പിഎം ഇന്ത്യ
ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ‘ ഇന്ത്യ- ഇസ്രയേല്‍ വ്യാവസായിക ഗവേഷണ – വികസനം, സാങ്കേതിക നവീകരണ നിധി ( 14 എഫ്)’ സംബന്ധിച്ച ധാരണാ പത്രം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ യോഗം അംഗീകരിച്ചു. ഇക്കൊലം ജൂലൈയിലാണ് ഈ ധാരണാപത്രം ഒപ്പുവച്ചത്.
അടുത്ത അഞ്ചു വര്‍ഷത്തേയ്ക്ക് ഇന്ത്യയും ഇസ്രയേലും നാല് ദശലക്ഷം ഡോളര്‍ വീതമുള്ള തുല്യ തുക ഈ നിധിയിലേയ്ക്ക് വിഹിതമായി നല്‍കും. ഇരു രാജ്യങ്ങളുടെയും നാലംഗ സംയുക്ത സമിതിയ്ക്കായിരിക്കും നവീകരണ നിധിയുടെ ഭരണ ചുമതല.
സാങ്കേതികവിദ്യയാല്‍ നിയന്ത്രിതമായ പുതിയ കണ്ടു പിടിത്തങ്ങള്‍, പുതിയ ഉത്പ്പന്നങ്ങള്‍, സേവനങ്ങള്‍, സമ്പ്രദായങ്ങള്‍ തുടങ്ങിയ സംയുക്ത പദ്ധതികള്‍ക്ക് സഹായം നല്‍കുന്നതിനുള്ള ഉഭയകക്ഷി വ്യവസായ ഗവേഷണ വികസന നവീകരണ സഹകരണത്തിന്റെ പരിപോഷണമാണ് ഈ ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നത്. ഇത്തരം പദ്ധതികള്‍ ജലം, കൃഷി, ഊര്‍ജ്ജം, ഡിജിറ്റല്‍ സാങ്കേതിക വിദ്യ തുടങ്ങി ഇരു രാജ്യങ്ങള്‍ക്കും താല്പര്യമുള്ള മേഖലകളില്‍ സാധാരണക്കാര്‍ക്ക് താങ്ങാന്‍ സാധിക്കുന്ന സാങ്കേതിക കണ്ടുപിടിത്തങ്ങളിലേയ്ക്കു നയിക്കും. ഈ സഹകരണ പദ്ധതികളിലൂടെ സ്വകാര്യ വ്യവസായങ്ങള്‍, സംരംഭങ്ങള്‍, ഇന്ത്യയിലെയും ഇസ്രയേലിലെയും ഗവേഷണ വികസന സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്കുള്ള സഹായമാണ് സാധ്യമാക്കുക.
സംയുക്ത നിധിയുടെ പ്രവര്‍ത്തനം ഇരു രാജ്യങ്ങളും ചേര്‍ന്ന് വികസിപ്പിച്ച സാങ്കേതിക പദ്ധതികളിലെ നിക്ഷേപം വഴിയും സഹകരണാടിസ്ഥാനത്തിലുള്ള സാങ്കേതിക നവീകരണം വഴിയും രണ്ട് രാജ്യങ്ങളുടെയും സാങ്കേതിക സാമ്പത്തിക സഹകരണം ഉയര്‍ത്തും. ഇന്ത്യയുടെയും ഇസ്രയേലിന്റെയും ഒന്നിച്ചുള്ള ശക്തിക്ക് ഇത് പ്രേരണയേകും. രാജ്യങ്ങള്‍ക്കകത്തും പുറത്തുമുള്ള വിപണികളെ ഇരു രാജ്യങ്ങളുടെയും സംയുക്ത പദ്ധതികള്‍ മുതലെടുക്കാനാവുകയും ചെയ്യും. സാങ്കേതിക ജ്ഞാനത്തെ പ്രായോഗികതലത്തിലേയ്ക്ക് മാറ്റുന്ന സംയുക്ത പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്ന സമഗ്രമായ പ്രവര്‍ത്തനങ്ങളും ഇതു പ്രദാനം ചെയ്യും. ഇത് ഇന്ത്യയുടെ സാങ്കേതിക സംരംഭകത്വത്തെയും നവീകരണ വ്യവസ്ഥയെയും ശക്തിപ്പെടുത്തുമെന്നും സ്റ്റാര്‍ട്ട് അപ് ഇന്ത്യ പദ്ധതിക്ക് നേരിട്ട് സഹായിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.