക്ക് സമഗ്രപ്രശ്‌നപരിഹാര ചട്ടക്കൂട് രൂപപ്പെടും.

സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടുന്ന ധനകാര്യ സേവന ദാതാക്കളുടെ ഉപഭോക്താക്കളായിട്ടുള്ളവര്‍ക്ക് ആശ്വാസം പകരുന്നതായിരിക്കും ദ് ഫിനാന്‍ഷ്യല്‍ റസല്യൂഷന്‍ ആന്‍ഡ് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ബില്‍, 2017. സാമ്പത്തിക പ്രശ്‌നം നേരിടുന്ന ധനകാര്യ സേവന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രതിസന്ധി മറികടക്കുന്നതിനായി പൊതുധനം ഉപയോഗപ്പെടത്തേണ്ടിവരുന്നത് പരിമിതപ്പെടുത്തുക വഴി സാമ്പത്തിക സേവന ദാതാക്കളുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ അച്ചടക്കം കൊണ്ടുവരാനും ലക്ഷ്യമിടുന്നു. പ്രതിസന്ധിഘട്ടം ഇല്ലാതാക്കാനും അഥവാ ഉണ്ടാകുന്ന പക്ഷം മറികടക്കാനും സംവിധാനങ്ങള്‍ ഒരുക്കുക വഴി സമ്പദ്‌വ്യവസ്ഥ സുസ്ഥിരമായി നിലനിര്‍ത്തുന്നതിന് ഇത് സഹായം പകരും. നിക്ഷേപ സുരക്ഷിതത്വത്തിന്റെ നിലവിലുള്ള ചട്ടക്കൂട് ശക്തിപ്പെടുത്തുകയും വ്യവസ്ഥാപിതമാക്കുകയും വഴി ചെറുകിട നിക്ഷേപകരെ സഹായിക്കുകയാണു ബില്ലിന്റെ മറ്റൊരു ലക്ഷ്യം. ധനകാര്യ സ്ഥാപനങ്ങളില്‍ പ്രതിസന്ധി ഉടലെടുത്താന്‍ പ്രശ്‌ന പരിഹാരം നീണ്ട്‌പോകുന്ന സ്ഥിതി ഒഴിവാക്കാനും വ്യവസ്ഥയുണ്ടാകും.