Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മൊസാംബിക് പ്രസിഡന്റിനൊപ്പം മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ പ്രധാനമന്ത്രി പുറത്തിറക്കിയ മാധ്യമപ്രസ്താവന

മൊസാംബിക് പ്രസിഡന്റിനൊപ്പം മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ പ്രധാനമന്ത്രി പുറത്തിറക്കിയ മാധ്യമപ്രസ്താവന


ബഹുമാനപ്പെട്ട പ്രസിഡന്റ് ഫിലിപ് ന്യൂസി, മാധ്യമപ്രവര്‍ത്തകരേ, നിങ്ങളുടെ ഊഷ്മളവും വിവേകപൂര്‍ണവുമായ വാക്കുകള്‍ക്കു നന്ദി.

നിങ്ങള്‍ക്ക് ഇന്ത്യയെക്കുറിച്ചും നാം തമ്മിലുള്ള ഉഭയകക്ഷിബന്ധത്തെക്കുറിച്ചും ഉള്ള വികാരത്തിനു നന്ദി. പ്രസിഡന്റ് ന്യൂസീ, കഴിഞ്ഞ വര്‍ഷം താങ്കള്‍ ഏഷ്യയില്‍ ആദ്യം സന്ദര്‍ശിച്ച രാജ്യം ഇന്ത്യയായിരുന്നു. ഞാന്‍ ആഫ്രിക്കന്‍ വന്‍കരയില്‍ ആദ്യം സന്ദര്‍ശിക്കുന്നത് മൊസാംബിക് ആണെന്നത് സന്തോഷമുളവാക്കുന്നുണ്ട്.

സുഹൃത്തുക്കളേ,

കൊളോണിയല്‍ അടിച്ചമര്‍ത്തലിനുകീഴില്‍ ഒരുപോലെ ദുരിതം അനുഭവിക്കേണ്ടി വന്നു എന്നത് നാം രണ്ടു രാഷ്ട്രങ്ങളെയും അടുപ്പിച്ചു. മൊസാംബിക്കിനു സ്വാതന്ത്ര്യം നല്‍കണമെന്ന ആവശ്യത്തെ ശക്തമായി പിന്തുണച്ച രാഷ്ട്രങ്ങളിലൊന്നാണ് ഇന്ത്യ. എന്നാല്‍, അതു ചരിത്രം മാത്രമല്ല. വരുംകാലങ്ങളില്‍ ദൃഢമായ പങ്കാളിത്തം ഉറപ്പാക്കാനുള്ള കാഴ്ചപ്പാടുകള്‍ സംബന്ധിച്ച് ഞാനും പ്രസിഡന്റും വിശദമായിത്തന്നെ ചര്‍ച്ച ചെയ്തിട്ടുണ്ട്. യഥാര്‍ഥത്തില്‍, ഇന്ത്യക്ക് ആഫ്രിക്കയില്‍ നിക്ഷേപം നടത്താനുള്ള പ്രവേശനകവാടങ്ങളില്‍ ഒന്നാണ് മൊസാംബിക്. ഇന്ത്യയില്‍നിന്ന് ആഫ്രിക്കയില്‍ ഉണ്ടായിട്ടുള്ള ആകെ നിക്ഷേപത്തിന്റെ കാല്‍ഭാഗത്തോളം മൊസാംബിക്കിലാണ്. നാം തമ്മിലുള്ള വ്യാപാര, വാണിജ്യ ബന്ധം കഴിഞ്ഞ ഒരു ദശാബ്ദമായി വളര്‍ന്നുവരികയാണ്. പ്രസിഡന്റ് ന്യൂസിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍നിന്നുള്ള നിക്ഷേപത്തെ പ്രോല്‍സാഹിപ്പിക്കുന്ന സാഹചര്യം മൊസാംബിക്കില്‍ ഉണ്ടാകുമെന്ന ആത്മവിശ്വാസം ഞങ്ങള്‍ക്കുണ്ട്.

ശേഷിയുടെയും താല്‍പര്യങ്ങളുടെയും ചേര്‍ച്ചയും നാം തമ്മിലുള്ള പങ്കാളിത്തത്തെ മുന്നോട്ടുനയിക്കുന്നു.

അത് കൃഷിയിലായാലും ആരോഗ്യസംരക്ഷണത്തിലായാലും ഊര്‍ജസുരക്ഷയിലായാലും;
പ്രകൃതിവിഭവങ്ങളായാലും സാങ്കേതിക വിദ്യ ആയാലും;

നൈപുണ്യവികസനമായാലും സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നതിലായാലും;
സുരക്ഷയിലായാലും പ്രതിരോധത്തില്‍ ആയാലും.

ഇന്ത്യക്ക് സഹായം ആവശ്യമുള്ള മേഖലകളിലാണ് മൊസാംബിക്കിനു കരുത്തുള്ളതെന്ന സവിശേഷത ഉണ്ട്. മൊസാംബിക്കിന് ആവശ്യമുള്ളതാകട്ടെ ഇന്ത്യയിലും ഉണ്ട്. നമ്മുടെ രാഷ്ട്രങ്ങള്‍ പരസ്പര പൂരകങ്ങളാണ്. കാര്‍ഷിക വികസനത്തിനാണ് ഏറ്റവും മുന്‍ഗണനയെന്നു പ്രസിഡന്റ് ന്യൂസി എടുത്തുപറഞ്ഞിട്ടുണ്ട്. മൊസാംബിക്കിലെ കാര്‍ഷിക അടിസ്ഥാനസൗകര്യവികസനവും ഉല്‍പാദനക്ഷമതയും വര്‍ധിപ്പിക്കുന്നതിന് എങ്ങനെയൊക്കെ സഹകരിച്ചു പ്രവര്‍ത്തിക്കാമെന്ന് നമ്മുടെ വിദഗ്ധര്‍ അപ്പോള്‍ മുതല്‍ ചര്‍ച്ച നടത്തിവരികയാണ്. ഈ സഹകരണം ഫാസ്റ്റ് ട്രാക്കില്‍ ഇടാന്‍ ഇന്നു നാം തീരുമാനിക്കുകയും ചെയ്തു. ഭക്ഷ്യസുരക്ഷയിലുള്ള പങ്കാളിത്തവും നാം ശക്തിപ്പെടുത്തുകയാണ്. മൊസാംബിക്കില്‍നിന്നു ധാന്യങ്ങള്‍ വാങ്ങാനുള്ള തീരുമാനം ഇന്ത്യയില്‍ ആവശ്യമായത്ര ധാന്യലഭ്യത ഉറപ്പു വരുത്തും. ഇത് ഈ രാജ്യത്ത് വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയില്‍ ദീര്‍ഘകാല നിക്ഷേപവും കാര്‍ഷികരംഗത്തു തൊഴിലവസരങ്ങളും വര്‍ധിക്കുന്നതിനും കര്‍ഷകരുടെ വരുമാനം വര്‍ധിക്കുന്നതിനും സഹായകമാകും. മൊസാംബിക്കിന്റെ ആവശ്യകതയും ഇന്ത്യയുടെ ശേഷിയും ഉപയോഗപ്പെടുത്താവുന്ന മറ്റൊരു മേഖല ആരോഗ്യസംരക്ഷണമാണ്. എയ്ഡ്‌സിനുള്ളത് ഉള്‍പ്പെടെ, മൊസാംബിക്കന്‍ പൊതുജനാരോഗ്യ സംരക്ഷണത്തിന് ആവശ്യമായ മരുന്നുകള്‍ ഇന്ത്യ സംഭാവന ചെയ്യും.

സുഹൃത്തുക്കളേ,

ഏതാണ്ട് 20,000 മൊസാംബിക്കന്‍ പൗരന്മാരുടെ പൂര്‍വികന്മാര്‍ ഇന്ത്യക്കാരാണ്. അവര്‍ നമ്മുടെ സമ്പദ്‌വ്യവസ്ഥകള്‍ക്കും സമൂഹങ്ങള്‍ക്കും ഇടയിലുള്ള പാലമായി വര്‍ത്തിക്കുന്നു. യുവത്വം, കായികം എന്നീ മേഖലകളിലുള്ള സഹകരണത്തിനുള്ള നമ്മുടെ കരാര്‍ എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു. ഇന്ത്യയില്‍ പഠനം പൂര്‍ത്തിയാക്കിയ മൊസാംബിക്കന്‍ യുവാക്കളുമായി ഇന്നു നടത്താനിരിക്കുന്ന സംവാദത്തെ ഞാന്‍ പ്രതീക്ഷയോടെയാണു കാത്തിരിക്കുന്നത്.

സുഹൃത്തുക്കളേ,

ഇരു രാജ്യത്തുമുള്ള വികസനവും ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തികബന്ധവും നമ്മുടെ ജനതയ്ക്കു ഗുണകരമാകണം. നാം തമ്മിലുള്ള സൗഹൃദം ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ സഹായകരമാവുകയും വേണം. തീവ്രവാദമാണ് ലോകം ഇന്നു നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്നു പ്രസിഡന്റ് ന്യൂസിയും ഞാനും തിരിച്ചറിയുന്നു. മൊസാംബിക്കും ഇന്ത്യയും ഈ പ്രശ്‌നത്തില്‍നിന്നു മുക്തമല്ല. തീവ്രവാദം ഇരു രാഷ്ട്രങ്ങളെയും ഒരുപോലെ ബാധിക്കുന്നു. മറ്റു രാജ്യന്താര കുറ്റങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് തീവ്രവാദശൃംഖലകള്‍. ഈ ശാപത്തെയും ഇത്തരം ശൃംഖലകളെയും നേരിടാനുള്ള നിശ്ചയദാര്‍ഢ്യത്തിന്റെ തെളിവാണ് മയക്കുമരുന്നു കടത്തു തടയാന്‍ നാം തമ്മിലുണ്ടാക്കിയ കരാര്‍. ഇന്ത്യയും മൊസാംബിക്കും ഇന്ത്യാ മഹാസമുദ്രം വഴി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഒട്ടേറെ സാമ്പത്തിക സാധ്യതകളുള്ള സമുദ്രമാണിത്. അതേസമയം, നാവികമേഖലയില്‍ ഉയര്‍ന്നുവരുന്ന തന്ത്രപരവും സുരക്ഷാസംബന്ധിയും ആയ വെല്ലുവിളികളെക്കുറിച്ചു നമുക്ക് അറിയുകയും ചെയ്യാം. നമ്മുടെ പൊതു സുരക്ഷാ താല്‍പര്യങ്ങളെ സംരക്ഷിക്കുന്നതിനായി പ്രതിരോധ, സുരക്ഷാ ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ പ്രസിഡന്റും ഞാനും ഇന്നു തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. മൊസാംബിക്കന്‍ പ്രതിരോധ സേനയെ ശക്തിപ്പെടുത്താന്‍ നാം സഹകരിച്ചു പ്രവര്‍ത്തിക്കും. ഇതിനായി ശേഷി വര്‍ധിപ്പിക്കുകയും സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയും വ്യക്തികള്‍ക്കു പരിശീലനം നല്‍കുകയും ഉപകരണങ്ങള്‍ ലഭ്യമാക്കുകയും പുതുതായി ഉയര്‍ന്നുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്യും.

സുഹൃത്തുക്കളേ,

നാം തമ്മിലുള്ള സഹകരണം നമ്മുടെ അഭിവൃദ്ധി മാത്രം ലക്ഷ്യംവെച്ചുള്ളതല്ല. മേഖലാതലത്തിലും ആഗോളതലത്തിലുമുള്ള സാഹചര്യത്തെക്കുറിച്ചും നാം ബോധവാന്‍മാരാണ്. പല പ്രശ്‌നങ്ങളിലും രാജ്യാന്തരതലത്തില്‍ നാം പരസ്പരം യോജിച്ചുനിന്നിട്ടുണ്ട്. യു.എന്‍.സുരക്ഷാ കൗണ്‍സില്‍ പരിഷ്‌കരിക്കുന്നതു മുതല്‍ ജൂണ്‍ 21 രാജ്യാന്തര യോഗ ദിനമായി സ്വീകരിക്കുന്നതു വരെ അതുണ്ടായി. കഴിഞ്ഞ വര്‍ഷം പാരീസില്‍ നടന്ന സി.ഒ.പി.-21 ഉച്ചകോടിയില്‍ സൗരോര്‍ജവും പുനരുപയോഗിക്കാവുന്ന ഊര്‍ജവും പ്രോല്‍സാഹിപ്പിക്കുന്നതിനായുള്ള ശ്രമങ്ങള്‍ക്ക് ഇന്ത്യ നേതൃത്വം നല്‍കി. ഇതിനായി, കാലാവസ്ഥാവ്യതിയാനത്തെ നേരിടാന്‍ നാം രാജ്യാന്തര സൗരോര്‍ജ സഖ്യത്തിനു രൂപം നല്‍കി. ഈ സഖ്യത്തിനു നൂറ്റി ഇരുപതിലേറെ രാജ്യങ്ങളുടെ പിന്തുണയുണ്ട്. ഇക്കാര്യത്തില്‍ മൊസാംബിക്കിന്റെ പങ്കാളിത്തത്തിനു നാം വലിയ വില കല്‍പിക്കുന്നു.

സുഹൃത്തുക്കളേ,

സാമ്പത്തികവളര്‍ച്ചയിലേക്കുള്ള മൊസാംബിക്കിന്റെ ഓരോ ചുവടിലും ഇന്ത്യ കൂടെയുണ്ടാകും. വികസനകാര്യത്തില്‍ നിങ്ങള്‍ക്കു വിശ്വാസത്തിലെടുക്കാവുന്ന ഒരു സുഹൃത്തായിരിക്കും ഇന്ത്യ. നമ്മുടെ ജനങ്ങള്‍ക്ക് ശോഭനവും സുരക്ഷിതവുമായ ഭാവി ഉറപ്പാക്കുന്ന കാര്യത്തില്‍ വിശ്വസിക്കാവുന്ന പങ്കാളിയുമായിരിക്കും ഇന്ത്യ. എനിക്കും ഒപ്പമുള്ള പ്രതിനിധിസംഘത്തിനും ഊഷ്മളമായ സ്വീകരണവും ഉദാരമായ ആതിഥ്യവും പകര്‍ന്ന പ്രസിഡന്റ് ന്യൂസിക്കും മൊസാംബിക് ഗവണ്‍മെന്റിനും ജനതയ്ക്കും ഒരിക്കല്‍ക്കൂടി നന്ദി അറിയിക്കുന്നു.

നന്ദി. വളരെയധികം നന്ദി.